മുംബൈ: ഭാരതത്തില്‍ കൊ വിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 7ന് രോഗികള്‍ക്കുവേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ.). കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുനാമിപോലെയാണെന്ന് സി.ബി.സി.ഐ. പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ചു പുറത്തിറക്കിയ കത്തില്‍ പറയുന്നു.
ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ, സി.സി.ബി.ഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ഫെറാരോ എന്നിവരുമായുള്ള കൂടിയാലോചനകള്‍ക്കുശേഷമാണ് മെയ് 7 വെള്ളിയാഴ്ച ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചതെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് കുറിച്ചു. വിവിധ ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍.സി.സി.ഐ.)യും ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ(ഇ.എഫ്.ഐ.)യും പ്രാര്‍ത്ഥനാദിനത്തില്‍ സഹകരിക്കുമെന്നറിയിച്ച കര്‍ദിനാള്‍, ഉപവാസപ്രാര്‍ത്ഥനാദിനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ എല്ലാ വിശ്വാസികളെയും ക്ഷണിച്ചിട്ടുണ്ട്.
ഓരോ രൂപതയ്ക്കും അവരുടെ സൗകര്യത്തിനനുസരിച്ച് ഉപവാസപ്രാര്‍ത്ഥനാദിനാചരണം സംഘടിപ്പിക്കാമെന്നാണ് കത്തില്‍ പറയുന്നത്. ഇക്കാര്യം തങ്ങളുടെ രൂപതയിലെ എല്ലാ ഇടവകകളെയും അറിയിക്കണം. കൊവിഡ് മഹാവ്യാധിയുടെ അന്ത്യത്തിനും രോഗികളുടെ സൗഖ്യത്തിനും ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ധൈര്യത്തിനും പ്രതിരോധമരുന്നുകളുടെ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിജയത്തിനും വേണ്ടി ഒരു മണിക്കൂര്‍ - 'വിശുദ്ധ മണിക്കൂര്‍' - പ്രാര്‍ത്ഥനയ്ക്കായി സജ്ജീകരിക്കണമെന്ന് എല്ലാ സന്ന്യാസസമൂഹങ്ങളോടും, പ്രത്യേകിച്ച് കന്യാസ്ത്രീമഠങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
അന്നേദിവസം ഉച്ചയോടടുത്ത് രാജ്യത്തെ എല്ലാ മെത്രാന്മാരും തങ്ങളുടെ അരമനകളിലോ കത്തീഡ്രലിലോ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചാല്‍ നന്നായിരിക്കുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. കൊറോണക്കെതിരേ കത്തോലിക്കാസഭയുടെ ഔദ്യോഗിക ജീവകാരുണ്യസംഘടനയായ കാരിത്താസ് ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിച്ചുകൊണ്ടാണ് തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.