രണ്ടാം പിണറായി സര്‍ക്കാരിന്റെ തലമുറ മാറ്റത്തില്‍ തലയെടുപ്പോടെ ഒരു കേരളാ കോണ്‍ഗ്രസുകാരനുമുണ്ട് - ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാലായില്‍ പയറ്റിത്തെളിഞ്ഞ്, ഇടുക്കിയില്‍ കൊടിനാട്ടിയ ഇദ്ദേഹം കെ.എം. മാണിയെപ്പോലെ അധ്വാനവര്‍ഗത്തെ അടുത്തറിഞ്ഞയാളാണ്. പുതിയ സ്ഥാനലബ്ധിയില്‍ ആത്മാര്‍ത്ഥത സ്ഫുരിക്കുന്ന വാക്കുകളുമായി, വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ റോഷി അഗസ്റ്റിന്‍ ദീപനാളത്തോടു പങ്കുവയ്ക്കുന്നു.
? ജലവിഭവവകുപ്പ് മന്ത്രിയെന്ന നിലയില്‍ ജനസേവനത്തിന്റെ പുതിയ മുഖം. പുതിയ ദൗത്യത്തെ എങ്ങനെ നോക്കിക്കാണുന്നു.
എല്ലാ ദൗത്യവും പ്രധാനപ്പെട്ടതാണ്. സര്‍ക്കാര്‍നയങ്ങള്‍ക്കനുസൃതമായി മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ മാനിച്ച് നേരിന്റെമാര്‍ഗത്തില്‍ ജനകീയവിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണം. സംസ്ഥാനസര്‍ക്കാരെന്നത് വലിയ കൂട്ടുത്തരവാദിത്വമാണ്. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണം.
എല്ലാവര്‍ക്കും ശുദ്ധജലം നല്‍കുക എന്നതാണു പ്രധാന ലക്ഷ്യം. തീരദേശവിഷയങ്ങള്‍ക്കു പരിഹാരം കാണേണ്ടതുണ്ട്. കായല്‍, കടല്‍ത്തീരങ്ങളില്‍ താമസിക്കുന്നവര്‍ മഴക്കാലത്തു വീടുവിട്ടു പോകേണ്ടിവരുന്നതിനു പരിഹാരമുണ്ടാകണം. വ്യക്തമായ സാങ്കേതികപരിജ്ഞാനത്തിലൂടെ ആധുനികരീതിയില്‍ ഈ പ്രശ്നം പരിഹരിക്കണം. ഇതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ചെല്ലാനത്ത് 16 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് അനുവദിച്ചു ലക്ഷ്യമിടുന്നത്.
? രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു തലമുറമാറ്റം പ്രകടമാണല്ലോ?
മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണപരമായി നല്ല ഗ്രാഹ്യമുള്ള വ്യക്തിയാണ്. മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും കാഴ്ചപ്പാടിനനുസരിച്ച് മുന്നേറാന്‍ പരിശ്രമിക്കും. ജനഹിതത്തിനനുസൃതമായ നല്ല ഭരണം എന്നതാണു ലക്ഷ്യം.
ഏതു രംഗത്തും പ്രധാനം കാഴ്ചപ്പാടുകളാണ്. കാഴ്ചപ്പാടിനനുസരിച്ച് ഭരണത്തെ ക്രമപ്പെടുത്തുക. നല്ല ഉദ്യോഗസ്ഥസാന്നിദ്ധ്യവും സംസ്ഥാനത്തുണ്ട്. പരസ്പരാലോചനയുടെയും ബന്ധത്തിന്റെയും അടിസ്ഥാനത്തില്‍ വികസനത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്താനാണ് ഞാന്‍ പരിശ്രമിക്കുന്നത്.
? രണ്ടു പതിറ്റാണ്ടിലേറെ നീണ്ട യുഡിഎഫ്ബന്ധത്തില്‍നിന്ന് എല്‍ഡിഎഫിലേക്കെത്തിയതിനെക്കുറിച്ച്.
തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഞാന്‍ രാഷ്ട്രീയം കാണുന്നത്. യുഡിഎഫ് എംഎല്‍എ ആയിരുന്നപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെന്ന പേരില്‍ ഒരിക്കലും ആരെയും മാറ്റിനിറുത്തിയിട്ടില്ല. പൊതുവിഷയങ്ങളില്‍ മുന്നണിസ്വഭാവം പാടില്ലെന്ന നിലപാടാണുള്ളത്. ജനത്തെയാണ് എനിക്കു വിശ്വാസം. അതിനാല്‍ രാഷ്ട്രീയപരമായി അന്തരം ഇല്ല. ദൈവത്തിന്റെ കരുതലാണ് ജയപരാജയങ്ങള്‍. കര്‍ത്താവില്‍ ആശ്രയിക്കുന്നവന് എല്ലാം നന്മയ്ക്കായി ഭവിക്കും.
? കേരളാകോണ്‍ഗ്രസ്-എമ്മിന്റെ രാഷ്ട്രീയനിലപാടുകളെക്കുറിച്ച്.
പൊതുസമൂഹത്തിനു പരക്കെ സ്വീകാര്യനായിരുന്ന, അരനൂറ്റാണ്ടുകാലം നിസ്തുലമായ സംഭാവനകള്‍ നല്‍കിയ കെ.എം മാണിസാറിന്റെ പ്രസ്ഥാനത്തെയും അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ. മാണിയെയും യുഡിഎഫില്‍നിന്നു പുറത്താക്കിയതു സൃഷ്ടിച്ച വേദന ചെറുതായിരുന്നില്ല. വിഷയത്തില്‍ ആദ്യം പ്രതികരിച്ചത് ഞാനായിരുന്നു. മനസ്സ് അത്രയും വേദനിച്ചു. ഒരുമിച്ച് യാത്ര ചെയ്ത ഒരാളെ വഴിയില്‍ ഇറക്കിവിട്ടതുപോലുള്ള അനുഭവം. കോട്ടയം ജില്ലാപഞ്ചായത്തിലെ ഒരു സ്ഥാനത്തെ ചൊല്ലി സംസ്ഥാനരാഷ്ട്രീയത്തില്‍ ഇത്തരത്തിലൊരു വിഷയം ഉദയം ചെയ്യാന്‍ പാടില്ലായിരുന്നു. കേരളാ കോണ്‍ഗ്രസ്-എം മുന്നണിയില്‍ വേണ്ടെന്ന യുഡിഎഫ് നിലപാട് ഏറെ വേദനിപ്പിച്ച സാഹചര്യത്തില്‍ ഞങ്ങള്‍ ഏറെ ആലോചനകള്‍ നടത്തി. പാര്‍ട്ടിയുടെ നിലപാടുകള്‍ക്കനുസൃതമായി രാഷ്ട്രീയഗവേഷണങ്ങള്‍ നടന്നു. പാര്‍ട്ടിയുടെ അടിസ്ഥാനമുഖമായ കേരളത്തിലെ കര്‍ഷകസമൂഹത്തിന്റെ നിലനില്പും വളര്‍ച്ചയും ക്ഷേമപദ്ധതികളും ചര്‍ച്ചചെയ്യപ്പെട്ടു. 'പുതിയ കേരളം' എന്ന ചരല്‍ക്കുന്ന് ക്യാമ്പ് തീരുമാനം നടപ്പിലാക്കി. എല്‍ഡിഎഫ് ഉയര്‍ത്തുന്ന കാര്‍ഷികനിലപാടുകള്‍ക്കും മതേതര കാഴ്ചപ്പാടിനുമൊപ്പം പാര്‍ട്ടി നിലകൊണ്ടു. പഞ്ചായത്ത് - നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അതിന്റെ ഫലം കണ്ടു.
? മന്ത്രിയെന്ന നിലയില്‍ സ്വന്തം മണ്ഡലത്തിനുള്ള സ്ഥാനം.
മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തുല്യനീതിയും സേവനവും നല്‍കേണ്ടതുണ്ട്. മന്ത്രിയാണെങ്കിലും എം.എല്‍.എ. എന്ന നിലയില്‍ ഇടുക്കിയോട് കടപ്പാടുണ്ട്, സ്‌നേഹമുണ്ട്.
? ഇടുക്കിയില്‍ നടത്തിയ വികസനമുന്നേറ്റങ്ങള്‍ ഏറെയാണല്ലോ.
