വത്തിക്കാന്‍സിറ്റി: ദൈവജനത്തോടൊപ്പം സഭാത്മകമായി ഒന്നിച്ചു നടക്കണമെന്നും സഭയുടെ ഉപരിനന്മയ്ക്കും ഐക്യത്തിനുമായി ഒരേ രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള 1999 ലെ സിനഡ് തീരുമാനം പ്രായോഗികമാക്കുന്നതിനുവേണ്ടി യത്‌നിക്കണമെന്നും സീറോ മലബാര്‍ മെത്രാന്മാരോട് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ഥലത്തെക്കാള്‍ വലുതാണ് കാലമെന്നും സംഘര്‍ഷത്തിനുമേല്‍ ഐക്യം വിജയിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍, വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍ എന്നിവര്‍ക്കായി ദുക്‌റാനത്തിരുനാള്‍ ദിവസം അയച്ച കത്തിലാണ് ഈ ആഹ്വാനം.
ഒരേ രീതിയിലെ ബലിയര്‍പ്പണം സഭാശരീരത്തിനുള്ളിലെ ഐക്യവും സ്ഥിരതയും വളര്‍ത്തുമെന്ന് പാപ്പാ പറഞ്ഞു. മഹാജൂബിലിവര്‍ഷത്തിനു മുമ്പായി സഭ എത്തിച്ചേര്‍ന്ന ഈ സന്തോഷകരമായ തീരുമാനം വിശുദ്ധ ജോണ്‍പോള്‍ പാപ്പായ്ക്ക് ഈ സഭയിലുണ്ടായിരുന്ന ശുഭാപ്തി വിശ്വാസം വര്‍ധിപ്പിച്ചിരുന്നതായി മാര്‍പാപ്പ അനുസ്മരിച്ചു. സിനഡിന്റെ തീരുമാനം നടപ്പാക്കുന്നതിനുവേണ്ടി സഭാംഗങ്ങള്‍ മുഴുവനും കൂട്ടായ്മയിലും സാഹോദര്യത്തിലും ഐക്യത്തിലും ഒന്നിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
തന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തുകൊണ്ടും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും മാര്‍ത്തോമ്മാശ്ലീഹായുടെയും മാധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ടുമാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ കുര്‍ബാനയര്‍പ്പണത്തിനു വ്യത്യസ്തരീതികള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അത് ഏകീകരിക്കുന്നതിനു സിനഡ് ഐകകണ്‌ഠ്യേന തീരുമാനമെടുത്തത്. ഇതിന്‍പ്രകാരം കുര്‍ബാനയുടെ പ്രാരംഭഭാഗവും സമാപനഭാഗവും ജനാഭിമുഖമായും അനാഫൊറഭാഗം അള്‍ത്താരാഭിമുഖമായുമാണ് അര്‍പ്പിക്കേണ്ടത്. ഈ ക്രമം എല്ലാ രൂപതകളിലും പ്രാബല്യത്തിലാക്കണമെന്നാണു മാര്‍പാപ്പ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം സൂചിപ്പിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും കത്തയച്ചിട്ടുണ്ട്.