കടുത്തുരുത്തിക്കാരന്‍ കടവില്‍ ചാണ്ടിക്കത്തനാരെക്കുറിച്ച്
ഒരു സഭയുടെ ലിറ്റര്‍ജിക്കല്‍ ഭാഷയുടെപ്രാധാന്യം, അതിന്റെ ശ്ലൈഹികപാരമ്പര്യത്തിന്റെ പ്രാധാന്യം, ലിറ്റര്‍ജിക്കല്‍ ടെക്‌സ്റ്റുകളുടെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാകുന്നത് സഭയ്ക്കുവേണ്ടി എഴുതുകയും ത്യാഗം അനുഭവിക്കുകയും ചെയ്ത വ്യക്തികളുടെ ചരിത്രംകൂടി പഠിക്കുമ്പോഴാണ്. സുറിയാനി പഠിക്കാനും ദൈവശാസ്ത്രം പഠിക്കാനുമുള്ള ഏറ്റവും നല്ലൊരു മാര്‍ഗമാണ് കടവില്‍ ചാണ്ടിക്കത്തനാരുടെ കവിതകള്‍ വായിക്കുക എന്നത്. സീറോമലബാര്‍ സഭയുടെ, ഭാരതത്തിലെ നസ്രാണികളുടെ, മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സ്വത്വം, ഒരുമ, ആത്മീയത, ഭരണസംവിധാനം എന്നിവ കണ്ടെത്താന്‍ ഇത്തരത്തിലുള്ള പ്രതിഭകളെക്കുറിച്ചുള്ള പരിജ്ഞാനം അനിവാര്യമാണ്.
എളിമയുടെ ആള്‍രൂപം
കടവില്‍ ചാണ്ടിക്കത്തനാര്‍ മാര്‍പാപ്പയ്ക്ക് (Pope Alexander VII) കവിതാരൂപത്തില്‍ സുറിയാനിയില്‍ എഴുതുന്ന കത്തുകളുണ്ട്. ഭാരതനസ്രാണികളുടെ കാര്യങ്ങളെല്ലാം അറിയിച്ചുകൊണ്ടും തദ്ദേശീയരായി മെത്രാന്‍മാര്‍ ഈ സഭയുടെ ശുശ്രൂഷയിലേക്കു കടന്നുവരണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുമായിരുന്നു ഈ കത്തുകള്‍. ഇതിന്റെകൂടെ പരിശുദ്ധ കുര്‍ബാനയെക്കുറിച്ച് എഴുതിയിരിക്കുന്ന സുറിയാനിക്കവിതകളും അദ്ദേഹം മാര്‍പാപ്പയ്ക്ക് അയച്ചുകൊടുത്തിരുന്നു. ഇത്തരം കവിതകളില്‍ അദ്ദേഹം തന്നെത്തന്നെ ചിത്രീകരിക്കുന്നത് വളരെ വിനയത്തോടും എളിമയോടും കൂടിയാണ്. വി. കുര്‍ബാനയെക്കുറിച്ച് പൗരസ്ത്യസുറിയാനിയില്‍ എഴുതിയ കവിതകളുടെ ഒരു വലിയ സമാഹാരം പരിശുദ്ധ പിതാവിന് അയയ്ക്കുമ്പോള്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ''നീചരില്‍ നീചനായ ഞാന്‍ അങ്ങയുടെ തൃക്കരങ്ങളിലേക്ക് ഒരു ചെറിയ കത്ത് കൊടുത്തുവിടുന്നു. എന്റെ വിവരക്കേടുകൊണ്ടായിരിക്കാം ഞാന്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് എഴുതിയത്. അത് അവിടുന്ന് സുറിയാനി അറിയാവുന്നവരെക്കൊണ്ട് വായിച്ചു മനസ്സിലാക്കി എന്റെ തെറ്റുകള്‍ കാണുമ്പോള്‍ എന്നെ കല്ലെറിയാതെ അവ തിരുത്തുന്നതിനുവേണ്ട പ്രകാശരശ്മികള്‍ എനിക്കു പ്രാര്‍ത്ഥനാപൂര്‍വം നല്കണമേ.'' അദ്ദേഹത്തെക്കുറിച്ചു പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത് പൗരസ്ത്യസുറിയാനിയുടെ വ്യാകരണരൂപങ്ങള്‍ അദ്ദേഹംതന്നെയാണ് ഒരു പരിധിവരെ കണ്ടുപിടിച്ചത് എന്നാണ്. പുതിയ നാമപദങ്ങള്‍, ക്രിയാരൂപങ്ങള്‍, വിശേഷണങ്ങള്‍ തുടങ്ങിയവയൊക്കെ പൗരസ്ത്യസുറിയാനിയിലേക്കു കൊണ്ടുവന്നത് കടവില്‍ ചാണ്ടിക്കത്തനാരാണെന്നാണ് പണ്ഡിതമതം. അതുകൊണ്ടാണ് നമ്മുടെ സഭയുടെ ചരിത്രം പഠിക്കുമ്പോള്‍ ഇദ്ദേഹത്തെപ്പോലുള്ള ആളുകളിലേക്കു നമ്മള്‍ തിരിച്ചുവരണം എന്നുപറയുന്നത്. അദ്ദേഹത്തിന് പൗരസ്ത്യസുറിയാനിയില്‍ മാത്രമല്ല ലത്തീന്‍ ഭാഷയിലും ഹീബ്രുഭാഷയിലും നല്ല അറിവുണ്ടായിരുന്നു.
