നിരുപാധികസ്‌നേഹത്തിനു മാത്രമേ ജീവിതത്തിലനുഭവപ്പെടുന്ന ശൂന്യാവസ്ഥയെ സര്‍ഗാത്മകവും സന്മാര്‍ഗനിഷ്ഠവുമായ മൂല്യങ്ങളുടെ സംഭരണിയാക്കി മാറ്റാനാവൂ.
മാനവചരിത്രത്തിലെ വിവിധ മേഖലകളില്‍ 'മഹാന്മാര്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന വിജ്ഞാനികളും തത്ത്വചിന്തകന്മാരും കലാകാരന്മാരും ശാസ്ത്രജ്ഞരും കണ്ടെത്തിയ പൊതുജീവിതാനുഭവമാണ് മനുഷ്യജീവിതത്തിന്റെ ''സത്തസ്വഭാവം'' (Being) ''അപൂര്‍ണമാണ്'' എന്നത്. ഇപ്പോളുള്ളതിനെക്കാള്‍ വലിയ ഒന്നിനുവേണ്ടിയുള്ള തൃഷ്ണ നരജന്മത്തെ അസ്വസ്ഥമാക്കുന്നുണ്ട്. പൂര്‍ണതയ്ക്കുവേണ്ടിയുള്ള മനുഷ്യന്റെ അഭിവാഞ്ഛ മനുഷ്യജീവിതത്തിന്റെ അര്‍ത്ഥംതേടിയുള്ള അലച്ചിലിലേക്കു നയിക്കാം. അനുഭവിച്ചുതീര്‍ത്ത സുഖസന്തോഷങ്ങളില്‍ മനംമടുത്ത് പുതിയ അനുഭൂതികള്‍ തേടിയുള്ള പ്രയാണങ്ങളാകാം, സ്വന്തം സ്വത്വം സാക്ഷാത്കരിക്കാനാവാത്തതിലുള്ള അസ്തിത്വദുഃഖത്തിലാഴ്ത്താം. ഇവയില്‍ ഒന്നോ അതിലധികമോ ഒരുവന്റെ സ്വസ്ഥതയെ ഇല്ലാതാക്കാം. എന്തെല്ലാം നേടിയെടുത്താലും സ്ഥായിയായ എന്തോ ഒന്നിന്റെ കുറവ് പലരുടെ ജീവിതത്തിലും ഒരു ''ശൂന്യസ്ഥലം'' (Vaccum)) സൃഷ്ടിക്കുന്നുണ്ട്.
പ്രകൃത്യാ ശൂന്യസ്ഥലത്തിനു സ്ഥിരതയില്ല. ശൂന്യതയെ ഇല്ലായ്മ ചെയ്യാനുള്ള പ്രവണത സഹജമാണ്. ജീവിതത്തിലനുഭവപ്പെടുന്ന ശൂന്യത നികത്താനായി പലപ്പോഴും തിരഞ്ഞെടുക്കുന്നത് വിനാശകരവും തികച്ചും ഋണാത്മകവുമായ വഴികളാണ്. ദ്രവ്യാഗ്രഹം (വിഗ്രഹാരാധനതന്നെയായ ദ്രവ്യാഗ്രഹം), അധികാരമോഹം, ജഡികാസക്തി, വൈര്യനിര്യാതനപ്രവണത, മദ്യാസക്തി, മയക്കുമരുന്നുകളോടുള്ള അടിമത്തം, നൈരാശ്യം, അവസാനം ആത്മഹത്യാപ്രവണത.
ഇഹലോകജീവിതത്തോടുള്ള വികലമായ വീക്ഷണങ്ങളും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള കുത്സിതപ്രവൃത്തികളും നമ്മുടെ മനോവ്യാപാരങ്ങളെ വിഷാദകലുഷിതമാക്കാറുമുണ്ട്. ജീവിതത്തിലുരുത്തിരിയുന്ന ശൂന്യത, പല വ്യക്തികളെയും ലൗകികഭ്രമങ്ങളിലൂടെ ലഭിക്കുന്ന ചില സുഖാസക്തികളുടെ ആരാധകരാക്കുന്നു. ഉദാഹരണം, ദ്രവ്യാസക്തി. ദ്രവ്യം ആരാധനാമൂര്‍ത്തിയാകുമ്പോള്‍ വ്യക്തി ദ്രവ്യത്തിന്റെ ഉപാസകനാകുന്നു. ഉപാസന ആരാധനയിലേക്കും ആരാധന അടിമത്തത്തിലേക്കും നയിക്കുന്ന സ്വഭാവരൂപാന്തരീകരണത്തിന് (metamorphosis) ഇടയാക്കുന്നു.
''പത്തുകിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കൈയിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്ചര്യമെന്നതും
ആശയാകുന്ന പാശമതിങ്കേന്ന്
വേറിടാതെ കരേറുന്നു മേല്‍ക്കുമേല്‍.''
