രാജ്യത്തെ മതന്യൂനപക്ഷസമൂഹങ്ങളുടെ മുന്നേറ്റത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലഭ്യമാക്കുന്ന വിവിധ പദ്ധതികളെ പരിചയപ്പെടുത്തുകയാണിവിടെ. ക്രിസ്ത്യന്‍, മുസ്ലീം, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് മതവിഭാഗങ്ങളാണ് രാജ്യത്ത് മതന്യൂനപക്ഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ന്യൂനപക്ഷങ്ങള്‍ക്കായി ക്ഷേമപദ്ധതികള്‍
(കഴിഞ്ഞ ലക്കം തുടര്‍ച്ച)
II. . കേന്ദ്രന്യൂനപക്ഷമന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്താല്‍ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികള്‍.
മള്‍ട്ടി സെക്ടറല്‍ ഡെലപ്‌മെന്റ്‌പ്രോഗ്രാം (എം.എസ്.ഡി.പി.)
ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍, കേന്ദ്രന്യൂനപക്ഷമന്ത്രാലയം സംസ്ഥാനസര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃതപദ്ധതിയാണ് മള്‍ട്ടി സെക്ടറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (എം.എസ്.ഡി.പി.). പതിനൊന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 90 ന്യൂനപക്ഷകേന്ദ്രീകൃതജില്ലകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്. അടിസ്ഥാനസൗകര്യവികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷകേന്ദ്രീകൃതപ്രദേശങ്ങളില്‍ കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പശ്ചാത്തലസൗകര്യം ഒരുക്കുക എന്നതാണ് പ്രധാനമായും ഈ പദ്ധതി ലക്ഷ്യംവയ്ക്കുന്നത്.
പുനരാവിഷ്‌കൃത എം.എസ്.ഡി.പി., 12 ാം പദ്ധതിയില്‍ ഘടനാപരമായി മാറ്റങ്ങള്‍ വരുത്തിയാണ് നടപ്പിലാക്കിവരുന്നത്. പതിനൊന്നാം പദ്ധതിയില്‍ ജില്ല ഒരു യൂണിറ്റ് എന്ന രീതിയില്‍ പരിഗണിച്ചപ്പോള്‍ പന്ത്രണ്ടാം പദ്ധതിക്കാലത്ത് ന്യൂനപക്ഷകേന്ദ്രീകൃത ബ്ലോക്ക്/ടൗണ്‍ ഒരു യൂണിറ്റായി കണക്കാക്കി ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അടിസ്ഥാനസൗകര്യവികസനപരിപാടികള്‍ നടപ്പിലാക്കിവരുന്നു. ഇതിലേക്കായി വയനാട് ജില്ലയിലെ പനമരം, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി ബ്ലോക്കുകളും മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും ഉള്‍പ്പെടുത്തി. പ്രസ്തുത ബ്ലോക്ക്/ടൗണ്‍ പ്രദേശത്ത് - വിദ്യാഭ്യാസ-ആരോഗ്യപദ്ധതികളുടെ വികസനത്തിനായി 52 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.