2001 ലാണ് ആദ്യം എം.എല്‍.എ. ആയി ഇടുക്കിയിലെത്തുന്നത്. 2011 ലെ ബജറ്റില്‍ മലയോരമേഖലയ്ക്കു സ്വന്തമായി മെഡിക്കല്‍ കോളജ് നേടി നല്‍കാനായി. ഇപ്പോള്‍ കൊവിഡ് പ്രതിസന്ധിയില്‍ ഈ ആശുപത്രി നല്‍കുന്ന സേവനം ചെറുതല്ല. കെട്ടിടസമുച്ചയങ്ങള്‍ കാണണം. സി.ടി. സ്‌കാന്‍ ഉള്‍പ്പെടെ എന്തെല്ലാം സൗകര്യങ്ങള്‍. ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണിപ്പോള്‍. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും വലിയ മുന്നേറ്റമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഇടുക്കിക്ക് താലൂക്കില്ലാതിരുന്നതിനു പരിഹാരമായി. ഇടുക്കി ആര്‍ച്ച്ഡാമിന്റെ രണ്ടു വശങ്ങള്‍ രണ്ടു താലൂക്കുകളിലായിരുന്നു; ഉടുമ്പന്‍ചോല, തൊടുപുഴ താലൂക്കുകളില്‍. സപ്ലൈ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. കട്ടപ്പനയില്‍ സംസ്ഥാനത്തുതന്നെ മനോഹരമായ നഗരസഭയെത്തി. യാത്രാസൗകര്യങ്ങള്‍ എത്രയോ വര്‍ധിപ്പിച്ചു.
ചിന്നാര്‍, മേലേചിന്നാര്‍, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍, കനകപ്പുഴ, പെരിയാര്‍കുട്ടി എന്നിങ്ങനെ കരിമ്പന്‍ പാലംവരെ യാഥാര്‍ത്ഥ്യമായി. ഉന്നതവിദ്യാഭ്യാസരംഗത്ത് കട്ടപ്പനയില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ആരംഭിച്ചു. ആശുപത്രികള്‍ വലിയ വികസനം നേടി. കായികരംഗത്ത് വോളിബോള്‍ അക്കാദമി സമ്മാനിക്കുന്ന നേട്ടം ചെറുതല്ല.
? ഇനിയുള്ള ലക്ഷ്യം.
ടൂറിസം രംഗത്തെ സാധ്യതകള്‍ മികവുറ്റതാക്കണം. ഇത് ഇടുക്കിയുടെ നിലനില്പിന് ആവശ്യമാണ്. ഇടുക്കിയെ കൂടുതല്‍ മിടുക്കിയാക്കണം.
? പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയൊരു കഠിനാധ്വാനം നിഴലിക്കുന്നുണ്ടല്ലോ?
കഠിനാധ്വാനം ആവശ്യമാണ്. അധ്വാനത്തിനു ഫലം ലഭിക്കും എന്നുമാത്രമല്ല, അധ്വാനഫലമേ നിലനില്‍ക്കൂ. സ്‌കൂള്‍ വിദ്യാഭ്യാസകാലംമുതല്‍ നേതൃനിരയിലെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ജയില്‍വാസവും ലാത്തിച്ചാര്‍ജുമൊക്കെ സമ്മാനിച്ചിട്ടുള്ള പാഠങ്ങള്‍ ചെറുതല്ല. മറ്റുള്ളവരുടെ പ്രോത്സാഹനവും സ്നേഹവും കരുതലും എനിക്കു തുണയായിട്ടുണ്ട്.
? കെ.എം. മാണിയെക്കുറിച്ചുള്ള ഓര്‍മകള്‍.
എനിക്ക് ഏഴു വയസുള്ളപ്പോഴാണ് ഞാന്‍ മാണിസാറിനെ ആദ്യം കാണുന്നത്. ചക്കാമ്പുഴയിലെ വീടിനു സമീപത്തുകൂടി തുറന്ന ജീപ്പില്‍ ആഭ്യന്തരമന്ത്രിയായ മാണിസാര്‍ കടന്നുപോകുകയായിരുന്നു. അന്നത്തെ പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റ് മത്തച്ചന്‍ചേട്ടന്‍ എന്നെ കൈയിലെടുത്തുയര്‍ത്തി മാണിസാറിനു മാലയിടീച്ചു. അന്നു മനസ്സില്‍ കുടിയേറിയതാണ് മാണിസാറിന്റെ രൂപം. അദ്ദേഹത്തിന്റെ മൃതദേഹം കത്തീഡ്രല്‍ പള്ളിയിലേക്കു സംവഹിക്കുന്നിടംവരെ ആ ബന്ധം തുടര്‍ന്നു.
