•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മാബലിനാട്ടിലെ നന്മകള്‍ ഇന്നെവിടെ?

സുവര്‍ണദീപ്തി ചൊരിയുന്ന മധുരാനുഭൂതികളുടെ മലര്‍വസന്തമാണ് മലയാളിക്കെന്നും തിരുവോണനാളുകള്‍. സന്തോഷവും സംതൃപ്തിയും സമഭാവനയും പീലിവിടര്‍ത്തിയാടിയ പോയനാളുകളെ ആഹ്ലാദഭരിതമാക്കിയത് ജനകീയനായൊരു ഭരണാധികാരിയും അദ്ദേഹത്തിന്റെ പ്രജാക്ഷേമതത്പരതയിലൂന്നിയ സല്‍ഭരണവുമായിരുന്നു. പഴങ്കഥപ്പാട്ടുകളില്‍ കേട്ടുശീലിച്ച കള്ളവും ചതിയുമില്ലാത്ത, പൊളിവചനങ്ങള്‍ തീരെയില്ലാത്ത, സമസൃഷ്ടിസ്‌നേഹത്തിന്റെ ചാരുത പകര്‍ന്ന ഓണക്കാലം. അതൊരു ഭാഗ്യമാണ്.
ആവലാതികളും സങ്കടങ്ങളുമില്ലാതെ ഏകോദരസഹോദരങ്ങളെപ്പോലെ മാലോകരെല്ലാര്‍ക്കും ഒന്നായിക്കഴിയാന്‍ സാധിക്കുന്ന സൗഭാഗ്യത്തിന്റെ ദിനങ്ങള്‍. അതിനു കാരണക്കാരനായ മഹാബലി ചക്രവര്‍ത്തി ഇന്നില്ല. പക്ഷേ, കാലങ്ങളെത്ര കഴിഞ്ഞിട്ടും, പൊയ്‌പ്പോയ നാളുകളുടെ മധുരസങ്കല്പങ്ങള്‍ ഓര്‍മകളിലെങ്കിലും നിറച്ചുനിര്‍ത്താന്‍ കഴിയുന്നത്, സൗഭാഗ്യപൂര്‍ണമായ അത്തരം ദിനങ്ങളുടെ മടങ്ങിവരവിനെ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചുപോകുന്നതുകൊണ്ടാണ്.
എന്തേ, ഇങ്ങനെയുള്ള ഗൃഹാതുരസ്മരണകള്‍ എന്നാണെങ്കില്‍, പറയാന്‍ ഒരു പാടാണ്. പക്ഷേ, അപ്രിയമായ സത്യം പരസ്യമാകരുതെന്നാണല്ലോ?
നാം വളര്‍ന്നിരിക്കുന്നു; ആകാശംമുട്ടെയല്ല, ശാസ്ത്രവും സാങ്കേതികവിദ്യകളും സൗരയൂഥമണ്ഡലങ്ങളെയും കടന്നുകയറുമെന്നവിധം അതിനുമപ്പുറത്തേക്ക്, എല്ലാറ്റിനുംപിന്നില്‍ ബുദ്ധിയുടെയും പ്രാപ്തിയുടെയും ശാസ്ത്രനിരീക്ഷണങ്ങളുടെയും അമരത്തുനില്ക്കുന്ന ആധുനികമനുഷ്യന്‍.
നേട്ടങ്ങളുടെ വലിയൊരു നിരതന്നെ മുന്നിലുണ്ട്. എന്നാല്‍, ഇക്കാലംകൊണ്ട് നമുക്കുണ്ടായ പ്രധാന നേട്ടങ്ങള്‍ (അതോ കോട്ടങ്ങളോ) എന്തൊക്കെയാണ്?
നമ്മുടെ ബുദ്ധിശക്തി ഉയര്‍ന്ന നിലയിലെത്തി. ആയുര്‍ദൈര്‍ഘ്യം കൂടി. മനുഷ്യപ്രയത്‌നംകൊണ്ട് വളരെ സാവധാനംമാത്രം സാധ്യമായിരുന്ന കാര്യങ്ങള്‍ ഇന്ന് കുറഞ്ഞ സമയംകൊണ്ട് കുറഞ്ഞ ചെലവില്‍ ചെയ്യാന്‍ കഴിയുന്നു. പരിഷ്‌കൃതസമൂഹമായി വളര്‍ന്നു. പട്ടിണി മാറി, പാര്‍പ്പിടമായി. നൂതനവിവരസാങ്കേതികവിദ്യകള്‍ വിരല്‍ത്തുമ്പിലെത്തി. പറയാന്‍ ഇനിയും ഒരുപാടൊരുപാടു കാര്യങ്ങള്‍!
