•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

അകല്‍ച്ചയുടെ ഗര്‍ത്തങ്ങളില്‍ വീഴാതിരിക്കാന്‍

ഓഗസ്റ്റ്  8   കൈത്താക്കാലം   അഞ്ചാം ഞായര്‍

ലേവ്യ. 23:33-44  ഏശ. 28:14-22
2 കോറി.12:14-21    ലൂക്കാ.16:19-31

ദൈവവും സഹോദരരും തമ്മിലുള്ള ബന്ധത്തിലെ ഗര്‍ത്തങ്ങള്‍ നികത്തുന്ന ചെത്തിമിനുക്കിയതും അടിസ്ഥാനമുറപ്പിക്കുന്നതുമായ മൂലക്കല്ല് ഈശോമിശിഹായാണ്. പിതാവുമായുള്ള മനുഷ്യന്റെ അകല്‍ച്ച ഇല്ലാതാക്കുന്നതും സഹോദരങ്ങളോടുള്ള കരുണയ്ക്ക് അടിസ്ഥാനമാകുന്നതും ഈ മൂലക്കല്ലാണ്.

വത്തിക്കാനില്‍ സിസ്റ്റൈന്‍ കപ്പേളയുടെ മേല്‍ത്തട്ടിലെ അര്‍ത്ഥസമ്പുഷ്ടങ്ങളായ അനേകം ചിത്രങ്ങളിലൊന്നാണ് മൈക്കലാഞ്ചലോയുടെ ''ആദത്തിന്റെ സൃഷ്ടി''. സ്രഷ്ടാവായ ദൈവത്തിന്റെയും സൃഷ്ടിക്കപ്പെടുന്ന ആദത്തിന്റെയും കൈകള്‍ തമ്മില്‍ സ്പര്‍ശിച്ചിരിക്കുന്നുവെന്നു തോന്നാമെങ്കിലും, അങ്ങനെയല്ലെന്നു സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാകും. ദൈവത്തിന്റെയും മനുഷ്യന്റെയും വിരല്‍ത്തുമ്പുകള്‍ തമ്മിലുള്ള ചെറിയ വിടവ് ദൈവം നല്‍കുന്ന ആത്മാവിന്റെ സാന്നിധ്യമായും മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ അടയാളമായും മനസ്സിലാക്കാം. ഫലദായകമായ കൈത്താക്കാലത്തിന്റെ അഞ്ചാം ഞായറാഴ്ചത്തെ വായന ദൈവത്തോടും മനുഷ്യനോടുമുള്ള ബന്ധങ്ങളിലെ വിടവുകള്‍ നികത്താന്‍ നമ്മെ സഹായിക്കുന്നവയാണ്. അകല്‍ച്ചകളുടെ ഗര്‍ത്തങ്ങളെ ഇല്ലാതാക്കി കരുണയും എളിമയും പരസ്പരസാഹോദര്യവും നിറഞ്ഞ ക്രൈസ്തവജീവിതം നയിക്കാന്‍ സഭാമാതാവു നമ്മെ ക്ഷണിക്കുന്നു.
ഗര്‍ത്തങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിലെ തടസ്സങ്ങളാണ്. ആത്മീയജീവിതത്തിലും ഇത് യാഥാര്‍ത്ഥ്യംതന്നെയാണ്. ധനവാനും അബ്രാഹത്തിന്റെ മടിയിലിരിക്കുന്ന ലാസറിനും ഇടയിലുള്ള ഗര്‍ത്തത്തെക്കുറിച്ചാണ് സുവിശേഷം സൂചന നല്‍കുന്നത്. ആ ഗര്‍ത്തം സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയെന്ന് വി. പൗലോസും അതിനെ എങ്ങനെ മറികടക്കാമെന്ന് ലേവ്യരുടെ പുസ്തകവും ഏശയ്യാപ്രവാചകനും നമ്മെ പഠിപ്പിക്കുന്നു.
