•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലോകം കൈകൂപ്പുന്ന മഹാവൈദ്യന്‍

ആയുര്‍വേദമഹാചാര്യന്‍ പദ്മഭൂഷന്‍ 
ഡോ. പി.കെ. വാരിയര്‍ നൂറിന്റെ നിറവില്‍

രോഗികളോടല്ല; രോഗത്തോടു നേരിട്ടു സംസാരിച്ച് രോഗം ശമിപ്പിക്കുന്ന അദ്ഭുതവിദ്യ അറിയാവുന്ന അപൂര്‍വം വൈദ്യന്മാരിലൊരാള്‍- അതാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ അമരക്കാരന്‍ ഡോ. പി. കെ. വാരിയര്‍. 
ആയുര്‍വേദത്തിന്റെ മഹത്ത്വവും സംസ്‌കാരവും ലോകത്തിന്റെ നിറുകയില്‍ വരച്ചിട്ട കര്‍മയോഗിയാണ് ഡോ. പി. കെ. വാരിയര്‍. ആയുര്‍വേദം ആയുസ്സിന്റെകൂടി വേദമാണെന്ന് തന്റെ ജീവിതത്തിലൂടെ ലോകത്തിനു കാട്ടിക്കൊടുക്കാന്‍ ഡോ. പി. കെ. വാരിയര്‍ക്കു കഴിഞ്ഞു. 
തന്റെ അടുത്തു വരുന്നവരോടു കുശലം ചോദിച്ചുകൊണ്ടാണ് വാരിയര്‍ ചികിത്സയിലേക്കു കടക്കുന്നത്. കുശലാന്വേഷണം ചിലപ്പോള്‍ നീണ്ടെന്നുവരാം. പക്ഷേ, അതില്‍ പരിഭവിക്കേണ്ടതില്ല. കാരണം, അദ്ദേഹം സംസാരിക്കുന്നത് നിങ്ങളുടെ ഉള്ളിലെ രോഗത്തോടാണ്. കുശലാന്വേഷണത്തിനിടയില്‍ നിങ്ങളില്‍ കയറിക്കൂടിയിരിക്കുന്ന രോഗാവസ്ഥയെ അദ്ദേഹം കണ്ടെത്തുകയും മരുന്നു നിശ്ചയിക്കുകയും ചെയ്യും. അപൂര്‍വമായി മാത്രം ലഭിക്കുന്ന ഈ സിദ്ധി നേടിയെടുത്ത ചുരുക്കം ചില ഡോക്ടര്‍മാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ള പേര് പി.കെ. വാരിയരുടേതുതന്നെയാണ്. 
ആയുര്‍വേദമരുന്നുകളുടെ സിദ്ധി മനപ്പാഠമാക്കിയ അദ്ദേഹത്തിനു തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണുള്ളത്. വേദനയോടെ തന്റെ മുന്നിലെത്തുന്നവര്‍ തിരിച്ചുപോകുന്നത് സന്തോഷത്തോടെയാകണമെന്നു വാരിയര്‍ക്കു നിര്‍ബന്ധമുണ്ട്. ചികിത്സയിലും മരുന്നിലും കൃത്രിമം കാട്ടുന്നത് വൈദ്യവൃത്തിക്കു നിരക്കുന്നതല്ല എന്ന വലിയ പാഠം ലോകത്തെ പഠിപ്പിച്ച മഹാനാണ് പി. കെ. വാരിയര്‍. ആതുരസേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ രാജ്യം പദ്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ ബഹുമതികള്‍ നല്‍കി ആദരിച്ചു. 
വ്യത്യസ്തമായ ചികിത്സാരീതി 
ആയുര്‍ എന്നാല്‍ ജീവിതമെന്നും വേദം എന്നാല്‍ അറിവെന്നുമാണ് അര്‍ത്ഥം. നൂറാമത്തെ വയസ്സിലും ആയുര്‍വേദത്തെക്കുറിച്ചു പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് ഡോ. പി. കെ. വാരിയര്‍. ആയുര്‍വേദത്തെ അടിസ്ഥാനമാക്കി നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയ വ്യക്തിയാണ് വാരിയര്‍. ആയുര്‍വേദത്തിന്റെ പരമപ്രധാനമായ രണ്ടു ഘടകങ്ങളാണ് ചികിത്സയും പഥ്യവും. ഇവ രണ്ടും കൃത്യമായെങ്കില്‍ മാത്രമേ വൈദ്യനു രോഗത്തെ പിടിച്ചുകെട്ടാനാവു. ഇക്കാര്യങ്ങളില്‍ കര്‍ക്കശക്കാരനായ വൈദ്യനായിരുന്നു വാരിയര്‍.
