മലയാളത്തിന്റെ ഗാനരചയിതാവ് എസ്.രമേശന്‍ നായര്‍ ഇനി ജ്വലിക്കുന്ന ഓര്‍മ
കാവ്യഗന്ധമാര്‍ന്ന ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച എസ്.രമേശന്‍ നായര്‍ വിടവാങ്ങുമ്പോള്‍ ശുദ്ധസംഗീതത്തിനു നഷ്ടമാകുന്നത് പകരം വയ്ക്കാനാവാത്ത പ്രതിഭാശാലിയെയാണ്. സംഹാരതാണ്ഡവമാടിയ കൊവിഡു കാലം നമ്മളില്‍നിന്നടര്‍ത്തിയെടുത്ത മഹാരഥന്‍മാരില്‍ പ്രഥമസ്ഥാനത്താണ് എസ് രമേശന്‍ നായര്‍.
കേള്‍വിക്കാരന്റെ കാതുകളിലല്ല, ഹൃദയത്തിലിടം പിടിക്കുന്ന വരികളായിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍നിന്നു പിറവി യെടുത്തിരുന്നത്. സൗഹൃദത്തിനും പ്രണയത്തിനും മാനുഷികബന്ധത്തിനുമെല്ലാം പുതു നിറങ്ങള്‍ ചാലിച്ച നിരവധി ഗാനങ്ങളാണ് അദ്ദേഹം മലയാളികള്‍ക്കായി സമ്മാനിച്ചത്. ...പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളും പ്രണയവര്‍ണ്ണങ്ങള്‍ വാരിവിതറിയ ഓ... പ്രിയേ എന്നു തുടങ്ങുന്ന ഗാനവുമെല്ലാം ഇന്നും മലയാളികളുടെ ചുണ്ടിലുണ്ട്.
1985 ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചിത്രത്തിനു ഗാനം രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്രരംഗത്തേക്ക് അദ്ദേഹം കടന്നു വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് പാട്ടുകള്‍ എഴുതി. ഗുരു, അനിയത്തിപ്രാവ്, പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ് തുടങ്ങിയവയിലെ പാട്ടുകള്‍ മെഗാഹിറ്റുകളായി.
ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നതിനുമുമ്പ് ആകാശവാണിക്കും ദൂരദര്‍ശനുംവേണ്ടി അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ മുന്നൂറിലധികം ഗാനങ്ങള്‍ അമ്പതില്‍പ്പരം കാസെറ്റുകളിലൂടെ, യേശുദാസിന്റെയും ജയചന്ദ്രന്റെയും സ്വരമാധുരിയിലൂടെ മലയാളി ആസ്വദിച്ചു. ഭക്തിഗാനശാഖയ്ക്കും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഗാനരചനയ്ക്കു പുറമേ, ഹ്യദയവീണ, പാമ്പാട്ടി, ഉര്‍വശീപൂജ, ദുഃഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങള്‍, ചരിത്രത്തിനു പറയാനുള്ളത് തുടങ്ങിയ ഗദ്യ കൃതികളും തിരുക്കുറല്‍, ചിലപ്പതികാരം എന്നീ തമിഴ്കൃതികളുടെ വിവര്‍ത്തനവും അദ്ദേഹത്തിന്റേതായുണ്ട്. സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.
ഗുരുപൗര്‍ണ്ണമി എന്ന കാവ്യസമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2010 ല്‍ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളസ്മാരകപുരസ്‌കാരം, ഇടശ്ശേരി അവാര്‍ഡ്, കേരള പാണിനി പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മാതാവായും സേവനമനുഷ്ഠിച്ചു.
1948 മേയ് മൂന്നിന് കന്യാകുമാരിയിലെ കുമാരപുരത്ത് ഷഡാനന്‍ തമ്പിയുടെയും പാര്‍വതിയമ്മയുടെയും മകനായി ജനിച്ചു. എഴുത്തുകാരിയും റിട്ട.അധ്യാപികയുമായ പി. രമയാണു ഭാര്യ. ഏക മകനായ മനു രമേശന്‍ സംഗീതസംവിധായകനാണ്.
ഒരു രാജമല്ലി വിടരുന്നതിന്റെ മനോഹാരിത മലയാളിയുടെ മനസ്സില്‍ കോറിയിട്ട എസ്. രമേശന്‍ നായര്‍ മണ്‍മറഞ്ഞാലും ഉദിച്ച ചന്ദ്രനായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കും.