മാണിസാറിനെ അനുകരിച്ചു പഠിക്കാന്‍ ഏറെയുണ്ട്. ജനങ്ങളുടെ ദുഃഖങ്ങളുടെകൂടെ നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വിവാഹവീട്ടിലെത്തിയാല്‍ വരനെക്കാള്‍ സന്തോഷത്തില്‍ ആ കുടുംബത്തോടു ചേരുമായിരുന്നു.
? മുതിര്‍ന്ന തലമുറയോട് വലിയ ബഹുമാനവും ആദരവും പ്രകടിപ്പിക്കുകയും കടപ്പാടുകള്‍ അറിയിക്കുകയും ചെയ്യുന്ന രീതി പ്രകടമാണല്ലോ.
മുതിര്‍ന്ന തലമുറ നടത്തിയ അധ്വാനത്തിന്റെയും എടുത്ത തീരുമാനങ്ങളുടെയും ഫലമാണ് ഇന്നു നാം അനുഭവിക്കുന്നത്. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലിറങ്ങിയ എന്നെ എന്റെ അപ്പച്ചന്‍ പ്രോത്സാഹിപ്പിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ എനിക്ക് ഇത്തരത്തിലാകാന്‍ കഴിയുമായിരുന്നോ? ഒരുപാടുപേരുടെ പ്രോത്സാഹനവും സ്‌നേഹവുമുണ്ട്. രാമപുരത്തെ പി.ജെ. ജോണ്‍ പുതിയിടത്തു ചാലില്‍ എന്ന അപ്പച്ചന്‍ചേട്ടന്‍ നല്‍കിയ പ്രോത്സാഹനം ചെറുതല്ല. ഒരു സംഭവം ഓര്‍മിക്കുന്നു.
ഞാന്‍ അന്ന് യൂത്ത്ഫ്രണ്ട് രാമപുരം മണ്ഡലം സെക്രട്ടറിയാണ്. മണിസാര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ഞാന്‍ സ്വാഗതപ്രസംഗം നടത്തി. അത് ആരാണെന്ന് മാണിസാര്‍ അപ്പച്ചന്‍ചേട്ടനോടു ചോദിച്ചു. അടുത്ത ദിവസം രാവിലെ വീട്ടില്‍ റബര്‍ വെട്ടാന്‍ അപ്പച്ചനെ സഹായിച്ചുകൊണ്ടിരുന്ന എന്റെ അടുത്ത് അപ്പച്ചന്‍ ചേട്ടനെത്തി. എന്നെ മാണിസാറിന്റെ വീട്ടിലെത്തിക്കാന്‍ മാണിസാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു പറഞ്ഞു. ഞാന്‍ എന്റെ അപ്പച്ചനോട് അനുവാദം ചോദിച്ചു. അപ്പച്ചന്‍ അനുവദിച്ചിരുന്നില്ലെങ്കില്‍... ഇങ്ങനെ ഒരുപാട് ഓര്‍മകളുണ്ട്.
? സ്‌കൂള്‍, കോളജ് വിദ്യാഭ്യാസത്തെക്കുറിച്ച്.
ഗവ. സ്‌കൂളിലായിരുന്നു പഠനം. അഞ്ചാംക്ലാസ് മുതല്‍ ലീഡറായി. പിന്നീട് സ്‌കൂള്‍ ലീഡറായി. പാലാ സെന്റ്‌തോമസ് കോളജിലായിരുന്നു പ്രീഡിഗ്രി, ഡിഗ്രി പഠനങ്ങള്‍. ബി.എസ്.സി. ഫിസിക്‌സായിരുന്നു. ചെറുപുഷ്പമിഷന്‍ലീഗ്, സൊഡാലിറ്റി തുടങ്ങിയ ഭക്തസംഘടനകളില്‍ സജീവാംഗമായിരുന്നു.
