പതിവുപോലെ പത്രത്താളുകളിലും സാമൂഹികമാധ്യമങ്ങളിലും പരിസ്ഥിതിദിനത്തിന്റെ പച്ചപ്പും പേറി വാര്‍ത്തകള്‍ നിരന്നു. എന്റെ മനസ്സില്‍ നേര്‍ത്തൊരോര്‍മയായി ബിനുമോന്റെ ചിത്രമാണ് തെളിയുന്നത്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അത് എന്റെ മനസ്സില്‍നിന്നു മായുന്നേയില്ല. നിര്‍ത്താതെ മഴ പെയ്തിരുന്ന ഒരു വൈകുന്നേരം നാട്ടോര്‍മകള്‍ പങ്കുവച്ച് ഞങ്ങള്‍ വഴിയിലൂടെ നടക്കുകയായിരുന്നു. നാട്ടിലും, നഗരജീവിതം പേറുന്നവര്‍ വാഹനങ്ങളില്‍ ചീറിപ്പാഞ്ഞു. പണിയാളുകള്‍ അത്യാവശ്യ വീട്ടുസാധനങ്ങളും വാങ്ങി വീടുകളിലേക്കുള്ള നനഞ്ഞ യാത്ര തുടരുന്നു.
തൊട്ടുമുമ്പില്‍ കാണുന്നതാണ് കാവാലി ജംഗ്ഷന്‍. കാവാലി ജംഗ്ഷനിലെ മുറുക്കാന്‍ കടയില്‍ പതിവുവെടിവട്ടക്കാരും ഇരിപ്പുണ്ടായിരുന്നു. മടിയിലിരുന്ന ബീഡിയെടുത്തു ചുറ്റും നിന്നവര്‍ക്കു കൊടുത്തുകൊണ്ട് ചെത്തുകാരന്‍ മാധവന്‍ പറഞ്ഞു:ഇങ്ങനെ മഴ പെയ്താല്‍ എന്റെ കഞ്ഞികുടി മുട്ടൂന്നാ തോന്നുന്നത്. ഇപ്പോ.. ചെത്താന്‍ പനമരം ഒന്നുമില്ലെന്നായി.
ആകാശവാണി തങ്കപ്പന്‍ അതുകേട്ട് ഒന്ന് ഇരുത്തിമൂളി. പിന്നെ തീപ്പെട്ടിക്കമ്പൊടിച്ചു പല്ലിന്റെയിട കുത്തി വായില്‍ തടഞ്ഞ പാക്കിന്റെ കഷണം പുറത്തേക്കു തുപ്പിക്കൊണ്ടു പറഞ്ഞു: ''കുറച്ചു പന വെച്ചുപിടിപ്പിച്ചാല്‍ മരം വച്ചെന്നുമാകും, മായമില്ലാത്ത കള്ളും കുടിക്കാം.'' തോമായുടെ അഭിപ്രായം മറ്റൊന്നായിരുന്നു: ''പന ഇല്ലെങ്കിലെന്താ മഴയുണ്ടെങ്കില്‍ മാധവന്റെ കാര്യം ഓക്കേയാ.'' മഴയെ അവഗണിച്ചുകൊണ്ട് എന്റെ കാലുകള്‍ മുന്നോട്ടു നീങ്ങി. ഞാന്‍ നേരേ പൂവച്ചോടു ജംഗ്ഷനിലെത്തി.
പൂവച്ചോട് ജംഗ്ഷനില്‍ കലുങ്കിനോടു ചേര്‍ന്ന് പുറമ്പോക്കിലിരിക്കുന്നതാണ് കുമാരന്റെ വീട്. അയാളുടെ മകനാണ് ബിനുമോന്‍. ബിനുമോന്‍ മൂന്നാം ക്ലാസിലാണു പഠിക്കുന്നത്. പഠനത്തില്‍ മിടുക്കനാണ്, നല്ല പാട്ടുകാരനുമാണ്. എല്ലാ വര്‍ഷവും നാടന്‍പാട്ടില്‍ അവന്‍ സ്‌കൂളില്‍ ഫസ്റ്റ് ആണ്.
