•  2 May 2024
  •  ദീപം 57
  •  നാളം 8
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

കുട്ടിത്തേവാങ്ക്

ണ്ടക്കണ്ണുകളും മെലിഞ്ഞ കൈകാലുകളുമാണ് കുട്ടിത്തേവാങ്കിനുള്ളത്. ഉണ്ടക്കണ്ണെന്നു പറഞ്ഞാല്‍ ഒറ്റനോട്ടത്തില്‍ മൂങ്ങയുടേതുപോലിരിക്കും. കൂറ്റന്‍ മരപ്പൊത്തുകളിലോ കാട്ടുവള്ളികള്‍ക്കിടയിലോ ഒക്കെയാണ് വാസം. രാത്രിയിലാണ് ഇരതേടല്‍. പകല്‍ കുട്ടിത്തേവാങ്കിനെ കണ്ടെത്തുക ദുഷ്‌കരം. ഇലകളും പഴങ്ങളുമൊക്കെ  ആഹരിക്കുന്ന ഇവ ചെറിയ ഇഴജന്തുക്കളെയും അകത്താക്കുന്നു.
കേരളത്തില്‍ കാണുന്നത് ലോറിസ് മലബാറിക്കസ്  എന്ന ഇനമാണെന്നു വിദഗ്ധര്‍ പറയുന്നു. മറ്റിനങ്ങളെക്കാള്‍ വലിപ്പം കുറവാണ്. കൂടാതെ, അല്പംകൂടി ഇരുണ്ട നിറവുമുണ്ട്. സാധുമൃഗമാണ്. ഇംഗ്ലീഷില്‍ സ്ലെന്‍ഡര്‍ ലോറിസ്  എന്നു വിളിക്കുന്നു. ശാസ്ത്രനാമം ലോറിസ് റ്റാര്‍ഡിഗ്രാഡസ്. വലിപ്പം പരമാവധി ഇരുപത്തിയഞ്ചു സെന്റീമീറ്ററും. കാഴ്ചയില്‍ പേരുപോലെ ഒരു കുട്ടിത്തേവാങ്കുതന്നെ. നീണ്ട മൂക്ക്. കണ്ണിനു ചുറ്റും ഇരുണ്ടൊരു വലയവും. അതാണ് മുഖത്തിന്റെ മറ്റൊരു പ്രത്യേകത. രോമം നിറഞ്ഞ ശരീരം. തുറിച്ചുനോക്കുന്ന പ്രകൃതം.  ഇതിനു വാലില്ല.
ചെറിയ സംഘമായിട്ടാണ് സഞ്ചാരം. അപൂര്‍വമായി ഒറ്റയ്ക്കും കണ്ടെന്നു വരും. മനുഷ്യരുമായി ഒരുവിധത്തിലും ഇണങ്ങാത്ത ജീവിയാണിത്. ഏതാണ്ട് 18 വര്‍ഷമാണ് ഇവറ്റയുടെ ആയുസ്സ്.
കുട്ടിത്തേവാങ്കിന്റെ ഗര്‍ഭകാലം മൂന്നു മാസമാണ്. മരപ്പൊത്തുകളിലാണ് കുഞ്ഞിനെ ഒളിപ്പിക്കുക. കൂട്ടത്തില്‍ കൂടുന്നതുവരെ കുഞ്ഞിനെ സംരക്ഷിക്കുന്നത് അമ്മതന്നെ. മരംകേറികളായ കാട്ടുപൂച്ച, മരപ്പട്ടി, പുലി എന്നിവയുടെ ആക്രമണം കുഞ്ഞുങ്ങള്‍ക്കു ഭീഷണിയാണ്. കുട്ടിത്തേവാങ്കിന്റെ മാംസം നേത്രരോഗങ്ങള്‍ക്ക് ഉത്തമമാണെന്നൊരു വിശ്വാസമുണ്ട്. തെക്കേയിന്ത്യയിലാകമാനം ഇവയുടെ സാന്നിധ്യമുണ്ട്.

 

Login log record inserted successfully!