'ആദത്തിന്റെ സൃഷ്ടി'യില്‍ ദൈവത്തിന്റെയും ആദത്തിന്റെയും വിരലുകള്‍ തമ്മിലുള്ള അകല്‍ച്ച സൂചിപ്പിക്കുന്നത് ജീവകൈമാറ്റം നടക്കുന്ന ദൈവാത്മാവ് നിറഞ്ഞ ഇടത്തെയാണ്. ദൈവത്തിന്റെ സൃഷ്ടിപരമായ ആത്മാവ്, മണ്ണില്‍നിന്നു സൃഷ്ടിക്കപ്പെട്ട മനുഷ്യനിലേക്കു പ്രവഹിക്കുന്ന ചാലകമാണ് ആ ഇടം. എന്നാല്‍, ദൈവാത്മാവിന്റെ പ്രവര്‍ത്തനം നടക്കുന്ന ഇടമല്ല ധനവാന്റെയും ലാസറിന്റെയും മധ്യത്തില്‍ ഈ ലോകത്തിലുള്ള അകലം. ദൈവത്തോടും സഹജീവികളോടും തുറവുള്ള, ആത്മാവു നിറഞ്ഞ ഇടങ്ങളെ സൃഷ്ടിക്കാന്‍ ഈ ലോകത്തില്‍ പരാജയപ്പെട്ടു എന്നതാണ് പരലോകത്തില്‍ വലിയ ഗര്‍ത്തത്തിന്റെ നരകഭാഗത്തു ധനവാന്‍ ഇരിക്കാന്‍ കാരണം. വേദനയനുഭവിക്കുന്നവരെയും അവരുടെ സഹനത്തെയും ചേര്‍ത്തുനിര്‍ത്താന്‍ പരാജയപ്പെടുന്ന മനുഷ്യരാണ് ധനവാനിലൂടെ ചിത്രീകരിക്കപ്പെടുന്നത്.
ക്രൈസ്തവജീവിതം നയിക്കുന്നവര്‍ വീഴാന്‍ സാധ്യതയുള്ള ഗര്‍ത്തങ്ങളെക്കുറിച്ച് പൗലോസ് ശ്ലീഹാ വ്യക്തമായ സൂചന നല്‍കുന്നുണ്ട് (2 കോറി. 12:20-21). ഇവിടെ രണ്ടു തരത്തിലുള്ള കുഴികളെക്കുറിച്ചാണ് ശ്ലീഹാ സൂചിപ്പിക്കുന്നത്. ഇരുപതാം വാക്യത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ശരിയായ ബന്ധത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അകല്‍ച്ചകളെക്കുറിച്ചാണു കാണുന്നത്. കലഹം, അസൂയ, കോപം, മാത്സര്യം, അപവാദം, പരദൂഷണം, അഹന്ത, അസ്വസ്ഥത എന്നിവ മനുഷ്യര്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്ന തരത്തിലുള്ള അഗാധമായ ഗര്‍ത്തം സൃഷ്ടിക്കുന്നു. അസൂയയും അഹന്തയുമൊക്കെ സഹോദരനെ നശിപ്പിക്കുന്ന പദ്ധതികള്‍ ഒരുക്കുന്നു. ഇത്തരം തിന്മകളാകുന്ന കുഴിയില്‍ ചാടിയാല്‍ പരിഹരിക്കാനാവാത്തവിധം ബന്ധങ്ങള്‍ തകര്‍ന്നുപോകാം.
ഇരുപത്തൊന്നാം വാക്യത്തില്‍ പൗലോസ് സൂചിപ്പിക്കുന്ന തിന്മകള്‍ സ്വശരീരത്തിനും ദൈവത്തിനുമെതിരായി മനുഷ്യര്‍ ചെയ്യുന്നവയാണ്. അതില്‍ത്തന്നെ രണ്ടു തരമുണ്ട്: ഒന്ന്, അശുദ്ധിയിലും വ്യഭിചാരത്തിലും വിഷയാസക്തിയിലും ജീവിക്കുന്നവര്‍. അവര്‍ ദൈവത്തോടുള്ള നല്ല ബന്ധം മുറിച്ച് അഗാധമായ ഗര്‍ത്തത്തില്‍ വീണിരിക്കുന്നു. രണ്ടാമത്തെ കൂട്ടര്‍ ഇപ്പറഞ്ഞ പാപങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുണ്ടായിട്ടും അതിനെക്കുറിച്ചു പശ്ചാത്തപിക്കാത്തവരാണ്. അവര്‍ക്കു പശ്ചാത്തപിക്കാന്‍ മറ്റൊരവസരം ഉണ്ടാകില്ലെന്നാണ് ഉപമയിലെ ധനവാന്റെ നരകത്തില്‍നിന്നുള്ള ചോദ്യത്തിന് അബ്രാഹം നല്കുന്ന മറുപടിയില്‍നിന്നു നാം മനസ്സിലാക്കേണ്ടത് (ലൂക്കാ. 