കേള്‍പ്പതിന്നൊരു ദീനരോദനം ഞാന്‍
കൂര്‍ത്തനോവുകള്‍ തിന്നുമടുത്തേന്‍
കരളു നീറ്റുമാ പുലയഗദ്ഗദം
ചാക്കിനുള്ളില്‍ പൊതിഞ്ഞ പ്രാണനും
ഇരുളിലാണ്ടൊരു പ്രാണനൊമ്പരം
ഇടറിവീഴ്കയായ് ദാഹനീരിനായ്
വ്രണിതമാനസം നിണമണിഞ്ഞ നോവിന്‍
പിണരുപോലങ്ങു നീറിനിന്നു മുന്നില്‍
പരതി നോക്കുന്നു കനിവിനായ് ചുറ്റിലും
കുഷ്ഠരോഗമശിച്ച സാധുവോനേ
മര്‍മഭേദകമീ വേദനയ്ക്കുള്ളിലും
ജാതിചൊല്ലും വിഷാഗ്നിതന്‍ ജല്പനം
എന്റെ സിരകളെ കാര്‍ന്നുതിന്നുന്ന
നൊമ്പരത്തിന്റെ ഭ്രാന്തമാം നാളില്‍
മൃദുകരംകൊണ്ടു നെറുകയില്‍ തൊട്ടൊരാള്‍
അതു വന്ദ്യനാം കുര്യാളശേരി താതന്‍.
ഇനി മറക്കാമിതേവരെക്കിട്ടിയ
വെറുപ്പിന്‍ ഭീകരമക്ഷരത്തോറ്റങ്ങള്‍
ഇനി മറക്കാം ദരിദ്രകാണ്ഡത്തിന്റെ
ചിതലരിച്ചതാം താളുകളൊക്കെയും.
സിരകളില്‍ അശാന്തഭാരമെന്‍
കശേരുക്കളില്‍ അനാഥത്വത്തിന്‍ വിങ്ങലും
കോശങ്ങളിലപമാന അശനിപാതവും
'എനിക്കു ശരീരത്തില്‍ കുഷ്ഠം; നിനക്കോ?'
ഒക്കെ വിഷാദവിഭ്രാന്തിയില്‍ നനഞ്ഞ
പുലയപുരാവൃത്തസ്മാരകംതന്നെ.
ഒരായുസ്സിന്‍ വ്യഥകളാണൊഴുകിയതന്നീ
പമ്പയാറില്‍ നിമഗ്നം സുശാന്തം
ചുടല കത്തുന്ന ഭീതിസ്വപ്നങ്ങളില്‍
ഇനി ഞാനമര്‍ന്നു വിഭൂതിയായീടുമേ.
'ലോകമുള്ളോരു കാലമൊക്കെയും
എന്റെയീ വ്രണം പൂത്തുലഞ്ഞിടും.'
ഇങ്ങനോര്‍ക്കവേ കുഷ്ഠമേ, ഇത്ര
വേഗമാര്‍ന്നു നീ യാത്രയായിതോ!
വന്നുനിന്നതാം ദൈവദൂതന്റെ പുണ്യ-
മാര്‍ന്നോരു സ്പര്‍ശനത്തിനാല്‍
അശ്രു ചുംബിച്ച നെഞ്ചകത്തിന്നിനി
ബാക്കി വയ്ക്കാനൊന്നുമില്ലെങ്കിലും
ആ പുണ്യതാതന്‍ കുര്യാളശേരിതന്‍
രാഗവിസ്മയസ്മരണയില്‍ ഞാന്‍ തൃപ്തന്‍.