കോളജില്‍ വോളിബോളില്‍ സജീവമായിരുന്നു. വോളിബോളും വിദ്യാര്‍ത്ഥിപ്രവര്‍ത്തനവുമായി നീങ്ങുന്ന പകലുകള്‍. വൈകുന്നേരം ജെകെഎംഎസ് എന്ന ബസില്‍ കോട്ടയത്തേക്ക്. അവിടെ പ്രതിഭ കോളജില്‍ പ്രാക്ടിക്കല്‍ പഠനം നടത്തും. രാത്രിയില്‍ തിരികെ മുത്തോലിയിലെ വാടകമുറിയിലേക്ക്. രാവിലെ കുളിച്ച് വീണ്ടും വോളിബോള്‍ കോര്‍ട്ടിലേക്ക്.
അങ്ങനെയിരിക്കെ പരീക്ഷയെഴുതാന്‍ ഹാജര്‍ കുറവുണ്ടായി. പരീക്ഷാഫീസടയ്ക്കാന്‍ കഴിയുന്നില്ല. പ്രിന്‍സിപ്പലായിരുന്ന ഈനാസ് ഒറ്റത്തെങ്ങുങ്കല്‍ അച്ചനു പിന്നാലെ കൂടി. അച്ചന്‍ കോളജില്‍നിന്നിറങ്ങി മരിയന്‍ ആശുപത്രിയിലേക്കു പോയപ്പോള്‍ ആ പിറകേ പോയി ഫീസടയ്ക്കാന്‍ അനുവാദം ചോദിച്ചു. അച്ചന്‍ മറുപടി നല്‍കിയില്ല. ആശുപത്രിയില്‍നിന്ന് മുറിയിലേക്കു നടന്ന അച്ചന്റെ പിന്നാലെ നടന്നു. മുറിയിലെത്തിയിട്ടും മറുപടി പറഞ്ഞില്ല. ഏറെനേരം മുറിക്കു പുറത്തുനിന്നു. മുറിതുറന്ന അച്ചന്‍ എന്നെ കണ്ടു. ഞാന്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. പിറ്റേന്ന് കോളജിലെത്തിയപ്പോള്‍ ഫീസടയ്ക്കാന്‍ അനുവാദം നല്‍കി. ഈനാസച്ചനെ അന്നും ഇന്നും വലിയ ആദരവോടെയാണു കാണുന്നത്. ഒരു മൃതസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കവേ അച്ചനെ കണ്ടിരുന്നു. ഞാന്‍ കുറേനേരം അച്ചനെനോക്കി നിന്നുപോയി. അത്രമാത്രം കരുതലുള്ള ഒരു അധ്യാപകനായിരുന്നു അച്ചന്‍. ഞാന്‍ ബി.എസ്.സി ഫിസിക്‌സ് ഫസ്റ്റ്ക്ലാസില്‍ പാസായപ്പോള്‍ അച്ചനുണ്ടായ സന്തോഷം വലുതായിരുന്നു.
? വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം സഹായവുമായി എത്താറുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
പഠനകാലത്ത് ഗാന്ധിനഗറില്‍ താമസിക്കുമ്പോള്‍ ആംബുലന്‍സുകള്‍പാഞ്ഞുപോകുന്ന ശബ്ദം കേട്ടാല്‍ പാതിരാത്രിയാണെങ്കിലും ഓടി ആശുപത്രിയിലെത്തും. ആരുമില്ലാത്തവര്‍ക്ക് കൂട്ടിരിക്കും. സഹായം ചെയ്യും. ഇതിന്റെ സംതൃപ്തി ഒന്നുവേറേതന്നെ.
? ദൈവാശ്രയബോധം പ്രവൃത്തികളില്‍ വ്യക്തമാണല്ലോ.
നമുക്ക് അവസരങ്ങള്‍ നല്‍കുന്നത് കര്‍ത്താവാണ്. ഒന്നും സ്ഥിരമല്ല. നമുക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളോടും നന്ദി ഉണ്ടായിരിക്കണം. കാലഘട്ടത്തിന്റെ സ്‌നേഹം നമ്മളിലേക്ക് ഒഴുകുന്നുണ്ടെന്നു മനസ്സിലാക്കണം.
പൊതുജീവിതത്തില്‍ കുടുംബവും അപ്പച്ചനും നല്‍കിയ പിന്തുണ വലുതാണ്. അപ്പച്ചനും വല്യപ്പനും ഒരു പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റുപോലും ആയിട്ടില്ല. എം.എല്‍.എ.യും മന്ത്രിയുമാണെന്നതിനാല്‍ റാങ്ക് മുകളിലാണെന്നു കരുതരുത്. ജ്ഞാനവും വിവേകവും അറിവും ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കുന്ന ഞാന്‍ മറ്റുള്ളവരെ ആദരിക്കുമ്പോഴാണ് അതു നേടുന്നത്.
