•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഷിബു തെക്കേമറ്റത്തിന്റെ രക്തവിപ്ലവത്തിന് 110

നുഷ്യന് അത്യന്താപേക്ഷിതമായ ജീവരക്തം ദാനം ചെയ്ത് ജീവകാരുണ്യരംഗത്ത് 33 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് പാലായുടെ സ്വന്തം ഷിബു തെക്കേമറ്റം.
രക്തദാനം മഹാദാനം എന്ന സന്ദേശമുള്‍ക്കൊണ്ട് അനേകായിരങ്ങള്‍ക്കു പ്രചോദനമായും നിരവധി രക്തദാനഗ്രൂപ്പുകള്‍ക്കു മാര്‍ഗദര്‍ശിയായും പ്രവര്‍ത്തിക്കുന്ന ഷിബുവിന്റെ വീരോചിതമായ ജീവിതം മാതൃകാസമ്പന്നമാണ്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും രക്തദാനത്തിന്റെ മഹത്ത്വത്തെക്കുറിച്ചു ബോധവത്കരിക്കാന്‍ ഷിബുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയുന്നുണ്ട്.
1988 ല്‍ തന്റെ അധ്യാപികയ്ക്കു രക്തം കൊടുത്തുകൊണ്ട് ജീവകാരുണ്യരംഗത്തേക്കു കടന്നുവന്ന ഷിബു 33 വര്‍ഷംകൊണ്ട് 110 തവണ രക്തം ദാനം ചെയ്തുകഴിഞ്ഞു. അടുത്ത ബന്ധുക്കള്‍പോലും ചിലപ്പോള്‍ രക്തദാനത്തിനു തയ്യാറാവാത്ത സാഹചര്യത്തിലാണ് ഷിബു അന്യരുടെ ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം രക്തം ദാനം ചെയ്തു മാതൃകയാകുന്നത്. 
പാലായ്ക്കടുത്ത് കൊഴുവനാല്‍ തെക്കേമറ്റം വീട്ടില്‍ പരേതനായ റ്റി.റ്റി. തോമസിന്റെയും തെയ്യാമ്മയുടെയും മകനാണ് ഷിബു. വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റാണിദ്ദേഹം. ഭാര്യ റെനി ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. മകന്‍ എമില്‍ ടോം ഷിബു കിസ്‌കോ കരിയര്‍ ഹൈറ്റ്‌സില്‍ എസ്.എസ്.സി. കോച്ചിങ് വിദ്യാര്‍ത്ഥിയും മകള്‍ എലേന സൂസന്‍ ഷിബു കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹൈസ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. 
കേരളത്തിലാദ്യമായി രക്തദാനരംഗത്ത് 24 മണിക്കൂര്‍ ഹെല്‍പ് ഡസ്‌ക്, പാലാ ബ്ലഡ് ഫോറം എന്ന പേരില്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ മുന്‍കൈയെടുത്തത് ഷിബു തെക്കേമറ്റമാണ്.
കോട്ടയം ജില്ലാ രക്തദാനസമിതിയുടെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ജനറല്‍ കണ്‍വീനര്‍, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ബ്ലഡ് ബാങ്ക് ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍, അഡ്വ. റ്റി.വി. എബ്രഹാം ഫൗണ്ടേഷന്‍ സെക്രട്ടറി, നെഹ്രു പീസ് ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചുപോരുന്നു.
ഐഎംഎയുടെ അപ്രീസിയേഷന്‍ അവാര്‍ഡ്, ലയണ്‍സ് ക്ലബിന്റെ ഔട്ട്സ്റ്റാന്റിങ് പെര്‍ഫോമന്‍സ് അവാര്‍ഡ്, ജേസീസിന്റെ ഗ്രേറ്റ് ഹാര്‍ട്ട് അവാര്‍ഡ്, ലയണ്‍സ്‌ക്ലബ് ഇന്റര്‍നാഷണലിന്റെ സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ്, സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും എയ്ഡ്‌സ് നിയന്ത്രണസൊസൈറ്റിയും സംയുക്തമായി നല്കുന്ന മികച്ച രക്തദാതാവിനുള്ള 2016 ലെയും 2018 ലെയും അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ഷിബുവിനെ തേടിയെത്തിയിട്ടുണ്ട്.
തന്റെ ജീവരക്തം സ്വീകരിച്ചവര്‍ മരണത്തില്‍നിന്നു ജീവിതത്തിലേക്കു തിരിച്ചുവരുന്നതു വലിയ സന്തോഷത്തിനു കാരണമാകുന്നുവെന്നും, അതു വീണ്ടും രക്തം പകരാനുള്ള വലിയ ഉത്തരവാദിത്വത്തിലേക്കു തന്നെ നയിക്കുന്നുവെന്നും ഷിബു തെക്കേമറ്റം പറയുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)