•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

സൂര്യകാന്തിപ്പൂവ് സൂര്യനെ നോക്കുന്നപോലെ


ജൂണ്‍ 20   ശ്ലീഹാക്കാലം   അഞ്ചാം ഞായര്‍
നിയ. 1:33-46   ഏശ. 1:21-31   
1 കോറി. 14:1-12   ലൂക്കാ.12:22-34 

''നമ്മള്‍ എങ്ങോട്ടാ പോകുന്നതെന്ന് എന്തെങ്കിലും രൂപമുണ്ടോ?'' ലിയോബ്രദര്‍ അസ്സീസിയിലെ ഫ്രാന്‍സീസിനോടു ചോദിച്ചു. അതിനു മറുപടിയായി ഫ്രാന്‍സീസ് പറഞ്ഞു: ''നമുക്കെന്തിനാണു രൂപം? കര്‍ത്താവിനു രൂപമുണ്ട്. അതു മതി. നിങ്ങള്‍ സൂര്യകാന്തിപ്പൂവു കണ്ടിട്ടില്ലേ? അതിന്റെ നോട്ടം എപ്പോഴും സഹോദരന്‍ സൂര്യനിലാണ്. സൂര്യന്റെ യാത്രാപഥം നോക്കി അത് അനുസരണയോടെ കണ്ണു തിരിക്കുന്നു. നമുക്കും അങ്ങനെ ചെയ്യാം. എപ്പോഴും ദൈവത്തില്‍ കണ്ണുകള്‍ ഉറപ്പിച്ചുവച്ച് യാത്ര.''
നിക്കോസ് കസന്‍ദ്‌സാക്കിസിന്റെ സെന്റ് ഫ്രാന്‍സീസ് എന്ന നോവലിലെ ഒരു സംഭാഷണശകലമാണിത്. ഇന്നത്തെ തിരുവചനചിന്തകള്‍ക്കുള്ള ചിന്തനീയമായ ഒരു ആമുഖം.
ഒരുവന്‍ തന്നെക്കുറിച്ചുള്ള ദൈവപദ്ധതികള്‍ മറന്നിട്ട് ഭാവിയെക്കുറിച്ച് തന്റെ ഉള്ളിലുള്ള പദ്ധതികള്‍ ഓരോന്നായി ദൈവത്തെ പറഞ്ഞുകേള്‍പ്പിക്കുകയാണ് അവിടത്തെ ചിരിപ്പിക്കാനുള്ള ഒരു നല്ല വഴി എന്നു പറയാറുണ്ട്. 'ദൈവപരിപാലനയില്‍ ആശ്രയം' എന്ന ഇന്നത്തെ സുവിശേഷവായന ലൂക്കാസുവിശേഷകന്റെ ഭോഷനായ ധനികന്റെ ഉപമയുടെ തുടര്‍ച്ചയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മേല്പറഞ്ഞ ഉപമയിലെ പ്രധാന കഥാപാത്രമായ ധനികന്‍ സമൃദ്ധമായ വിളവു ലഭിച്ചപ്പോള്‍ തന്റെ മോഹനസുന്ദരഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് സുവിശേഷകന്‍ അവതരിപ്പിക്കുന്നു: ''ഞാന്‍ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകള്‍ പൊളിച്ച്, കൂടുതല്‍ വലിയവ പണിയും; വിഭവങ്ങള്‍ സംഭരിക്കും. അനന്തരം ഞാന്‍ എന്റെ ആത്മാവിനോടു പറയും... തിന്നുകുടിച്ച് ആനന്ദിക്കുക.''
ഈ ധനവാന്‍ നിരത്തിവച്ച നീണ്ട ഭാവിപദ്ധതികളുടെ അവസാനം ദൈവത്തിന്റെ ചിരിയുടെ മുഴക്കം കേള്‍ക്കാം: ''ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും...!''
സമ്പത്തില്‍ ആശ്രയിക്കാതെ സമ്പത്തു വര്‍ഷിക്കുന്ന ദൈവത്തില്‍ (റോമാ 10:12) ആശ്രയിക്കാനും ദൈവപരിപാലനയില്‍ ശരണപ്പെടാനുമുള്ള ആഹ്വാനമാണ് തുടര്‍ന്ന് സുവിശേഷകന്‍ അവതരിപ്പിക്കുന്ന ഇന്നത്തെ വചനഭാഗം.
