•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

പിതാവേ, നിന്നെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍!

ജൂലൈ 18      കൈത്താക്കാലം    രണ്ടാം ഞായര്‍
നിയമ. 4:32-40    ഏശ. 4:2-6
2 കോറി. 3:4-12    ലൂക്കാ.15:11-32

നമ്മുടെ പാളിച്ചകള്‍ തിരിച്ചറിയുന്നതോടൊപ്പം ദൈവത്തിന്റെ കരുണയ്ക്കും സ്‌നേഹത്തിനും ലവലേശം കുറവു സംഭവിച്ചിട്ടില്ല എന്ന തിരിച്ചറിവുമാണ് യഥാര്‍ത്ഥ അനുതാപം.

മൊവാബു താഴ്‌വരയില്‍വച്ച് നടത്തുന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇസ്രായേലും ദൈവമായ കര്‍ത്താവും തമ്മിലുള്ള ബന്ധത്തിന്റെ അനന്യതയെക്കുറിച്ചു മോശ വാചാലനാകുകയാണ് (നിയമ. 4:32-40). ഇസ്രായേല്‍ജനത്തിന്റെ ഭാവിപ്രതീക്ഷ ദൈവമായ കര്‍ത്താവ് ഭൂതകാലത്തില്‍ അവര്‍ക്കുവേണ്ടി ചെയ്ത വന്‍കാര്യങ്ങളില്‍ അടിസ്ഥാനമിട്ടുള്ളതാകണം. ഇസ്രായേലിനെ ഈജിപ്തില്‍നിന്നു രക്ഷിച്ചവന്‍ തന്റെ ജനത്തെ വീണ്ടെടുക്കാന്‍ ഭാവിയിലും ശക്തമായ ഇടപെടലുകള്‍ക്കു കെല്പുള്ളവനാണെന്ന ബോധ്യത്തില്‍ ദൈവജനം വളരണമെന്ന് മോശ ആഗ്രഹിക്കുന്നു. മനുഷ്യജീവിതം എപ്പോഴെല്ലാം ഇരുളടഞ്ഞതാകുന്നുവോ അപ്പോഴെല്ലാം കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞുനോക്കി ദൈവം നമുക്കു നല്കിയ സംരക്ഷണം, അവിടുന്നു നമുക്കുവേണ്ടി നടത്തിയ ഇടപെടലുകള്‍ എല്ലാം സ്മരിക്കണം. നമുക്കു പ്രത്യാശ നിറഞ്ഞ നയനങ്ങളോടെ ഭാവിയിലേക്കു നോക്കാനുള്ള ചാലകശക്തിയായി അതു മാറും.
ഇസ്രായേലും കര്‍ത്താവും തമ്മിലുള്ള ബന്ധത്തിന് അതുല്യതയുണ്ട്. ഈ അതുല്യത ജനത്തിന്റെ ചങ്കില്‍ പതിയത്തക്കവിധം രണ്ടു ചോദ്യങ്ങളാണ് മോശ തൊടുക്കുന്നത്. 1) ആരെങ്കിലും ദൈവത്തിന്റെ ശബ്ദം നിങ്ങള്‍ കേട്ടതുപോലെ കേള്‍ക്കുകയും പിന്നെ ജീവിക്കുകയും ചെയ്തിട്ടുണ്ടോ? (നിയമ. 4:33). 2) ഒരു ജനതയെ തിരഞ്ഞെടുക്കാന്‍ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധങ്ങള്‍, കരബലം എന്നിവവഴി ശക്തമായ ഇടപെടലുകള്‍ നടത്തിയ മറ്റൊരു ദൈവമുണ്ടോ? (നിയമ. 4:34). ഇസ്രായേല്‍ ജനത്തിന് ദൈവമായ കര്‍ത്താവ് തന്റെ അദ്വിതീയത വെളിപ്പെടുത്തുന്നത് പുറപ്പാടുസംഭവത്തിന്റെ അതുല്യതയിലാണ്.