16:16). ഇപ്രകാരം ചിന്തിക്കുമ്പോള്‍ ക്രിസ്തീയജീവിതത്തിന്റെ സൗന്ദര്യമായ സ്‌നേഹത്തിന്റെ, ദൈവമനുഷ്യബന്ധങ്ങള്‍ മുറിച്ച്, കരുതലില്ലായ്മയുടെ, അഹന്തയുടെ സ്വയം സൃഷ്ടിച്ച ഗര്‍ത്തത്തിലാണ് ധനവാന്‍ വീണുപോയതെന്നു മനസ്സിലാക്കാം.
വീണുപോയ ഗര്‍ത്തത്തില്‍നിന്നു കരകയറാനുള്ള, പശ്ചാത്തപിക്കാനുള്ള അവസരം ഈ ലോകത്തില്‍ മാത്രമേയുള്ളൂ എന്നു സൂചിപ്പിച്ചുകൊണ്ടാണ് ഈശോ ഉപമ അവസാനിപ്പിക്കുന്നത്. ദൈവം നമുക്കു നല്‍കിയിരിക്കുന്ന ആത്മീയായുധങ്ങളുടെ ശരിയായ ഉപയോഗമാണ് അകല്‍ച്ചയുടെ ഗര്‍ത്തത്തില്‍ വീഴാതിരിക്കാനും വീണുപോയാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുമുള്ള ഏക മാര്‍ഗം. ഈ മാര്‍ഗത്തിന്റെ ഏറ്റവും മനോഹരമായ ഉപയോഗമാണ് ലേവ്യരുടെ പുസ്തകത്തില്‍ നാം കാണുന്നത്: ''വര്‍ഷംതോറും ഏഴു ദിവസം കര്‍ത്താവിന്റെ തിരുനാളായി ആഘോഷിക്കണം... ഏഴു ദിവസത്തേക്കു നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം'' (ലേവ്യര്‍ 23:41,42). എളിമയുടെയും ദൈവപരിപാലനയുടെയും പരസ്പരസാഹോദര്യത്തിന്റെയും മൂലക്കല്ലില്‍ അടിസ്ഥാനമിട്ട് അകല്‍ച്ചയുടെ ഗര്‍ത്തങ്ങളെ അതിജീവിക്കാനുള്ള കരുത്തു പകരുന്നതാണ് ദൈവം ഉദ്ദേശിച്ച കൂടാരവാസം. ഇസ്രായേല്‍ജനം കാനാന്‍ദേശത്തേക്കുള്ള യാത്രയില്‍ കൂടാരങ്ങളില്‍ വസിച്ചപ്പോള്‍ ദൈവപരിപാലന തിരിച്ചറിഞ്ഞു പരസ്പരസാഹോദര്യത്തോടെയാണു ജീവിച്ചത്. എന്നാല്‍, അവര്‍ക്ക് അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെട്ട രാജ്യവും നല്ല വീടുകളും ലഭിച്ച് അഭിവൃദ്ധി ഉണ്ടാകുമ്പോള്‍ കലഹവും അസൂയയും അഹന്തയും ഉണ്ടാകുമെന്ന് ദൈവം മുന്‍കൂട്ടിക്കണ്ടു. ആ ഗര്‍ത്തത്തില്‍ അവര്‍ വീഴാതിരിക്കാനും വീണാല്‍ കരുണയുടെയും ദൈവതിരുമുമ്പിലുള്ള എളിമയുടെയും കൂടാരങ്ങളില്‍ താമസിച്ചു തങ്ങളെത്തന്നെ വീണ്ടെടുക്കാനുമുള്ള അവസരമായിരുന്നു കൂടാരത്തിരുനാള്‍.
ഗര്‍ത്തങ്ങളെ അതിജീവിക്കാനുള്ള രണ്ടാമത്തെ വഴി ഗര്‍ത്തത്തെ നികത്തുക എന്നതാണ്. ഒരു കുഴി നികത്താനുള്ള ഏറ്റവും നല്ല മാര്‍ഗം നല്ല കല്ലുകള്‍ നിക്ഷേപിക്കുന്നതാണ്. സൂക്ഷിച്ചില്ലെങ്കില്‍ ആ കല്ലുകളുടെ ആകൃതിയില്ലായ്മ വീണ്ടും തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍, ചെത്തിമിനുക്കിയ ആകൃതിയൊത്ത കല്ലുകള്‍കൊണ്ടുവേണം കുഴികള്‍ നികത്താന്‍. 
