•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

വരയാട്

പൂര്‍വയിനം കാട്ടാടാണ് വരയാട്. കേരളത്തിലെ പശ്ചിമഘട്ടമുള്‍പ്പെടെ ലോകത്തില്‍ രണ്ടോ മൂന്നോ പ്രദേശങ്ങളില്‍ മാത്രമേ വരയാടുകള്‍ കാണപ്പെടുന്നുള്ളൂ. കേരളത്തിലെ ഇരവികുളം നാഷണല്‍ പാര്‍ക്ക് വരയാടുകളുടെ ആവാസകേന്ദ്രമാണ്. ഇവിടെ ആയിരത്തോളം വരയാടുകള്‍ ഉണ്ടെന്നു കണക്കുകള്‍ പറയുന്നു. കൂടാതെ, തിരുവനന്തപുരത്തുള്ള പൊന്മുടി വനമേഖലയിലും സൈലന്റ് വാലിയിലും വരയാടുകളെ കാണാം.
ഇവ ഹിമാലയന്‍ വരയാടുകളുടെ ബന്ധുക്കളാണ്. ഹിമാലയത്തില്‍ കാണുന്നയിനം വരയാടുകള്‍ക്കുള്ള ജട നമ്മുടെ വരയാടുകള്‍ക്കില്ല. പാറക്കെട്ടുകളില്‍നിന്നു പാറക്കെട്ടുകളിലേക്ക് അനായാസം ഇവ സഞ്ചരിക്കുന്നു. ചാടാനും ഓടാനും നല്ല മികവ്. മേയുമ്പോള്‍ പ്രായമുള്ള ഒരാട് ശത്രുക്കളെ നിരീക്ഷിച്ചുകൊണ്ടു നില്ക്കുന്നു. അപകടം മണത്താല്‍ ഉടനെ ശബ്ദസൂചന കൊടുക്കുന്നു. തല്‍ക്ഷണം എല്ലാവരും കൂട്ടമായി സ്ഥലംവിടുന്നു.
ചാരനിറം കലര്‍ന്ന തവിട്ടുനിറമാണ് വരയാടിന്. കഴുത്തിലും വയറിന്റെ അടിഭാഗത്തും വെള്ളനിറം. വരയാടിന്റെ കൊമ്പില്‍ മോതിരവളയങ്ങള്‍ അടുക്കിവച്ചിരിക്കുന്നതുപോലെ വരകള്‍ കാണപ്പെടുന്നു. ആദ്യകാഴ്ചയില്‍ ഇവ നമ്മുടെ നാട്ടാടു തന്നെയെന്നു തോന്നും. ചെറിയ വാലും വരകളുള്ള വളഞ്ഞ കൊമ്പും വരയാടിനെ വ്യത്യസ്തമാക്കുന്നു.
പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍വരയാടിന് ഒരു മീറ്ററോളം ഉയരം വരും. 100 കിലോഗ്രാം വരെ തൂക്കമുള്ളതിനെ കണ്ടെത്തിയിട്ടുണ്ട്. കൊമ്പ് ആണിനും പെണ്ണിനുമുണ്ട്. പിന്നോട്ട് വളഞ്ഞതാണ് കൊമ്പ്. ആണിന്റെ കൊമ്പുകള്‍ക്കു പെണ്ണിന്റെതിനേക്കാള്‍ നീളമുണ്ട്. മലമുകളിലെ പുല്‍മേടാണ് ഇവയുടെ താവളം. സാധാരണമായി ഒരു കൂട്ടത്തില്‍ അമ്പതോ അതില്‍ക്കൂടുതലോ എണ്ണമുണ്ടാവും. കൂട്ടംവിട്ടുപോവുക അപൂര്‍വമാണ്. മനുഷ്യനോട് ഇണങ്ങുന്ന മാന്‍വര്‍ഗമാണിത്.
നീലഗിരി താര്‍, നീലഗിരി ഐബക്‌സ്, മൗണ്ടന്‍ ഗോട്ട് എന്നൊക്കെ പേരുകളുണ്ട്. വരയാടിന്റെ ശാസ്ത്രനാമം ഹെമിട്രാഗസ് ഹൈലോക്രിയസ് (ഒലൃാശൃേമഴൗ െവ്യഹീരൃശൗ)െ എന്നാണ്.

 

Login log record inserted successfully!