പത്രത്തില്‍ ഒരിക്കല്‍ കണ്ട വാര്‍ത്ത മനസ്സിനെ ഒത്തിരി വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഒറ്റപ്രസവത്തില്‍ അഞ്ചുമക്കള്‍! നാലു പെണ്ണും ഒരാണും. കുട്ടികളെ വളര്‍ത്താന്‍ സാമ്പത്തികബുദ്ധിമുട്ടുള്ളതുകൊണ്ട് പിതാവ് ആത്മഹത്യ ചെയ്‌തെന്ന് പിന്നീടു കേട്ടു. അഞ്ചുമക്കളുമായി നിസ്സഹായയായി നിന്ന അമ്മ വളരെ ത്യാഗംസഹിച്ച് അഞ്ചുപേരെയും വളര്‍ത്തി വലുതാക്കി പെണ്‍മക്കളെ നാലുപേരെയും വിവാഹം ചെയ്ത് അയച്ച വാര്‍ത്ത ഈയിടെ കണ്ടു. ആ അമ്മയോടു വലിയ ആദരവ് തോന്നി. പിന്നെ കണ്ടു ഒറ്റപ്രസവത്തില്‍ ഒന്‍പതു കുട്ടികള്‍. മറ്റൊരു സ്ത്രീക്ക് പത്തു മക്കള്‍! ഇതെന്തൊരു പ്രതിഭാസമാണ്! ആ കൊച്ചുവയറ്റില്‍ ഇവര്‍ യാതൊരു കേടുമില്ലാതെ എങ്ങനെ വളര്‍ന്നെന്നു നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ? അതാണ് സര്‍വശക്തന്റെ ജാലവിദ്യ.
പണ്ടൊക്കെ ഒരു വീട്ടില്‍ എട്ടും പത്തും മക്കള്‍ സാധാരണമായിരുന്നു. അതും ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള പ്രസവം. അമ്മമാര്‍ അതില്‍ പരിഭവമോ പരാതിയോ ഇല്ലാതെ, ഊണും ഉറക്കവുമില്ലാതെ എല്ലാവരെയും വളര്‍ത്തി വലുതാക്കി സന്തോഷത്തോടെ ജീവിച്ചിരുന്നു. ഇരട്ടകള്‍ വിരളമായിരുന്ന കാലത്താണ് എനിക്ക് ഇരട്ട ആണ്‍കുട്ടികളുണ്ടായത്. ഒരു അദ്ഭുതജീവിയെ കാണാനെന്നപോലെയാണ് ആളുകള്‍ കുഞ്ഞുങ്ങളെ കാണാന്‍ വന്നുപോയത്.
ദൈവം അറിഞ്ഞുതരുന്ന മക്കളെ സ്വീകരിക്കാന്‍ നാം എന്തേ മടി കാണിക്കുന്നു? പണ്ട് ജനനനിയന്ത്രണത്തിന് ആധുനികരീതികളൊന്നുമില്ല. ദൈവം നമുക്കു തരുന്നു. അതു സ്വീകരിക്കുന്നു. അത്രമാത്രം അറിയാം. പിന്നെ പ്രസവം താനേ നില്ക്കുന്നു. എത്ര മനസ്സമാധാനമുണ്ടായിരുന്നു! ഇന്ന് ആര്‍ക്കും ഒന്നിനും പറ്റില്ല. കൊണ്ടുനടക്കാന്‍ പ്രയാസം. വളര്‍ത്താന്‍ പ്രയാസം. അതുകൊണ്ട് ഒന്നല്ലെങ്കില്‍ രണ്ടു മതിയെന്നു വയ്ക്കുന്നു. കാര്യം കൊള്ളാം. എന്നാല്‍, അതിന്റെ പിന്നാലേ എത്ര തെറ്റുകളാണു ചെയ്തുകൂട്ടുന്നതെന്നതാണു പ്രശ്‌നം. രണ്ടു പ്രസവം കഴിയുമ്പോള്‍ ആളുകള്‍ ചോദിച്ചുതുടങ്ങും: നിറുത്തിയോ? കേള്‍ക്കുന്ന വ്യക്തി, ശരിയാണല്ലോ; എല്ലാവരും ചെയ്യുന്നു പിന്നെന്താ എനിക്കു ചെയ്താല്‍ എന്നു ചിന്തിക്കും. ദൈവം നമുക്കു തരാനിരിക്കുന്ന നല്ല മക്കളെ കാന്‍സല്‍ ചെയ്യുന്നു. ഏറെ വലിയ ശാപം വരുത്തിവയ്ക്കുന്നതു ഗര്‍ഭച്ഛിദ്രം ചെയ്യുമ്പോഴാണ്. ദൈവം കനിഞ്ഞു നല്‍കിയ കുരുന്നിന്റെ ജീവന്‍ നിഷ്ഠുരമായി നശിപ്പിച്ചുകളയുന്നു.
