•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വീണ്ടും കരുത്താര്‍ജിക്കുന്ന കര്‍ഷകസമരം

ര്‍ഷകവിരുദ്ധനിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തി കേന്ദ്രീകരിച്ചു നടന്നുവരുന്ന പ്രക്ഷോഭം ഏഴു മാസം പിന്നിട്ടിരിക്കുന്നു. പത്തിലേറെത്തവണ സമരക്കാരുമായി ചര്‍ച്ചാനാടകം നടന്നു എന്നതൊഴിച്ചാല്‍ ഇത്തിരിപോലും വിട്ടുവീഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ''നിയമങ്ങളിലെ ഏതു ഭാഗം സംബന്ധിച്ചും ചര്‍ച്ചയാകാം. ആവശ്യമെങ്കില്‍ ഭേദഗതിയാകാം. കാര്‍ഷികബില്ലുകള്‍ കര്‍ഷകരുടെ ജീവിതം മാറ്റിമറിക്കും. കേന്ദ്രസര്‍ക്കാറിനെ നിങ്ങള്‍ വിശ്വസിക്കണം. സമരം ചെയ്യുന്ന എല്ലാ സംഘടനകളും പിന്‍മാറണം''- ഇങ്ങനെ പോകുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പുറത്തിറക്കിയ വീഡിയോയിലെ സന്ദേശം. 
എന്നാല്‍, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അടക്കമുള്ള കര്‍ഷകനേതാക്കള്‍ ഈ അഭ്യര്‍ത്ഥന തള്ളുന്നു. നിയമം ഭാഗികമായി പിന്‍വലിക്കുന്നതോ, ഭേദഗതി ചെയ്യുന്നതോ പ്രശ്നപരിഹാരത്തിന് ഉതകില്ല. കോര്‍പ്പറേറ്റുകള്‍ക്കും വാണിജ്യചൂഷണക്കാര്‍ക്കും സൗകര്യം ചെയ്തുകൊടുക്കുന്ന സമീപനത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ല. ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി അടിസ്ഥാനസ്വഭാവം അതേപടി നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കമാണിത്. ഇതില്‍ കര്‍ഷകര്‍ വീഴരുത്. നിയമം പൂര്‍ണമായി പിന്‍വലിക്കുംവരെ സമരം തുടരണം. ട്രാക്ടറെടുത്ത് സമരസജ്ജരാകൂവെന്നാണ് ടികായത്തിന്റെ ആഹ്വാനം.
തുടരുന്ന പ്രക്ഷോഭം
കൊവിഡ് മഹാമാരിയുടെ കടന്നാക്രമണത്തില്‍ സമരത്തിന്റെ പ്രത്യക്ഷരൂപങ്ങള്‍ താത്കാലികമായി നിലച്ചുവെങ്കിലും കര്‍ഷകര്‍ ഈ പോരാട്ടം ഉപേക്ഷിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ശനിയാഴ്ച വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളിലേക്കു നടന്ന ട്രാക്ടര്‍ മാര്‍ച്ചുകള്‍. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ രാജ്ഭവനുകള്‍ക്കു മുന്നില്‍ ശക്തമായ പ്രതിഷേധം തീര്‍ത്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലും പ്രക്ഷോഭം അരങ്ങേറി. ഹരിയാനയിലെ കര്‍ഷകര്‍ ചണ്ഡീഗഢിലെ ഗവര്‍ണറുടെ വസതിയിലേക്കു നടത്തിയ മാര്‍ച്ച് പോലീസ് ഒരുക്കിയ ബാരിക്കേഡുകള്‍ തള്ളിനീക്കി രാജ്ഭവനു മുന്നിലേക്ക് ഇരച്ചെത്തി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ സഹാറന്‍പൂരില്‍നിന്നും സിസൗലിയില്‍നിന്നും ആയിരക്കണക്കിനു കര്‍ഷകരാണ് ഗാസിപൂര്‍ അതിര്‍ത്തിയില്‍ എത്തിയത്.
സംഘടിതമായ സമരരീതിയില്‍
അസാധാരണവും സുദീര്‍ഘവുമായ സമരത്തിനാണ് കഴിഞ്ഞ ഏഴു മാസം രാജ്യം സാക്ഷ്യം വഹിച്ചത്. ട്രാക്ടറുകള്‍ സമരത്തിന്റെ പ്രതീകവും ഉപകരണവുമായിരുന്നു. ഡല്‍ഹിയിലെ കടുത്ത തണുപ്പും കാലാവസ്ഥാമാറ്റങ്ങളും അവഗണിച്ച് അവര്‍ തെരുവില്‍ തമ്പടിച്ചു. ട്രാക്ടറുകളില്‍ ഉറങ്ങി. കുടുംബസമേതമാണ് സമരഭടന്‍മാര്‍ എത്തിയത്. സമരമുഖത്ത് അവര്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ തൊട്ടിലുകള്‍ കെട്ടി. പഠിക്കാന്‍ സൗകര്യമൊരുക്കി. വിളവെടുപ്പു കാലമായപ്പോള്‍ ഊഴം വച്ച് സമരസംഘങ്ങള്‍ മാറിമാറി വന്നു.
