എന്‍ഡോസള്‍ഫാന്‍ എന്ന തിന് എന്ത് ആനുകാലികപ്രസക്തിയെന്നു തോന്നിയേക്കാം. എന്നാല്‍, കേരളത്തെ സംബന്ധിച്ച് ആറ്റംബോംബുകണക്കേ കാലാന്തരങ്ങളിലേക്കു സംക്രമിക്കപ്പെടുന്ന ഒരു ദുരന്തത്തിന്റെ പേരാണ് ''എന്‍ഡോസള്‍ഫാന്‍.'' സംസ്ഥാനഗവണ്‍മെന്റിന്റെ അധീനതയിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം 1970 മുതല്‍ കശുമാവു തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ പരിണതഫലം ദശാബ്ദങ്ങള്‍ക്കുശേഷവും കാസര്‍ഗോഡും പരിസരപ്രദേശങ്ങളിലും ജനിക്കുന്ന കുട്ടികളില്‍ വൈകല്യങ്ങളും വൈകൃതങ്ങളുമായി അടയാളപ്പെടുത്തുന്നു. 2011 ല്‍ എന്‍ഡോസള്‍ഫാന്റെ ദുരിതഫലങ്ങള്‍ വേട്ടയാടിയ 287 അമ്മമാര്‍ തങ്ങളുടെ ഉദരത്തില്‍ ജന്മമെടുത്ത കുഞ്ഞുങ്ങളെ ബോധപൂര്‍വം ഗര്‍ഭച്ഛിദ്രത്തിനിരയാക്കി എന്ന മാധ്യമറിപ്പോര്‍ട്ട് മലയാളികളുടെ മനഃസാക്ഷിയെ ഞെട്ടിച്ചുവെങ്കിലും ഇന്നും മാരകമായ കീടനാശിനികള്‍ വ്യാപകമായ അളവില്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
കടയില്‍നിന്നു വാങ്ങിക്കൊണ്ടുവന്ന, കണ്ടാല്‍ സുന്ദരനായ ഒരു ആപ്പിള്‍ മുറിച്ചു തിന്നുമ്പോള്‍ ഉണ്ടായ ഗന്ധത്തിലും രുചിയിലുമുള്ള ആസ്വാദ്യമല്ലാത്ത അനുഭവമാണ് ഈ ലേഖനത്തിന്റെ പ്രചോദനം. ആപ്പിളിന്റെ പുറംചിത്രമുള്ള പോള്‍ ക്രാമറിന്റെ 'ഫൈറ്റിങ് ബോഡി പൊല്യൂഷന്‍' (Fighting body pollution) എന്ന പുസ്തകം ഓര്‍മയില്‍ വരുന്നു.
എന്‍ഡോസള്‍ഫാനെക്കാള്‍ വീര്യമുള്ള, വിഷമേറിയ, ചുവപ്പടയാളത്തോടുകൂടിയ കീടനാശിനികളും കളനാശിനികളും നാമിന്നും ഉപയോഗിക്കുന്നു; ആശങ്കകളേതുമില്ലാതെ! എന്തേ നാം ഇങ്ങനെ? കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന പാനീയത്തിലും വിഷം കലര്‍ത്തുന്ന വേറേതു ജീവിവര്‍ഗമുണ്ടീ ഭൂമിയില്‍, മനുഷ്യനല്ലാതെ...!
