ജൂണ്‍ ഏഴിന് അന്തരിച്ച ആത്മീയാചാര്യന്‍ സ്വാമി പ്രകാശാനന്ദയെക്കുറിച്ച്
മാനവസാഹോദര്യത്തിലധിഷ്ഠിതമായ ശ്രീനാരായണദര്‍ശനങ്ങളെ ലോകജനതയ്ക്കു പകര്‍ന്നു നല്കിയ ആത്മീയാചാര്യനായിരുന്നു സ്വാമി പ്രകാശാനന്ദ. ശ്രീനാരായണഗുരുവിന്റെ താത്ത്വികദര്‍ശനങ്ങളിലടിയുറച്ച് പ്രകാശിതമായതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ശ്രീനാരായണദര്‍ശനങ്ങളുടെ പ്രചാരണത്തിനുവേണ്ടി 1924 ല്‍ പ്രഖ്യാപിക്കപ്പെട്ട സര്‍വമതപാഠശാല ബ്രഹ്മവിദ്യാലയം എന്ന പേരില്‍ ആരംഭിച്ചതും അതിന്റെ ഉത്തരോത്തരമുള്ള പുരോഗമനം യാഥാര്‍ത്ഥ്യമാക്കിയതും സ്വാമി പ്രകാശാനന്ദയാണ്.
1923 ല്‍ കൊല്ലം പിറവന്തൂര്‍ കളത്തരാടി വീട്ടില്‍ രാമന്‍-വെളുമ്പി ദമ്പതികളുടെ ഇളയമകനായി ജനനം. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. കുടുംബത്തിന്റെ സ്വന്തം വിദ്യാലയമായിരുന്ന കളത്തരാടി യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസുവരെ പഠിച്ചു. ഗവണ്‍മെന്റ് ജോലിക്കും അധ്യാപകനിയമനത്തിനുമൊക്കെ അക്കാലത്ത് ഏഴാം ക്ലാസ് വിദ്യാഭ്യാസയോഗ്യത മതിയായിരുന്നു.
1945 ല്‍ ശിവഗിരി ആശ്രമത്തിലെത്തി. ശ്രീനാരായണഗുരുവില്‍നിന്നു നേരിട്ടു സന്ന്യാസദീക്ഷ സ്വീകരിച്ച സ്വാമി ശങ്കരാനന്ദയുടെയും മഹാസമാധിയിലെ പൂജാകാര്യങ്ങള്‍ നോക്കിനടത്തിയിരുന്ന സ്വാമി സുധാനന്ദയുടെയും ശിഷ്യനായി ഹിന്ദു തത്ത്വസംഹിതയും ശ്രീനാരായണദര്‍ശനങ്ങളും അഭ്യസിച്ചു. 35-ാം വയസ്സില്‍ ശങ്കരാനന്ദയില്‍നിന്നുതന്നെ സന്ന്യാസദീക്ഷ സ്വീകരിച്ച് കുമാരന്‍, സ്വാമി പ്രകാശാനന്ദയായി.
ത്യാഗപൂര്‍ണമായിരുന്നു സ്വാമി പ്രകാശനന്ദയുടെ ജീവിതം. ആത്മനവീകരണത്തിനായി നേരറിവുകള്‍ തേടി അദ്ദേഹം, കന്യാകുമാരിമുതല്‍ ഹിമാലയംവരെ യാത്ര ചെയ്തു. തീര്‍ത്ഥാടനകേന്ദ്രങ്ങളും സ്‌നാനഘട്ടങ്ങളും മഹാക്ഷേത്രങ്ങളുമെല്ലാം സന്ദര്‍ശിച്ച് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഏകത്വത്തിന്റെയും മഹാസന്ദേശം ഉള്‍ക്കൊണ്ടു. 47-ാമത്തെ വയസ്സില്‍ അദ്ദേഹം ശ്രീനാരായണ ധര്‍മസംഘം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരു ആഗ്രഹിച്ചതുപോലെ ശിവഗിരിയെ സര്‍വമതസാഹോദര്യത്തിലധിഷ്ഠിതമായ ഒരു വിശ്വസാഹോദര്യകേന്ദ്രമാക്കി മാറ്റാന്‍ സ്വാമി പ്രകാശാനന്ദ അഹോരാത്രം പ്രയത്‌നിച്ചു.
ഗുരു ആഹ്വാനം ചെയ്തതുപോലെ എല്ലാ മതങ്ങളുടെയും സത്ത എന്തെന്നറിയാന്‍ സഹായിക്കുന്ന ബ്രഹ്മവിദ്യാലയം സാക്ഷാത്കരിച്ചുകൊണ്ട് ശ്രീനാരായണസംഹിത ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായി മൂന്നുതവണയും ജനറല്‍ സെക്രട്ടറിയായി രണ്ടുതവണയും പ്രസ്ഥാനത്തിനു നേതൃത്വം നല്‍കി.
ഷഷ്ടിപൂര്‍ത്തിവേളയില്‍ എട്ടുവര്‍ഷവും മൂന്നുദിവസവും മൗനവ്രതം അനുഷ്ഠിച്ചത് സ്വാമിയുടെ ആത്മബലത്തിന്റെ പ്രകാശനമാണ്. ശിവഗിരിമഠത്തിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിനെതിരേ ആത്മീയപ്രതിരോധവുമായാണ് അദ്ദേഹം മുന്നില്‍ നിന്നത്.
തികഞ്ഞ മതേതരവാദിയായ ഒരു ആത്മീയാചാര്യനെയാണ് സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിലൂടെ സാംസ്‌കാരികകേരളത്തിനു നഷ്ടമായിരിക്കുന്നത്.