വത്തിക്കാന്‍സിറ്റി: പരിശുദ്ധ മറിയത്തോടുള്ള ജപമാലപ്രാര്‍ത്ഥനയുടെ ലുത്തിനിയായില്‍ മൂന്നു യാചനകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം. ലുത്തിനിയായില്‍ 'കരുണയുടെ മാതാവേ' (Mater misericordiae) 'പ്രത്യാശയുടെ മാതാവേ' (Mater spei), , 'കുടിയേറ്റക്കാരുടെ ആശ്വാസമേ' (Solacium migrantium) എന്നീ മൂന്നു യാചനകള്‍ ഉള്‍പ്പെടുത്തുവാനാണ് പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് ആരാധനയ്ക്കായുള്ള വത്തിക്കാന്‍ തിരുസംഘം മെത്രാന്മാരുടെ സംഘങ്ങളുടെ തലവന്മാര്‍ക്കയച്ചു.
'കരുണയുടെ മാതാവേ' എന്ന യാചന ലുത്തിനിയായിലെ 'തിരുസഭയുടെ മാതാവേ' എന്നതിനും 'പ്രത്യാശയുടെ മാതാവേ' എന്നത് 'ദൈവവരപ്രസാദത്തിന്റെ മാതാവേ' എന്നതിനും 'കുടിയേറ്റക്കാരുടെ ആശ്വാസമേ' എന്നത് 'പാപികളുടെ സങ്കേതമേ' എന്നതിനുംശേഷം ചേര്‍ക്കാനാണ് കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആരാധനയ്ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ, സെക്രട്ടറി ആര്‍ച്ച് ബിഷപ് ആര്‍തര്‍ റോഷ് എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച കത്ത് (ജൂണ്‍ 20 ശനിയാഴ്ച) പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാള്‍ദിനത്തിലാണ് പരസ്യപ്പെടുത്തിയത്. ലോറെറ്റോയിലെ ലൂത്തീനിയ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ പ്രാര്‍ത്ഥനയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1587-ല്‍ അന്നത്തെ പാപ്പയായിരുന്ന സിക്സ്റ്റസ് അഞ്ചാമനാണ് ഇതിന് അംഗീകാരം നല്‍കിയത്.