•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്വര്‍ഗം തൊടുന്ന ഗോവണി

ഭയിലെ വിശുദ്ധ പാരമ്പര്യങ്ങള്‍ ഏറ്റവും വലിയ മുതല്‍ക്കൂട്ടുകളാണ്. ജീവിക്കുന്ന പാരമ്പര്യം എന്നു പറയുന്നത് തുടര്‍ച്ചയുടെ ചരിത്രമാണ്. ഉദാ: ഒരു ശ്ലൈഹികപാരമ്പര്യം എങ്ങനെ വലുതായി, സഭയായി എന്നതിന്റെ ചരിത്രം. പരദോസിസ്, പരാത്തേക്കെ എന്നീ രണ്ടു പദങ്ങളാണു പ്രധാനമായും വി. പൗലോസ് പാരമ്പര്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. യഥാര്‍ത്ഥ പാരമ്പര്യങ്ങള്‍ നിരന്തരമായി വ്യാഖ്യാനിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചിലപ്പോള്‍ വിമര്‍ശനവിധേയമാക്കപ്പെടുകയും ചെയ്യും. ലിറ്റര്‍ജിയില്‍ നമുക്കു വേണ്ടത് ഉറവിടാധിഷ്ഠിതമായ നവീകരണങ്ങളാണ്; ഒരു ലിറ്റര്‍ജിക്കല്‍ ടെക്സ്റ്റിന്റെ ദൈര്‍ഘ്യം കുറച്ചു എന്നതല്ല (resourced liturgy, not reduced liturgy). . പരിശുദ്ധ എമരിത്തൂസ് പാപ്പാ ആവര്‍ ത്തിക്കുന്ന ഒരു കാര്യമുണ്ട്: ''യഥാര്‍ത്ഥ പാരമ്പര്യം അതിന്റെ ഉദ്ഭവ ഉറവിടങ്ങളിലേക്കും ഒപ്പം സ്വര്‍ഗത്തിന്റെ കവാടത്തിലേക്കും എത്തിക്കും.'' സമഗ്രമായ വളര്‍ച്ച യഥാര്‍ത്ഥ പാരമ്പര്യത്തിലൂടെ മാത്രമേ സാധ്യമാകൂ. ജീവിക്കുന്ന പാരമ്പര്യം ഒരിക്കലും പിറകോട്ടു പോകില്ല. പക്ഷേ, ശരിയായ പാരമ്പര്യം എപ്പോഴും പിറകില്‍നിന്നായിരിക്കും. അര്‍ത്ഥവത്തായ പാരമ്പര്യം എപ്പോഴും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കും, നയിച്ചുകൊണ്ടിരിക്കും; എപ്പോഴും വളര്‍ന്നുകൊണ്ടും നവീകരിക്കപ്പെട്ടുകൊണ്ടുമിരിക്കും. എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് എല്ലാ നവീകരണങ്ങള്‍ക്കും വിധേയമാക്കപ്പെടുമ്പോഴും എന്തവശേഷിക്കുന്നുവോ അതാണ് യഥാര്‍ത്ഥ പാരമ്പര്യം. ശരിയായ ഒരു കഴിഞ്ഞകാലത്തിനുമാത്രമേ ഇന്നിനെയും നാളയെയും കാത്തുസൂക്ഷിക്കാനാവൂ. കഴിഞ്ഞതില്‍ ഉറച്ചുനില്ക്കുക, ഇപ്പോഴുള്ളതിനെക്കുറിച്ചു ശ്രദ്ധിക്കുക, ഭാവിയിലേക്കു തുറവുള്ളവരായിരിക്കുക. പാരമ്പര്യം കാതലാണ്; കേവലം സ്വരമല്ല, ജീവിക്കുന്ന സ്വരമാണ് (viva vox),, ഹൃദയമാണ്. എപ്പോള്‍ യഥാര്‍ത്ഥ പാരമ്പര്യം നഷ്ടപ്പെടുന്നുവോ അപ്പോള്‍ അതിനോടു ബന്ധപ്പെട്ടതിന്റെയെല്ലാം മരണം ആരംഭിച്ചുകഴിഞ്ഞു. പാരമ്പര്യം കാര്‍ക്കശ്യഭാവമല്ല; പ്രത്യുത, അഗ്നിയാണ്. യഥാര്‍ത്ഥ പാരമ്പര്യം രഹസ്യവും പ്രകാശവുമാണ്, തിളങ്ങുന്ന മാണിക്യമാണ് (lapis lazuli)..
