കൊവിഡ് മഹാമാരി ലോകത്തെ ഒന്നടങ്കം വരിഞ്ഞുമുറുക്കിയിരിക്കുന്നു. ആ അഴിയാക്കുരുക്കില്‍ക്കിടന്ന് പ്രാണവായുവിനുവേണ്ടി പിടയുകയാണ് നമ്മുടെ മാതൃരാജ്യവും. കേരളനാടിന്റെ സ്ഥിതിയാണ് ഏറെ കഷ്ടം. രോഗികളുടെ എണ്ണവും മരണനിരക്കും അനുദിനം കുതിച്ചുയരുന്നു. ശ്വാസംകിട്ടാതെ മരണത്തെ മുഖാമുഖം കണ്ട് ആയിരങ്ങള്‍ പിടയുമ്പോഴും പണം കൊയ്ത് കീശ നിറയ്ക്കാന്‍ തക്കം നോക്കുന്ന മനുഷ്യക്കഴുകന്മാര്‍ ചുവന്ന കണ്ണുകളുമായി ഈ നാടിന്റെ ഇരുണ്ട ആകാശത്തിനു താഴെ വട്ടമിട്ടു പറക്കുന്നുണ്ട്. പത്തു രൂപയുടെ മാസ്‌കിന് ഇരുപത്തഞ്ചു രൂപ വില വാങ്ങുന്ന കൊള്ളക്കാര്‍ ഇവിടെയുണ്ട്. സാനിറ്റൈസര്‍ എന്ന പേരില്‍ ഒന്നിനും കൊള്ളാത്ത ദ്രാവകം കുപ്പിയില്‍ നിറച്ചു വില്ക്കുന്ന തട്ടിപ്പുവീരന്മാരും ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ റിസള്‍ട്ട് എന്ന മട്ടില്‍ വ്യാജരേഖ ഉണ്ടാക്കിക്കൊടുത്ത് പണം തട്ടുന്ന തസ്‌കരവീരന്മാരും ഇവിടെ ഉറഞ്ഞുതുള്ളുന്നു.
മരിക്കാന്‍ തുടങ്ങുന്ന രോഗിക്ക് വെന്റിലേറ്റര്‍ കൊടുക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ഭിഷഗ്വരന്റെ നീതിശാസ്ത്രം (മെഡിക്കല്‍ എത്തിക്‌സ്) അമ്പേ അപാരമെന്നേ പറയേണ്ടൂ. സര്‍ക്കാരും പിന്നെ കോടതിയും മൂക്കുകയറിടുന്നതുവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് ആദ്യം 2700 പിന്നെ 2300 അതുകഴിഞ്ഞ് 1700 അതും കഴിഞ്ഞ് 1500 എന്നിങ്ങനെ ഫീസ് ഈടാക്കിക്കൊണ്ടിരുന്ന ഇന്നാട്ടിലെ ലബോറട്ടറികള്‍ കൊയ്തുകൂട്ടിയ സഹസ്രകോടികള്‍ മുഴുവന്‍ വേണ്ടിവരില്ല ഈ പരശുരാമക്ഷേത്രത്തിനു മൊത്തത്തില്‍ വില പറയാന്‍! അത്രമാത്രം കൊടുംഭീകരമായ തീവെട്ടിക്കൊള്ള നടത്തിയ ലബോറട്ടറികളാണ് ഒരു നടപടിയും നേരിടാതെ ഇവിടെ സസുഖം വാഴുന്നത്! ഒരു ടെസ്റ്റിന് വെറും 250 രൂപയില്‍താഴെ മാത്രമേ മുടക്കുമുതല്‍ വരികയുള്ളൂ എന്നുകൂടി ഓര്‍ക്കണം. പിപി ഇകിറ്റ് മുതല്‍ ഭക്ഷ്യക്കിറ്റുവരെ അവ ഉള്ളടക്കം ചെയ്യാന്‍ ഉപയോഗിച്ച സഞ്ചിയുടെ വിലയുള്‍പ്പെടെ അഴിമതിയും കമ്മീഷനും തട്ടിപ്പും വെട്ടിപ്പുംവഴി ബന്ധപ്പെട്ടവരുണ്ടാക്കിയ സമ്പാദ്യം തിട്ടപ്പെടുത്താനാവാത്തതാണ്.