മനുഷ്യസ്‌നേഹിയായിരുന്നു ചാണ്ടിക്കത്തനാര്‍
മനുഷ്യന്റെ പ്രശ്‌നങ്ങളൊക്കെ കാണുകയും അതു ദൈവത്തിന്റെ മുമ്പില്‍ പാട്ടായും വര്‍ത്തമാനങ്ങളായും കീര്‍ത്തനങ്ങളായുമൊക്കെ അവതരിപ്പിക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു ചാണ്ടിക്കത്തനാര്‍. സുവിശേഷവചനങ്ങള്‍ക്ക് ഈടുറ്റ വ്യാഖ്യാനങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. അപ്രേം പുണ്യവാളനെക്കുറിച്ചും ജേക്കബ് ഓഫ് എദ്ദേസായെക്കുറിച്ചും എഴുതിയിട്ടുണ്ട്. അങ്ങനെ വിപുലമായ ഒരു പഠനരംഗമാണ് നമ്മള്‍ അദ്ദേഹത്തില്‍ കാണുന്നത്. 17-ാം നൂറ്റാണ്ട് പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലെ അതിന്റെ ആദ്യകാല പ്രഗല്ഭവ്യക്തികളെക്കുറിച്ച് വേണ്ട രീതിയിലുള്ള അറിവില്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു. തെയദോറിനെക്കുറിച്ചോ നെസ്‌തോറിയസിനെക്കുറിച്ചോ ആ കാലഘട്ടത്തിലുളള മറ്റു സുറിയാനി ഗ്രന്ഥകാരന്മാരെക്കുറിച്ചോ അവരുടെ രചനകളിലുള്ള സത്യസന്ധമായ ഡോക്ട്രിന്‍സിനെക്കുറിച്ചോ മനസ്സിലാക്കാന്‍ പലര്‍ക്കും പറ്റാതെപോയി. അതിന്റെ ചുവടുപിടിച്ചാണ് കടവില്‍ ചാണ്ടിയും അവരെയൊക്കെ വിമര്‍ശിക്കുകയും അവരുടെ രചനകളിലുള്ള വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത്. അത് അന്നത്തെ ദൈവശാസ്ത്രസമീപനത്തിന്റെ ഒരു ഭാഗമായി വന്നതാണ്. പിന്നീട് കുറെക്കൂടി പണ്ഡിതോചിതമായ രീതിയില്‍ നെസ്‌തോറിയസും തെയദോറുമെല്ലാം പഠനവിധേയമാക്കപ്പട്ടു. അവരുടെ പ്രബോധനങ്ങള്‍ സത്യസന്ധമാണെന്ന് വീണ്ടും തിരുസ്സഭ കണ്ടെത്തി. അതുകൊണ്ടാണ് ഇവയെല്ലാം പൗരസ്ത്യസുറിയാനിസഭ ലിറ്റര്‍ജിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
കടവില്‍ ചാണ്ടിക്കത്തനാരില്‍ നമ്മള്‍ കാണുന്ന ഒരു സവിശേഷത റോസ് മെത്രാനെക്കുറിച്ച് അദ്ദേഹത്തിനു വലിയ മതിപ്പുണ്ടായിരുന്നു എന്നതാണ്. കടവില്‍ ചാണ്ടിയുടെ അധ്യാപകനായിരുന്നു അദ്ദേഹം. അതുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ റോസ് മെത്രാനെക്കുറിച്ചുള്ള വര്‍ണനകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ നാം കാണുന്നു. ഒരു ഉദാഹരണം: ''തോമാശ്ലീഹായുടെ അതിപുരാതനമായ ശ്ലൈഹികസിംഹാസനത്തില്‍ അദ്ദേഹം ഉപവിഷ്ടനായിരിക്കുന്നു. അദ്ദേഹം വളരെ നല്ലൊരു മാതൃകയാണ്. വളരെ സമര്‍ത്ഥനാണ്. ലോകത്തിന്റെ വശീകരണങ്ങളൊന്നും അദ്ദേഹത്തെ സ്വാധീനിച്ചിട്ടില്ല. പരിശുദ്ധ സഭയിലെ ശുശ്രൂഷാപദവിയിലെ ഒരു വിശിഷ്ടാഭരണമാണ് അദ്ദേഹം. ധ്യാനാത്മകമായ ഒരു മനസ്സിന്റെയും ശ്ലൈഹികതയുടെ തുടര്‍ച്ചയുടെയും അടയാളം.'' റോസ് മെത്രാന്‍ ഇവിടെ ദീര്‍ഘനാള്‍ സുറിയാനിക്കത്തോലിക്കരുടെ മെത്രാനായിരുന്നപ്പോള്‍ മുന്‍കൂട്ടിയുണ്ടായിരുന്ന പരിചയവും ഗുരുശിഷ്യബന്ധവുമെല്ലാം പരിഗണനയിലെടുത്ത് ചാണ്ടിക്കത്തനാര്‍ പറഞ്ഞ കാര്യമാണിത്. ചാണ്ടിക്കത്തനാരുടെ കവിതകളില്‍ വലിയൊരു ഭാഗം റോസ് മെത്രാനെക്കുറിച്ചുള്ളതാണ്. ഇതു കേവലം വ്യക്തിവര്‍ണനകള്‍ മാത്രമല്ല. അദ്ദേഹം ഈ സഭയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും സുറിയാനിയിലും മലയാളത്തിലുമുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യവും സാധാരണക്കാരുമായി ബന്ധപ്പെടാനുളള കഴിവുമെല്ലാം പരിഗണിച്ചുകൊണ്ടാണ് കടവില്‍ ചാണ്ടി അദ്ദേഹത്തെക്കുറിച്ച് കൂടുതലായി എഴുതിയത്.
വൈവിധ്യമാര്‍ന്നദൈവശാസ്ത്രവിഷയങ്ങള്‍
പരിശുദ്ധ കുര്‍ബാനയെക്കുറിച്ച്, പരിശുദ്ധ റൂഹായെക്കുറിച്ച്, ലിറ്റര്‍ജിയെക്കുറിച്ച്, വൈദികര്‍ക്കും ജനങ്ങള്‍ക്കുംവേണ്ട നമസ്‌കാരങ്ങളെക്കുറിച്ച്, മരിയ സ്തുതിപ്പുകളെക്കുറിച്ച്... ഇങ്ങനെയുളള ഒരുപറ്റം മേഖലകളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ലിറ്റര്‍ജിക്കലും സെക്കുലറും ആയിട്ടുളള മേഖലകളെക്കുറിച്ച് അദ്ദേഹം കവിതകള്‍ എഴുതി. ഇതിന്റെയൊരു വിലയിരുത്തല്‍ നമ്മള്‍ നടത്തുകയാണെങ്കില്‍, അദ്ദേഹത്തിന്റെ കവിതകള്‍ വാക്കുകള്‍കൊണ്ടുള്ള ഒരു കളിയും പൗരസ്ത്യസുറിയാനിയിലുള്ള അഗാധമായ പാണ്ഡിത്യവുമാണ്. വൈവിധ്യമാര്‍ന്ന ദൈവശാസ്ത്രവിഷയങ്ങളുടെ വലിയ ഒരു കൂമ്പാരംപോലെയാണ് അദ്ദേഹത്തിന്റെ കവിതകള്‍. അപ്രേമിന്റെ കവിതയുടെ ഒരു പ്രത്യേകത വളരെ ലളിതമായ ഭാഷയാണ് എന്നതാണ്. കടവില്‍ ചാണ്ടിയും ആ ഒരു ശൈലിയാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ അര്‍ക്കൈവ്‌സില്‍ മാത്രം ഇരിക്കേണ്ട ഒന്നായി അവയെ നാം വിട്ടുകളയരുത്. ഒരു സഭയുടെ ലിറ്റര്‍ജിക്കല്‍ ഭാഷയുടെ പ്രാധാന്യം, അതിന്റെ ശ്ലൈഹികപാരമ്പര്യത്തിന്റെ പ്രാധാന്യം, ലിറ്റര്‍ജിക്കല്‍ ടെക്‌സ്റ്റുകളുടെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാകുന്നത് സഭയ്ക്കുവേണ്ടി എഴുതുകയും ത്യാഗം അനുഭവിക്കുകയും ചെയ്ത വ്യക്തികളുടെ ചരിത്രംകൂടി പഠിക്കുമ്പോഴാണ്. കടവില്‍ ചാണ്ടിയുടെ രചനകളില്‍, അതു മാര്‍പാപ്പയെക്കുറിച്ചു പറയുമ്പോഴാണെങ്കിലും റോസ് മെത്രാനെക്കുറിച്ചു പറയുമ്പോഴാണെങ്കിലും അര്‍ക്കദിയാക്കോന്മാരെക്കുറിച്ചു പറയുമ്പോഴാണെങ്കിലും സാധാരണക്കാരെക്കുറിച്ചു പറയുമ്പോഴാണെങ്കിലും, സുറിയാനിഭാഷ ഉപയോഗിച്ചുള്ള വര്‍ണനകളും അതിവര്‍ണനകളുമാണ് നമ്മള്‍ കാണുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ വൈദഗ്ധ്യമുള്ള ബുദ്ധിസാമര്‍ത്ഥ്യം നമ്മള്‍ കൂടുതലായി കണ്ടെത്തണം.