ഇതൊരു ഈറ്റുനോവിന്റെ ആരംഭമാണ്. അനശ്വരസത്യം എന്ന അരുമക്കുഞ്ഞ് പ്രപഞ്ചത്തിന്റെ ഗര്‍ഭാശയത്തിലിരുന്നു വിലപിക്കുന്നു. രോഗദുരിതങ്ങള്‍ക്കും മോഹഭംഗങ്ങള്‍ക്കും മേലേ, നശ്വരസീമകള്‍ക്കപ്പുറം വിരാജിക്കുന്ന അനന്തനന്മസ്വരൂപനായ ഏകനിലേക്കു തിരിഞ്ഞേ പറ്റൂ. കാരണം, നാം എല്ലാവരും നിത്യപിതാവിന്റെ മക്കളാണ്.
പറയുന്നതും ചെയ്യുന്നതും എന്താണെന്നതിനെപ്പറ്റി മനുഷ്യന് ഇന്ന് ഒരു ധാരണയുമില്ല. അഭിപ്രായം പറഞ്ഞാല്‍ കുറ്റം, പറഞ്ഞില്ലെങ്കില്‍ കുറ്റം. മാസ്‌ക് ധരിക്കാന്‍ പ്രയാസം, അകലം പാലിക്കാന്‍ ബുദ്ധിമുട്ട്. കൈ കഴുകാന്‍ മടി. സര്‍വത്ര ക്രമക്കേടുകള്‍. ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ നിഷേധാത്മക ഊര്‍ജങ്ങള്‍ എട്ടുകാലിവലപോലെ സമൂഹത്തില്‍ പടര്‍ന്നിരിക്കുന്നു. ഇതെല്ലാം മനുഷ്യന്റെ പ്രതിരോധശേഷിയെ തകര്‍ക്കുകയാണ്. വാക്‌സിന്‍ എടുത്തതുകൊണ്ടോ, ഹോമിയോ - ആയുര്‍വേദമരുന്നുകള്‍ കഴിച്ചതുകൊണ്ടോ മാത്രം പ്രതിരോധശേഷി വര്‍ധിക്കുകയില്ല. എല്ലാം കഴിച്ചിട്ട് അങ്ങോട്ടുമിങ്ങോട്ടും വേവലാതിപൂണ്ട് ഓടിനടന്നാല്‍ അന്തഃരംഗം കൂടുതല്‍ പ്രക്ഷുബ്ധമാകുകയേയുള്ളൂ.
താളം തെറ്റിക്കിടക്കുന്ന ആന്തരികവ്യക്തിത്വത്തിന്റെ ക്രമപ്പെടുത്തലാണ് ഏറ്റവും ആവശ്യം. മനുഷ്യന്റെ യഥാര്‍ത്ഥ ജീവശക്തി കുടികൊള്ളുന്ന ആത്മാവുമായി ബന്ധപ്പെടുത്തിയാല്‍ മാത്രമേ ആരോഗ്യം എന്ന വാക്കിന്റെ വിശദമായ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയൂ.
ആയാസങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പകരം പ്രശാന്തതയും ആന്തരികനിശ്ശബ്ദതയുമാണ് പരിശീലിക്കേണ്ടത്. അന്തഃരംഗം നിശ്ശബ്ദമാകുമ്പോള്‍, ഓളങ്ങള്‍ നിശ്ചലമാകുമ്പോള്‍, നാം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ആത്മാവും ശരീരവും കൂടുതല്‍ ഊര്‍ജസ്വലമാകുന്നു. ശാന്തിയുടെ, സമാധാനത്തിന്റെ ചിന്തകള്‍ ഓരോന്നോരോന്നായി സാവധാനം മനസ്സിലേക്കു പ്രവേശിപ്പിക്കുക. അന്തഃരംഗത്തെ അടക്കിവാഴുന്ന ചിന്താതരംഗങ്ങള്‍ക്കും നമ്മുടെ ചേഷ്ടകള്‍ക്കും അനുസരിച്ചുള്ള ശാരീരികപ്രതികരണം ഇടവേളകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ശരീരം ശാന്തമാക്കാന്‍വേണ്ടി പോസിറ്റീവ് തരംഗങ്ങളും ശുഭചിന്തകളും ദൈവവചനങ്ങളും മഹദ്വചനങ്ങളും - നമ്മുടെ അന്തഃരംഗത്തിലേക്കു കടത്തിവിടുക. ശാന്തമായി, സ്വസ്ഥമായി, ഏകാഗ്രതയോടെ ശ്വസനം നടത്തി സാവധാനം നാം നമ്മുടെ ആന്തരികസത്തയെ വിളിച്ചുണര്‍ത്തുക. എളുപ്പമല്ലെങ്കിലും നിരന്തരപരിശീലനത്തിലൂടെ ശാരീരികവും മാനസികവും ആത്മീയവുമായ സ്വാസ്ഥ്യത്തിലേക്കു പ്രവേശിക്കുന്നത് ഓരോരുത്തര്‍ക്കും അനുഭവിച്ചറിയാന്‍ കഴിയും.
ആധ്യാത്മികശക്തികളെ ജീവിതത്തിന്റെ ഭാഗമാക്കിത്തീര്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് നാം ഇന്നു ചുറ്റിലും കാണുന്നത്. ഭൂമണ്ഡലത്തിലെ പ്രപഞ്ചശക്തികളുടെ ആന്തരികവും ബാഹ്യവുമായ വിളയാട്ടം നമുക്കു നോക്കി നില്‌ക്കേണ്ടിവരുന്നത് സ്രഷ്ടാവായ ദൈവത്തെയും പ്രപഞ്ചനിയമങ്ങളെയും മറികടന്ന് വിതച്ച ദുഷ്ടതകളുടെ അനന്തരഫലമാണ്. അതില്‍നിന്ന് വിമോചിക്കപ്പെടണം, ദുരന്തങ്ങള്‍ ഒഴിഞ്ഞുപോകാന്‍.