ആദ്യവായന വലിയ ദൈവശാസ്ത്രചിന്തകള്‍ നമുക്കു തരുന്നുണ്ട്. കര്‍ത്താവാണ് ദൈവം, അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല (നിയമ. 4:35). അവിടുന്ന് തന്റെ ജനത്തോടു സംസാരിക്കുകയും ഉടമ്പടി സ്ഥാപിക്കുകയും ചെയ്യുന്ന ദൈവമാണ്. തന്നെത്തന്നെ ജനത്തിനു വെളിപ്പെടുത്തുന്നവനാണ്. അവന്‍ തന്റെ വാക്കുകള്‍ എങ്ങനെ പ്രവൃത്തിപഥത്തിലാക്കുന്നുവെന്നും അവന്റെ പ്രവൃത്തികള്‍ എങ്ങനെ സംസാരിക്കുന്നുവെന്നും നാമിവിടെ ദര്‍ശിക്കുന്നു. വാക്കുകളിലൂടെ പ്രവര്‍ത്തിക്കുകയും പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവം. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് പരസ്പരബന്ധിതമായ വാക്കുകളാലും പ്രവൃത്തികളാലുമാണ്.
ധൂര്‍ത്തപുത്രന്റെ ഉപമയില്‍ (ലൂക്കാ 15:11-32) ഒരുപക്ഷേ, നമ്മള്‍ വലിയ ശ്രദ്ധ പതിപ്പിക്കാത്ത ഒരു വാക്യത്തിലേക്ക് നമ്മുടെ ദൃഷ്ടിയും മനസ്സും പതിയേണ്ടതുണ്ട്. ധൂര്‍ത്തപുത്രന്റെ വാക്കുകളാണവ: ''എന്റെ ഓഹരി എനിക്കു തരിക''(15:12). 'എനിക്കു തരിക' എന്ന അപ്രസക്തമെന്നു തോന്നാവുന്ന വാക്കുകളാണ് ഈ ഉപമയെ നിയന്ത്രിക്കുന്നത്. അതില്‍ ഇളയമകന്റെ മനോവികാരങ്ങളെ വായിച്ചെടുക്കാം: ഞാനാണ് അവകാശി. നിന്റെ മരണശേഷം എന്നില്‍ വന്നുചേരേണ്ട സ്വത്തുക്കള്‍ ഇപ്പോഴേ എന്നെ ഏല്പിക്കുക. നിന്റെ മരണംവരെ എന്നെ കാത്തിരിക്കാന്‍വിടാതെ എന്നെ എന്റെ സ്വാതന്ത്ര്യത്തിനു വിടുക. ഞാന്‍ പ്രായപൂര്‍ത്തിയായവനാണ്. എനിക്ക് ഇനി അപ്പന്റെ ആവശ്യമില്ല; മറിച്ച്, സ്വാതന്ത്ര്യമാണാവശ്യം. 'എനിക്കു തരിക' എന്നതില്‍ ഇതെല്ലാം അടങ്ങിയിട്ടുണ്ട്. മനുഷ്യന്റെ പാപത്തിന്റെ അടിസ്ഥാനസ്വഭാവം ഈ ഉപമയില്‍ ഈശോ വരച്ചുകാണിക്കുകയാണ്. ദൈവത്തില്‍നിന്നു സൗജന്യമായി കിട്ടിയതും, ചോദിച്ചുമേടിച്ചതും തന്നിഷ്ടപ്രകാരം ചിതറിച്ചുകളയുന്നതും, ധൂര്‍ത്തടിക്കുന്നതുമാണ് പാപം. ഇപ്രകാരം പ്രവര്‍ത്തിക്കുമ്പോള്‍ നാം നമ്മുടെ ആത്മീയതയെ കൊന്നുകളയുകയും ലോകത്തിന്റെ മനുഷ്യരാകുകയും ചെയ്യുന്നു. എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ദൈവത്തെ ചവിട്ടുപടിയായും, ഉപകരണമായും ഉപയോഗിച്ചശേഷം എന്റെ മാത്രം സന്തോഷത്തിനായി അവയെ ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥ ഇന്നിന്റെ മനുഷ്യനുണ്ട്. ദൈവത്തെയും സഹോദരങ്ങളെയും മറന്ന് നന്ദിയില്ലാതെ ജീവിക്കുന്നതാണ് പാപം.
നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത ഒരു പ്രത്യേകതരം സ്വാതന്ത്ര്യം അനുഭവിക്കാന്‍ ധൂര്‍ത്തപുത്രന്‍ കണ്ടെത്തിയ മാര്‍ഗം പിതാവിന്റെ വീടിനു പുറംതിരിഞ്ഞുനില്‍ക്കുക എന്നതാണ്.  വീട്ടിലായിരിക്കുമ്പോള്‍ മറ്റുള്ളവരെ ആദരിക്കണം, ചെവികൊടുക്കണം. പിതാവിന്റെ വീട്ടില്‍ നില്‍ക്കാന്‍ നന്ദി,  കടപ്പാട്, ആദരവ് എന്നിവയെല്ലാം ആവശ്യമാണ്. ഭൂതകാലവുമായുള്ള സര്‍വബന്ധവും അവസാനിപ്പിച്ച് വര്‍ത്തമാനകാലത്തിന്റെ ആനന്ദത്തിലേക്ക് അവന്‍ പ്രവേശിച്ചു. അവിടെ അവനിഷ്ടപ്രകാരമുള്ളതു ചെയ്യാം; കാരണം, നന്മയുടെയും തിന്മയുടെയും അളവുകോല്‍ അവന്‍തന്നെയായി മാറുകയാണ്. 'നീയില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം' എന്നു പറയുന്ന ധാരാളം പുതിയ സുഹൃത്തുക്കള്‍ ചുറ്റുംകൂടി. പക്ഷേ, കൂടെക്കൂടിയവരുടെ നോട്ടം അവന്റെ സമ്പത്തിലാണെന്ന ബോധം അവനുണ്ടായപ്പോഴേക്കും വൈകിയിരുന്നു. മനുഷ്യപ്രകൃതിക്ക് അതിലംഘിക്കാനാവാത്ത ഒരു വലിയ തത്ത്വം അവനു ബോധ്യപ്പെട്ടു. ''നിങ്ങള്‍ അളക്കുന്ന  അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും'' (മത്താ. 7:2). അവന്‍ പിതാവിനെ ഉപേക്ഷിച്ചതുപോലെ അവനെയും എല്ലാവരും ഉപേക്ഷിക്കുന്നു. പക്ഷേ, അടിസ്ഥാനപരമായ ഒരു വ്യത്യാസം പിതാവും അവനും തമ്മിലുണ്ട്. ഉപേക്ഷിക്കപ്പെട്ടപ്പോഴും പിതാവിന്റെ ഹൃദയം നിറച്ച് സ്‌നേഹമുണ്ട്; എന്നാല്‍, പുത്രന്റെ ഹൃദയം അനിതരസാധാരണമാംവിധം ശൂന്യമായിരുന്നു.
ഈ സാഹചര്യത്തില്‍ ധൂര്‍ത്തപുത്രന്‍ തന്റെ ജീവിതത്തില്‍ അതുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്തു. അവന്‍ അവന്റെയുള്ളിലേക്ക്, ഹൃദയത്തിലേക്കു നോക്കി. പിതാവിനെ അവന്‍ ഉപേക്ഷിച്ചുവെന്നതല്ല; മറിച്ച്, അവന്‍ അവനെത്തന്നെ ഉപേക്ഷിച്ചുവെന്നതാണ് ആത്യന്തികമായ പ്രശ്‌നമെന്ന് അവന്‍ തിരിച്ചറിഞ്ഞു. അവന്റെ ശൂന്യതയില്‍ അവന്‍ തിരിച്ചറിയുന്നു; ഒരിക്കലും കുറവുവരാത്ത, ഹൃദയം നിറയെ സ്‌നേഹമുള്ള ഒരു അപ്പനാണ് തനിക്കുള്ളതെന്ന്. ഈ ചിന്ത അവന്റെ പ്രത്യാശയെ ഊട്ടിയുറപ്പിക്കുകയാണ്.
