•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കൊറോണവൈറസ് ഉറവിടംതേടി ശാസ്ത്രലോകം

ശാസ്ത്രം ഇപ്പോഴും അന്വേഷണം തുടരുകയാണ്, സാര്‍സ്-2 എന്ന കുഞ്ഞന്‍ കൊറോണ വൈറസുകളുടെ ഉദ്ഭവം തേടി.
ചൈനയിലെ വുഹാന്‍ നഗരത്തില്‍ 2019 നവംബര്‍ മാസത്തില്‍ ഏതാനും പേരില്‍ ന്യുമോണിയ പടര്‍ന്നുപിടിച്ചുവെന്ന് ലോകാരോഗ്യസംഘടന വെളിപ്പെടുത്തി 20 മാസം പിന്നിടുമ്പോഴും ഈ വൈറസുകളുടെ ആരംഭത്തെക്കുറിച്ച് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിയുന്നില്ല. മറ്റു വൈറസുകളെപ്പോലെ ടഅഞട ഇീഢ2 നും പ്രകൃതിജന്യമായ ഒരു തുടക്കമുണ്ടാകാമെന്ന് ഒരു കൂട്ടരും, വൈറസുകളെക്കുറിച്ചു ഗവേഷണം നടത്തുന്ന വുഹാനിലെ വൈറോളജി ലാബിലെ പരീക്ഷണങ്ങള്‍ക്കിടെ ഏതാനും വൈറസുകള്‍ പുറത്തുചാടിയതാകാമെന്നു മറ്റൊരു കൂട്ടരും വാദിക്കുന്നു. രണ്ടാമത്തെ വാദത്തിന് ശാസ്ത്രീയമായ തെളിവുകള്‍ ലഭ്യമല്ലെങ്കിലും, ഏതെങ്കിലും വന്യജീവികളില്‍നിന്നാകാം വൈറസുകള്‍ മനുഷ്യരില്‍ പ്രവേശിച്ചതെന്ന സിദ്ധാന്തത്തിനാണ് മുന്‍തൂക്കം. എന്നാല്‍, കൊറോണ വൈറസ് വാഹകരായ വവ്വാല്‍കൂട്ടങ്ങളേതെന്നോ വൈറസുകളെ മനുഷ്യശരീരത്തിലെത്തിക്കുന്നുവെന്നു കരുതപ്പെടുന്ന മധ്യവര്‍ത്തികളായ ജന്തുക്കളേതെന്നോ കണ്ടെത്താന്‍ ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. 2002 ല്‍ പ്രത്യക്ഷപ്പെട്ട ടഅഞട ഇീ്1 ന്റെ വാഹകരായത് പൂച്ചവര്‍ഗത്തില്‍പ്പെട്ട ഒരുതരം വെരുകുകളായിരുന്നുവെന്നു കണ്ടെത്താന്‍ വര്‍ഷങ്ങളുടെ പഠനം വേണ്ടിവന്നു. ഇപ്പോഴത്തെ മഹാമാരിയായ കൊവിഡ്-19 നു കാരണക്കാരായ ടഅഞട ഇീ്2 ന്റെ വൈറസുകള്‍ വനാന്തരങ്ങളില്‍ പാര്‍ക്കുന്ന വവ്വാലുകളില്‍നിന്ന് ഈനാംപേച്ചികള്‍വഴിയാണ് മനുഷ്യരില്‍ പ്രവേശിച്ചതെന്നു പൊതുവേ കരുതപ്പെടുന്നുണ്ട്.  വുഹാനിലെ ഹുവാനന്‍ മത്സ്യ/മാംസ/വന്യജീവിച്ചന്തയില്‍ സന്ദര്‍ശനത്തിനെത്തിയ ഇറ്റാലിയന്‍ ടൂറിസ്റ്റുകളാണ് വൈറസുകളുടെ ആദ്യത്തെ ഇരകള്‍ എന്നു വ്യക്തമായത് കൊവിഡ്-19 ജന്തുജന്യരോഗമാണെന്നതിനു സ്ഥിരീകരണം നല്കുന്നു.
