കൊവിഡ് മഹാമാരിയൂതിക്കെടുത്തിയ
സോദരമാനവദീപങ്ങളേ,
തോറ്റുപോകാതെ ചെറുത്തുനിന്നെങ്കിലും,
പോര്‍ക്കളത്തില്‍ മൃതരായവരേ,
ശോഭനഭാവിതന്‍ സ്വപ്നമലരുകള്‍
കോര്‍ത്തു നിങ്ങളെത്ര മാലകെട്ടി!
മോഹങ്ങളെല്ലാമൊരു ക്ഷണം വ്യാധിയാം
ചോരനണഞ്ഞു കവര്‍ന്നുവല്ലേ?
രോഗശയ്യയിലെ നിങ്ങള്‍തന്‍ മൂകമാം
രോദനം കേള്‍ക്കാതെ കേട്ടു ഞങ്ങള്‍.
ലോലമാം ഞങ്ങള്‍തന്‍ ചങ്കിലാവേദന
കോറിയിട്ടായിരം വിങ്ങലുകള്‍.
മോദമോടേ നിന്ന ഭൗമമുഖത്തിനു
ശോകഭാവം നല്കി മാഞ്ഞു നിങ്ങള്‍.
കോമളമാം നിങ്ങള്‍തന്‍ മുഖങ്ങളൊരു-
നോക്കുകാണാന്‍ ഞങ്ങള്‍ക്കിന്നു മോഹം.
മോക്ഷഭാഗ്യമേകുമീശ്വരന്‍ നിങ്ങള്‍തന്‍
ദോഷങ്ങളേതും പൊറുത്തിടട്ടെ.
ദ്യോവിലെ വാസികള്‍ക്കൊപ്പമനശ്വര-
ജ്യോതികളായ് നിങ്ങള്‍ മിന്നിടട്ടെ.
ലോകം വെടിഞ്ഞു ഞങ്ങള്‍ക്കുമുമ്പേ നിങ്ങള്‍
പോയെങ്കിലുമങ്ങു സ്വര്‍ഗനാട്ടില്‍
തോരണം ചാര്‍ത്തിയ കൂടാരങ്ങളില്‍ നാള്‍-
തോറും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ.
ദ്രോഹികള്‍ വൈറസുകള്‍ നിര്‍ദയം കര-
ഘോഷം മുഴക്കിപ്പരിഹസിച്ചു.
കോട്ട കെട്ടി നിന്നവയിന്നും ലോകരെ
ഗോഷ്ടി കാട്ടി ഭീതിയേറ്റിടുന്നു.
കോടമഞ്ഞുപോല്‍ പടര്‍ന്ന ദീനം ശ്വാസ-
കോശങ്ങളെത്രയോ കാര്‍ന്നുതിന്നു!
ലോപമില്ലാതെ വളരുമതിനിന്നും
പോരാത്തതത്രേ വൈദ്യങ്ങളൊന്നും.
ചോദ്യമിന്നുമുയരുന്നീ ഗതിക്കൊരു-
മോചനമെന്നു കൈവന്നുചേരും?
നോവുകളൊക്കെയും നീങ്ങിയീ ദുരിതഭൂ-
ഗോളമെന്നു പൂര്‍വസ്ഥിതിയിലാകും?
കോവിലാം ഹൃത്തില്‍ നിങ്ങള്‍ക്കായനുദിനം
ഹോമമണയ്ക്കുന്നൂ സോദര്‍ ഞങ്ങള്‍.
കോടിപ്രണാമങ്ങളര്‍പ്പിച്ചിടുന്നു കണ്‍-
പോളകള്‍ കവിയും സന്താപമോടേ.
കോലാഹലങ്ങള്‍തന്‍ നടുവിലീ പ്രപഞ്ച-
കോണിലുള്ള ഞങ്ങള്‍തന്‍ മാനസ-
കോകിലങ്ങള്‍ മൂളുമീസ്തുതിഗീതകം
വ്യോമസീമകളില്‍ മുഴങ്ങിടട്ടെ.