•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മത്തങ്ങാപ്പൈതല്‍

ത്തനാപുരത്ത് പണ്ടൊരു ഒരു മത്തങ്ങാ കൃഷിക്കാരന്‍ മുത്തുവേലു ഉണ്ടായിരുന്നു. അയാള്‍ക്ക് മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട് തോട്ടത്തിലുണ്ടാകുന്ന ഓരോ മത്തങ്ങയെയും അയാള്‍ മക്കളെപ്പോലെ ലാളിക്കുക പതിവായിരുന്നു.
ഇതുകണ്ട് അയാളുടെ ഭാര്യ മുത്തുമണി ചോദിച്ചു: ''മനുഷ്യാ, ഇങ്ങനെ മത്തങ്ങയേ ശരണം എന്നു പറഞ്ഞു നടന്നാല്‍ മതിയോ? നമുക്ക് സ്വന്തമായൊരു കുഞ്ഞിനെ വേണ്ടേ?''
മുത്തുമണി പറയുന്നത് കാര്യമാണെന്ന് മുത്തുവേലുവിനു തോന്നി. അയാള്‍ മത്തങ്ങാത്തോട്ടത്തിന്റെ ദേവതയായ മത്തങ്ങാമുത്തിയോടു മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
മത്തങ്ങാമുത്തി ഒരു ദിവസം മുത്തുവേലുവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു! മുത്തിയുടെ കയ്യില്‍ സ്വര്‍ണനിറമുള്ള ഒരു വലിയ മത്തങ്ങയും ഉണ്ടായിരുന്നു.
''വത്സാ, നിന്റെ സങ്കടം നാം മനസ്സിലാക്കിയിരിക്കുന്നു! ഇതാ ഈ സ്വര്‍ണ മത്തങ്ങരണ്ടു കൈകൊണ്ടും സ്വീകരിക്കൂ. വീട്ടിലെത്തിയാല്‍ ഈ മത്തങ്ങ ഒരു മുറത്തില്‍വച്ച് നീയും ഭാര്യയും ചേര്‍ന്നു മുറിക്കണം!'' മത്തങ്ങാമുത്തി അരുള്‍ ചെയ്തു.
മൂത്തുവേലു നിറഞ്ഞ മനസ്സോടെ രണ്ടു കൈകളും നീട്ടി സ്വര്‍ണമത്തങ്ങ ഏറ്റുവാങ്ങി. മുത്തിയോടു നന്ദി പറഞ്ഞ് അയാള്‍ സന്തോഷത്തോടെ വീട്ടിലെത്തി.
മുത്തുമണിയെ വിളിച്ച് അരികിലിരുത്തിയിട്ട് മുത്തുവേലു ഒരു മുറത്തില്‍ വച്ച് സ്വര്‍ണമത്തങ്ങ സാവധാനം മുറിച്ചു.
ഹയ്യട! മത്തങ്ങയ്ക്കുള്ളില്‍ അതാ, തങ്കക്കുടംപോലൊരു പൊന്നുണ്ണി!
മത്തങ്ങാമുത്തി കനിഞ്ഞു നല്‍കിയ ഒരു നിധിയായി കരുതി അവര്‍ ആ ഉണ്ണിയെ സ്വീകരിച്ചു. 'മത്തങ്ങാപ്പൈതല്‍' എന്നാണ് അവരവന് പേരിട്ടത്.
താഴത്തും തലയിലും വയ്ക്കാതെ മുത്തുവേലുവും മുത്തുമണിയും ചേര്‍ന്ന് മത്തങ്ങാപ്പൈതലിനെ വളര്‍ത്തി.
മത്തങ്ങയുടെ നിറവും മത്തങ്ങാത്തലയുമുള്ള ആ കുസൃതിക്കുരുന്നിനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. എങ്കിലും 'മത്തങ്ങാപ്പൈതലേ' എന്നുള്ള ആളുകളുടെ വിളി മാത്രം അവന് തീരെ ഇഷ്ടപ്പെട്ടില്ല.
അഞ്ചുവയസ്സു തികഞ്ഞപ്പോള്‍ മത്തങ്ങാപ്പൈതലിനെ മുത്തുവേലുവും മുത്തുമണിയുംകൂടി തൊട്ടടുത്തുള്ള പള്ളിക്കുടത്തില്‍ കൊണ്ടുപോയി ചേര്‍ത്തു. അപ്പോഴല്ലേ കാര്യം പുലിവാലായത്!
പള്ളിക്കൂടത്തിലെ കുട്ടികളെല്ലാം അവനെ 'മത്തങ്ങാപ്പൈതലേ, മത്തങ്ങാപ്പൈതലേ' എന്നു വിളിക്കാന്‍ തുടങ്ങി.
