•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

രോഗപ്രതിരോധം കുട്ടികളില്‍

കൊവിഡ് മൂന്നാംതരംഗം കുട്ടികളെയാണ് അധികം ബാധിക്കുക എന്നു ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. കുട്ടികളുടെ സംരക്ഷണത്തില്‍ മാതാപിതാക്കള്‍ കുറെക്കൂടി ജാഗ്രത പാലിക്കേണ്ട സമയമാണിത്. 

പ്രതിരോധശക്തി
കുട്ടികളില്‍ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയാണ് പ്രധാനം. പ്രതിരോധശക്തിയും ദഹനവും പരസ്പരപൂരകങ്ങളാണ്. അതുകൊണ്ട് ദഹനത്തകരാറുണ്ടാകാത്ത, എന്നാല്‍, പോഷകഗുണമുള്ള ആഹാരം ശീലിപ്പിക്കണം. ഒരു സമീകൃതാഹാരം മെനുവാക്കണം. ബേക്കറിപ്പലഹാരങ്ങള്‍, ഹോട്ടല്‍ ഭക്ഷണം എന്നിവ കഴിയുന്നത്ര ഒഴിവാക്കണം. വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങളുടെ രുചി ശീലിപ്പിക്കുക.
പഴവര്‍ഗങ്ങള്‍ വൈറ്റമിന്‍ സി ലഭിക്കുവാന്‍ ഗുണപ്രദമാണ്. വൈറ്റമിന്‍ സി രോഗപ്രതിരോധത്തിനു പ്രധാനമാണല്ലോ. പഴം വെറുതെ കഴിക്കുവാന്‍ മടിയുള്ളവര്‍ക്കു ഫ്രൂട്ട്‌സലാഡായോ ജ്യൂസായോ നല്‍കാം. പച്ചക്കറികളും  സാലഡായോ സൂപ്പായോ കഴിക്കാവുന്നതാണ്. ചൂടുനാരങ്ങാവെള്ളത്തില്‍ കരിപ്പെട്ടിയോ ശര്‍ക്കരയോ ചേര്‍ത്തു നല്‍കുന്നതും നന്ന്.
കൂവരകുപൊടി(റാഗി)യില്‍ കരിപ്പെട്ടി, പാല്‍, ഏലയ്ക്കാപ്പൊടി, ഉണക്കമുന്തിരി, നട്‌സ് എന്നിവ ചേര്‍ത്ത് അലുവപോലെ കട്ടിപ്പായസമായി തയ്യാറാക്കുക. നല്ല പോഷകമുള്ള ഒന്നാണിത്. തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതാണ് ഉത്തമം.
എള്ളുണ്ടയും എള്ളുപായസവും ഇതേപോലെ വീട്ടില്‍ ഉണ്ടാക്കി നല്‍കുന്നത് കണ്ണിനും തലമുടിക്കും പല്ലിനും നല്ലതാണ്. ചെറുപയര്‍ വെന്ത വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്തുകൊടുക്കാം. പ്രോട്ടീന്‍ സമൃദ്ധമാണ് ചെറുപയറും മലര്‍പ്പൊടിയും. ചുക്കുപൊടിയും ശര്‍ക്കരയും ചേര്‍ത്ത് ലഡുപോലെ ഉണ്ടാക്കാം. നല്ല ദഹനം ഉണ്ടാക്കുന്നതും സ്വാദിഷ്ഠവുമാണ്. ചുക്ക്, നാരങ്ങ എന്നിവയൊക്കെ വൈറസിനെ പ്രതിരോധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വ്യായാമം
ലോക്ഡൗണ്‍കാലത്ത് വ്യായാമമില്ലാതെ വീട്ടിലിരുന്നു പൊണ്ണത്തടിയന്മാരാകുകയാണ് പല കുട്ടികളും. കുട്ടികളുടെ പ്രായമനുസരിച്ചുള്ള വ്യായാമത്തിനു പ്രേരിപ്പിക്കണം. സൂര്യപ്രകാശവും ശുദ്ധവായുവുമുള്ള,  പൊടിപടലങ്ങളില്ലാത്ത സ്ഥലമാണു വ്യായാമത്തിനു നല്ലത്. അതിനു സൗകര്യമില്ലാത്തവര്‍ ജനലുകള്‍ തുറന്നിട്ട് വീട്ടിനകത്തോ ടെറസിലോ കളിക്കട്ടെ. ശ്രദ്ധയും മുന്‍കരുതലും വേണം.
ശുചിത്വം