പാരമ്പര്യം കടുകുമണിയാണ്. പാരമ്പര്യം എന്ന ചെറിയ താക്കോലാണ് എല്ലാ വലിയ വാതിലുകളെയും തുറക്കുന്നത്. യഥാര്‍ത്ഥ പാരമ്പര്യത്തിനുമാത്രമേ ഉച്ചത്തില്‍ സംസാരിക്കാനും ദൈവത്തിന്റെ സ്വരം കേള്‍പ്പിക്കാനും പറ്റൂ. ജീവിക്കുന്ന സഭയുടെ സ്വരമാണു പാരമ്പര്യം. എല്ലാം കൂട്ടിയോജിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും പാരമ്പര്യമാണ്. സഭയുടെ ഓര്‍മയാണു പാരമ്പര്യം (memoria ecclesiae).. യഥാര്‍ത്ഥ പാരമ്പര്യമാണ് ഏറ്റവും ചലനാത്മകവും സംവാദപരവു(dialogic) മായിട്ടുള്ളത്. ഈ പാരമ്പര്യത്തെയാണു വിശ്വാസികള്‍ ശ്രവിക്കേണ്ടത്. പാരമ്പര്യത്തെ നിധിയുടെ കലവറയായിട്ടുമാത്രം ചുരുക്കരുത്. പാരമ്പര്യവും പരിവര്‍ത്തനവും വളരെ വ്യത്യസ്തമായ രണ്ടു കാര്യങ്ങളല്ല. യഥാര്‍ത്ഥ പാരമ്പര്യം വളര്‍ന്നുകൊണ്ടിരിക്കും സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കും, ഈ സ്വീകരിക്കപ്പെടലാണു (reception) പാരമ്പര്യത്തിന്റെ വളര്‍ച്ച. വിശ്വാസികള്‍ നയിക്കപ്പെടേണ്ടത് പാരമ്പര്യത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ്, നൈയാമികതയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കല്ല. യഥാര്‍ത്ഥ പാരമ്പര്യം സഭയാകുന്ന ശരീരത്തിന്റെ ആത്മാവാണ് (forma corporis) പാരമ്പര്യത്തില്‍ മക്കള്‍ വളര്‍ത്തപ്പെടുമ്പോള്‍ അവര്‍ക്കു നമ്മള്‍ ദൈവികമായ വിദ്യാഭ്യാസമാണ് (paideia) നല്‍കുന്നത്. യഥാര്‍ത്ഥ പാരമ്പര്യം നിലനില്ക്കുന്നത് സാധാരണജനത്തിന്റെ വിശ്വാസത്തിലാണ് (Sensus fidelium).. യഥാര്‍ത്ഥ പാരമ്പര്യം ശ്ലീഹന്മാരില്‍നിന്നും ആദിമസഭയില്‍നിന്നും ലഭിച്ച ഒരു സ്ഥാവരകരുത്താണ് (settled legacy).
ഈശോമിശിഹായാണ് യഥാര്‍ത്ഥ പാരമ്പര്യം. ശ്ലീഹന്മാരുടെ പാരമ്പര്യങ്ങളിലൂടെയും പ്രാദേശികപാരമ്പര്യങ്ങളിലൂടെയും നാമിതു മനസ്സിലാക്കുമ്പോള്‍ നമ്മള്‍ ഈശോയുടെ സമകാലികരാകുന്നു. ഒരു സഭയുടെ ചലനാത്മകതയുള്ള ചൈതന്യമാണ് ഈ പാരമ്പര്യം. സന്തോഷത്തിന്റെ സുവിശേഷമാണു പാരമ്പര്യം. ജീവിക്കുന്ന സുവിശേഷമാണിത്, ജീവിക്കുന്ന കല്ലുകളാണ് (vivi lapides).. മിശിഹായുടെ നിരന്തരവും സജീവവുമായ സാന്നിധ്യമാണ് പാരമ്പര്യത്തിലൂടെ അനുഭവിക്കുന്നത്.