എന്നാല്‍ മറുവശമോ?
ആയുര്‍ദൈര്‍ഘ്യം കൂടിയതിനൊപ്പം ആളോഹരിരോഗവ്യാപനം വര്‍ദ്ധിച്ചു. കുന്നിടിച്ചും മലതുരന്നും പാടം നികത്തിയും ആവാസവ്യവസ്ഥ മുച്ചൂടും തകരാറിലായി. വാഹനപ്പെരുപ്പവും, യന്ത്രവത്കൃതഫാക്ടറിസമുച്ചയങ്ങളും അന്തരീക്ഷം മലിനപ്പെടുത്തി. ശ്വസിക്കാനുള്ള വായുവിനു പാര്‍ലറുകളില്‍ പോകണം. കുടിക്കാനുള്ള ശുദ്ധജലം വിലയ്ക്കു വാങ്ങണം. കൃഷിയിടങ്ങള്‍ തരിശാക്കി. സ്വന്തം മണ്ണില്‍ ഉത്പാദിപ്പിച്ചിരുന്ന വിഷരഹിത ഉത്പന്നങ്ങളുടെ സ്ഥാനത്തു വിപണനതന്ത്രത്തിലൂന്നിയ വിഷലിപ്തപദാര്‍ത്ഥങ്ങള്‍ വിലയ്ക്കു വാങ്ങേണ്ടി വരുന്നു; രോഗം വിലയ്ക്കു വാങ്ങുന്നു.
അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയുംകൊണ്ട് ഭരണവര്‍ഗം അധഃപതിച്ചു. സൈ്വരജീവിതം തകര്‍ക്കുമാറ് അക്രമവും കൊലപാതകവും സാര്‍വത്രികമായി. പരസ്പരവിശ്വാസം നഷ്ടപ്പെട്ടു.
ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള ധാരണ ദുഷ്ടലക്ഷ്യങ്ങള്‍ക്കും സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുംേണ്ടി മാത്രമായി ഏതു ഹീനതന്ത്രവും ഏതറ്റംവരെയും പയറ്റാമെന്നവിധം നമ്മുടെ രാജ്യതന്ത്രജ്ഞത തരംതാണു.
ഇതിനെല്ലാം പിന്നില്‍ കുത്സിതലക്ഷ്യങ്ങള്‍ മെനയാനും സുഖജീവിതം സാധ്യമാക്കാനും മുതിരുന്ന, നാളെയെക്കുറിച്ചു ചിന്തയില്ലാത്ത ഒരുപറ്റം വികല്പമതികളായ ഉദരംഭരികള്‍ മാത്രമാണ്.
യാഥാര്‍ത്ഥ്യം മനസ്സിലാക്കി, ഒരു തിരിച്ചുവരവിനു തയ്യാറെടുക്കാന്‍ സമയമുണ്ടാകുമോ എന്നതാണു പ്രശ്‌നം.
എങ്കിലും, സത്യവും സ്‌നേഹവും സാഹോദര്യവും പരസ്പരവിശ്വാസവും പുലരണമെന്നാഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും അവശേഷിച്ചിട്ടുണ്ട് എന്ന ആശ്വാസത്തില്‍ അവരുടെ പിന്നില്‍ അണിനിരക്കാനും അവര്‍ക്ക് ഊര്‍ജം പകരാനും നമുക്കാവുമെങ്കില്‍, അനതിവിദൂരഭാവിയിലെങ്കിലും ആ പഴയ തിരുവോണനാളുകളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാവുമെന്ന് നമുക്കു പ്രത്യാശിക്കാം.
 ഇനിയും നഷ്ടമാകാത്ത സ്വപ്നം കാണാനുള്ള കഴിവ്  നമുക്കനുഗ്രഹമാകട്ടെ!

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)