ആകാശങ്ങളിലിരിക്കുന്നവന്റെ ആകാശം മാത്രം തന്റെ അവകാശമാക്കിയ ഒരു സന്ന്യാസി രോഗിയായി. നാളുകള്‍ നീണ്ട ചികിത്സയ്ക്കുശേഷം ആ സന്ന്യാസി പറഞ്ഞു: ''ഇനി എനിക്കു ഭൂമിയുടെ ചികിത്സ വേണ്ട. ആകാശത്തിന്റെ ചികിത്സ മതി.'' ഇന്നത്തെ തിരുവചനചിന്തയും തരുന്നത് ഈ മനോഹരമായ ബോധ്യമാണ്. മണ്ണില്‍ കാലുകുത്തി നടക്കുമ്പോഴും വിണ്ണില്‍ കണ്ണുനട്ട് ജീവിക്കണം എന്ന മനോഹരമായ ബോധ്യം! വിണ്ണിനെ നോക്കി പുഞ്ചിരിച്ച് മണ്ണിനെ തഴുകിയൊഴുകുന്ന പുഴപോലെ, സ്വര്‍ഗോന്മുഖമായ ഒരു പ്രയാണം. 
വിണ്ണില്‍ നോക്കി നടന്നവര്‍ മണ്ണില്‍ ദൃഷ്ടി പതിപ്പിച്ച ഒരു കഥ വിശുദ്ധഗ്രന്ഥത്തിലുണ്ട്. ഇസ്രായേല്‍ജനത ജോഷ്വയുടെ നേതൃത്വത്തില്‍ ഗില്‍ഗാലില്‍ താവളമടിച്ചു. അവര്‍ ആ ദേശത്തെ വിളവില്‍നിന്നു ണ്ടാക്കിയ അപ്പം ഭക്ഷിച്ചു. പിറ്റേന്നുമുതല്‍ മന്നാ വര്‍ഷിക്കാതായി. ഇസ്രായേല്‍ജനത്തിന് പിന്നീട് മന്നാ ലഭിച്ചില്ല (ജോഷ്വാ 5:12).
അവര്‍ പിന്നീട് കാനാന്‍ ദേശത്തെ ഫലങ്ങള്‍കൊണ്ട് ഉപജീവനം നടത്തിവന്നു. വിണ്ണില്‍നിന്നു വീണുകിട്ടിയിരുന്ന മന്നാ തിന്നു കഴിഞ്ഞവര്‍ അങ്ങനെ മണ്ണിന്റെ ഫലങ്ങള്‍ ആഹരിക്കുന്നവരായി. മണ്ണിലായിരിക്കുമ്പോഴും വിണ്ണിനെ മറക്കാത്തവരായിരിക്കണമെന്ന മനോഹരമായ ബോധ്യവും ഇതില്‍ ചാലിച്ചുചേര്‍ത്തിരിക്കുന്നതായി തോന്നാം.
വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ഭാഷയില്‍ ഒരു ക്രൈസ്തവന്‍ കാലുകൊണ്ട് ഭൂമിയില്‍ നടക്കണം. ഹൃദയംകൊണ്ട് സ്വര്‍ഗത്തിലായിരിക്കണം. സഭാപ്രസംഗകന്‍ എന്ന ഗ്രന്ഥത്തില്‍ പലവട്ടം ആവര്‍ത്തിക്കുന്നു, ''സൂര്യനു കീഴേ' 'സൂര്യനു താഴേ' എന്നീ പദക്കൂട്ടുകള്‍. 'മിഥ്യ' എന്ന പദവും പലവട്ടം ഇതില്‍ ആവര്‍ത്തിക്കുന്നു. 'സൂര്യനു കീഴേ' (മണ്ണില്‍ മാത്രം) കണ്ണുനട്ടുള്ള ജീവിതം മിഥ്യയാണ് നിരര്‍ത്ഥകമാണ് എന്ന് ഓര്‍മപ്പെടുത്തുന്നതുപോലെയുള്ള ഒരു ആവര്‍ത്തനം! തിരുവചനങ്ങള്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നു:
''ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല; പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍'' (കൊളോ. 3:1-2).
''ഉത്തമവും പൂര്‍ണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തില്‍നിന്ന് ... പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു'' (യാക്കോ. 1:17).
''ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുള്ളതും കാരുണ്യവും സദ്ഫലങ്ങളും നിറഞ്ഞതുമാണ്'' (യാക്കോ. 3:17).
ആദ്യം തേടേണ്ടത് 
ആദ്യം തേടുക
''നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും'' (ലൂക്കാ 12:31).
''നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം  നിങ്ങള്‍ക്കു ലഭിക്കും'' (മത്താ. 6:33)
''ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി, സര്‍വഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു'' (സങ്കീ. 34:14).
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല'' (സങ്കീ. 23:1).
''ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, ആരിലാണ് ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്ന് എനിക്കറിയാം'' (2തിമോ. 1:12).
ആദ്യം തേടേണ്ടത് ആദ്യം തേടുക. തേടേണ്ടതു തേടിയാല്‍ കിട്ടേണ്ടതു കിട്ടും. ചോദിക്കേണ്ടതു ചോദിച്ചാല്‍ ചോദിക്കാത്തതുംകൂടി ലഭിക്കും. ദാവീദ് രാജാവിന്റെയും ജ്ഞാനിയായ സോളമന്റെയും ജീവിതകഥകളില്‍ ഈ പരമാര്‍ത്ഥമുണ്ട്. ദാവീദ് ദൈവത്തിന് ഒരു ആലയം പണിയാന്‍ ആഗ്രഹിച്ചു. ആലയം നിര്‍മിച്ചത് ദാവീദ് അല്ലെങ്കിലും ആ ഒരു ആഗ്രഹത്തിന്റെ പേരില്‍, ഒരു നിമിഷത്തെ ദൈവവിചാരത്തില്‍ സംപ്രീതനായി ദൈവം ദാവീദിന്റെ ഭവനത്തെ അനുഗ്രഹിച്ചു. സോളമന്‍ ദൈവത്തോടു നന്മതിന്മകളെ തിരിച്ചറിഞ്ഞ് ജനത്തെ നയിക്കാനുള്ള ജ്ഞാനവും വിവേകവും മാത്രം ചോദിച്ചു. ആ ആഗ്രഹത്തില്‍ സംപ്രീതനായ ദൈവം സോളമന്‍ ചോദിക്കാത്തതുംകൂടി നല്കി അനുഗ്രഹിച്ചു.
ഖലീല്‍ ജിബ്രാന്റെ 'മനുഷ്യപുത്രനായ യേശു' എന്ന ഗ്രന്ഥത്തില്‍ സെബദിയുടെ പുത്രനായ യാക്കോബ് തന്റെ അനുഭവം പങ്കുവയ്ക്കുമ്പോള്‍ പറയുന്ന ഒരു ഭാഗം ഇപ്രകാരമാണ്:
ശിമയോന്‍ പത്രോസ് മുന്നോട്ടുവന്ന് ഇങ്ങനെ പറഞ്ഞു: ''ഇരുട്ടത്ത് ഞങ്ങളെ തനിച്ചുവിടരുതേ. നീ ഞങ്ങളോടുകൂടെയുണ്ടായാല്‍ പ്രഭാതം ഞങ്ങളെ വൈകാതെ കണ്ടെത്തും.'' യേശു പത്രോസിനോടു പറഞ്ഞു: ''...മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല. തീര്‍ച്ചയായും എനിക്കിന്നു തനിച്ചാകണം. എന്നാല്‍, നിങ്ങള്‍ക്കെന്നെ കാണണമെന്നു തോന്നിയാല്‍ ഞാന്‍ തടാകത്തിനരികെ കാണും.'' ഭാരിച്ച മനസ്സുകളോടെ ഞങ്ങളവനെ വിട്ടു നടന്നകന്നു. അവനെ വിട്ടുപോകാന്‍ ഞങ്ങള്‍ക്കു മനസ്സുണ്ടായിരുന്നില്ല. പല തവണ ഞങ്ങള്‍ തിരിഞ്ഞുനിന്ന്  അവനെ നോക്കി. അവന്റെ ഏകാന്തതയില്‍ അവനെ തിരിഞ്ഞു നോക്കാത്തതായി ഞങ്ങളുടെ കൂട്ടത്തില്‍ യൂദാസ് സ്‌കറിയോത്താ മാത്രമേയുണ്ടായിരുന്നുള്ളൂ

 

Login log record inserted successfully!