യഥാര്‍ത്ഥ പശ്ചാത്താപമെന്തെന്ന് ഈ ഉപമ നമ്മെ പഠിപ്പിക്കുന്നുണ്ട്. വീട്ടിലേക്കു മടങ്ങിവരുന്ന ധൂര്‍ത്തപുത്രന്‍ ആദ്യം ഉച്ചരിക്കുന്ന വാക്ക് 'ക്ഷമിക്കണേ' എന്നല്ല; മറിച്ച് 'പിതാവേ' എന്ന് ചങ്കില്‍ത്തട്ടിയുള്ള വിളിയാണ്. നമ്മുടെ പാളിച്ചകള്‍ തിരിച്ചറിയുന്നതോടൊപ്പം ദൈവത്തിന്റെ കരുണയ്ക്കും സ്‌നേഹത്തിനും ലവലേശം കുറവു സംഭവിച്ചിട്ടില്ല എന്ന തിരിച്ചറിവുമാണ് യഥാര്‍ത്ഥ അനുതാപം.
ധൂര്‍ത്തപുത്രനും യൂദാസും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ്. യൂദാസിന് തനിക്കുപറ്റിയ തെറ്റിനെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. തന്റെ തെറ്റിനെ അതിലംഘിക്കുന്നതാണ് ദൈവത്തിന്റെ കരുണയും സ്‌നേഹവുമെന്ന് അവന്‍ തിരിച്ചറിയാതെപോയി. അനാവശ്യമായ കുറ്റബോധം ചിലരെയെങ്കിലും നശിപ്പിക്കാറുണ്ട്. നമ്മുടെ തെറ്റുകളെക്കാള്‍ എത്രയോ വലുതാണ് കര്‍ത്താവിന്റെ കരുണയും സ്‌നേഹവുമെന്ന് തിരിച്ചറിയാത്തിടത്തോളം കുറ്റബോധം ഭീകരംതന്നെയാണ്. ക്ഷമ ചോദിക്കാനുള്ള വിനയത്തിലേക്കു ധൂര്‍ത്തപുത്രന്‍ വളര്‍ന്നപ്പോള്‍ യൂദാസിന് അതിനു സാധിക്കാതെ പോകുന്നു. 'എനിക്കു തെറ്റുപറ്റി' എന്നു പറയാനുള്ള എളിമയും ചങ്കൂറ്റവും ഉള്ളിടത്തോളം കാലം ഞാന്‍ രക്ഷയുടെ പാതയിലാണ്. നമ്മുടെ തെറ്റുകള്‍ക്ക് നൂറുകണക്കിനു ന്യായീകരണം കണ്ടെത്തുന്നിനെക്കാള്‍ 'പറ്റിപ്പോയി' എന്ന നിലപാടാണ് ആത്മാവിനു ഗുണകരം.
തന്റെ അപ്പന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ നല്ലവനും സ്‌നേഹമുള്ളവനുമാണെന്ന് ധൂര്‍ത്തപുത്രന്‍ തിരിച്ചറിയുന്നത് വീട്ടില്‍ തിരിച്ചെത്തുമ്പോഴാണ്. തന്റെ പുത്രന്‍ അടിമവേല ചെയ്യുന്നത്  ആ അപ്പനു ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. വീടുവിട്ടിറങ്ങുമ്പോള്‍ അവനെ സംബന്ധിച്ചിടത്തോളം അപ്പനും അപ്പനെ സംബന്ധിച്ചിടത്തോളം അവനും മൃതനായിരുന്നു. മടങ്ങിയെത്തിയപ്പോള്‍ അവനിതാ സനാഥനായിരിക്കുന്നു. അനാഥത്വത്തില്‍നിന്ന് സനാഥത്വത്തിലേക്കുള്ള സ്ഥാനക്കയറ്റമാണ് മാനസാന്തരം.