എല്ലാ ഘടകങ്ങളെയും കൂട്ടിയിണക്കുന്ന ബൗദ്ധികസിരാകേന്ദ്രമാണ് പാരമ്പര്യം. പാരമ്പര്യവും ദൈവവചനവും ലിറ്റര്‍ജിയും 'സഭയും ദൈവശാസ്ത്രവും സഭാനിയമവും ആത്മീയതയും അവിഭാജ്യമാണ്. ശരിയായ അര്‍ത്ഥത്തില്‍ അവയെല്ലാം ഒരേ കാര്യംതന്നെയാണ്. ഒന്നു മറ്റൊന്നിനാല്‍ താങ്ങിനിര്‍ത്തപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്യുന്നു എന്നുമാത്രം. വചനം കേള്‍ക്കേണ്ടതു സഭയില്‍നിന്നാണ്, പാരമ്പര്യം അറിയേണ്ടത് ലിറ്റര്‍ജിയില്‍നിന്നാണ്. ആദ്യം സൂചിപ്പിച്ചതുപോലെ യഥാര്‍ത്ഥ പാരമ്പര്യം ഭാവിയെ ചൂണ്ടിക്കാണിക്കും.
കഴിഞ്ഞകാലത്തെ മനസ്സിലാക്കുന്നവനുമാത്രമേ ഭാവിക്കുവേണ്ടി നിലകൊള്ളാനാവൂ. യഥാര്‍ത്ഥ പാരമ്പര്യം എന്നും ഉദിച്ചുയരുന്ന പ്രഭാതസൂര്യനാണ്. എന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന നവമായ ഒരു ക്രമമാണത് (novus ordo).. സഭതന്നെയും പാരമ്പര്യത്തെക്കുറിച്ചുള്ള ധ്യാനമാണ്. ഏറ്റവും കാതലായിട്ടുള്ളതും ഏറ്റവും ലളിതമായിട്ടുള്ളതും പാരമ്പര്യമാണ്. നമ്മെ സ്വര്‍ഗത്തിലേക്കു നയിക്കുന്ന ഗോവണിപ്പടിയാണു പാരമ്പര്യം. അനിയന്ത്രിതമായ ഭക്താഭ്യാസങ്ങളില്‍പ്പെട്ട് പാരമ്പര്യത്തിന്റെ കാതല്‍ കാണാതെപോകരുത്. വനം കാണാന്‍ പോയി ഇലകളും ശിഖരങ്ങളുംമാത്രം കണ്ടു തടി കാണാതെ പോരുന്നതുപോലെയാണത്. സഭയില്‍ ഊര്‍ജസ്വലമായ പിരിമുറുക്കം നില്ക്കുന്നതുതന്നെ പാരമ്പര്യം നഷ്ടപ്പെടുത്താതിരിക്കാനുള്ള വ്യഗ്രതയില്‍നിന്നാണ്. കാതലായ പാരമ്പര്യം നഷ്ടപ്പെടുത്തുന്ന സഭാസമൂഹത്തിനു നിലനില്പില്ല. 
പാരമ്പര്യത്തിന്റെ വീടാണു സഭ. വീടിന്റെ തറവാടിത്തമാണു പാരമ്പര്യം. പാരമ്പര്യം നഷ്ടപ്പെടുത്തിയാല്‍ ഭവനത്തിന് അര്‍ത്ഥമില്ല. പാരമ്പര്യം ഉള്ളില്‍നിന്നു പുറത്തേക്കു വളരേണ്ടതാണ്. സ്ഥിരമായിട്ടുള്ളതു (ende-mousa)  പാരമ്പര്യമാണ്. ഒരു ഊഷരഭൂമിയെ പട്ടണമാക്കുന്നത് (a desert into civitas)  പാരമ്പര്യമാണ്. യഥാര്‍ത്ഥ പാരമ്പര്യം അത് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ മാത്രമല്ല; വ്യത്യസ്തമൂല്യങ്ങളും നിലപാടുകളും തമ്മിലുള്ള തര്‍ക്കം എങ്ങനെ അവസാനിപ്പിക്കുന്നു എന്നതുകൂടിയാണ്. ഒരുവന്‍ വിശ്വസിക്കുന്നതു ഹൃദയംകൊണ്ടാണ് (corde creditur). . ധാര്‍മികവും ആത്മികവുമായ ഏറ്റവും വലിയ നിക്ഷേപമാണ് പാരമ്പര്യം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)