കൊവിഡ് ബാധിച്ചും അല്ലാതെയും ആയിരക്കണക്കിനാളുകള്‍ ലോക്ഡൗണ്‍ ദിനങ്ങളില്‍ നമ്മില്‍നിന്നു വേര്‍പിരിഞ്ഞു. ഒരു മരണവും ചെറുതോ നിസ്സാരമോ അല്ല. വിടവാങ്ങിയവര്‍ അവരുടെ കുടുംബങ്ങള്‍ക്കു വിലപ്പെട്ടവര്‍തന്നെയാണ്. അവരില്‍ ചിലര്‍ നമ്മുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയമണ്ഡലങ്ങളെ തങ്ങളുടെ ജീവിതംകൊണ്ട് ഏറെ സ്വാധീനിച്ചവരാണ്.
ചിരിയുടെ തമ്പുരാന്‍
നര്‍മോക്തികള്‍ നിറഞ്ഞ സംഭാഷണങ്ങള്‍കൊണ്ട് നമ്മുടെ സാമൂഹിക, സാംസ്‌കാരികമണ്ഡലങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വലിയ ഇടയനാണ് മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരുന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം. 1999 മുതല്‍ 2007 വരെ മാര്‍ത്തോമ്മാസഭയുടെ പരമാധ്യക്ഷനായിരുന്നു. 2007 ല്‍ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം 'മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത' എന്ന പേരില്‍ സുവിദിതനായിരുന്നു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ നൂറാം ജന്മദിനം 2017 ഏപ്രില്‍ 27 ന് ആഘോഷിക്കുകയുണ്ടായി. 2018 ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
തിരുവല്ല, ഇരവിപേരൂര്‍ കലമണ്ണില്‍ കെ. ഇ. ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27 ന് മാര്‍ ക്രിസോസ്റ്റം ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍നിന്നു സ്‌കൂള്‍ വിദ്യാഭ്യാസവും ആലുവ യു.സി. കോളജിലെ ബിരുദപഠനത്തിനുശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളജ്, കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളജ് എന്നിവിടങ്ങളില്‍നിന്ന് ദൈവശാസ്ത്രവിദ്യാഭ്യാസവും നടത്തി. 1944ല്‍ ശെമ്മാശ-കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു. 1953 ല്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷനറി ബിഷപ്പായും പ്രവര്‍ത്തിച്ചിരുന്നു. കുറിക്കുകൊള്ളുന്ന, ഫലിതപ്രയോഗങ്ങള്‍ നിറഞ്ഞ സംഭാഷണശൈലി അദ്ദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. 'ക്രിസോസ്റ്റം' എന്ന പേരിന്റെ അര്‍ത്ഥം 'സ്വര്‍ണനാവുള്ളവന്‍' എന്നാണ്. ദേശീയ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954 ലും 1968 ലും നടന്ന ആഗോള ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മാര്‍ ക്രിസോസ്റ്റം സഭൈക്യപ്രസ്ഥാനത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1999 ഒക്ടോബര്‍ 23 ന് സഭയുടെ 20-ാമത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2007 ല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക, സാംസ്‌കാരികരംഗങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. 2021 മേയ് 5 ന് 103-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.
കരയാത്ത ഗൗരി
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് കെ.ആര്‍. ഗൗരിയമ്മ. 1952, 53, 54, 1956 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും തുടര്‍ന്ന് കേരളസംസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നുമുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957, 1967, 1980, 1987, 2001, 2004 എന്നീ വര്‍ഷങ്ങളില്‍ രൂപംകൊണ്ട മന്ത്രിസഭകളിലും അവര്‍ അംഗമായിരുന്നു. കേരളത്തില്‍ വിവിധ കാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ക്കു നേതൃത്വം കൊടുത്തു പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയില്‍ അവരുടെ കഴിവു തെളിയിച്ചു. കേരളത്തില്‍ 1960-70 കളില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണനിയമത്തിന്റെ ശില്പിയാണ് ഗൗരിയമ്മ.
ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ.എ. രാമന്‍, പാര്‍വതിയമ്മ ദമ്പതികളുടെ മകളായി 1919 ജൂലൈ 14-നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജില്‍നിന്നു ബി.എ. ബിരുദവും എറണാകുളം ലോ കോളജില്‍നിന്നു നിയമബിരുദവും കരസ്ഥമാക്കി.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കെ. ആര്‍. ഗൗരിയമ്മ തന്റെ 102-ാമത് വയസ്സില്‍, 2021 മേയ് 11 നു തിരുവനന്തപുരത്തെ പി. ആര്‍. എസ്. ആശുപത്രിയില്‍ വച്ച് അന്തരിച്ചു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
കേരളരാഷ്ട്രീയത്തിലെ അതികായന്‍
കേരളരാഷ്ട്രീയത്തിന്റെ അമരത്ത് നിറഞ്ഞുനിന്ന ഒരതികായനായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ വാളകത്ത് കീഴൂട്ട് രാമന്‍ പിള്ള - കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകനായി 1934 ഏപ്രില്‍ 7 ന് ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് പൊതുരംഗത്തെത്തി. ഒരു കമ്യൂണിസ്റ്റുകാരനായിട്ടായിരുന്നു തുടക്കം. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കെ.പി.സി.സി, എ.ഐ.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി. 1964 ല്‍ കോണ്‍ഗ്രസ് വിട്ട് കെ.എം. ജോര്‍ജിനൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസിനു ജന്മം നല്‍കി. 1976 ല്‍ കെ.എം. ജോര്‍ജിന്റെ മരണത്തിനു പിന്നാലെ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളരുകയും 1977 ല്‍ കേരള കോണ്‍ഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു.
1960 ല്‍ പത്തനാപുരത്തുനിന്ന് ഇരുപത്തിയഞ്ചാം വയസില്‍ രണ്ടാം കേരളനിയമസഭയില്‍ അംഗമായി. എക്‌സൈസ്, വൈദ്യുതി വകുപ്പുകള്‍ കൈകാര്യം ചെയ്ത പിള്ള ഗതാഗതവകുപ്പുമന്ത്രി എന്ന നിലയിലാണ് പ്രശസ്തനായത്. 1964 മുതല്‍ 1987 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്തിന്റെയും 1987 മുതല്‍ 1995 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. സംസ്ഥാന മന്ത്രിയായിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റായി തുടര്‍ന്നു. 1977 ല്‍ ഇടതുപക്ഷത്തു ചേര്‍ന്നെങ്കിലും 1982 ല്‍ യു.ഡി.എഫില്‍ തിരിച്ചെത്തി. പിന്നീട് 33 വര്‍ഷം യു.ഡി.എഫ്. ഘടകകക്ഷിയായിരുന്നു. കെ.എം. മാണി, ഉമ്മന്‍ ചാണ്ടി എന്നിവരുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് 2015 ല്‍ യു.ഡി.എഫ്. വിട്ട് വീണ്ടും ഇടതുപക്ഷത്ത് ചേര്‍ന്നു. 1971 ല്‍ മാവേലിക്കരയില്‍നിന്ന് ലോക്‌സഭാംഗമായി. 1977, 1980, 1982, 1987, 1991, 1996, 2001 തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി 7 തവണ കൊട്ടാരക്കരയെ പ്രതിനിധീകരിച്ചു. 1977 മുതല്‍ കേരളകോണ്‍ഗ്രസ് (ബി)യുടെ ചെയര്‍മാനായും 2017 മുതല്‍ 2021 വരെ സംസ്ഥാന മുന്നാക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
2021 മേയ് 3 ന് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയില്‍വച്ച് അന്തരിച്ചു.
തിരക്കഥയുടെ ജീവന്‍
മലയാളസിനിമാചരിത്രത്തില്‍ സൂപ്പര്‍ഹിറ്റായ ഒട്ടനവധി സിനിമകളുടെ തിരക്കഥകള്‍ ഉരുത്തിരിഞ്ഞ പേനയാണ്, തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ നിര്യാണത്തോടെ നിശ്ചലമായത്. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട് വെള്ളിത്തിരയില്‍നിന്നു പുറത്തേക്കു പോകുന്ന ഘട്ടത്തില്‍നിന്ന് നടന്‍ മമ്മൂട്ടിയെ തിരികെയെത്തിച്ച 'ന്യൂഡെല്‍ഹി' എന്ന മെഗാഹിറ്റും ഉപനായകനായും അപ്രസക്തങ്ങളായ വേഷങ്ങളിലൂടെയും അഭിനയം തുടര്‍ന്ന മോഹന്‍ലാലിന് രാജാവിന്റെ മകനെന്ന സിനിമയിലൂടെ സൂപ്പര്‍ താരപദവിയും നേടിക്കൊടുത്ത സൂപ്പര്‍ ഹിറ്റ് റൈറ്റര്‍ ആയിരുന്നു കോട്ടയം ജില്ലയുടെ അഭിമാനംകൂടിയായിരുന്ന ഡെന്നീസ് ജോസഫ്.
