രണ്ടര പതിറ്റാണ്ടുകള്‍ക്കപ്പുറം മലയാളസാഹിത്യവേദികയില്‍നിന്നു വിടകൊണ്ട, മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍, ബേപ്പൂര്‍ സുല്‍ത്താനെന്ന അപരനാമത്തിലറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന് ആദരമായി, ജന്മനാട്ടില്‍ അദ്ദേഹത്തിന്റെ ശിലാശില്പവും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ആര്‍ട്ട് ഗാലറിയും സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ നാടിനു സമര്‍പ്പിച്ചു.
കൃഷ്ണശിലയിലെ സുല്‍ത്താനും ആര്‍ട്ട് ഗാലറിയും
തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. തലയോലപ്പറമ്പിലെ പാലംകടവിലുള്ള ബഷീര്‍ സ്മാരക ട്രസ്റ്റ് ഓഫീസ് സമുച്ചയത്തിലാണ് കൃഷ്ണശിലയില്‍, ശില്പി വി. കെ. രാജന്‍ ആനന്ദപുരം, ബഷീറിന്റെ അര്‍ദ്ധകായശില്പം മെനഞ്ഞിരിക്കുന്നത്. ചിന്താധീനനായിരിക്കുന്ന ബഷീറിനെ ഈ ശില്പത്തിലൂടെ ശില്പി അവതരിപ്പിക്കുന്നത്. സദാ ബഷീറിനൊപ്പമുണ്ടായിരുന്ന കറുത്ത കണ്ണട കയ്യില്‍പ്പിടിച്ച് തരളിതമായ മുഖഭാവത്തോടെയിരിക്കുന്ന ബഷീറിനെ നമുക്ക് ശില്പത്തില്‍ കാണാം. ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നൈസര്‍ഗികപശ്ചാത്തലമായ പാലക്കാട്ടെ തസ്രാക്കിനെ ശില്പരൂപത്തില്‍ പുനര്‍നിര്‍മിച്ച പ്രതിഭാശാലിയായ ശില്പിയാണ് വി. കെ. രാജന്‍. മിക്ക ബഷീര്‍ക്കഥകളിലും നോവലുകളിലും ജീവല്‍പ്രവാഹമായൊഴുകുന്ന മൂവാറ്റുപുഴയാറിന്റെ ഓരം ചേര്‍ന്നാണ് സ്മാരകം ഉയര്‍ന്നിരിക്കുന്നത്.
ബഷീറിന്റെ വിശ്വവിഖ്യാതമായ കഥാലോകത്തിലെ കഥാപാത്രങ്ങളെയും കഥാപശ്ചാത്തലങ്ങളെയും സമന്വയിപ്പിച്ചാണ് ആര്‍ട്ട് ഗാലറി സജ്ജമാക്കിയിരിക്കുന്നത്. സ്ഥിരം പ്രദര്‍ശനത്തിനായി തയ്യാറാക്കിയിട്ടുള്ളത് പത്തു ചിത്രങ്ങളാണ്. മുച്ചീട്ടുകളിക്കാരന്റെ മകള്‍, ഭൂമിയുടെ അവകാശികള്‍, പ്രേമലേഖനം, അമ്മയും മകനും, മതിലുകള്‍, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട്, ശബ്ദങ്ങള്‍, ആനവാരിയും പൊന്‍കുരിശും എന്നീ വിഖ്യാതരചനകളെ ആസ്പദമാക്കി, യഥാക്രമം കെ. ടി. മത്തായി, ഷാജി അപ്പുക്കുട്ടന്‍, മുരളി ചീരോത്ത്, കെ. കെ. മുഹമ്മദ്, സജിതാ ശങ്കര്‍, ശ്രീജ പള്ളം, കെ. ജി. ബാബു, പി. ജി. ദിനേശ്, സി. ബി. ബാഹുലേയന്‍, ഷാജു നെല്ലായി എന്നീ ചിത്രകാരന്മാരാണ് ഗാലറിയില്‍ ചിത്രങ്ങളൊരുക്കിയിരിക്കുന്നത്.
കേരളത്തില്‍ ഒരു സാഹിത്യകാരന്റെ പേരിലുള്ള ആദ്യത്തെ ആര്‍ട്ട് ഗാലറിയാണിത്. മൂന്നു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഇത് സാര്‍ത്ഥകമായത്. ആര്‍ട്ട് ഗാലറിയുടെ പ്രഥമഘട്ടം മാത്രമാണ് ഇപ്പോള്‍ രൂപീകൃതമായിരിക്കുന്നത്. തൃശൂര്‍ സ്റ്റോണ്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഗാലറി നിര്‍മിച്ചിരിക്കുന്നത്.
ബഷീര്‍ സ്മരണകളില്‍
മലയാളം
മലയാളസാഹിത്യനഭസ്സിലെ ഏക സുല്‍ത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണദിനമാണ് ജൂലൈ 5. കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പില്‍ 1908 ജനുവരി 21 നായിരുന്നു ബഷീറിന്റെ ജനനം. പിതാവ് അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാച്ചുമ്മ. വൈക്കം സ്‌കൂളില്‍ ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയി. തുടര്‍ന്ന് പല പ്രാവശ്യം ജയില്‍വാസമനുഭവിച്ചു. ഒളിവില്‍ നടന്ന കാലത്ത് ഭാരതം മുഴുവന്‍ ചുറ്റിനടന്നു. ആഫ്രിക്ക, അറേബ്യ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.
മലയാളസാഹിത്യത്തിലെ മസ്തിഷ്‌കമല്ലന്മാര്‍ വിരാജിച്ച നോവല്‍-കഥ മേഖലയിലെ പരമ്പരാഗതമായ വ്യാകരണനിയമങ്ങളെ മുഴുവന്‍ പൊളിച്ച്, സാധാരണക്കാരന്‍ വ്യവഹരിക്കുന്ന നാട്ടുഭാഷയിലേക്കു പകര്‍ത്തി, ഹാസ്യാത്മകമായ രചനകള്‍കൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത സാഹിത്യകുലപതിയായിരുന്നു ബഷീര്‍. തന്റേതു മാത്രമായ ശൈലിയില്‍ നിരന്തരമായി എഴുതിയ കഥകള്‍കൊണ്ട് സാധാരണക്കാരെ സന്ധിക്കുകവഴി അവര്‍ക്കിടയില്‍ ബഷീറിനുണ്ടായിരുന്ന സ്വാധീനം ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബഷീറിന്റെ ജീവസ്സുറ്റ കഥാപാത്രങ്ങള്‍ വായനക്കാരുടെ ഹൃദയത്തില്‍ സ്പന്ദിച്ചുകൊണ്ടിരിക്കുന്നു.
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു! എന്ന പുസ്തകം കേന്ദ്ര സാഹിത്യ അക്കാദമി പതിന്നാലു ഭാഷകളില്‍ തര്‍ജ്ജമ ചെയ്തു. ഭാര്‍ഗ്ഗവീനിലയം, ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ മകള്‍, പ്രേമലേഖനം, മതിലുകള്‍, ശശിനാസ്, കഥവീട് എന്നീ സിനിമകള്‍ ബഷീറിന്റെ കഥകളെ അടിസ്ഥാനമാക്കിയുള്ളവയാണ്. കേന്ദ്ര/കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. രാഷ്ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 1994 ജൂലൈ 5 നായിരുന്നു നിര്യാണം.