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍
കടവില്‍ തറവാട്ടില്‍നിന്ന്
കത്തനാരുടെ തറവാട്ടില്‍നിന്നാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചനും പിറക്കുന്നത്. കുഞ്ഞച്ചന്റെ പൂര്‍വമാതാക്കള്‍ കടുത്തുരുത്തിയില്‍നിന്ന് (കടവില്‍ കുടുംബത്തില്‍നിന്ന്) രാമപുരത്തേക്കു കുടിയേറ്റം നടത്തിയവരാണ്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഏറ്റവും സംശുദ്ധമായ ജീവിതക്രമത്തിന് കടവില്‍ ചാണ്ടിക്കത്തനാരുമായും അദ്ദേഹത്തിന്റെ കവിതകളുമായും നല്ല ബന്ധമുണ്ട്. പൗരസ്ത്യസുറിയാനിഭാഷയുടെ മാഹാത്മ്യം എടുത്തുകാണിച്ച ചരിത്രപുരുഷനായിരുന്നു കടവില്‍ ചാണ്ടിക്കത്തനാര്‍. മറുവശത്ത്, വിശുദ്ധിയുടെ മഹിമയും ലാളിത്യവും എടുത്തുകാണിച്ച ശ്രേഷ്ഠപുരോഹിതനായിരുന്നു കുഞ്ഞച്ചന്‍. കടവില്‍കുടുംബം നമ്മുടെ സഭയ്ക്കു നല്കിയ അനശ്വരപൈതൃകങ്ങള്‍ നാം വീണ്ടും കണ്ടെത്തണം. സുറിയാനി പഠിക്കാനും ദൈവശാസ്ത്രം പഠിക്കാനുമുള്ള ഏറ്റവും നല്ലൊരു മാര്‍ഗമാണ് കടവില്‍ ചാണ്ടിക്കത്തനാരുടെ കവിതകള്‍ വായിക്കുക എന്നത്. സീറോ-മലബാര്‍ സഭയുടെ, ഭാരതത്തിലെ നസ്രാണികളുടെ, മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സ്വത്വം, ഒരുമ, ആത്മീയത, ഭരണസംവിധാനം എന്നിവ കണ്ടെത്താന്‍ ഇത്തരത്തിലുളള പ്രതിഭകളെക്കുറിച്ചുള്ള പരിജ്ഞാനം അനിവാര്യമാണ്. എക്യുമെനിക്കലായിട്ടുള്ള കാര്യങ്ങളിലേക്കും ഇതിനു വലിയ പ്രോത്സാഹനം നല്കാന്‍ സാധിക്കും. പ്രത്യേകിച്ച് ചാണ്ടിക്കത്തനാര്‍ കൂനന്‍കുരിശുസത്യവുമായും പകലോമറ്റത്തെ അര്‍ക്കദിയാക്കോന്മാരുമായും ബന്ധപ്പെട്ടു നിലനില്ക്കുന്ന വ്യക്തിത്വമായിരുന്നതിനാല്‍ നമ്മുടെ സഭയുടെ സമ്പൂര്‍ണമായിട്ടുള്ള ഒരു വ്യക്തിത്വം കണ്ടെത്താനായി, ഇദ്ദേഹത്തെക്കുറിച്ചുള്ള അറിവ് നമ്മെ സഹായിക്കും എന്നതുറപ്പാണ്. (മാന്നാനം കൊവേന്തയുടെ ആര്‍ക്കൈവ്‌സില്‍ ചാണ്ടിക്കത്തനാരുടെ നിരവധി ഗ്രന്ഥങ്ങളുണ്ട്). സഭ ഉള്ളില്‍നിന്നു വളരണം. ഇംഗ്ലണ്ടില്‍ ഉണ്ടായ ഓക്‌സ്‌ഫോര്‍ഡ് മൂവ്‌മെന്റുപോലെ ഇവിടെ ഒരു സുറിയാനി ഭാഷാ മൂവ്‌മെന്റ് ഉണ്ടാവണം.