കുപ്രചാരണങ്ങളെ മറികടന്ന് 
ഐതിഹാസികസമരം
ഐ.എസ്.ഐ. നുഴഞ്ഞുകയറ്റം, വിദേശഫണ്ടിങ്... സമരം പൊളിക്കാന്‍ നുണപ്രചാരണവുമായി കേന്ദ്രമന്ത്രിമാര്‍തന്നെ രംഗത്തെത്തി. റിപ്പബ്ലിക്ദിനമാര്‍ച്ചിനിടെ ചെങ്കോട്ടയില്‍ നടന്ന അനിഷ്ടസംഭവങ്ങളെ മുന്‍നിര്‍ത്തിയും കുപ്രചാരണമുണ്ടായി. ഡല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ ഹരിയാന അതിര്‍ത്തിയില്‍ ഒരുക്കിയ സന്നാഹങ്ങള്‍ യുദ്ധസമാനമായിരുന്നു. ഇതെല്ലാം മറികടന്നാണ് ഐതിഹാസികമായ ഈ സമരം വീണ്ടും സജീവമാകുന്നത്.
വിവാദബില്ലുകള്‍
ഭരണസഖ്യത്തിലെ പാര്‍ട്ടികള്‍ക്കു പുറമേ പ്രതിപക്ഷത്തെ ചില പാര്‍ട്ടികള്‍പോലും അംഗീകരിച്ചതോടെയാണ് മൂന്നു ബില്ലുകള്‍ പാര്‍ലമെന്റ് കടന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ നയരാഹിത്യവും കോര്‍പ്പറേറ്റ് പക്ഷപാതവും ഒരിക്കല്‍ക്കൂടി വ്യക്തമാകുകയായിരുന്നു. എന്‍ഡിഎയിലെ ഘടകകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ മന്ത്രിസഭയില്‍നിന്നു പുറത്തുകടന്നതുപോലും ആത്മാര്‍ത്ഥമായ നീക്കമാണെന്നു പറയാനാകില്ല. കാര്‍ഷിക ഉത്പാദന വ്യാപാര വാണിജ്യ(പ്രോത്സാഹന)ബില്‍, പാട്ടക്കൃഷിക്ക് പ്രോത്സാഹനം നല്‍കുന്ന കര്‍ഷക വിലസ്ഥിരതാകാര്‍ഷിക സേവന കരാര്‍ ബില്‍, അവശ്യസേവനനിയമ (ഭേദഗതി) ബില്‍ എന്നിവയാണ് വിവാദ ബില്ലുകള്‍. സര്‍ക്കാറിന് വില നിയന്ത്രിക്കാനും പൂഴ്ത്തിവയ്പു തടയാനും അധികാരം നല്‍കുന്നതാണ് അവശ്യവസ്തുനിയമം. അവശ്യവസ്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ പരിധിയില്‍ കൂടുതല്‍ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാനായി 1955 ല്‍ കൊണ്ടുവന്ന ഈ നിയമം കാലഹരണപ്പെട്ടതായി കേന്ദ്രബജറ്റിനു മുന്നോടിയായ സാമ്പത്തികസര്‍വേ അഭിപ്രായപ്പെടുകയും നിയമം ഭേദഗതി ചെയ്യുമെന്ന് കൊറോണ പ്രതിരോധ സാമ്പത്തിക പാക്കേജില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 
നിയമത്തിലെ കുരുക്കുകള്‍
നിയമഭേദഗതിയോടെ വിളകള്‍ എത്രയും സംഭരിക്കാനും രജിസ്ട്രേഡ് അല്ലാത്ത വ്യാപാരികള്‍ക്കു നല്‍കാനും സാധിക്കും. വിതയ്ക്കുന്ന സമയത്തുതന്നെ വില നിശ്ചയിച്ച് ഉത്പന്നങ്ങള്‍ വാങ്ങാനും സംഭരിക്കാനും കഴിയും. ഏതുഭാഗത്തുനിന്നും എവിടേക്കു വേണമെങ്കിലും ഉത്പന്നങ്ങള്‍ കടത്താം. ഇ-വ്യാപാരത്തിനും അനുമതി നല്‍കും. വന്‍കിടക്കാര്‍ക്ക് മേഖല കൈയടക്കി വില നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള സാധ്യത ബില്ലില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മൊത്തക്കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, സംസ്‌കരണരംഗത്തുള്ളവര്‍ എന്നിവര്‍ക്ക് തങ്ങളുടെ വ്യാപാരത്തിനനുസരിച്ച് കാര്‍ഷികോത്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള അവസരമൊരുക്കിക്കൊണ്ടാണ് നിയമം ഭേദഗതി ചെയ്തത്. കര്‍ഷകന്റെ വിലപേശല്‍ശേഷി ഇടിയും. വിളകള്‍ സംഭരിച്ചശേഷം വില യഥേഷ്ടം കൂട്ടി വില്‍ക്കുകയായിരിക്കും കോര്‍പ്പറേറ്റുകള്‍ ചെയ്യുക.
ജനാധിപത്യത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നത്
കൊവിഡ് പ്രതിസന്ധിയിലാണ് രാജ്യത്തെ സര്‍വ മേഖലയും. ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ മുന്‍ഗണനയെന്താണ്? സെന്‍ട്രല്‍ വിസ്ത പദ്ധതി മാത്രം മതിയാകും ഇതിന് ഉത്തരം. ലക്കില്ലാത്ത സ്വകാര്യവത്കരണം മറ്റൊരു ഉത്തരം. കാര്‍ഷികബില്ലില്‍ തുടരുന്ന പിടിവാശി ഏറ്റവും വലിയ ക്രൂരത. ജനാധിപത്യത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നത് അതിന്റെ തിരുത്തല്‍ ശേഷിയിലാണ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയെന്നു വച്ച് എന്തും ചെയ്യാനുള്ള ലൈസന്‍സ് ഒരു കക്ഷിക്കും നല്‍കിയിട്ടില്ല. ജനകീയസമരത്തിനുമുന്നില്‍ വഴങ്ങുന്നത് ദൗര്‍ബല്യമല്ല. ജനാധിപത്യത്തിന്റെ ശക്തിയാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)