കൊറോണവൈറസുകളുടെ യഥാര്‍ത്ഥ ഉറവിടം ഏതെന്നു തിട്ടപ്പെടുത്തുന്നതിന് ഒരു തുടരന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം ഇക്കഴിഞ്ഞ മേയ് 14 ന് പുറത്തിറക്കിയ 'സയന്‍സ്'  മാസികയിലെ ഒരു ലേഖനത്തിലൂടെ ഏതാനും ശാസ്ത്രജ്ഞര്‍ മുമ്പോട്ടു വയ്ക്കുകയുണ്ടായി. ഇവരുടെ നിര്‍ദേശം അംഗീകരിച്ചുകൊണ്ടാണ് തന്റെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളെ ഇക്കാര്യത്തിലേക്കു നിയോഗിച്ചുകൊണ്ട് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിറക്കിയത്. വുഹാനിലെ പരീക്ഷണശാലയിലാണ് വൈറസുകളുടെ ഉദ്ഭവമെന്ന നിഗമനം ലോകാരോഗ്യസംഘടനയിലെ വിദഗ്ധസംഘം നേരത്തെതന്നെ തള്ളിക്കളഞ്ഞിരുന്നെങ്കിലും, ഡയറക്ടര്‍ ജനറലായ തെദ്രോസ് ഗെബ്രിയേസുസും കൂടുതല്‍ അന്വേഷണങ്ങള്‍ക്കു നിര്‍ദേശം നല്‍കുകയുണ്ടായി. ശാസ്ത്രീയപഠനങ്ങള്‍ നടക്കുന്ന പരീക്ഷണശാലകളുടെ സുരക്ഷിതത്വത്തിനും ഭാവിയില്‍ ഉണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും തുടരന്വേഷണങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വുഹാനിലെ പരീക്ഷണശാലകളിലെത്തിയ ലോകാരോഗ്യസംഘടനയിലെ വിദഗ്ധസംഘം ചൈനീസ് ഭരണകൂടത്തിന്റെ നിഷേധാത്മകനിലപാടുകളില്‍ അതൃപ്തി അറിയിച്ചിരുന്നു. പലയിടത്തും പ്രവേശനം നിഷേധിക്കപ്പെട്ടത് അവര്‍ക്ക് എന്തൊക്കെയോ മറച്ചുവയ്ക്കാനുണ്ടെന്ന പ്രതീതിയുളവാക്കി. ഈ ഒളിച്ചുകളി തുടക്കംമുതലേ ഉണ്ടായിരുന്നുവെന്നു നിരീക്ഷിച്ചവരുണ്ട്. 2019 ഡിസംബറില്‍ത്തന്നെ വൈറസുകള്‍ മനുഷ്യരിലെത്തിയെന്നു കണ്ടെത്തിയിരുന്നെങ്കിലും ചൈനീസ് ഭരണാധികാരികള്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാതിരുന്നതാണ് രോഗവ്യാപനത്തിനും മരണസംഖ്യ വര്‍ദ്ധിക്കുന്നതിനും ഇടയാക്കിയത്. അതോടൊപ്പം രാഷ്ട്രത്തലവന്മാരുടെയും ശാസ്ത്രവിരോധികളുടെയും നിഷേധാത്മകനിലപാടുകളും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിച്ചുള്ളൂ. രോഗവ്യാപനവും മരണവും അനിയന്ത്രിതമായപ്പോള്‍ ആരോഗ്യമേഖലയില്‍ ആഗോളതലത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിയിരുന്നുവെന്ന് ലോകാരോഗ്യസംഘടന നിയോഗിച്ച ഒരു പഠനസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
''കൊവിഡ് - 19 ഒരു മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത് 2020 മാര്‍ച്ചുമാസത്തില്‍ മാത്രമാണ്. ഏതെങ്കിലും ഒരു വ്യക്തിയോ സ്ഥാപനമോ വീഴ്ച വരുത്തിയെന്നു പറയാനാവില്ലെങ്കിലും രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ ചൈനയുടെ ഭാഗത്തുനിന്നു ശക്തമായ നടപടികളുണ്ടായില്ല. അതേ കാലതാമസം എല്ലായിടത്തുമുണ്ടായി എന്നതു മറച്ചുവയ്ക്കാനാവില്ല.'' ന്യൂസിലന്‍ഡിലെ മുന്‍പ്രധാനമന്ത്രിയും പഠനസംഘാംഗവുമായ ഹെലന്‍ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.