ആദ്യം വിപ്ലവകാരി പിന്നീട് മഹാവൈദ്യന്‍
1921 ല്‍ തലപ്പണത്ത് ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചി വാരസ്യാരുടെയും ആറു മക്കളില്‍ ഇളയവനായാണ് പന്നിയമ്പള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്ന പി. കെ. വാരിയരുടെ ജനനം. പി. കെ. വാരിയര്‍ക്കു സംഭവബഹുലമായ ഒരു ഭൂതകാലമാണുള്ളത്. പിന്നിട്ട വര്‍ഷങ്ങളില്‍ അദ്ദേഹം നടക്കാത്ത വഴികളില്ല. സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകാനും വാരിയര്‍ യൗവനകാലം മാറ്റിവച്ച ചരിത്രവുമുണ്ട്. സാധാരണക്കാര്‍ക്കായി ശബ്ദിക്കാന്‍ ചെറുപ്പത്തില്‍ പഠനമുപേക്ഷിച്ച പി. കെ. വാരിയര്‍,  1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കാനായി വീടുവിട്ട് വിപ്ലവകാരിയായി. മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു കുറെക്കാലം. ഒളിവിലുള്ള നേതാക്കള്‍ക്കു രഹസ്യസന്ദേശമെത്തിക്കലും ഫാസിസ്റ്റ് വിരുദ്ധപ്രചാരണവുമായിരുന്നു അന്നത്തെ പ്രധാന ജോലി. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാക്കളെയെല്ലാം പരിചയപ്പെടുന്നത് ഇക്കാലത്താണ്. പാരമ്പര്യത്തിലേക്കു തിരിച്ചുവരണമെന്ന ബോധ്യമുണ്ടായപ്പോള്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ സാധാരണക്കാരനായ ഫാക്ടറി മാനേജറായി, തുടര്‍ന്ന് ചരിത്രനേട്ടങ്ങളിലേക്കു നയിച്ച അമരക്കാരനായി, ഇന്ന് ലോകം കൈകൂപ്പുന്ന മഹാവൈദ്യനായി. 
വിശ്വാസ്യതയാണ് ഏറ്റവും വലിയ ഔഷധം
രോഗിക്കു വൈദ്യനോടും വൈദ്യനു രോഗിയോടുമുള്ള വിശ്വാസ്യതയാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന പ്രധാന ഔഷധം. ഒരു മനുഷ്യനെ സ്വാസ്ഥ്യത്തിലേക്കു നയിക്കാന്‍ ആയുര്‍വേദത്തോളം വലിയ ചികിത്സാസമ്പ്രദായങ്ങളില്ലെന്നും യോഗ, ആയുര്‍വേദവിധിപ്രകാരമുള്ള ജീവിതശൈലി ആയുസ്സിനെ വര്‍ദ്ധിപ്പിക്കുമെന്നും ഡോ. പി.കെ. വാരിയര്‍ പറയുന്നു. വേണ്ട സ്ഥലത്തും കൃത്യമായും ഫലപ്രദമായും ദീര്‍ഘനാളത്തേക്കും ഫലിക്കുന്ന ഔഷധമാണ് ആയുര്‍വേദത്തിലുള്ളത്. 
കോട്ടയ്ക്കലിന്റെ വളര്‍ച്ച വാരിയരിലൂടെ
1953 ലാണ് പി. കെ. വാരിയര്‍ ആര്യവൈദ്യശാലയുടെ സാരഥ്യമേറ്റെടുക്കുന്നത്. അന്ന് ഒന്‍പതുലക്ഷം രൂപ മാത്രമായിരുന്നു ആര്യവൈദ്യശാലയുടെ വാര്‍ഷികവരുമാനമെങ്കില്‍ ഇന്നത് 400 കോടി രൂപയ്ക്കു മുകളിലാണ്. രണ്ടായിരത്തിലധികംപേര്‍ ഇവിടെ നേരിട്ടു ജോലി ചെയ്യുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കോട്ടയ്ക്കലിനു ശാഖകളുണ്ട്. പ്രതിവര്‍ഷം അഞ്ചുലക്ഷത്തിലധികം രോഗികള്‍ക്കു സൗഖ്യമേകുന്ന ആതുരസേവനം, ധര്‍മാശുപത്രിയിലെ അലോപ്പതിശാഖ, റിസര്‍ച്ച് വാര്‍ഡ്, ഔഷധത്തോട്ടം, ആയുര്‍വേദഗവേഷണകേന്ദ്രം, പ്രസിദ്ധീകരണവിഭാഗം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)