1957 ഒക്ടോബര്‍ 29 ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഏറ്റുമാനൂരില്‍ ജനിച്ച ഡെന്നീസ് ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം കുറവിലങ്ങാട് ദേവമാതാ കോളജില്‍നിന്നു ബിരുദം നേടി, ഫാര്‍മസിയില്‍ ഡിപ്ലോമ പഠനത്തിനുവേണ്ടിയാണ് എറണാകുളത്ത് എത്തുന്നത്. പഠനശേഷവും എറണാകുളത്തു തുടര്‍ന്ന ഡെന്നീസ് സിനിമാനിര്‍മാതാവായിരുന്ന ഏലിയാസ് ഈരാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കട്-കട് എന്ന സിനിമാ മാസികയില്‍ സബ് എഡിറ്ററായി ജോലിക്കു ചേര്‍ന്നു. സുഹൃത്തുക്കളായ ഗായത്രി, അശോകന്‍ അമ്പിളി എന്നിവരുമായി ചേര്‍ന്ന് ഗായത്രി എന്ന പേരില്‍ ഒരു പ്രിന്റിങ് പ്രസ്സ് തുടങ്ങി. 1985 ല്‍ ജേസി സംവിധാനം ചെയ്ത ഈറന്‍ സന്ധ്യയ്ക്കു തിരക്കഥ എഴുതി. പിന്നീട്, ജൂബിലി പ്രൊഡക്ഷന്‍സ് ഉടമ ജോയി തോമസിനുവേണ്ടി നിറക്കൂട്ട്' എന്ന മെഗാഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി.
ശ്യാമ, ന്യൂഡെല്‍ഹി, ഭൂമിയിലെ രാജാക്കന്മാര്‍, സംഘം, കോട്ടയം കുഞ്ഞച്ചന്‍, മനുഅങ്കിള്‍, ഇന്ദ്രജാലം, ആകാശദൂത്, സരോവരം, ഗീതാഞ്ജലി തുടങ്ങി അമ്പതിലധികം സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും അതില്‍ മിക്കതും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. ജേസി, ഹരിഹരന്‍, കെ ജി ജോര്‍ജ്, തമ്പി കണ്ണന്താനം, ടി എസ് സുരേഷ് ബാബു, സിബി മലയില്‍ തുടങ്ങിയ ഹിറ്റ് സംവിധായകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
എണ്‍പതുകളുടെ അവസാനം 'ദീപനാളം' വാരികയില്‍ പ്രസിദ്ധീകരിച്ചുവന്ന, പ്രശസ്ത സാഹിത്യകാരന്‍ മുട്ടത്തു വര്‍ക്കിയുടെ ''വേലി''എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കോട്ടയം കുഞ്ഞച്ചനെന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ തിരക്കഥ എഴുതിയത്.
മനുഅങ്കിള്‍, അഥര്‍വം, അഗ്രജന്‍, അപ്പു, തുടര്‍ക്കഥ എന്നിങ്ങനെ ചില ഹിറ്റ് സിനിമകള്‍ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്യുകയും ചെയ്തു. ഇതില്‍ മനുഅങ്കിളിന് 1088 ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 2014 നു ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന അദ്ദേഹം ഈ ലോക്ഡൗണ്‍ കാലത്ത് ഭവനത്തില്‍ വച്ച് രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് കുഴഞ്ഞു വീഴുകയും, തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
കലാമര്‍മജ്ഞനായ മാടമ്പ്
കഴിഞ്ഞ മേയ് 10-നാണ് നടനും തിരക്കഥാകൃത്തും ആനവൈദ്യനുമൊക്കെയായിരുന്ന മാടമ്പ് കുഞ്ഞിക്കുട്ടന്‍ അന്തരിച്ചത്. 1941 ല്‍ തൃശൂര്‍ ജില്ലയിലെ കിരളൂരാണ് മാടമ്പ് ശങ്കരന്‍ നമ്പൂതിരിയെന്ന മാടമ്പ് കുഞ്ഞിക്കുട്ടന്‍ ജനിച്ചത്. കേരളസമൂഹത്തെയും കേരളസംസ്‌കാരത്തെയും അടിസ്ഥാനമാക്കി നോവലുകളും തിരക്കഥകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. സംസ്‌കൃതവും ഹസ്തായുര്‍വേദവും വശഗതമായിരുന്നു. സംസ്‌കൃത അധ്യാപകനായും ആകാശവാണിയിലും ജോലി നോക്കിയിട്ടുണ്ട്. ഹസ്തായുര്‍വേദവും സാഹിത്യവും താന്ത്രിക് ഫിലോസഫിയും ശാസ്ത്രീയമായിത്തന്നെ അഭ്യസിച്ചിരുന്നു. 1978 ല്‍ അശ്വത്ഥാത്മാ മുതല്‍ 2015-ല്‍ ഉട്ടോപ്യയിലെ രാജാവ് വരെ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു. 2000 ല്‍ കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മകള്‍ക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നീ ചിത്രങ്ങളുടെ കഥയും മാടമ്പിന്റെതായിരുന്നു.