സോപ്പിട്ട് കൈകഴുകല്‍ കുട്ടികളെയും ശീലിപ്പിക്കണം. കുഞ്ഞുകുട്ടികളെ ടോയ്‌ലറ്റ് ശുചിത്വവും പഠിപ്പിക്കണം. മുറ്റത്തിറങ്ങിക്കളിച്ചാല്‍ കൈകാലുകള്‍ വൃത്തിയാക്കണം. ശരീരത്തിലും തലയിലും  എണ്ണ തേച്ചുകുളിപ്പിക്കുന്നതു രോഗബാധ തടയും. മഞ്ഞള്‍ ചേര്‍ത്ത ലാക്ഷാദികേരം, നാല്പാമരകേരം, വെന്ത വെളിച്ചെണ്ണ ഒക്കെ നല്ലതാണ്.
രാവിലെ എണീറ്റാലുടന്‍ പല്ലു തേക്കുന്നതും ടോയ്‌ലറ്റില്‍ പോകുന്നതും ശീലമാക്കണം. അതുതന്നെ പല രോഗങ്ങളെയും തടയും. പല്ലു തേച്ചാല്‍ നന്നായി കുലുക്കുഴിയുന്നതു പഠിപ്പിക്കണം. മോണ ഉഴിഞ്ഞ് പല്ലുതേക്കുന്നതു നല്ലതാണ്.
കുട്ടികള്‍ക്ക് ആഹാരത്തിനു പ്രത്യേകം പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. നിത്യവും സോപ്പും തിളച്ച വെള്ളവും ഒഴിച്ചു കഴുകണം. ഈ കൊറോണക്കാലത്ത് ഒരുമിച്ചിരുന്ന്, പ്രത്യേകിച്ച് പുറത്തുപോകുന്ന മുതിര്‍ന്നവര്‍ക്കൊപ്പം, ആഹാരം കഴിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്. കുട്ടികളെ കെട്ടിപ്പിടിക്കുക, ഉമ്മവയ്ക്കുക എന്നിവയും വര്‍ജിക്കണം.
കിടക്കുവാന്‍ വൃത്തിയുള്ള ബഡ്ഷീറ്റ് ഉപയോഗിക്കുകയും അവ വെയിലത്തുണക്കുകയും വേണം. പ്രായമുള്ളവര്‍ കുട്ടികളുടെകൂടെ കിടക്കാതിരിക്കുന്നതാണ് നല്ലത്. കുളിക്കുവാനും പ്രത്യേക തുവര്‍ത്ത് കരുതുക. അതും വെയിലത്തുണക്കണം. പുറത്തു പോകുന്നവര്‍ വീട്ടില്‍ കയറുന്നതിനുമുമ്പ് വസ്ത്രം മാറ്റി കുളിച്ചിട്ടു കയറുന്നതാണ് ഉത്തമം.
വീടുകളില്‍ 'അപരാജിതധൂമം' നിത്യം പുകയ്ക്കുന്നത് വൈറസുകളെയും കൊതുകുകളെയും പ്രതിരോധിക്കുവാന്‍ ഒരു പരിധിവരെ പ്രയോജനപ്രദമാണെന്ന് പഠനങ്ങളും അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. 
പ്രതിരോധൗഷധങ്ങള്‍
1. പാലില്‍ അല്പം മഞ്ഞള്‍പ്പൊടിചേര്‍ത്തു കൊടുക്കുക.
2. രാവിലെ ഇന്ദുകാന്തഘൃതം കഴിക്കുന്നതു നല്ലതാണ്. (കാല്‍ ടീസ്പൂണ്‍മുതല്‍ ഒരു ടേബിള്‍സ്പൂണ്‍വരെ പ്രായഭേദമനുസരിച്ച്) 
3. വൈകിട്ട് ച്യവനപ്രാശം (ഇതും കാല്‍ടീസ്പൂണ്‍മുതല്‍ ഒരു ടേബിള്‍ സ്പൂണ്‍വരെ.)
4. ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞ് അഷ്ടചൂര്‍ണം കാല്‍ടീസ്പൂണ്‍ മുതല്‍ ഒരു ടീസ്പൂണ്‍വരെ തേനില്‍ ചാലിച്ചു കൊടുക്കുക.
5. വിരയോ കൃമിയോ ഉണ്ടെങ്കില്‍ അതിനുള്ള പ്രതിവിധിയും ചെയ്യണം.
തണുത്തതും ഫ്രിഡ്ജില്‍വച്ചതിനുശേഷം ചൂടാക്കിയതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. ദഹനം പ്രധാനമാണ്. ഐസ്‌ക്രീം പോലെയുള്ളവ തത്കാലം മാറ്റി വയ്ക്കാം.
മൂന്നാം തരംഗത്തില്‍നിന്ന് നമ്മുടെ കുട്ടികളെ നമുക്കു പ്രതിരോധിക്കാം.  ""Prevention is better than cure.'' ആരോഗ്യമുള്ള, പ്രതിരോധശേഷിയുള്ള തലമുറ വളര്‍ന്നുവരട്ടെ.


(ഐങ്കൊമ്പ് ശ്രീകൃഷ്ണ ആയുര്‍വേദകേന്ദ്രത്തിലെ ചീഫ് ഫിസിഷ്യനാണ് ലേഖകന്‍)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)