പുത്രന്റെ മടങ്ങിവരവ് പിതാവ് ആഘോഷമാക്കി മാറ്റുകയാണ്. പിതാവ് അവനെ മേല്‍ത്തരം വസ്ത്രം ഉടുപ്പിക്കുന്നു. 'മേല്‍ത്തരം വസ്ത്രം' എന്നതിന് ഗ്രീക്കുബൈബിള്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ 'ടഠഛഘഋച ഠഋച ജഞഛഠഋച' എന്നാണ്. ഇതില്‍ ജഞഛഠഋച എന്ന വാക്കിന് 'മേല്‍ത്തരം'  എന്നും 'ആദ്യത്തേത്' എന്നും അര്‍ത്ഥമുണ്ട്. 'ആദ്യവസ്ത്രം' എന്ന വിവര്‍ത്തനം സ്വീകരിച്ചാല്‍ വസ്ത്രത്തിന് പുതിയ മാനങ്ങള്‍ കൈവരും. സ്വാതന്ത്ര്യമനുഭവിക്കാന്‍ വീടുവിട്ടിറങ്ങിയപ്പോള്‍ മകന്‍ ഊരിവലിച്ചെറിഞ്ഞ 'പുത്രന്റെ വസ്ത്രം' ആണ് 'ആദ്യവസ്ത്രം'. പുത്രന്റെ അളവിനും ഉയരത്തിനും യോജിച്ചവിധം പിതാവ് തയിപ്പിച്ച, ആ വസ്ത്രം പിതാവിനു വിലപ്പെട്ടതാകയാല്‍, ആ നല്ല അപ്പന്‍ അതു വൃത്തിയായി സൂക്ഷിച്ചുവച്ചിരുന്നു. നമ്മുടെ അളവിലുള്ള വസ്ത്രം ധരിക്കുന്നത് ആശ്വാസപ്രദവും ആത്മവിശ്വാസം ജനിപ്പിക്കുന്നതുമാണ്. പാപം അരക്ഷിതാവസ്ഥയാണ്.
പൂര്‍വയൗസേപ്പിനെ ഇസ്മായേല്യര്‍ക്കു വിറ്റതിനുശേഷം അവന്റെ വസ്ത്രങ്ങള്‍ സഹോദരങ്ങള്‍ യാക്കോബിനെ ഏല്പിക്കുന്ന രംഗമുണ്ട് (ഉത്പ. 37:1-36). തന്റെ മകന്‍ മരിച്ചുവെന്നറിഞ്ഞിട്ടും  കൈനീളമുള്ള ആ കുപ്പായം ഒരു തിരുശ്ശേഷിപ്പുപോലെ യാക്കോബ് സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. പുത്രത്വം പൊന്നുപോലെ സൂക്ഷിക്കേണ്ട ഒന്നാണ്. പുത്രന്‍ പാപം ചെയ്ത് മൃതനായപ്പോഴും ദൈവം പൊന്നുപോലെ എടുത്തു സൂക്ഷിക്കുന്ന കൈനീളമുള്ള കുപ്പായമാണ് നിന്റെ പുത്രത്വം എന്നു നീ തിരിച്ചറിയണം.
പിതാവ് അവനെ മോതിരം അണിയിക്കുന്നു. എഴുത്തും വായനയും അറിയാവുന്നവര്‍ കുറവായിരുന്ന കാലഘട്ടത്തില്‍ കല്ലുകൊണ്ടു നിര്‍മിച്ച മുദ്രമോതിരങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. വസ്തുവകകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും പേരില്‍ കൂട്ടുന്നതുമെല്ലാം മോതിരംകൊണ്ട് മുദ്ര പതിപ്പിച്ചാണ്. മുദ്രമോതിരം നഷ്ടപ്പെട്ടാല്‍ ഒരുവന്‍ എല്ലാം നഷ്ടപ്പെട്ടവനാണ്. അപ്പന്‍ മോതിരം അണിയിക്കുകയാണ്. നിനക്കു നഷ്ടപ്പെട്ടതെല്ലാം ഇനിമുതല്‍ നിന്റേതാണ്. നിനക്കൊന്നും നഷ്ടപ്പെടാന്‍ ദൈവം അനുവദിക്കില്ല. ദൈവത്തിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ആഴവും ഉയരവും അളക്കാന്‍ ആര്‍ക്കും കഴിയില്ല.

Login log record inserted successfully!