കേരളചരിത്രത്തില്‍ ഒരു പുതിയ നിയമസഭകൂടി അധികാരമേറ്റിരിക്കുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ നടന്ന തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും പതിവിനു വിപരീതമായി ആള്‍ക്കൂട്ടങ്ങളും ആരവാരങ്ങളും ഒഴിവാക്കിയായിരുന്നെങ്കിലും ആവേശഭരിതംതന്നെയായിരുന്നു. നാലു പതിറ്റാണ്ടുകള്‍ക്കുശേഷം ഭരണത്തുടര്‍ച്ചയ്ക്കു കളമൊരുക്കിക്കൊണ്ടു വീശിയ ഇടതുതരംഗം ചരിത്രമായിരിക്കുകയാണ്.
നാനാതുറകളിലുള്ള ജനങ്ങളുടെ പ്രതിനിധികള്‍ നിയമനിര്‍മാ ണസഭകളില്‍ അംഗങ്ങളായിരിക്കണമെന്നത്, നമ്മുടെ നാടിന്റെ സമഗ്രപുരോഗതിക്ക് അനിവാര്യമാണെന്നിരിക്കിലും, കാലങ്ങളായി നമ്മുടെ നിയമസഭയ്ക്കു പഥ്യം വക്കീലന്മാരെയാണ്. എന്നാല്‍, ചിലപ്പോഴൊക്കെ സാഹിത്യകാരന്മാരും കവികളും കലാകാരന്മാരുമൊക്കെ സാമാജികരായി സഭയിലെത്തിയിട്ടുണ്ട്.
കലാ-കായിക- പ്രൊഫഷണല്‍ രംഗത്തെ സെലിബ്രിറ്റികളെ ഇറക്കി രാജ്യസഭയിലെത്തിക്കുന്നത് നോര്‍ത്തിന്ത്യന്‍ രാഷ്ട്രീയത്തില്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. എന്നാല്‍, ജനവിധി തേടാന്‍ ഗോദയിലിറങ്ങിയ സെലിബ്രിറ്റികളില്‍ എല്ലാവര്‍ക്കുമൊന്നും കേരളരാഷ്ട്രീയത്തില്‍ ജയിച്ചുകയറാന്‍ കഴിഞ്ഞിട്ടില്ല. ഉദാഹരണങ്ങളേറെ... എന്നാല്‍, ജനങ്ങള്‍ വോട്ടു ചെയ്തു തിരഞ്ഞെടുത്ത ചിലര്‍ പുതിയ നിയമസഭയിലെത്തിയിട്ടുണ്ട്.
2001, 2006 വര്‍ഷങ്ങളില്‍ മങ്കടയില്‍നിന്ന് സിപിഎം സ്വതന്ത്രനായും 2011 ലും 2016 ലും പെരിന്തല്‍മണ്ണയില്‍നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായും വിജയിച്ച, ഇക്കുറി വീണ്ടും മങ്കടയില്‍നിന്ന് ലീഗ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട, മുന്‍മന്ത്രികൂടിയായ മഞ്ഞളാംകുഴി അലി എന്ന അംജദ് അലി, മാക് പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ധ്വനി, രാധാമാധവം, പുറപ്പാട്, ആയിരപ്പറ, ദി കിംഗ്, ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങി ഏഴോളം സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ്. രാധാമാധവമടക്കം ചില സിനിമകളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
2001 മുതല്‍ തുടര്‍ച്ചയായി പത്തനാപുരം മണ്ഡലത്തിന്റെ പ്രതിനിധി, മുന്‍ മന്ത്രികൂടിയായ കേരളാ കോണ്‍ഗ്രസ് ബി യുടെ കെ. ബി. ഗണേഷ് കുമാര്‍ 1985 ല്‍ കെ. ജി. ജോര്‍ജിന്റെ ഇരകളില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 2 വരെ നൂറ്റമ്പതോളം സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ്.
നാടകകുലപതി ഒ.മാധവന്റെ പുത്രനും നടനുമായ മുകേഷ് തുടര്‍ച്ചയായി രണ്ടാം തവണയും കൊല്ലത്തുനിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍, കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ ഹിറ്റ് സിനിമകളുടെ നിര്‍മാതാവുകൂടെയാണ് മുകേഷ്.
വോളിബോള്‍ താരവും നടനും നിര്‍മാതാവും സംവിധായകനുമാണ് രണ്ടാം തവണയും പാലായില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട മാണി സി. കാപ്പന്‍. 1960 ല്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സീത എന്ന സിനിമയിലൂടെയാണ് മാണി സി. കാപ്പന്‍ അഭിനയരംഗത്തെത്തുന്നത്. അതിനുശേഷം 2005 ല്‍ പുറത്തിറങ്ങിയ ഇരുവട്ടം മണവാട്ടിവരെ പന്ത്രണ്ടോളം സിനിമകളില്‍ അഭിനയിച്ചു. സലാം പി. ഷാജി സംവിധാനം ചെയ്യുന്ന ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ആണ് ഇനി പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ സിനിമ. കൂടാതെ, ഒ കെ പ്രൊഡക്ഷന്‍ എന്ന ബാനറില്‍ ജനം, മേലേപ്പറമ്പില്‍ ആണ്‍വീട്, മാന്നാര്‍ മത്തായി സ്പീക്കിങ്, കുസൃതിക്കാറ്റ്, മാന്‍ ഓഫ് ദി മാച്ച് എന്നിങ്ങനെ എട്ടോളം ഹിറ്റ് സിനിമകളും നിര്‍മിച്ചു. ഇതില്‍ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു.
പുതിയ കേരള നിയമസഭയിലേക്ക്, അരൂരില്‍നിന്ന് ജയിച്ച് ദലീമകൂടി എത്തുന്നതോടെ സഭയിലെ സിനിമാപ്രവര്‍ത്തകരായ സാമാജികരില്‍ ഒരു ഗായികകൂടി ഉള്‍പ്പെടുകയാണ്. കേരളനിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പിന്നണിഗായിക തിരഞ്ഞെടുക്കപ്പെടുന്നത്. ശ്രീമതി ദലീമ ജോജോ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഉജ്ജ്വല വനിതാനേതാവ് ഷാനിമോള്‍ ഉസ്മാനെയായിരുന്നു. 1986 ല്‍ ഒരു മഞ്ഞുതുള്ളിപോലെ എന്ന ചിത്രത്തില്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ട 'കണ്ണാ ഞാന്‍...' എന്ന ഗാനമാലപിച്ചുകൊണ്ട് ദലീമ ആരംഭിച്ച തന്റെ പിന്നണിഗാനസപര്യ അഭംഗുരം തുടരുകയാണ്. ഈ തെന്നലും, മോഹം പൂത്ത മേനിയില്‍, മഞ്ഞുമാസപ്പക്ഷീ തുടങ്ങി അരശതത്തിനടുത്തു സിനിമാഗാനങ്ങളും നൂറുകണക്കിനു ഭക്തിഗാനങ്ങളും ആലപിച്ച ദലീമ ഇതര ഭാഷകളിലും ഗാനങ്ങളാലപിച്ചിട്ടുണ്ട്.. ഗാനകോകിലം എസ്. ജാനകിയെ അനുസ്മരിപ്പിക്കുന്ന ശബ്ദസൗകുമാര്യമാണ് ദലീമയുടെ ഗാനാലാപനത്തിന്റെ വലിയ സവിശേഷത. ഏതായാലും നമ്മുടെ നിയമസഭ ഒരു പുതിയ കാലത്തിനു നാന്ദി കുറിക്കുകയാണ്.