റോം: 2022 ജൂണില്‍ റോം കേന്ദ്രവേദിയാക്കി സംഘടിപ്പിക്കുന്ന പത്താമത് ലോകകുടുംബസംഗമത്തിന്റെ ഔദ്യോഗികചിത്രം വത്തിക്കാന്‍ പുറത്തുവിട്ടു. ഈശോസഭാംഗമായ സ്ലോവേനിയന്‍ വൈദികന്‍ ഫാ. മാര്‍ക്കോ ഇവാന്‍ റുപ്നിക് വരച്ച ചിത്രമാണ് അല്മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി കഴിഞ്ഞദിവസം പുറത്തുവിട്ടത്.
2022 ജൂണ്‍ 22 മുതല്‍ 26 വരെയാണ് ആഗോള കുടുംബസംഗമം. വി. യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന കാനായിലെ കല്യാണവും യേശുവിന്റെ ആദ്യത്തെ അദ്ഭുതവുമാണ്, 'ഇത് ഒരു വലിയ രഹസ്യമാണ്' എന്ന തലക്കെട്ടോടെ പുറത്തിറക്കിയിരിക്കുന്ന ഔദ്യോഗിക ചിത്രത്തിന്റെ പ്രമേയം. മൂടുപടമണിഞ്ഞിരിക്കുന്ന മണവാളനും, മണവാട്ടിയുമുള്‍പ്പെടെയുള്ള കാനായിലെ കല്യാണം ചിത്രത്തിന്റെ പശ്ചാത്തലമായിട്ടാണ് വരച്ചിരിക്കുന്നത്.
ചിത്രത്തിന്റെ വലതുഭാഗത്തായി യേശുവിനെയും പരിശുദ്ധ കന്യകാമാതാവിനെയും അവര്‍ക്കു മുന്നിലായി വീഞ്ഞുപകരുന്ന ഭൃത്യനെയും കാണാം. ഏതാണ്ട് 30 ഇഞ്ച് നീളമുള്ള ചതുരമരപ്പലകയില്‍ വിനൈല്‍ പെയിന്റുപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. വത്തിക്കാന്‍ അപ്പസ്‌തോലിക പാലസിലെ റിഡംപ്‌റ്റോറിസ് മാറ്റര്‍ ചാപ്പലിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചത് ഫാ. മാര്‍ക്കോ ഇവാനാണ്.
ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ലോകകുടുംബസംഗമം കൊറോണ പകര്‍ച്ചവ്യാധി കാരണമാണ് 2022 ലേക്കു മാറ്റിയത്. മൂന്നു വര്‍ഷം കൂടുമ്പോഴാണ് ലോകകുടുംബസംഗമം നടക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നിര്‍ദേശപ്രകാരം 1994 ല്‍ റോമില്‍ വെച്ചാണ് ആദ്യത്തെ ലോകകുടുംബസംഗമം നടന്നത്. എല്ലാ ഭൂഖണ്ഡങ്ങളിലും രൂപതകളിലും കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്.