ആസക്തികള്‍ അടിത്തട്ടില്ലാത്ത കൂപമാണ്. എത്ര പകര്‍ന്നാലും നിറയാത്ത പൊട്ടക്കിണറാണ്. ജഡികാസക്തി, അധികാരഭ്രമം, മദ്യാസക്തി... ഇവയൊന്നും മനുഷ്യമനസ്സിനെ പൂര്‍ണസംതൃപ്തിയിലേക്കു നയിക്കുന്നില്ല. സംസ്‌കൃതഭാഷയില്‍ പത്തുകോടി എന്ന സംഖ്യയ്ക്ക് 'അര്‍ബുദം' എന്ന സംജ്ഞയാണുപയോഗിക്കുന്നത്. എത്ര അര്‍ത്ഥപുഷ്‌കലമാണ് ആ നാമം. ജീവകോശങ്ങള്‍ അമിതമായും അനാവശ്യമായും പെരുകുന്നതാണ് അര്‍ബുദം അഥവാ ക്യാന്‍സര്‍. അര്‍ബുദത്തിന്റെ പരിണതഫലം മരണം. അതുതന്നെയാണ് വ്യക്തിജീവിതത്തിലെ ആസക്തികള്‍ അര്‍ബുദമായിത്തീരുന്നതിന്റെ പരിണാമസിദ്ധിയും.
ജീവിതത്തില്‍ അനുഭവപ്പെടുന്ന ശൂന്യതയിലേക്കു പകര്‍ന്നുനിറയ്ക്കാവുന്ന ഒന്നേയുള്ളൂ-സ്‌നേഹം. മറ്റൊന്നിനും പകരം നില്ക്കാനാവാത്ത സര്‍ഗാത്മകഗുണങ്ങള്‍ മാത്രമുള്ള പുണ്യമാണ് സ്‌നേഹം. 'സ്‌നേഹമാണഖിലസാരമൂഴിയില്‍'. മനുഷ്യവ്യക്തികളിലേക്ക് അതിരുകളില്ലാത്ത, അളവുകളില്ലാത്ത സ്‌നേഹം പകര്‍ന്നുനല്കുമ്പോള്‍ കൊടുത്തതിലേറെ സ്‌നേഹം തിരിച്ചുകിട്ടും. കത്തോലിക്കാവിശ്വാസമനുസരിച്ച് സ്‌നേഹോന്മുഖരായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് (ordered to love).
നിരുപാധികസ്‌നേഹത്തിനു മാത്രമേ ജീവിതത്തിലനുഭവപ്പെടുന്ന ശൂന്യാവസ്ഥയെ സര്‍ഗാത്മകവും സന്മാര്‍ഗനിഷ്ഠവുമായ മൂല്യങ്ങളുടെ സംഭരണിയാക്കി മാറ്റാനാവൂ. സ്‌നേഹം സ്വീകരിച്ച്, സ്‌നേഹം നല്കി സംതൃപ്തജീവിതം സംപ്രാപ്യമാക്കുക. പരിശുദ്ധനായ ദൈവം, ആ സ്‌നേഹമാണ് പ്രപഞ്ചസൃഷ്ടിക്കു നിദാനമാക്കിയത്. പരസ്പരം സ്‌നേഹിക്കുന്നതിനാണ് ദൈവം തന്റെ രൂപസാദൃശ്യങ്ങളില്‍ മനുഷ്യരെ സൃഷ്ടിച്ചത്. സ്‌നേഹം അഹം കേന്ദ്രീകൃതമാകുമ്പോള്‍ ((self centred) അതിനെ സ്‌നേഹമെന്നു വിളിക്കാനാവില്ല. അതു കേവലം സ്വാര്‍ത്ഥതയാണ്. സ്‌നേഹം പൂര്‍ണത പ്രാപിക്കുന്നത് അപരനിലൂടെയാണ് (other centred)
ഒരുവന്‍ തന്റെ സ്വകീയസുഖശീതളിമയുടെ ആശ്വാസമേഖലയ്ക്കു(comfort zone) പുറത്തേക്കു സ്വയംപ്രേരിതരായി കടന്നാല്‍ മാത്രമേ അപരന്റെ 'ഇല്ലായ്മ'കളിലേക്കു പരസ്‌നേഹത്തിന്റെ സ്‌നിഗ്ധസുഖം പകര്‍ന്നുനല്കാനാവൂ. അപ്പോഴാണ് സ്‌നേഹം ദൈവികപുണ്യമായി മാറുന്നത്. ദൈവം തന്റെ ഏകജാതന്റെ സ്വയംശൂന്യവത്കരണത്തിലൂടെ വെളിപ്പെടുത്തിയത് ദിവ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയാണ്: മനുഷ്യാവതാരവും രക്ഷാകരദൗത്യവും.
അതിരുകളില്ലാത്ത, അളവുകളില്ലാത്ത സ്‌നേഹം വാഗ്ദാനം ചെയ്യുന്ന ഒരു തത്ത്വസംഹിതയേയുള്ളൂ: അതു ക്രിസ്തുമതമാണ്. വാഗ്ദാനം നിറവേറ്റിക്കൊണ്ട്, സ്‌നേഹം പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയേയുള്ളൂ: അതു ക്രിസ്തുവാണ്. ക്രിസ്തുസ്‌നേഹംതന്നെയായ പൂര്‍ണദൈവവും പൂര്‍ണമനുഷ്യനുമാണ്.
അനന്തമായ, അപരിമേയമായ സ്‌നേഹത്തിന്റെ സമൂര്‍ത്തരൂപമാണ് നസ്രസിലെ യേശു. യേശുവിന്റെ ഇഹലോകജീവിതം വെളിപ്പെടുത്തിയ സ്‌നേഹസാക്ഷ്യങ്ങളാണ് നമ്മുടെ ജീവിതയാത്രയുടെ റോഡ്മാപ്പ്.
'ഞാനാണ് വഴിയും സത്യവും ജീവനും', 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്നീ ക്രിസ്തുമൊഴികള്‍ ജീവിതസാക്ഷാത്കാരത്തിന്റെ അച്ചാരമാണ്; ഇഹത്തിലെയും പരത്തിലെയും.