•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

യഥാര്‍ത്ഥസ്വാതന്ത്ര്യം ദൈവത്തിലാണ്

ഓഗസ്റ്റ്  15   കൈത്താക്കാലം   ആറാം ഞായര്‍

ലേവ്യ.19:1-4, 9-14 ഏശ. 29:19-24
1 തെസ.2:1-12   ലൂക്കാ.17:11-19


ലോകജീവിതത്തിലും നിത്യജീവിതത്തിലും ദൈവത്തോടൊപ്പം വസിക്കാനുള്ള  തന്റെ സ്വതന്ത്രമായ തീരുമാനത്തിന്റെ പരിണതഫലമാണ് മറിയത്തിന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ലഭിച്ച അനുഗ്രഹങ്ങളും. അതേ, സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള അനുവാദമല്ല; മറിച്ച്, ദൈവത്തോടു ചേര്‍ന്നുനില്ക്കാനുള്ള ഉദാത്തമായ തീരുമാനമാണ്. 

ഭാരതം അതിന്റെ എഴുപത്തഞ്ചാമത്തെ സ്വാതന്ത്ര്യദിനവും, കത്തോലിക്കാസഭ പരിശുദ്ധദൈവമാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളും ഓഗസ്റ്റ് 15 ന് ആഘോഷിക്കുന്നു. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ മഹത്ത്വമണിഞ്ഞ കന്യകാമറിയത്തില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഭാരതസഭാമക്കള്‍ തങ്ങളുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഗ്രഹിക്കാന്‍ ശ്രമിക്കുന്നു. സഭയുടെ ഏറ്റവും പഴക്കമുള്ള പാരമ്പര്യങ്ങളിലൊന്നാണ് മാതാവിന്റെ സ്വര്‍ഗാരോപണം. ദൈവമാതാവും ഈശോയുടെ ആദ്യശിഷ്യയുമായിരുന്ന പരിശുദ്ധ കന്യകാമറിയം ശരീരത്തോടുകൂടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന് ഈശോയുടെ ശിഷ്യന്മാര്‍ എപ്പോഴും സാക്ഷ്യപ്പെടുത്തിയിരുന്നു. ജറൂസലേമിലെ ആദ്യക്രിസ്ത്യന്‍സമൂഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്ന ഈ പാരമ്പര്യത്തെ പൗരസ്ത്യസഭകള്‍ 'മാതാവിന്റെ ഉറക്ക'(ഉീൃാശശേീ ങമൃശമല)ത്തിന്റെ തിരുനാളായാണ് ആഘോഷിച്ചിരുന്നത്.
മാതാവിന്റെ സ്വര്‍ഗാരോപണത്തിന്റെ എഴുതപ്പെട്ട സാക്ഷ്യങ്ങള്‍ നമുക്കു ലഭിക്കുന്നത് നാല്, അഞ്ച് നൂറ്റാണ്ടുകളിലെ രചനകളില്‍നിന്നാണ്. മാതാവിന്റെ ശരീരം അഴുകപ്പെടാന്‍ ദൈവം അനുവദിച്ചില്ല എന്ന് വി. അപ്രേം പറയുന്നു (എ.ഡി. 373). താന്‍ എങ്ങോട്ട് ആരോഹണം ചെയ്തുവോ ആ സ്ഥലത്തേക്ക് ഈശോ തന്റെ മാതാവിനെ എടുക്കുകയും അങ്ങനെ അവളെ അനശ്വരയാക്കുകയും ചെയ്തുവെന്ന് ജറൂസലേമിലെ വി. തിമോത്തി എഴുതുന്നു. ആദിമസഭയുടെ ഈ വിശ്വാസം അപ്പസ്‌തോലികാടിസ്ഥാനമുള്ളതും ചരിത്രസാക്ഷ്യങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ടതുമാണ്.
എന്തുകൊണ്ടാണ് ദൈവം മറിയത്തെ അനശ്വരയാക്കി ശരീരത്തോടുകൂടെ സ്വര്‍ഗത്തിലേക്ക് എടുക്കുന്നത്? വി. ലൂക്കായുടെ സുവിശേഷത്തിലെ എലിസബത്തിന്റെ മറിയത്തോടുള്ള പ്രതികരണങ്ങളില്‍നിന്ന് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താം: ''കര്‍ത്താവ് അരുള്‍ ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി'' (ലൂക്കാ 1:45). മറിയത്തിന്റെ വിശ്വാസത്തിന്റെ ആഴമാണ് അനശ്വരതയുടെ ഉത്തമശൃംഗത്തിലേക്ക് അവളെ എത്തിച്ചത്. തുടര്‍ന്നുവരുന്ന സ്‌തോത്രഗീതം മറിയത്തിന്റെ ദൈവത്തോടുള്ള നന്ദിപ്രകടനമാണ്. ചരിത്രത്തില്‍ ജീവിക്കുകയും ചരിത്രത്തെ നയിക്കുകയും ചെയ്യുന്ന ദൈവത്തിനുള്ള പുകഴ്ചയാണത്. ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രഖ്യാപനംകൂടിയാണത്. തന്റെ ജനത്തോട് ദൈവം ചെയ്ത വാഗ്ദാനങ്ങളെയും പൂര്‍വപിതാക്കന്മാരുമായി ചെയ്ത ഉടമ്പടിയെയും അവള്‍ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചരിത്രത്തില്‍ നടപ്പാക്കപ്പെടുമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്തു. സ്‌തോത്രഗീതത്തിലെ അവളുടെ വാക്കുകള്‍ ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ കാലാകാലമുള്ള പൂര്‍ത്തീകരണത്തിന്റെ തെളിവാണ്. കാരണം, വാഗ്ദാനപൂര്‍ത്തീകരണത്തിന്റെ ജീവിക്കുന്ന തെളിവാണവള്‍.
