''കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു'' (ലൂക്കാ 4 : 18-19).
ഒരാളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഉത്തരവാദിത്വമുള്ളവരായിരിക്കാനും നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും പഠിക്കുകയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഈശോ താന്‍ പിതാവിനാല്‍ ഈ ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എശയ്യാപ്രവാചകന്‍വഴി അരുള്‍ ചെയ്യപ്പെട്ടത് സിനഗോഗില്‍വച്ചു ജനമധ്യത്തില്‍ വായിച്ചുകേള്‍പ്പിക്കുന്നതിന്റെ അര്‍ത്ഥം യഥാര്‍ത്ഥക്രിസ്തീയസ്വാതന്ത്ര്യം എന്താണെന്ന് അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍കൂടിയാണ്. അതുപോലെതന്നെ പരിശുദ്ധ അമ്മ തന്റെ ജീവിതത്തിലുടനീളം യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്നു ലോകത്തിനുമുമ്പില്‍ ജീവിച്ചുകാണിച്ചു മഹത്തായ മാതൃക നല്‍കിയ വ്യക്തിയാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍നിന്നുള്ള ഒരു പ്രധാന പാഠം മഹാത്മാഗാന്ധിയുടെ 'അഹിംസ'യെക്കുറിച്ചുള്ള പഠിപ്പിക്കലുകളാണ്. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യ അഹിംസയുടെ തത്ത്വം പിന്തുടര്‍ന്ന് വലിയ വെല്ലുവിളികള്‍ തരണം ചെയ്യാമെന്നു തെളിയിച്ചു. സമ്പൂര്‍ണ അഹിംസയുടെ ഒരു നയം സ്വീകരിക്കാന്‍, അക്രമത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ ആളുകള്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഓരോ വ്യക്തിക്കും അവന്റെ അഹന്തയെയും അത്യാഗ്രഹത്തെയും മറികടക്കാന്‍ കഴിയുമെങ്കില്‍, അത് അക്രമത്തെ തടയുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും. നിയന്ത്രിക്കേണ്ട മറ്റൊരു നിഷേധാത്മകസ്വഭാവമാണ് അസൂയ. ഒരു വ്യക്തി മറ്റുള്ളവരുടെ നേട്ടത്തില്‍ സന്തോഷവാനായിരിക്കാന്‍ പഠിക്കുകയാണെങ്കില്‍, മറ്റുള്ളവരുടെ അഭിവൃദ്ധി കാണുമ്പോള്‍ സന്തോഷം തോന്നും, സന്തോഷവാനായിത്തുടരും. അക്രമത്തിന്റെ ചിന്തകള്‍ ഒരിക്കലും അവനില്‍ പ്രവേശിക്കില്ല.
ഈ നിഷേധാത്മകസ്വഭാവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ആളുകളും പരിശീലിക്കുകയാണെങ്കില്‍, അക്രമങ്ങള്‍ കുറയും; ലോകം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ ജീവിതത്തില്‍നിന്നു നാം ഉള്‍ക്കൊള്ളേണ്ട പാഠം, ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കാനുള്ള ധൈര്യവും ഇച്ഛാശക്തിയും കരുത്തും തികഞ്ഞ ധൈര്യവും അവര്‍ക്ക് ഉണ്ടായിരുന്നു എന്നതാണ്. അനീതിക്കെതിരേ പോരാടാന്‍ അവര്‍ മറ്റുള്ളവരെ പ്രചോദിപ്പിച്ചു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും അവര്‍ ജനങ്ങളെ ബോധവാന്മാരാക്കി.
ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ആറു മൗലികാവകാശങ്ങള്‍ നല്‍കുന്നുണ്ട്. അവ താഴെപ്പറയുന്നു:
സമത്വത്തിനുള്ള അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
ചൂഷണങ്ങള്‍ക്കെതിരായ അവകാശം
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
സാംസ്‌കാരിക - വിദ്യാഭ്യാസ അവകാശം
ഭരണഘടനാപരിഹാരങ്ങള്‍ക്കുള്ള അവകാശം
ഭരണഘടനയിലെ അടിസ്ഥാന മൗലികാവകാശങ്ങളിലൊന്നാണ് സ്വാതന്ത്ര്യത്തിനുള്ള അവകാശം. സ്വാതന്ത്ര്യമെന്നത് സ്വതന്ത്രമായിരിക്കുക എന്നതാണ്. അത് ഏതെങ്കിലും രാജ്യത്തിന്റെ ഭരണത്തില്‍നിന്നോ അല്ലെങ്കില്‍ നമ്മെ പിന്നോട്ടുവലിക്കുന്നതും പുരോഗതിക്ക് അനുവദിക്കാത്തതുമായ മാനസികാവസ്ഥയില്‍നിന്നോ ആകാം. മാറിക്കൊണ്ടിരിക്കുന്ന സമൂഹവും ജീവിതശൈലിയും ഈ സ്വാതന്ത്ര്യാവകാശം കൂടുതല്‍ ഉചിതമായും ജാഗ്രതയോടെയും വിനിയോഗിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ല്‍ ആറ് സ്വാതന്ത്ര്യങ്ങള്‍ പൗരനു നല്‍കുന്നുണ്ട്:
അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം.
സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുചേരാനുള്ള സ്വാതന്ത്ര്യം.
അസോസിയേഷനുകളോ യൂണിയനുകളോ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം.
ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.
ഇന്ത്യയുടെ ഏതു പ്രദേശത്തും താമസിക്കാനുള്ള സ്വാതന്ത്ര്യം.
ഇഷ്ടമുള്ള തൊഴില്‍, അല്ലെങ്കില്‍ ബിസിനസ്സ് ചെയ്യാനുള്ള സ്വാതന്ത്ര്യം.
നിയമപരമായ ഭാഷയില്‍, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, ഭയമോ പ്രീതിയോ ഇല്ലാതെ നന്മ നിലനിര്‍ത്താനുള്ള ശക്തി, വ്യക്തിസ്വാതന്ത്ര്യം, നിയമത്തിനു മുന്നില്‍ തുല്യത, സര്‍ക്കാരിന്റെ ഭരണനിര്‍വഹണപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിഷ്പക്ഷവും ഫലപ്രദവുമായ നീതിന്യായനിയന്ത്രണം എന്നാണ് അര്‍ത്ഥമാക്കുന്നത്.
അതിനാല്‍, ഒരു സംസ്ഥാനത്തിന്റെ ജുഡീഷ്യല്‍ അവയവം മറ്റൊരു അവയവത്തിനോ ശാഖയ്ക്കോ കീഴടങ്ങുന്ന അവസ്ഥയിലായിരിക്കരുത്. ഈ അര്‍ത്ഥത്തില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം കോടതികളുടെ അധികാരത്തെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ, എക്‌സിക്യൂട്ടീവ് ഇടപെടലില്ലാതെ അധികാരം പ്രയോഗിക്കാന്‍ ജുഡീഷ്യറിക്കു സാധിക്കുകയും ചെയ്യുന്നു. ജുഡീഷ്യറി എക്‌സിക്യൂട്ടീവിന്റെയും നിയമനിര്‍മാണസഭയുടെയും നിയന്ത്രണത്തില്‍നിന്നും കീഴ്‌പെടലില്‍നിന്നും സ്വതന്ത്രമാണ്. അതുകൊണ്ടുതന്നെ ന്യായാധിപന്മാര്‍ സ്വതന്ത്രരും എക്‌സിക്യൂട്ടീവില്‍നിന്നും നിയമനിര്‍മാണ സഭകളില്‍നിന്നും നേരിട്ടോ അല്ലാതെയോ ഉള്ള നിയന്ത്രണങ്ങള്‍, പ്രേരണ, സ്വാധീനം, സമ്മര്‍ദം, ഭീഷണികള്‍ എന്നിവയില്‍നിന്നും സ്വതന്ത്രരായിരിക്കണം. അവരുടെ കടമകളും പ്രവര്‍ത്തനങ്ങളും തടസ്സം കൂടാതെ നിര്‍വഹിക്കാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കണം.
എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോളും നമ്മള്‍ ചിന്തിക്കേണ്ട ഒരു പ്രധാന വിഷയമാണ് നമ്മുടെ ചുറ്റുവട്ടം നടന്നുകൊണ്ടിരിക്കുന്ന അസ്വാതന്ത്ര്യത്തിന്റെ മേഖലകള്‍. ഉദാഹരണത്തിന്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ചഇഞആ) അനുസരിച്ച്, 2019 ല്‍ ഓരോ മണിക്കൂറിലും ഓരോ സ്ത്രീധനമരണം ഉണ്ടായി. 2021 ജനുവരിമുതല്‍ മേയ്‌വരെ കേരളത്തില്‍ മാത്രം 1,080 ഗാര്‍ഹിക പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഭര്‍ത്താവോ കുടുംബാംഗങ്ങളോ പ്രതികളാണെന്നും ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 2020 ല്‍ ഇത്തരം 2715 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ ആരോഗ്യകരമായ, ആദരണീയവും അഹിംസാത്മകവുമായ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ പ്രതിരോധത്തിന്റെ ഒരു പ്രധാന ഭാഗമായി ആവിഷ്‌കരിക്കണം. അതിനായി ആശയവിനിമയം സുഗമമാക്കുക, വികാരങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുക, പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആരോഗ്യകരമായ രീതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം.
തന്റെ പുത്രനായ, നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ത്യാഗത്തിലൂടെ നമുക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ദൈവം തയ്യാറായി. എന്തെന്നാല്‍, ദൈവം തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കാന്‍. അവന്‍ മാത്രമാണ് സ്വാതന്ത്ര്യത്തിന്റെ ഉറവിടം.
ഇവിടെയാണ് ഈശോ നമുക്കു നല്കിയിട്ടുള്ള മഹത്തായ സ്വാതന്ത്ര്യം അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതും ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടതും. 'നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും' (യോഹന്നാന്‍ 13: 35).
ഇതാണ് സ്വാതന്ത്ര്യത്തിന്റെ കാതല്‍. ഈ സ്വാതന്ത്ര്യദിനം നമുക്ക് ക്രിസ്തീയസ്വാതന്ത്ര്യത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിനുള്ള ഒരു തുടക്കമാകട്ടെ. സ്വാതന്ത്ര്യദിനത്തോടൊപ്പം പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിരുനാള്‍ ആഘോഷിക്കുന്ന നമുക്ക് ഈശോയെ കാലിത്തൊഴുത്തുമുതല്‍ കാല്‍വരിയോളം അനുഗമിച്ച പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം ഇതിനായി അപേക്ഷിക്കാം.