•  3 Apr 2025
  •  ദീപം 58
  •  നാളം 5
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

സിംഹവാലന്‍കുരങ്ങ്

കേരളത്തിലെ സൈലന്റ് വാലി കാടുകളിലും പശ്ചിമഘട്ടത്തിലെ മഴക്കാടുകളിലും കാണപ്പെടുന്ന ഒരിനം കുരങ്ങാണ് സിംഹവാലന്‍. ഉയരംകൂടിയ മരത്തിലാണ് ഇവയുടെ വാസം. മരത്തിലൂടെ നിഷ്പ്രയാസം ഓടാനും ചാടാനുമൊക്കെ സിംഹവാലനു കഴിയും. മരങ്ങളില്‍നിന്ന് അത്യാവശ്യസന്ദര്‍ഭത്തിലേ ഇവ നിലത്തിറങ്ങൂ. ഇരുണ്ട തവിട്ടോ കറുപ്പോ നിറമായിരിക്കും. ഏതാണ്ട് രണ്ടടി നീളമുണ്ട്. ഇവ കൂട്ടമായി സഞ്ചരിക്കുന്നു. ഒരു കൂട്ടത്തില്‍ പത്തിനും ഇരുപതിനുമിടയ്ക്കുള്ള അംഗങ്ങളുണ്ടാകും. സിംഹവാലന്‍കുരങ്ങിന് പരമാവധി 12 കിലോ ഭാരമുണ്ടാകും. വാലിന്റെ നീളം ഏതാണ്ട് 30 സെ.മീ. ആയിരിക്കും. ശരീരനീളം 60 സെ.മീറ്റര്‍ വരെ വരാം.
സിംഹത്തിനുള്ളതുപോലെ തലയില്‍നിന്നു മുഖംചുറ്റി നീണ്ട വെള്ളരോമങ്ങള്‍ സിംഹവാലന്‍കുരങ്ങിന്റെ സവിശേഷതയാണ്. ഇതു സിംഹത്തിന്റെ ജടപോലെ കാണപ്പെടുന്നുവെന്നതാണു പ്രത്യേകത. ഇതിന്റെ വാലിന്റെ അറ്റത്തും രോമങ്ങള്‍ കാണാം. തിളക്കമാര്‍ന്ന കറുത്ത രോമങ്ങള്‍ നിറഞ്ഞതാണു ശരീരം.
അമ്മയുടെ സംരക്ഷണത്തിലാണ് സിംഹവാലന്‍കുട്ടി വളരുക. വളര്‍ന്നാലും കൂട്ടംവിട്ടുപോകാറില്ല. ആയുസ്സ് പന്ത്രണ്ടു വയസ്സാണ്. ഇവയുടെ സഞ്ചാരം പകല്‍സമയത്താണ്.പൂക്കളും പഴങ്ങളും ഇലകളുമൊക്കെ ആഹരിക്കുന്നു. ചില ഘട്ടങ്ങളില്‍ നിലത്തിറങ്ങി ഷഡ്പദങ്ങളെയും ഭക്ഷണമാക്കുന്നു. സിംഹവാലനെ അപൂര്‍വമായി ഒറ്റയ്ക്കും കാണാനാവും. മനുഷ്യനില്‍നിന്ന് ഇവ അകലം പാലിക്കുന്നു. ഈ വര്‍ഗം വംശനാശഭീഷണി നേരിടുന്നു. ലയണ്‍ ടെയില്‍സ് മക്കാക്ക് എന്ന് ഇംഗ്ലീഷ് പേര്. മക്കാക്ക സൈലനസ് എന്നാണു ശാസ്ത്രനാമം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)