സന്ധ്യയായി; ഞാന്‍ ചാരുകസേരയില്‍
ബന്ധനസ്ഥനെപ്പോലെയിരിക്കവേ,
കൂടെഴുന്ന മരങ്ങളിലെത്തുവാന്‍
നീഡജങ്ങള്‍ നിരയായ് പറക്കവേ,
ബന്ധുരങ്ങളാം ബന്ധൂകപുഷ്പങ്ങ-
ളന്തിവിണ്ണിന്‍ കവിളില്‍ത്തിളങ്ങവേ,
ആടിയാടി വിശന്നു വലഞ്ഞയാള്‍
തേടിയെത്തിയെന്‍ വീടിന്റെയങ്കണം
കല്ലുബഞ്ചിലിരുന്നു മൊഴിഞ്ഞയാള്‍:
''വല്ലതും തരൂ, പട്ടിണിയാണു ഞാന്‍.''
ദീനസേവനതത്പരനെന്‍മകന്‍
ചോറുമായെത്തി ഭിക്ഷുവിന്നന്തികേ!
ആര്‍ത്തിയോടയാള്‍ വേണ്ടുവോളം ഭുജി-
ച്ചാര്‍ത്തി തീര്‍ത്തു പ്രശാന്തനായ് മേവിനാന്‍.
പിന്നെ മെല്ലെയെഴുന്നേറ്റു പോകുവാന്‍;
നന്ദി മിന്നിത്തിളങ്ങുന്നു കണ്‍കളില്‍!
രണ്ടു കൈയുമുയര്‍ത്തിപ്പിടിച്ചുകൊ-
ണ്ടിണ്ടലെന്യേ, തെളിഞ്ഞ മനസ്സുമായ്,
'ആയിരം പുണ്യമിക്കുടുംബത്തി'നെ-
ന്നാഗതന്‍ ചൊല്ലി ബാഷ്പാവിലാക്ഷനായ്!
പാവമോതിയോരാശീര്‍വചസ്സുകള്‍
ജീവിതത്തിന്നു നവ്യപ്രചോദനം
ഏകി; കാരുണ്യവാനായ ദൈവമേ,
പാഹി, പാഹി, നിന്‍ മക്കളാം ഞങ്ങളെ!
പാപികള്‍, മഹാപാപികളെങ്കിലും
പാലനം ചെയ്‌വു നിന്‍കൃപ ഞങ്ങളെ!
സ്‌നേഹധാരയാല്‍ ക്ഷാളനം ചെയ്യാത്ത
പാപമേതുള്ളു, പാരിന്നതിര്‍ത്തിയില്‍!