ഒരിക്കല്‍ ഉണ്ടായ ഒരനുഭവം ഇന്നും മായാതെ മറയാതെ വിങ്ങലായി എന്റെ ഹൃദയത്തിലുണ്ട്. എനിക്ക് ഒരു ദിവസം അടുത്തുള്ള ഒരു ആശുപത്രിയില്‍ പോകേണ്ടി വന്നു. ഓടയുടെ സമീപത്തുകൂടിവേണം കാഷ്വാലിറ്റിയിലേക്കു കയറാന്‍. ചുവന്ന നിറത്തിലുള്ള വെള്ളം ഓടയില്‍ക്കൂടി, ഒഴുകുന്നതു കണ്ടപ്പോള്‍ അറിയാതെ അതിലേക്കൊന്നു നോക്കിപ്പോയി. ഞാന്‍ അതിശയത്തോടെ കണ്ട കാഴ്ച, വാലുമാക്രിപോലെയുള്ള എന്തോ രണ്ടെണ്ണം വെള്ളത്തിനൊപ്പം ഒഴുകിപ്പോകുന്നു. ഞാന്‍ തൂപ്പുകാരിയോട് ഇതെന്താണെന്നു തിരക്കിയപ്പോഴാണു മനസ്സിലായത്, അന്നത്തെ അബോര്‍ഷന്‍ പട്ടികയിലുള്ള കുഞ്ഞുങ്ങളാണതെന്ന്.
ദുഷ്ടരായ അമ്മമാരേ, ഒന്നുമറിയാത്ത ആ മാലാഖാക്കുഞ്ഞുങ്ങളുടെ കരച്ചില്‍ നിങ്ങളുടെ കാതില്‍ തട്ടാറില്ലേ? അമ്മേ, ഞാനെന്തു തെറ്റാ ചെയ്തതെന്ന് അവര്‍ നിങ്ങളോടു ചോദിക്കുന്നുണ്ടാവാം. ആ അമ്മമാര്‍ ഒന്നു മനസ്സിലാക്കണം. ദൈവതിരുമുമ്പില്‍ നിങ്ങളെയും മറ്റു കൊലപാതകികളെയും ഒരേ ത്രാസില്‍ തൂക്കി ആയിരിക്കാം വിധിക്കുന്നത്. കുട്ടികള്‍ ഉണ്ടാകാതിരുന്നിട്ടു ചികിത്സവഴി കുഞ്ഞുങ്ങളെ കിട്ടിയവര്‍ക്ക് ഭീമമായ തുക ചെലവാക്കാനില്ലാത്തതുകൊണ്ട് വീണ്ടും ഒരു കുഞ്ഞിനു ശ്രമിക്കുന്നില്ലെങ്കില്‍ അതു ദൈവതിരുമുമ്പില്‍ കുറ്റകരമല്ല. പിന്നെ മൂന്നും നാലും സിസേറിയന്‍ കഴിഞ്ഞ് വീണ്ടും ഒന്നുകൂടി ചെയ്യാനുള്ള ആരോഗ്യസ്ഥിതി അമ്മയ്ക്കില്ലെങ്കില്‍ അതു വിട്ടുവീഴ്ചയോടെ ദൈവം കാണുന്നുണ്ടാവാം. അമ്മയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിലും ദൈവം വെറുതെ വിട്ടെന്നു വരും. എന്നാല്‍, അരോഗദൃഢഗാത്രരായ ചെറുപ്പക്കാര്‍ വെറും സുഖലോലുപതയ്ക്കുവേണ്ടി വേണ്ടാത്ത ജീവിതമാതൃക സ്വീകരിച്ചാല്‍ എന്താ സംഭവിക്കുകയെന്നു നമുക്കു ചിന്തിക്കാന്‍ പറ്റില്ല.