ദൈവത്തിന്റെ വചനത്തിനു മാംസം ധരിക്കാന്‍ സ്വന്തം ശരീരം നല്‍കുന്നതോടെ ദൈവത്തിന്റെ വാക്കുകളെ മറിയം എത്രമാത്രം വിശ്വസിക്കുന്നു എന്നു തെളിവായി. വചനത്തില്‍ വിശ്വസിക്കുകയും വചനത്തെ ഗര്‍ഭംധരിക്കുകയും ചെയ്യുന്നതുവഴി മറിയം വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒരേ കാര്യമായി മാറുന്നു. താന്‍ പറഞ്ഞ വചനങ്ങളെ വിശ്വസിച്ചവള്‍ക്ക് തന്റെ പുത്രനായ വചനത്തെത്തന്നെ ഉദരത്തില്‍ നല്കി ദൈവം അനുഗ്രഹിക്കുന്നു. ആദ്യമായി വിശ്വാസം ഏറ്റുപറഞ്ഞവള്‍ക്കുതന്നെ, ആദ്യമായി ദൈവപുത്രനില്‍ ശരീരത്തോടെ ഉയിര്‍ത്തെഴുന്നേല്ക്കാനുള്ള വരം ദൈവം നല്കി.
സ്വര്‍ഗാരോപണത്തിരുനാളിലൂടെ മറിയം നമുക്കു നല്കുന്ന സന്ദേശമെന്താണ്? ദൈവത്തില്‍ മനുഷ്യന് ഒരിടമുണ്ട് എന്ന ഉറപ്പാണ് ഈ തിരുനാളിന്റെ ഒന്നാമത്തെ സന്തോഷം. മനുഷ്യന്റെ യഥാര്‍ത്ഥ വാസസ്ഥാനം ദൈവമാണ്. ഈ ലോകത്തില്‍നിന്നു ദൈവത്തിലേക്ക്, നിത്യജീവനിലേക്കു കയറുന്നവനാണ് യഥാര്‍ത്ഥ വാസസ്ഥാനത്തിനുടമ. ഈശോ നമുക്കുവേണ്ടി ഒരുക്കാന്‍ പോകുന്നതും പിതാവിന്റെ സ്വര്‍ഗത്തിലെ വാസസ്ഥാനമാണല്ലോ (യോഹ. 14:2). ദൈവത്തില്‍ മനുഷ്യന് ഇടമുണ്ട് എന്നതുപോലെതന്നെ മനുഷ്യനില്‍ ദൈവത്തിനും ഇടമുണ്ട് എന്ന സന്ദേശമാണ് ഈ തിരുനാളിന്റെ രണ്ടാമത്തെ സന്തോഷം. ദൈവപുത്രന്റെ സാന്നിധ്യം നിറഞ്ഞ വാഗ്ദാനത്തിന്റെ പെട്ടകമായി മറിയം.
ഈശോയെ ഗര്‍ഭം ധരിച്ചിരുന്ന കാലം മാത്രമല്ല, ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് അറിവു ജനിച്ച നിമിഷംമുതല്‍ സ്വപുത്രന്‍ തന്റെ ശരീരത്തെ ഉന്നതങ്ങളിലേക്ക് എടുക്കുന്ന നിമിഷംവരെ ദൈവത്തിന്റെ സാന്നിധ്യം തന്റെ ശരീരത്തില്‍ അവള്‍ അനുഭവിക്കുകയും മറ്റുള്ളവര്‍ക്കു പങ്കുവയ്ക്കാന്‍ തയ്യാറാകുകയും ചെയ്തു. അങ്ങനെ, മറിയത്തിലുണ്ടായിരുന്ന ദൈവത്തിന്റെ ഇടം മറിയത്തെ ഉള്‍ക്കൊള്ളുന്നതിലേക്കു വളര്‍ന്നു. ഓരോ മനുഷ്യനും തന്നിലുള്ള ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു; അതിനുള്ള മാതൃകയായി മറിയത്തെ അവതരിപ്പിക്കുന്നു.
ലോകജീവിതത്തിലും നിത്യജീവിതത്തിലും ദൈവത്തോടൊപ്പം വസിക്കാനുള്ള  തന്റെ സ്വതന്ത്രമായ തീരുമാനത്തിന്റെ പരിണതഫലമാണ് മറിയത്തിന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ലഭിച്ച അനുഗ്രഹങ്ങളും. അതേ, സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള അനുവാദമല്ല; മറിച്ച്, ദൈവത്തോടു ചേര്‍ന്നുനില്ക്കാനുള്ള ഉദാത്തമായ തീരുമാനമാണ്. ആ സ്വാതന്ത്ര്യം നല്കുന്ന സമാധാനം മഹത്ത്വത്തിലേക്കു നമ്മെ ഉയര്‍ത്തുമെന്നും മറിയം പഠിപ്പിക്കുന്നു. ദൈവപദ്ധതിയോടു ചേര്‍ന്നുനിന്നുകൊണ്ട് നാമൊരുക്കുന്ന സ്വതന്ത്രതീരുമാനങ്ങള്‍ ഈ ലോകത്തില്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നല്‍കിയാലും സ്വര്‍ഗത്തില്‍ ദൈവത്തോടൊത്തു നിത്യഭാഗ്യം പ്രദാനം ചെയ്യും. 

Login log record inserted successfully!