ഇടിമിന്നലോടൊത്തു ചടുപിടെ പെയ്‌തോരു
അടമഴയത്തു ഭയന്നേകനായ്,
ഇടവഴിയിലൊരു നെടുമാമരത്തിന്റെ
അടിയിലായ് ഞാനന്നുനിന്നനേരം.
കിടുകിടുപ്പോടെയാതരുവിന്‍ കടയ്ക്കലായ്
അടിമുടിയീറനായ് നില്ക്കവേയെന്‍-
കുടിലിന്റെയൊരു പറ്റമോര്‍മകള്‍ മാനസ-
പടവുകളോടിക്കയറിവന്നു.
വടിവൊത്തതല്ലേലുമെന്റെയാചെറുചെറ്റ-
വീടാണെനിക്കെന്നുമഭയമിടം.
പടിയിറങ്ങിപ്പോന്നതല്ലേ നനഞ്ഞീടുവാന്‍
ഇടയായതെന്നു നിനച്ചുപോയി.
ചൊടികള്‍ വിറച്ചിരുമിഴികള്‍ നിറഞ്ഞു ഞാന്‍
കടുകിട ശാന്തിയില്ലാതെ നില്‌ക്കേ,
കുടയുമായെന്നച്ഛനാവഴിയെന്നെയും
തേടിയലഞ്ഞെന്റെ ചാരെയെത്തി.
വടികൊണ്ടടിക്കാതെ തോളിലെ തോര്‍ത്തിനാല്‍
തടവിത്തുടച്ചെന്റെ തലയാകവേ,
ഉടലോടുചേര്‍ത്തുപിടിച്ചെന്നെയാ കുഞ്ഞു-
കുടയുടെ കീഴില്‍ നടന്നു മെല്ലെ.
പൊടിപോലുമെന്‍മേനിയിനിയും നനയാതെ
നടവഴിനീളേ സൂക്ഷിച്ചയച്ഛന്‍,
ഉടുതുണിയാകെ നനഞ്ഞങ്ങു വെറുമൊരു-
കടലാസുപോലെ കുതിര്‍ന്നിരുന്നു.
കുടയാണെന്നിക്കച്ഛനെന്നുമെന്‍ കൂരതന്‍-
ഇടവേളയില്ലാത്ത കാവലാളും.
കിടയറ്റയാപിതൃഹൃദയത്തിലെ സ്‌നേഹ-
തുടികൊട്ടതിന്‍ ജീവസ്പന്ദനവും.
കുടിനീരു വറ്റാതെ, കുടലെരിഞ്ഞീടാതെ,
ഒടിയാതെ വയറുകള്‍ പോറ്റീടുവാന്‍,
മടിശ്ശീല നിറയുവാനാപ്പാവമനുദിനം
മടിതെല്ലുമില്ലാതെ പണിതിടുന്നൂ.
ചുടുദുഃഖവ്യാധികളെന്‍ കുടുംബത്തിലെ-
നെടുവീര്‍പ്പുകളായി മാറിടുമ്പോള്‍
വാടാതെ തണലേകി നില്പതൊരിക്കലും
അടയാത്തൊരാവല്യകുടതന്നെയാ.
കൊടിയവര്‍ഷത്തിലും വെയിലിലുമൊന്നുപോല്‍
കുടപിടിക്കാത്തൊരു കുടയായിടും,
കടലോളം കരുതലുള്ളച്ഛനോടുള്ളയെന്‍-
കടമൊരുനാളുമൊടുങ്ങുകില്ല.