പുറമ്പോക്കിലുള്ള അവന്റെ വീടിനു മുമ്പിലെത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. ബിനുമോന്‍ പ്ലാസ്റ്റിക് കൂടില്‍ പാകി മുളപ്പിച്ച ഒരു മരത്തൈയുമായി വിഷമിച്ചു നില്‍ക്കുന്നു. ഇലകളില്‍ നേര്‍ത്ത മഴത്തുള്ളികള്‍ വിട്ടുപിരിയാനാവാതെ നിന്നു. അവന്റെ കവിളുകളിലും മുടിയിലും കണ്‍പുരികങ്ങളിലും നനവു പടര്‍ത്തിയ മഴമുത്തുകള്‍ അവന്റെ നെഞ്ചിലേക്ക് ഊര്‍ന്നുവീഴുന്നു.
ഞാന്‍ അവന്റെ അടുത്തെത്തി.
''ഇതെന്താ നീ മരത്തൈയുമായി നില്‍ക്കുന്നത്...'' ഞാന്‍ ചോദിച്ചു. അവന്‍ ഉടനെ മറുപടി പറഞ്ഞു: ''ഇന്ന് ക്ലാസ്സീന്നു ടീച്ചര്‍ തന്നു വിട്ടതാ. എല്ലാരും വീട്ടില്‍ കൊണ്ടുപോയി ഈ മരം നടണമെന്നും ദിവസോം വെള്ളമൊഴിച്ച് നനച്ചു വളര്‍ത്തണോന്നും പറഞ്ഞു:
''ഞാന്‍ ഇവിടെ മരം വെക്കാന്‍ തുടങ്ങിയപ്പോഴാണ് അച്ഛന്‍ പറഞ്ഞത്...''
''മോനേ, ഇതു പുറമ്പോക്കാ, ഇവിടെ നമുക്ക് ഒന്നും വയ്ക്കാന്‍ പറ്റത്തില്ല. പി.ഡബ്ല്യു.ഡി.കാര്‍ വന്ന് പറിച്ചുകളയും സ്ഥലം അവരുടെതാണെന്നാ പറയുന്നത്.''
അവന്‍ മൗനിയായി ഒരു നിമിഷം നിന്നതിന്നുമോര്‍ക്കുന്നു.
''ദാസേട്ടാ, ഞാന്‍ ഇനിയെന്തു ചെയ്യും.?... ദാസേട്ടന്‍ ഇതു കൊണ്ടുപോയി നട്ടുവളര്‍ത്താവോ... ഞാന്‍ എന്നും വന്ന് വെള്ളമൊഴിക്കുകയും കേടുകൂടാതെ നോക്കുകയും ചെയ്‌തോളാം.''
ആ കുഞ്ഞുകൈകള്‍ നെല്ലിമരത്തൈയുമായി എന്റെ നേര്‍ക്കു നീണ്ടു. ഞാനതു വാങ്ങുമ്പോള്‍ അവന്റെ കണ്ണുകള്‍ ചുവന്നു. ചുണ്ടുകള്‍ വിറച്ചു. കണ്ണീര്‍ത്തുള്ളികള്‍ അടര്‍ന്ന് നെഞ്ചിലേക്കു വീണു.
ഒരു തേങ്ങലോടെ അവന്‍ പറഞ്ഞു: ''ഒരിത്തിരി മണ്ണ് ഓര്‍മയ്ക്കായി ഒരു മരം വയ്ക്കാനെങ്കിലും വേണം. എന്റേതെന്നു പറയാന്‍...''
പത്രം വായിച്ചു മടക്കിയിട്ടും ബിനുമോന്റെ ചിത്രം മനസ്സില്‍നിന്നു മായുന്നതേയില്ല.