ഇതുകേട്ട ഉടന്‍ അവന്‍ ദേഷ്യപ്പെട്ട് പള്ളിക്കൂടത്തില്‍നിന്ന് ഇറങ്ങിയോടി. ആരും കാണാതെ അവന്‍ മത്തങ്ങാത്തോട്ടത്തിനുള്ളില്‍ കടന്നിരുന്നു കരയാന്‍ തുടങ്ങി. മത്തങ്ങാപ്പൈതലിന്റെ കരച്ചില്‍കേട്ട് മത്തങ്ങാമുത്തി ഉറഞ്ഞുതുള്ളിക്കൊണ്ട് അവിടെ എത്തി. മുത്തി ചോദിച്ചു.
''ങും? - ആരാണന്റെ ഉണ്ണിയെ കരയിച്ചത്. ആരായാലും ഞാന്‍ വിടില്ല!''
''മുത്തിയമ്മേ, കുട്ടികളെല്ലാം എന്നെ മത്തങ്ങാപ്പൈതല്‍ എന്നു വിളിച്ചു കളിയാക്കുന്നു.'' അവന്‍ വീണ്ടും മോങ്ങാന്‍ തുടങ്ങി.
''ഇത്രയേ ഉള്ളോ? ഇനി ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ നീ അവരുടെ നേരേ വിരല്‍ ചൂണ്ടിയിട്ട് 'ടിട്ടിട്ടേയ്!' എന്ന് ഉറക്കെപ്പറയണം. പിന്നെ ഒരിക്കലും അവര്‍ മിണ്ടില്ല.'' മത്തങ്ങ മുത്തി അവനെ ഉപദേശിച്ചു.
''ശരി; ഞാന്‍ അങ്ങനെ ചെയ്യാം.'' മത്തങ്ങാപ്പൈതല്‍ സമ്മതിച്ചു.
താമസിയാതെ അവന്‍ പള്ളിക്കൂടത്തിലേക്കു നടന്നു. അവിടെയെത്തിപ്പോള്‍ വികൃതിക്കുട്ടികള്‍ ചുറ്റുംകൂടി 'മത്തങ്ങാപ്പൈതല്‍ വന്നേ!' എന്ന് ഉറക്കെ വിളി കൂവാന്‍ തുടങ്ങി. ഇതുകേട്ട ഉടനെ അവന്‍ അവരുടെ നേരേ വിരല്‍ ചൂണ്ടി 'ടിട്ടിട്ടേയ്!' എന്ന് ഉറക്കെ പറഞ്ഞു. അദ്ഭുതം! കുട്ടികളെല്ലാം ഛടപടായെന്ന് അവിടവിടെ ബോധംകെട്ടു വീണു!
മത്തങ്ങാപ്പൈതലിന് വളരെ സന്തോഷമായി.
''മത്തങ്ങാപ്പൈതലേ നീയെന്തിനാ കുട്ടികളെ വീഴ്ത്തിയത്?'' മുത്തുവേലു ചോദിച്ചു. 'മത്തങ്ങാപ്പൈതലേ, പൊന്നുമോനേ' എന്നുള്ള വിളികേട്ട് അവന്‍ മുത്തുവേലുവിന്റെ നേര്‍ക്കും വിരല്‍ചൂണ്ടി 'ടിട്ടിട്ടേയി' എന്ന് വിളിച്ചുപറഞ്ഞു:
ആ നിമിഷം മുത്തുവേല ബോധം കെട്ടുതാഴെ വീണു! ഇതിനിടയിലാണ് മുത്തുമണി 'എന്റെ മത്തങ്ങാപ്പൈതലേ. പൊന്നുമോനേ' എന്നു വിളിച്ചു കൊണ്ട് അവിടേക്ക് ഓടിയെത്തിയത്! ആ വിളികേട്ട നിമിഷം അവന്‍ വിരല്‍ചൂണ്ടി 'ടിട്ടിട്ടെയ്!' എന്ന് ഉറക്കെ അലറി. ഉടനെ മുത്തുമണിയും ബോധമറ്റു നിലംപതിച്ചു.
അച്ഛനെയും അമ്മയെയും വിളിച്ചുണര്‍ത്താന്‍ മത്തങ്ങാപ്പൈതല്‍ കുറേനേരം പരിശ്രമിച്ചു. പക്ഷേ, അവരാരും ഉണര്‍ന്നില്ല. ഉണരുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ നേരേ മത്തങ്ങാത്തോട്ടത്തിനുള്ളിലേക്കു നടന്നു. അവിടെ ഒരു വലിയ മത്തങ്ങ മൂത്തുവിളഞ്ഞ് കിടക്കുന്നുണ്ടായിരുന്നു അതിന്റെ നടുവില്‍ ഒരു ദ്വാരമുണ്ടാക്കിയിട്ട് മത്തങ്ങാപ്പൈതല്‍ പയ്യെപ്പയ്യെ അതിന്റെ ഉള്ളിലേക്ക് കയറിപ്പോയി. പിന്നെ ആരും മത്തങ്ങാപ്പൈതലിനെ കണ്ടിട്ടേയില്ല!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)