''കൊവിഡ് - 19 മൃഗങ്ങളില്‍നിന്നു പടര്‍ന്നതാണെന്നാണ് ഞാനടക്കമുള്ളവര്‍ വിശ്വസിക്കുന്നത്. ഞങ്ങളുടെ വിശ്വാസം 100 ശതമാനം ശരിയാണെന്നും ഞങ്ങള്‍ കരുതുന്നില്ല. അതിനാല്‍, കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നു കരുതുന്നു.'' പ്രസിഡന്റ് ജോ ബൈഡന്റെ പ്രധാന ഉപദേഷ്ടാവായ ഡോ. ആന്റണി ഫൗച്ചി പറയുന്നു.
ഡോ. ഫൗച്ചി അടുത്തിടെ മാധ്യമങ്ങള്‍ക്കു നല്കിയ ഒരഭിമുഖത്തില്‍ അത്യന്തം അപകടകാരികളായ സാര്‍സ്-2 വൈറസുകള്‍ക്കെതിരേ കൂടുതല്‍ ജാഗ്രത വേണമെന്നു സൂചിപ്പിക്കുകയുണ്ടായി.
യു.എസില്‍ രോഗവ്യാപനം പകുതിയിലേറെ താഴ്ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞത് വാക്‌സിനേഷനിലൂടെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ''ഇവിടത്തെ 34 കോടി ജനങ്ങളില്‍ 70 ശതമാനം പേര്‍ക്കും ആദ്യഡോസും 50 ശതമാനത്തില്‍ അധികം ആളുകള്‍ക്ക് രണ്ടാം ഡോസും  നല്‍കാന്‍ കഴിഞ്ഞതാണ് നേട്ടമായത്. ഇന്ത്യയില്‍ 15 ശതമാനം പേര്‍ക്കുപോലും ആദ്യഡോസ് നല്‍കിയിട്ടില്ല. വാക്‌സിന്‍ ക്ഷാമമാണ് പ്രധാന തടസ്സം. വാക്‌സിന്‍ സ്വീകരിക്കാനുള്ള ജനങ്ങളുടെ വിമുഖതയും ഒരു പ്രധാന ഘടകമാണ്. ഇപ്പോഴുള്ള രണ്ടാം തരംഗത്തെയും ഭാവിയില്‍ നേരിടേണ്ടിവേന്നക്കാവുന്ന മൂന്നാം തരംഗത്തെയും മറികടക്കാന്‍ വാക്‌സിനേഷന്‍ കൂടിയേ തീരൂ.'' കൊവിഡ് -19 നെതിരേ 96 ശതമാനം സുരക്ഷയും ഉറപ്പാക്കുന്ന ഫൈസറിന്റെ വാക്‌സിനാണ് യു.എസില്‍ വിതരണം ചെയ്തതെന്നും ഡോ. ഫൗച്ചി സൂചിപ്പിച്ചു.
വൈറസുകളുടെ ഉദ്ഭവം അന്വേഷിച്ചുകണ്ടെത്തുന്നതിനപ്പുറം രോഗം വരാതെ സൂക്ഷിക്കുന്നതും വ്യാപനം കുറയ്ക്കുന്നതും സുപ്രധാനമാണ്. വാക്‌സിനേഷന്‍ സ്വീകരിക്കുന്നതും മാസ്‌ക് ധരിക്കുന്നതും വ്യക്തിശുചിത്വവും പരിസരശുചിത്വവും ദിനചര്യയുടെ ഭാഗമായി മാറേണ്ടതും അനിവാര്യമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)