•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മനസ്സുണര്‍ത്താന്‍ വന്ന മധുരവാണി

പാറശാല ബി. പൊന്നമ്മാള്‍ ഓര്‍മയായി

പാറശാല ബി. പൊന്നമ്മാളിന്റെ നിര്യാണത്തോടുകൂടികര്‍ണാടകസംഗീതത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്ന ഇരുത്തംവന്ന ഒരു സംഗീതപ്രതിഭയെയാണ് കലാകേരളത്തിനു നഷ്ടമായിരിക്കുന്നത്.
1924 ല്‍ തിരുവനന്തപുരം ജില്ലയിലെ പാറശാലയില്‍ മഹാദേവ അയ്യരുടെയും പാര്‍വതിയുടെയും  മകളായി ജനിച്ചു. ബാല്യത്തില്‍ത്തന്നെ സംഗീതപഠനം ആരംഭിച്ചു. പ്രശസ്ത സംഗീതവിദ്വാന്മാരായിരുന്ന ശെമ്മാക്കുടി ശ്രീനിവാസയ്യര്‍, കെ.എസ്. നാരായണസ്വാമി തുടങ്ങിയവരായിരുന്നു ഗുരുക്കന്മാര്‍. 
തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളജിലെ വിദ്യാര്‍ത്ഥികളില്‍ ആദ്യത്തെ പെണ്‍കുട്ടിയായിരുന്നു പൊന്നമ്മാള്‍. നിര്‍ബന്ധിച്ച് കോളജില്‍ ചേര്‍ത്തത് അന്നു പ്രിന്‍സിപ്പലായിരുന്ന മുത്തയ്യ ഭാഗവതരാണ്. ദ്വിവത്സര 'ഗായിക' കോഴ്‌സിന്റെ ആദ്യവര്‍ഷത്തെ പഠനത്തിനായി മൂന്നു ദിവസം മാത്രമേ ക്ലാസിലിരിക്കേണ്ടിവന്നുള്ളൂ. പ്രതിഭയ്ക്കുള്ള അംഗീകാരമായി രണ്ടാം വര്‍ഷക്ലാസ്സിലേക്കു പ്രവേശനം കിട്ടി. തുടര്‍ന്ന്, ഗാനപ്രവീണ, ഗാനഭൂഷണം കോഴ്‌സുകളും ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിച്ച കോളജില്‍ത്തന്നെ ആദ്യവനിത അധ്യാപികയുമായി. തിരുവനന്തപുരം നവരാത്രി സംഗീതമണ്ഡപത്തില്‍ കച്ചേരി നടത്തിയ ആദ്യവനിതയായിരുന്നു പൊന്നമ്മാള്‍.
സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചിട്ടും അവിടെ തുടരാന്‍ പൊന്നമ്മാള്‍ താത്പര്യപ്പെട്ടില്ല. ആകാശവാണിയുടെ ആരംഭകാലംമുതല്‍ സ്ഥിരസാന്നിധ്യമായിരുന്നു പൊന്നമ്മാളിന്റെ ശബ്ദം. ഇന്ത്യയിലാകമാനം ആയിരക്കണക്കിനു വേദികളില്‍ കച്ചേരികളവതരിപ്പിച്ചു. കര്‍ണാടകസംഗീതത്തിലെ 'ശെമ്മാങ്കുടി ബാണി' എന്ന ആലാപനശൈലിയുടെ പ്രചാരികയായിരുന്നു പൊന്നമ്മാള്‍. 
1980 ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീതകോളജിലെ പ്രിന്‍സിപ്പലായാണ് ഔദ്യോഗികരംഗത്തുനിന്നു വിരമിച്ചത്.
2017 ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. ഗായകരത്‌നം അവാര്‍ഡ്, കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ്, ചെമ്പൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)