''ഡേര്‍ട്ടി ഡസന്‍'' എന്നറിയപ്പെടുന്ന ഡി.ഡി.റ്റി., ഡയോക്‌സിന്‍, ഫുറാന്‍സ്, പോളിക്ലോറിനേറ്റഡ് ബൈഫീനൈല്‍സ്, എല്‍ഡ്രിന്‍, ഡൈഎല്‍ഡ്രിന്‍, ആള്‍ഡ്രിന്‍, മീറെക്‌സ്, ഹെക്‌സോ ക്ലോറോ ബന്‍സിന്‍, ക്ലോര്‍ഡെന്‍, ഹെപ്റ്റാക്ലോര്‍ എന്നീ രാസവസ്തുക്കളും കീടനാശിനികളും ഉള്‍പ്പെടെ 2700 ഓളം പെസ്റ്റിസൈഡുകള്‍ നമ്മുടെ രാജ്യത്ത് ആയിരക്കണക്കിനു ടണ്ണിനുമേല്‍ ഓരോ വര്‍ഷവും ഉപയോഗിക്കപ്പെടുന്നു. ഇതിലേറെയും 'ടോക്‌സിസിറ്റി ഇംപാക്ട്' പഠനങ്ങള്‍ നടക്കാത്തവയാണ്. ഏതൊരു കളകളെയും കീടങ്ങളെയും തുരത്തുവാനാണോ പ്രസ്തുത പെസ്റ്റിസൈഡുകള്‍ ഉപയോഗിക്കുന്നത്, അവയുടെ അഞ്ചു ശതമാനം മാത്രമാണ് ടാര്‍ജറ്റഡ് ജീവികളില്‍ എത്തുന്നത്. ബാക്കി മണ്ണിലും ജലത്തിലും വായുവിലും കലര്‍ന്ന് നാമുപയോഗിക്കുന്ന പച്ചക്കറികളിലും മത്സ്യമാംസാദികളിലും നിറഞ്ഞ് മനുഷ്യരിലെത്തിച്ചേരുന്നു.
അമോണിയയില്ലാത്ത മത്സ്യവും കാര്‍ബൈഡില്ലാത്ത മാങ്ങയും മാര്‍ക്കറ്റില്‍ അപ്രാപ്യമാകുന്ന കാലമാണിത്. മുലപ്പാലിന്റെയും മൂത്രത്തിന്റെയുംവരെ സ്വാഭാവികത നഷ്ടപ്പെടുന്നു! കൊച്ചുകുട്ടികള്‍വരെ കരളും വൃക്കയും നശിച്ച് രോഗാതുരരാകുന്നു. വര്‍ദ്ധിച്ചുവരുന്ന കാന്‍സറുകളും വന്ധ്യതയും ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളും മനുഷ്യനിര്‍മിതമായ ആധുനികവികസനസങ്കല്പങ്ങളുടെ ഉപോത്പന്നങ്ങളാണ്.
ഇന്ത്യയില്‍ രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും കൂടുതലായുള്ള ഉപയോഗം തുടങ്ങിയത് ഹരിതവിപ്ലവത്തിലൂടെയാണ്. പക്ഷേ, വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ നായകന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ പരസ്യമായി സമ്മതിച്ചു, രാസവസ്തുക്കളുടെയും രാസകീടനാശിനികളുടെയും അമിതോപയോഗം മനുഷ്യജീവിതത്തെയും മണ്ണിനെയും ദോഷകരമായി ബാധിച്ചുവെന്ന്. 'ഓര്‍ഗാനിക് ഫാമിങ്ങി'ലൂടെയുള്ള നിത്യഹരിതവിപ്ലവമാണ് പ്രതിവിധിയെന്നു നിര്‍ദേശിച്ചാണ് അദ്ദേഹം ഈ ലോകത്തുനിന്നു പിന്‍വാങ്ങിയത്.
രാസവള, കീടനാശിനികളേതും നല്‍കാതെ ഞാന്‍ വളര്‍ത്തിയ നാല്പത് കാബേജ് ചെടികള്‍ എനിക്കു നല്‍കിയ ഒരു പാഠമുണ്ട്. നാലു കാബേജുകള്‍ മാത്രം കീടങ്ങള്‍ തിന്നു നശിച്ചുപോയി. ബാക്കി 36 എണ്ണം ഫലം കണ്ടു. നാലെണ്ണത്തെ സംരക്ഷിക്കാന്‍, കഴിക്കാനുപയോഗിച്ച നാല്പതിലും വിഷം ചേര്‍ക്കുന്ന വിഡ്ഢികളല്ലേ നാം! നാലെണ്ണം കീടങ്ങള്‍ക്കവകാശപ്പെട്ടതല്ലേ? ചിന്തിച്ചു തീരുമാനമെടുക്കാം. വിവേകത്തോടെ മുന്നേറാം. അംബികാസുതന്‍ മാങ്ങാട് എഴുതിയ ഹൃദയസ്പര്‍ശിയായ നോവല്‍ 'എന്‍മകജെ'യുടെ വായനാനുഭവം ധീരമായ തീരുമാനമെടുക്കാന്‍ കൂട്ടുകാരെ പ്രേരിപ്പിക്കും, തീര്‍ച്ച.