കാക്കനാട്: മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണമെന്നും രാജ്യത്തെ ആശുപത്രികളിലും ആരോഗ്യപരിപാലനകേന്ദ്രങ്ങളിലും മരണവുമായി മല്ലടിക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്താന്‍ അത് അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റും കേരള ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.
കൊവിഡ് 19 ന്റെ വ്യാപനത്തോടെ മെഡിക്കല്‍ ഓക്‌സിജന്റെ വലിയ അഭാവമുള്ളതിനാല്‍ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം അപകടത്തിലാണ്. അതിനാല്‍, ഈ ഘട്ടത്തില്‍ മെഡിക്കല്‍ ഓക്‌സിജന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയെപ്പോലെ പ്രാധാന്യം നല്‍കണം. വിവിധ വാണിജ്യ ഏജന്‍സികള്‍ക്ക് ലാഭക്കച്ചവടത്തിനായി വിട്ടുകൊടുക്കാവുന്ന ഒരു വില്പനച്ചരക്കായി മെഡിക്കല്‍ ഓക്‌സിജനെ സര്‍ക്കാര്‍ കാണരുത്. അമിതവില കാരണം ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്ന് മെഡിക്കല്‍ ഓക്‌സിജന്‍ വാങ്ങാന്‍ കഴിയാത്ത ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ രാജ്യത്തെ ഈ നിര്‍ണായക പ്രതിസന്ധി ഘട്ടത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത ഒരു അടിസ്ഥാന ആവശ്യമായി കണക്കാക്കി ആവശ്യമുള്ള എല്ലാ ആളുകള്‍ക്കും സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
ജനങ്ങളുടെ അടിയന്തരാവശ്യം പരിഗണിച്ച് ആവശ്യമെങ്കില്‍ വിദേശത്തുനിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍വഴി ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
രാജ്യത്തെ എല്ലാ ആശുപത്രികളിലും ആരോഗ്യപരിപാലനകേന്ദ്രങ്ങളിലും ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതുവഴി ഒരാളുടെപോലും ജീവന്‍ ഓക്‌സിജന്റെ അഭാവംകൊണ്ടു നഷ്ടപ്പെടുകയില്ലായെന്നു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ ഈ ആരോഗ്യപ്രതിസന്ധിയില്‍ സര്‍ക്കാരുകളോടു ചേര്‍ന്നു സഭാസംവിധാനങ്ങളും സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെന്നും സാധ്യമായ മേഖലകളിലെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇനിയും സന്നദ്ധമാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവനയില്‍ അറിയിച്ചു.