എന്റെ ദൈവവിശ്വാസമാണ് ഞാന്‍ സമൂഹത്തിനു കൊടുക്കേണ്ട സന്ദേശം. അത് അംഗീകരിക്കുന്നവരിലൂടെയുള്ള അംഗീകാരമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നാമെടുക്കുന്ന ഓരോ തീരുമാനത്തിലും ദൈവാശ്രയബോധം ഉണ്ടെങ്കില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയും. കര്‍ത്താവിന്റെ കരുതല്‍ എന്റെമേല്‍ ഉണ്ടാവുമെന്നുള്ള വിശ്വാസം എനിക്കുണ്ട്. മാനുഷികമായ തെറ്റുകളും കുറ്റങ്ങളും കുറവുകളും ഉണ്ടായേക്കാം. അതില്‍നിന്ന് എന്നെ മോചിപ്പിക്കാനും നേര്‍വഴിക്കു നടത്താനും കഴിയുന്ന ദൈവത്തിന്റെ ശക്തി എന്റെമേല്‍ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
? ജപമാലഭക്തിയുടെ പ്രേഷിതനും പ്രചാരകനുമാണെന്ന് കേട്ടിട്ടുണ്ട്.
ഞാന്‍ എപ്പോഴും ജപമാല ധരിക്കും. എത്ര തിരക്കായാലും ഉറങ്ങുംമുമ്പ് ജപലമാല ചൊല്ലും. നമ്മുടെ വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്റെ വിശ്വാസം ശരിയാണെന്നു പറയുന്നതില്‍ ഭയപ്പെടേണ്ടതില്ല.
? മലയാറ്റൂര്‍ തീര്‍ത്ഥാടനം പതിവായി നടത്താറുണ്ടോ?
ഇത്തവണ 35 വര്‍ഷം പൂര്‍ത്തീകരിച്ചു. 15 വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ്. പഞ്ചായത്ത് മെമ്പര്‍പോലും ആകുമെന്നു കരുതാതിരുന്ന നാളുകളിലാണു തുടക്കം. ഇത്തവണത്തേതു സാക്ഷ്യപ്പെടുത്തല്‍കൂടിയാണ്. പ്രചാരണത്തിനിടയില്‍നിന്നാണു പോയത്. രാത്രിയില്‍ മലകയറ്റം നിരോധിച്ചതിനാല്‍ ശനിയാഴ്ച രാവിലെയാണു കയറിയത്. യാത്ര പുറപ്പെടുന്നതിനുമുമ്പ് എന്റെ കാലു കണ്ടവരെല്ലാം ഭയപ്പെട്ടു. ചിലര്‍ നിരുത്സാഹപ്പെടുത്തി. അത്രമാത്രം കാലിനു നീരുവച്ചിരുന്നു. എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചു നടന്നു. തിരിച്ച് തൊടുപുഴയിലെത്തി അറക്കുളം പഞ്ചായത്തിലെ പര്യടനത്തിനിറങ്ങുമ്പോള്‍ കാലില്‍ അല്പംപോലും നീരില്ല.
വ്യക്തിജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്ന എല്ലാ മൂല്യങ്ങളും ഉള്‍ക്കൊണ്ടുള്ള പൊതുപ്രവര്‍ത്തനമാണ് ഞാന്‍ നടത്തുന്നത്.
* * *
ചക്കാമ്പുഴ ചെറുനിലത്തു ചാലില്‍ അഗസ്റ്റിന്‍ - ലീലാമ്മ ദമ്പതികളുടെ മൂത്തമകനാണ്. സഹോദരന്‍ റിജോഷും സഹോദരി റീനയും. ഭാര്യ റാണി തോമസ് തിരുവനന്തപുരത്ത് നേഴ്‌സായി സേവനം ചെയ്യുന്നു. മൂന്നു മക്കളില്‍ മൂത്തയാള്‍ ആന്‍മരിയ റോഷി, വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കഡറി സ്‌കൂളില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയ റോഷി ഒന്‍പതിലും മകന്‍ അഗസ്റ്റിന്‍ റോഷി മൂന്നിലും തിരുവനന്തപുരത്ത് പഠിക്കുന്നു