വേണു പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. വേണുവിന്റെ വീട്ടുമുറ്റത്ത് ഒരു മാവുണ്ട്. വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവ്. എല്ലാ വര്‍ഷവും മാവുനിറയെ മാങ്ങയുണ്ടാകും.
മാങ്ങ പഴുത്തു വീണു തുടങ്ങിയാല്‍ അയല്‍പക്കത്തെ കുട്ടികളെല്ലാം മാവിന്റെ ചുവട്ടില്‍ വരും. നല്ല ചക്കരമാമ്പഴമാണ്. മാവിന്റെ ചുവട്ടില്‍ കളിയും ചിരിയും അട്ടഹാസം. മാമ്പഴം വീഴുമ്പോള്‍ എടുക്കാന്‍ മത്സരിച്ച് ഓട്ടമാണ്.
മാവിന്റെ ഇല മുറ്റം നിറയെ വീണുകിടക്കും. ദിവസവും കാലത്തും വൈകുന്നേരവും മുറ്റമടിക്കണം. വേണുവിന്റെ അമ്മയ്ക്ക് മുറ്റമടിക്കാന്‍ പ്രയാസമായി. നടുവേദനയാണ്. മാവ് വെട്ടിക്കളയാന്‍ ഭര്‍ത്താവിനോട് നിത്യവും പറയും: ''എന്നെക്കൊണ്ടു മുറ്റമടിക്കാന്‍ പറ്റില്ല. നിങ്ങള്‍ ഈ മാവ് വെട്ടിമാറ്റ്.''
മാവ് വെട്ടിമാറ്റാന്‍ വേണുവിന്റെ അമ്മ പറയുന്നതു കേട്ട് മാവ് സങ്കടപ്പെട്ടു. കുട്ടികളോട് മാവ് പറഞ്ഞു: ''എന്നെ വെട്ടിമാറ്റാന്‍ പോകയാണ്. എങ്ങനെ നിങ്ങള്‍ ചക്കരമാമ്പഴം തിന്നും?''
മാവ് പറഞ്ഞതു കേട്ട് കുട്ടികള്‍ സങ്കടപ്പെട്ടു. അവര്‍ എല്ലാവരുംകൂടി ഒരു തീരുമാനമെടുത്തു. വേണുവിന്റെ അച്ഛന്റെ അടുത്തുചെന്ന് മാവ് വെട്ടരുതെന്ന് അപേക്ഷിച്ചു.
കുട്ടികളുടെ സംസാരം കേട്ടപ്പോള്‍ അമ്മ ഇടപെട്ടു: ''നിങ്ങള്‍ എന്തു പറഞ്ഞാലും മാവ് വെട്ടാതെ പറ്റില്ല. മാവിന്റെ കരിയില അടിച്ച് എന്റെ നടു ഒടിഞ്ഞു. മുറ്റമടിക്കാന്‍ എനിക്കു വയ്യ.''
അമ്മയുടെ സംസാരം കേട്ടപ്പോള്‍ വേണു പറഞ്ഞു: ''മുറ്റം ഞാന്‍ അടിച്ചുവാരിക്കൊള്ളാം.''
കുട്ടികള്‍ മാവിനോടു പറഞ്ഞു: ''തത്കാലം മാവ് വെട്ടുന്നില്ല. നാളെത്തുടങ്ങി മുറ്റം വേണു അടിക്കും.'' അങ്ങനെ ആ പ്രശ്‌നം പരിഹരിച്ചു. വിവരം കേട്ടപ്പോള്‍ മാവ് സന്തോഷിച്ചു. നിങ്ങള്‍ എന്റെ ജീവന്‍ രക്ഷിച്ചു എന്നു പറഞ്ഞു.
വേണു പത്താം ക്ലാസ് ജയിച്ച് കോളജില്‍ ചേര്‍ന്നു. കോളജില്‍ പോകാന്‍ ഒരു സൈക്കിള്‍ ആവശ്യമായി വന്നു. സൈക്കിള്‍ വാങ്ങാന്‍ അച്ഛന്റെ കൈയില്‍ രൂപയുണ്ടായിരുന്നില്ല. കോളജിലെ ഫീസടച്ച് പുസ്തകങ്ങളും വാങ്ങിക്കഴിഞ്ഞപ്പോള്‍ രൂപ തീര്‍ന്നു.
സൈക്കിള്‍ വാങ്ങാന്‍ മാവ് കച്ചവടക്കാര്‍ക്കു വില്‍ക്കാന്‍ വേണുവിന്റെ അച്ഛന്‍ തീരുമാനിച്ചു. രൂപയ്ക്ക് വേറേ വഴിയുണ്ടായിരുന്നില്ല. മാവ് വിറ്റ് സൈക്കിള്‍ മേടിച്ചു.
സൈക്കിള്‍ വാങ്ങി മാവിന്റെ വെട്ടിയ കുറ്റിയുടെ അടുത്തു ചെന്ന് വേണു പറഞ്ഞു: 'വേറെ ഒരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ടാണ് മാവ് മുറിച്ചത്. എന്നോടു ക്ഷമിക്കുക.''
മാവിന്റെ കുറ്റി പറഞ്ഞു: ''വിഷമിക്കേണ്ട. സൈക്കിള്‍ വാങ്ങാന്‍ എന്റെ തടി പ്രയോജനപ്പെട്ടില്ലേ? ഞാന്‍ സന്തോഷിക്കുന്നു. മറ്റുള്ളവരുടെ സുഖമാണ് എന്റെ ലക്ഷ്യം.''
പ്രകൃതി എല്ലായ്‌പ്പോഴും സകലതും നമുക്കു തരുന്നു. പക്ഷേ, പ്രകൃതിയോട് നാം നീതി പുലര്‍ത്തുന്നുണ്ടോ?