കെട്ടിടത്തിന്റെ അടിസ്ഥാനവും ഭൂമിയും തമ്മിലുള്ള ബന്ധമാണ് മൂലക്കല്ല്. മൂലക്കല്ല് കെട്ടിടത്തിന്റെ അടിസ്ഥാനത്തിനോ ഭൂമിയുടെ കിടപ്പിനോ തടസ്സമുണ്ടാക്കുന്നില്ല,  കെട്ടിടത്തിനു ഭൂമിയോടുള്ള ബന്ധം ഉറപ്പിച്ചു നിര്‍ത്തുന്നു. അതുകൊണ്ടാണ് ഏശയ്യാ പറയുന്നത്, ''അതിനാല്‍, ദൈവമായ കര്‍ത്താവ് അരുള്‍ ചെയ്യുന്നു: ''ഇതാ, ഞാന്‍ സീയോനില്‍ ഒരു കല്ല്, അടിസ്ഥാനമായി ഇടുന്നു, വിലയുടെ  മൂലക്കല്ല് ഉറപ്പുള്ള അടിസ്ഥാനമായി ഇട്ടിരിക്കുന്നു. വിശ്വസിക്കുന്നവന്‍ ചഞ്ചലചിത്തനാകുകയില്ല''(ഏശയ്യാ 28:16). ദൈവവും സഹോദരരും തമ്മിലുള്ള ബന്ധത്തിലെ ഗര്‍ത്തങ്ങള്‍ നികത്തുന്ന ചെത്തിമിനുക്കിയതും അടിസ്ഥാനമുറപ്പിക്കുന്നതുമായ മൂലക്കല്ല് ഈശോമിശിഹായാണ് (മത്താ. 21:42, റോമ. 9:32, 1 പത്രോ. 2:6). പിതാവുമായുള്ള മനുഷ്യന്റെ അകല്‍ച്ച ഇല്ലാതാക്കുന്നതും സഹോദരങ്ങളോടുള്ള കരുണയ്ക്ക് അടിസ്ഥാനമാകുന്നതും ഈശോയാകുന്ന മൂലക്കല്ലാണ്. ഈ മൂലക്കല്ലിനെ ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമാക്കി മാറ്റുമ്പോള്‍ ദൈവവും മനുഷ്യനും തമ്മിലും മനുഷ്യര്‍ പരസ്പരവുമുള്ള അകല്‍ച്ചകള്‍ അവന്റെ സഹനത്തിലും മരണത്തിലും ഇല്ലാതാകുന്നു. അകല്‍ച്ചകളില്ലാത്ത സ്‌നേഹത്തിന്റെ സ്വര്‍ഗത്തിലേക്ക് അവന്റെ ഉത്ഥാനം നമ്മെ ക്ഷണിക്കുന്നു.
അകല്‍ച്ചകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍, തിന്മയുടെയും അസൂയയുടെയും ഗര്‍ത്തങ്ങളില്‍ വീണുകഴിയുമ്പോള്‍ ഉണ്ടാകുന്ന വിടവുകളില്‍ ആത്മാവിന്റെ നിറവില്ല എന്നത് വ്യക്തമാണല്ലോ. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തില്‍ ജീവന്‍ നിറയ്ക്കുന്ന ആത്മാവിനെയാണ് മൈക്കലാഞ്ചലോ കണ്ടത്. ദൈവവുമായുള്ള ബന്ധത്തില്‍ നിരന്തരം ഈശോയുടെ ആത്മാവ് നല്‍കുന്ന ജീവന്റെ നിറവ് സ്വീകരിക്കണം. അങ്ങനെ ക്രിസ്തീയജീവിതത്തെ ഇല്ലാതാക്കുന്ന തിന്മകളാകുന്ന സകല ഗര്‍ത്തങ്ങളെയും അതിജീവിച്ച് ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ മനോഹരമായ കൂടാരങ്ങളില്‍ വസിക്കാം.

 

 

Login log record inserted successfully!