പാലക്കാട് രൂപതയുടെ പ്രഥമസഹായമെത്രാനായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അഭിഷിക്തനായി. ജൂണ്‍ 18 ന് രാവിലെ 10.20 ന് നിയുക്തമെത്രാനും മറ്റു ബിഷപ്പുമാരും പ്രദക്ഷിണമായി ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍ പ്രവേശിച്ചതോടെ ചടങ്ങുകള്‍ക്കു തുടക്കമായി. മുഖ്യകാര്‍മ്മികനായ പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തും നിയുക്തമെത്രാനും ചേര്‍ന്നു തിരിതെളിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു.
നിയുക്തമെത്രാന്റെ മാതൃരൂപതയായ പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിഞ്ഞാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മ്മികരായി. തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനസന്ദേശം നല്‍കി.
ബിഷപ് കൊച്ചുപുരയ്ക്കലിനെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് പാലക്കാട് രൂപത ചാന്‍സലര്‍ ഫാ. ജെയ്‌മോന്‍ പള്ളിനീരാക്കല്‍ വായിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജിജോ ചക്കാലയ്ക്കല്‍ മലയാളപരിഭാഷ വായിച്ചു. റോമിലെ പൗരസ്ത്യതിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ സന്ദേശം സെന്റ് മേരീസ് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ജോസ് പൊന്‍മാണി അവതരിപ്പിച്ചു.
വിശ്വാസപ്രഖ്യാപനത്തിനും വിധേയത്വപ്രഖ്യാപനത്തിനും ശേഷം നിയുക്ത ആര്‍ച്ചുബിഷപ്പിന്റെ നെറ്റിയില്‍ മൂറോന്‍ അഭിഷേകം ചെയ്തു. സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും ധരിപ്പിച്ചതോടെ മെത്രാഭിഷേകകര്‍മ്മങ്ങള്‍ക്കു സമാപനമായി. തുടര്‍ന്ന് പുതിയ ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അഭിഷേക ച്ചടങ്ങുകള്‍ക്കു വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പള്ളി നേതൃത്വം നല്‍കി. ടുണീഷ്യയിലെ ലാറസ് ആണ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനിക രൂപത.
സുല്‍ത്താന്‍പേട്ട ബിഷപ് ഡോ. പീറ്റര്‍ അബിന്‍ അന്തോണി സ്വാമി, മൂവാറ്റുപുഴ ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഹൊസ്സൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, വൈദികര്‍, സന്ന്യസ്തര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഫാ. മാത്യു ഇല്ലത്തുപറമ്പില്‍ ആര്‍ച്ചുഡീക്കനായി.
1964 മേയ് 29 ന് പാലാ രൂപതയിലെ മരങ്ങോലിയില്‍ കൊച്ചുപുരയ്ക്കല്‍ മാണി അഗസ്റ്റിന്റെയും ഏലിക്കുട്ടിയുടെയും ഏഴുമക്കളില്‍ ആറാമനായി പീറ്റര്‍ ജനിച്ചു. 1980 ജൂണ്‍ 20 ന് സെമിനാരിയില്‍ ചേര്‍ന്നു. 1990 ഡിസംബര്‍ 29 നു മരങ്ങോലി സെന്റ് മേരീസ് പള്ളിയില്‍ പാലാ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലില്‍നിന്നു തിരുപ്പട്ടം സ്വീകരിച്ചു.