III. കേന്ദ്രന്യൂനപക്ഷമന്ത്രാലയം നേരിട്ട് ധനസഹായം
അനുവദിക്കുന്ന പദ്ധതികള്‍
1. ന്യൂനപക്ഷവനിതകള്‍ക്ക് നേതൃത്വപരിശീലനം - നയ്‌റോശ്‌നി
ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വനിതകളുടെ നേതൃത്വപരിശീലനത്തിനായി കേന്ദ്രന്യൂനപക്ഷമന്ത്രാലയം വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്താല്‍ 2012-13 വര്‍ഷംമുതല്‍ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് നയ്‌റോശ്‌നി. വനിതകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സ്ത്രീശക്തീകരണമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. സ്ത്രീകളുടെ അവകാശങ്ങള്‍, സ്ത്രീവിദ്യാഭ്യാസവും തൊഴിലും, ആരോഗ്യം, ശുചിത്വം, പോഷകാഹാരം, രോഗപ്രതിരോധം, കുടുംബാസൂത്രണം പഞ്ചായത്ത് രാജ്/നഗരപാലിക നിയമവും സ്ത്രീകളും, ജീവിതനിപുണത തുടങ്ങിയ വിഷയങ്ങളിലായിരിക്കും മുഖ്യപരിശീലനം. 25 ലക്ഷം രൂപ വരുമാനപരിധിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് പരിശീലനക്ലാസില്‍ മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ാശിീൃശ്യേമളളമശൃ.െഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം (സീക്കോ ഓര്‍ കമാഓ)
ന്യൂനപക്ഷ യുവജനങ്ങളുടെ പരമ്പരാഗത കഴിവുകളെ പരിപോഷിപ്പിച്ച് അവരെ തൊഴിലിനു പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
3. പഠോ പര്‍ദേശ്
വിദേശത്തു പഠിക്കാന്‍ ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസലോണുകള്‍ക്ക് സബ്‌സിഡി നല്‍കുകയാണ് ഉദ്ദേശ്യം.
4. നയി മന്‍സില്‍
സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിന്നുപോയ ന്യൂനപക്ഷവിദ്യാര്‍ത്ഥികളെ കണ്ടെത്തി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിനും അവരെ അനുയോജ്യമായ തൊഴില്‍ നേടുന്നതിനും പ്രാപ്തരാക്കുന്ന പദ്ധതി.
5. ഉസ്താദ്
പരമ്പരാഗത കലാകാരന്മാരുടെയും കരകൗശലപ്പണിക്കാരുടെയും വികസനത്തിനുള്ള പരിശീലനത്തിനും നൈപുണ്യവികസനത്തിനുമുള്ള പദ്ധതി. 100 ശതമാനം കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
6. ഹമാരി ധരോഹര്‍
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷജനവിഭാഗങ്ങളുടെ സാംസ്‌കാരിക - പൈതൃകം കാത്തുസംരക്ഷിക്കുന്നതിനു സാംസ്‌കാരികവകുപ്പുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന പദ്ധതി.
7. നയി ഉഡാന്‍
യു.പി.എസ്.സി., എസ്.എസ്.സി. എസ്.പി.എസ്.സി. മുതലായവ സംഘടിപ്പിക്കുന്ന മത്സരപ്പരീക്ഷകളുടെ പ്രിലിമിനറി പാസാകുന്ന ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം.
8. മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ്
എം.ഫില്‍, പി.എച്ച്.ഡി. എന്നിവയ്ക്കു പഠിക്കുന്ന ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് 5 വര്‍ഷം സമഗ്രഫെല്ലോഷിപ്പ് നല്‍കുന്ന പദ്ധതിയാണിത്.
9. ഫ്രീ കോച്ചിങ് ആന്‍ഡ് അൈലഡ് സ്‌കീം
ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്ക് മത്സരപ്പരീക്ഷകള്‍ക്കും തൊഴിലധിഷ്ഠിതകോഴ്‌സുകള്‍ക്കും സൗജന്യ കോച്ചിങ്.
കഢ. ന്യൂനപക്ഷക്ഷേമവകുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍
സംസ്ഥാന ന്യൂനപക്ഷവകുപ്പിനൊപ്പം സംസ്ഥാന ന്യൂനപക്ഷക്ഷേമകമ്മീഷന്‍, സംസ്ഥാന ന്യൂനപക്ഷക്ഷേമധനകാര്യകോര്‍പ്പറേഷന്‍ എന്നിവ മറ്റു പദ്ധതികളും വായ്പകളടക്കമുള്ള സാമ്പത്തികസഹായങ്ങളും നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്
.http://www.kscminorities.org
http://www.ksmdfc.org
http://www.minoritywelfare.kerala.gov.in