സന്ന്യാസജീവിതത്തിനും സന്ന്യാസിനികള്‍ക്കും എതിരേയുള്ള കുപ്രചരണങ്ങളും അപവാദങ്ങളും വ്യാപകമായി പ്രചരിക്കുമ്പോഴും അവയെല്ലാം അതിജീവിക്കുന്ന വിശ്വാസതീക്ഷ്ണതയോടെയാണ് സന്ന്യാസത്തിലേക്ക് യുവസമൂഹം ഇന്നാളുകളില്‍ കടന്നുവരുന്നത്. അതിന് ഏറ്റവും വലിയ തെളിവാണ് സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് സന്ന്യാസിനീസമൂഹത്തിലെ സന്ന്യാസാര്‍ത്ഥിനി ഡീന അന്ന ജേക്കബ്. കേവലം പ്ലസ്ടുവിനുശേഷമല്ല, എംബിബിഎസും ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞതിനുശേഷമാണ് ഡീന അന്ന ജേക്കബ് സന്ന്യാസജീവിതത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്. ക്രിസ്തീയവിശ്വാസങ്ങള്‍ക്ക് ഏറെ മൂല്യങ്ങള്‍ നല്‍കുന്ന കുടുംബത്തില്‍നിന്നാണ് എസ്.ഡി. സന്ന്യാസിനീസമൂഹത്തിലേക്കുള്ള ഡീനയുടെ കടന്നുവരവ്.
പാലക്കാട് രൂപതയിലെ ചന്ദ്രനഗര്‍ ഇടവകയിലെ നല്‍പുരപറമ്പില്‍ ജേക്കബ് - ജോമോള്‍ ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തവളാണ് ഡീന. കര്‍ണാടകയിലെ റായ്ച്ചൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. എന്നാല്‍, സന്ന്യാസജീവിതത്തിനായുള്ള ആഗ്രഹം അവളുടെ മനസില്‍ നേരത്തെതന്നെ നാമ്പിട്ടിരുന്നു. സിസ്റ്ററാകണമെന്ന ആഗ്രഹം മാതാപിതാക്കളെ അറിയിച്ചപ്പോള്‍ ആ തീരുമാനത്തില്‍നിന്നു പിന്തിരിപ്പിക്കാനാണ് അവര്‍ ആദ്യം ശ്രമിച്ചത്. പക്ഷേ, തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍ തനിക്ക് അവര്‍ പൂര്‍ണപിന്തുണ നല്കിയെന്ന് ഡീന പറയുന്നു.
അഗതികളുടെ സന്ന്യാസിനീസഭയില്‍ രണ്ടാം വര്‍ഷ നൊവിഷ്യേറ്റ് പഠനത്തിലാണ് ഡീന ഇപ്പോള്‍. അടുത്ത വര്‍ഷം പ്രഥമവ്രതവാഗ്ദാനം നടത്തും. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയും, ദൈവം നല്‍കിയ ഉന്നതപദവികള്‍ വിട്ടെറിഞ്ഞ ആഫ്രിക്കയിലെ ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറുടെ ജീവിതവും സന്ന്യാസജീവിതത്തിലേക്കു പ്രവേശിക്കുന്നതിന് തനിക്കു പ്രചോദനമേകിയിരുന്നെന്നും ഡീന പറയുന്നു. പൊതുസമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സന്ന്യാസത്തെയും സന്ന്യാസജീവിതത്തിലേക്കു കടന്നുവരാനിരിക്കുന്നവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണ് 'ഡോ. ഡീന'യുടെ ദൈവവിളി അനുഭവം.