ഉത്തരേന്ത്യന്‍സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലിരിക്കെ അഗ്‌നിബാധമൂലം വെന്തുമരിച്ച കൊവിഡ്‌രോഗികള്‍ നിരവധിയുണ്ട്. ഓക്‌സിജന്‍ കിട്ടാതെ കൈകാലിട്ടടിച്ച് ജീവന്‍ വെടിഞ്ഞവര്‍ അതിലുമധികമാണ്. തിരുപ്പതിയിലെ സര്‍ക്കാരാശുപത്രിയില്‍ പ്രാണവായു ലഭിക്കാതെ പതിനൊന്നു കൊവിഡ്‌രോഗികള്‍ പിടഞ്ഞു മരിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ഓക്‌സിജന്‍ തീര്‍ന്നത് അറിഞ്ഞില്ലപോലും! മനുഷ്യജീവനു കല്പിക്കുന്ന വിലയാണിത്. മാപ്പര്‍ഹിക്കാത്ത ക്രൂരമായ കൃത്യവിലോപം! വേണ്ടപ്പെട്ടവര്‍ വേണ്ടസമയത്ത് വേണ്ടതു ചെയ്തിരുന്നെങ്കില്‍ ഇവരെല്ലാം രക്ഷപ്പെടുമായിരുന്നില്ലേ? ഇവ വെറും മരണങ്ങളെന്നു പറയാനാകുമോ? ശിക്ഷാര്‍ഹമായ അനാസ്ഥയുടെ ഫലമായ നരഹത്യകളല്ലേ? ആരുണ്ടു ചോദിക്കാന്‍? താങ്ങും തണലും പോകുന്ന കുടുംബങ്ങള്‍ക്ക് ആശ്രയമേകാന്‍ ആരു വരും?
തരംതിരിവും പ്രായപരിധിയും കണക്കാക്കി സകലര്‍ക്കും വാക്‌സിന്‍ കൊടുക്കാന്‍ കൃത്യമായ പദ്ധതികള്‍ മെനഞ്ഞു. പക്ഷേ, വാക്‌സിനെവിടെ? ആര്‍ക്കുമില്ല ഉത്തരം. പദ്ധതി ഉണ്ടാക്കിയവര്‍ അതേപ്പറ്റി മിണ്ടുന്നേയില്ല. ഈ രാജ്യത്ത് വാക്‌സിന്‍ നിര്‍മിക്കാന്‍ അനുമതിയുള്ളത് കൊള്ളലാഭമെടുക്കുന്ന രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കു മാത്രമാണ്. വേറേ കമ്പനികള്‍ ഇല്ലാത്തതുകൊണ്ടല്ല. വെട്ടുമേനി കുറഞ്ഞെങ്കിലോ എന്നു ഭയന്നാണ് അനുവാദം കൊടുക്കാത്തത്. ആ കമ്പനികള്‍ ഇന്നും സാനിറ്റൈസര്‍ നിര്‍മാണവുമായി കഴിയുന്നു. ഈ രീതിയില്‍ മുമ്പോട്ടുപോയാല്‍ മൂന്നു വര്‍ഷം കഴിഞ്ഞാലും ഇവിടെ എല്ലാവര്‍ക്കും വാക്‌സിന്‍ കൊടുക്കാന്‍ കഴിയില്ലെന്ന് കാര്യവിവരമുള്ളവര്‍ പറയുന്നുണ്ട്. മാത്രമല്ല, ഈയിടെയായി കൊവിഡ് മൂലം മരണമടയുന്നവരില്‍ യുവാക്കളുടെയും മധ്യവയസ്‌കരുടെയും എണ്ണം കൂടിവരുന്നു എന്ന വസ്തുത ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്. ലാഭക്കൊതിയും അലംഭാവവും മാറ്റിവെച്ച് അധികാരികളും നടത്തിപ്പുകാരും യുദ്ധകാലാടിസ്ഥാനത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ജനനന്മയ്ക്കും രാജ്യക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്.