•  10 Apr 2025
  •  ദീപം 58
  •  നാളം 6
പ്രാദേശികം

'ഛാന്ദായിലെ പൗലോസ് അപ്പസ്‌തോലന്‍' ഇനി ഓര്‍മകളില്‍

ഛാന്ദായിലെ പൗലോസ് അപ്പസ്‌തോലന്‍, കാല്‍നടസഞ്ചാരി, മറാത്തി ഫാദര്‍ തുടങ്ങിയ വിശേഷണങ്ങളില്‍ അറിയപ്പെട്ടിരുന്ന ഫാ. ജോര്‍ജ് കനീഷ്യസ് കച്ചിറമറ്റം ഓര്‍മയായി. 1936 ല്‍ രാമപുരം കച്ചിറമറ്റം കുടുംബത്തില്‍ മത്തായി - ത്രേസ്യാ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം ഹൈസ്‌കൂള്‍ പഠനത്തിനുശേഷം സി എം ഐ സന്ന്യാസസമൂഹാംഗമായി. സീറോ മലബാര്‍ സഭയ്ക്ക് കേരളത്തിനു വെളിയില്‍ ലഭിച്ച പ്രഥമ മിഷന്‍പ്രദേശമായ  ഛാന്ദാ രൂപത(ആന്ധ്രാപ്രദേശ്)യായിരുന്നു മരണംവരെ തന്റെ പ്രവര്‍ത്തനമണ്ഡലം.
ഗതാഗതസൗകര്യങ്ങളൊന്നുമില്ലാത്ത വനപ്രദേശം, അപരിചിതമായ ഭാഷയും മനുഷ്യരും - എന്നിട്ടും ചുരുങ്ങിയ നാളുകള്‍കൊണ്ടുതന്നെ അദ്ദേഹം അന്നാട്ടുകാരുടെ പ്രിയങ്കരനായി മാറി. ഗ്രാമവാസികളോരോരുത്തരെയും പേരു ചൊല്ലി വിളിക്കാനുള്ളത്ര അടുപ്പം ഉണ്ടാക്കിയെടുക്കാനും വളരെക്കുറച്ചു നാളുകളേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ.  
ഏകാന്തതയില്‍ മലമുകളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഈശോയെ, ഈ മലമുകളില്‍ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യര്‍ക്കു കാണിച്ചുകൊടുക്കാന്‍ ഇവിടേക്കു കടന്നുവന്ന ആദ്യത്തെ മിഷനറിയായിരുന്നു ഫാ. ജോര്‍ജ് കനീഷ്യസ് സി.എം.ഐ. സ്വജീവിതം ക്രിസ്തുവിനു സമര്‍പ്പിച്ച അദ്ദേഹം തന്റെ സമയവും കഴിവും ആരോഗ്യവുമൊക്കെ വിരൂര്‍ ഗ്രാമത്തിലെ സാധുജനങ്ങള്‍ക്കു പകുത്തു           നല്കി. 
പ്രതികൂലസാഹചര്യങ്ങളിലും സുവിശേഷപ്രഘോഷണം നടത്താന്‍ അച്ചന്‍ വിമുഖത കാട്ടിയില്ല.  തന്റെ മുന്നിലെത്തുന്നവര്‍ക്ക് വചനത്തിനൊപ്പം അന്നവും വിളമ്പാന്‍ അദ്ദേഹം തയ്യാറായിരുന്നു. തന്റെ മുമ്പില്‍ കൈനീട്ടുന്നവരെ ഒരിക്കലും വെറുംകൈയോടെ അദ്ദേഹം മടക്കിയയച്ചില്ല. അക്ഷരജ്ഞാനമില്ലാത്ത വനവാസികള്‍ക്ക് അതു പഠിക്കാനുള്ള സാഹചര്യം അച്ചന്‍ ഒരുക്കി. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിച്ച് തന്റെ ജീവിതവഴികള്‍ അദ്ദേഹം സുഗമമാക്കി. 
കൃത്യനിഷ്ഠയിലും ലളിതജീവിതത്തിലും ദാനധര്‍മത്തിലും തന്റെ ആത്മീയഗുരുവായ ചാവറയച്ചന്റെ മാതൃക പിന്‍തുടരുകയാണ് കനീഷ്യസച്ചന്‍ ചെയ്തത്. തന്റെ മുമ്പിലെത്തുന്ന എല്ലാവരുടെയും ആരോഗ്യ, വിദ്യാഭ്യാസകാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധിച്ചു. പാവപ്പെട്ട ഗ്രാമീണരുടെ സമഗ്രവിമോചനത്തിനുവേണ്ടിയാണ് അദ്ദേഹം പ്രയത്‌നിച്ചത്. സ്വന്തം ഭൂമിയില്‍ കൃഷിചെയ്യുന്നതിനും നിക്ഷേപപദ്ധതികള്‍, മഹിളാസമാജങ്ങള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനും അങ്ങനെ സ്വയംപര്യാപ്തരാകുന്നതിനും അദ്ദേഹം ഗ്രാമീണരെ സഹായിച്ചു.  
കാല്‍നടയാത്രാവേളകളില്‍ പ്രാര്‍ത്ഥന ചൊല്ലുന്നത് അദ്ദേഹം പതിവാക്കിയിരുന്നു. തന്റെ ഒപ്പമുള്ളവരെയും അദ്ദേഹം അതിനു പ്രേരിപ്പിച്ചു. മരുഭൂമിയിലെ ഈ യാത്രയ്ക്കിടയില്‍ തന്റെ നഷ്ടങ്ങളോ സഹനങ്ങളോ അദ്ദേഹം കണക്കാക്കിയില്ല. ഗ്രാമവാസികള്‍ അവരുടെ ഭാഷയില്‍ അദ്ദേഹത്തെ മോട്ടാ ഫാദര്‍ എന്നുവിളിച്ചു ബഹുമാനിച്ചു. 
ഛാന്ദാ രൂപതയുടെ സുവര്‍ണജൂബിലി പ്രമാണിച്ച് രൂപതയുടെ 'ബെസ്റ്റ് മിഷനറി' അവാര്‍ഡും സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 'മഹാമിഷനറി' അവാര്‍ഡും ഫാ. ജോര്‍ജ് കനീഷ്യസിനു ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 18 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)