കറിയാച്ചേട്ടനും കത്രിച്ചേടത്തിയും ഭാര്യാഭര്‍ത്താക്കന്മാരാണെന്നു തെറ്റിദ്ധരിക്കരുത്. അവര്‍ രണ്ടുപേരും ശരാശരി വിശ്വാസികളുടെ പ്രതിനിധികളാണ്. ശരാശരി വിശ്വാസികളുടെ ജീവിതലക്ഷ്യം എങ്ങനെയെങ്കിലും സ്വര്‍ഗത്തില്‍ പോകുക എന്നതാണ്. വിശുദ്ധരാകുക എന്നത് അവരുടെ ചിന്തയ്ക്കും ഭാവനയ്ക്കും അപ്പുറമാണ്.
അവര്‍ ചിന്തിക്കുമ്പോള്‍, ആദിമസഭയിലെ വിശുദ്ധരെല്ലാവരുംതന്നെ രക്തസാക്ഷികളാണ്. അപ്പസ്‌തോലന്മാരില്‍ യോഹന്നാന്‍ ഒഴികെ എല്ലാവരും രക്തസാക്ഷികളാണ്. അതുപോലെതന്നെ, അവരുടെ പിന്‍ഗാമികളും ആദിമനൂറ്റാണ്ടിലെ വിശുദ്ധരില്‍ ഭൂരിഭാഗവും രക്തസാക്ഷികളാണ്. അങ്ങനെ, രക്തസാക്ഷികളായി വിശുദ്ധരാകുക എന്നതു ശരാശരി വിശ്വാസികള്‍ക്കു സാധിക്കുന്നതല്ല. ആധുനിക സഭയിലെ രക്തസാക്ഷികള്‍ സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയിട്ടുള്ളവരാണ്. വി. അല്‍ഫോന്‍സാമ്മയും വി. കൊച്ചുത്രേസ്യായും വി. മദര്‍ തെരേസയുമൊക്കെ രക്തം ചിന്താതെ രക്തസാക്ഷികളായവരാണ്. കിട്ടിയ സഹനം പോരാഞ്ഞ് സഹനം ചോദിച്ചു വാങ്ങിയവളാണ് അല്‍ഫോന്‍സാമ്മ. അങ്ങനെ നോക്കിയാലും ശരാശരി വിശ്വാസികള്‍ക്ക് വിശുദ്ധ പദവി അപ്രാപ്യമാണ്.
പിന്നെയുള്ളവര്‍ മാര്‍പാപ്പാമാര്‍, കര്‍ദിനാള്‍മാര്‍, വൈദികര്‍, സന്ന്യസ്തര്‍ മുതലായവരാണ്. കുടുംബജീവിതം നയിക്കുന്നവര്‍ക്ക് ഇനി വൈദികവൃത്തിയിലേക്കോ സന്ന്യാസത്തിലേക്കോ പ്രവേശിക്കാനാവില്ല. അപ്പോള്‍ ആ വാതിലും അടഞ്ഞു. ഇത് ഒരു ശരാശരി വിശ്വാസിയുടെ ചിന്താധാരയാണ്.
നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, വിശുദ്ധരുടെയും വിശുദ്ധിയുടെയും ഗ്രേഡ് തിരിക്കാന്‍ സാധ്യമല്ല എന്നുള്ളതാണ്. സഭാസംവിധാനത്തില്‍ നടത്തിയിട്ടുള്ള ക്രമീകരണങ്ങളുടെ ഭാഗമാണ് വിശുദ്ധരുടെ പ്രഖ്യാപനം. ആദിമസഭകളില്‍ മാത്രമല്ല, ആധുനികകാലഘട്ടത്തിലും വിശുദ്ധരായി പേരു വിളിക്കപ്പെടാത്ത എത്രയോ വിശുദ്ധരുണ്ട്!~ അനിതരസാധാരണവും അനന്യവും വീരോചിതവുമായ പുണ്യങ്ങള്‍ അഭ്യസിച്ചിട്ടുള്ളവര്‍ എന്നു വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നവരാണ് വിശുദ്ധര്‍. പത്രോസാണോ പൗലോസാണോ യോഹന്നാനാണോ തോമായാണോ അല്‍ഫോന്‍സാമ്മയാണോ കൊച്ചുത്രേസ്യയാണോ കൂടുതല്‍ വിശുദ്ധര്‍ എന്ന ചോദ്യം അപ്രസക്തമാണ്.
സഭയുടെ പഠനം എന്താണെന്നു നോക്കാം. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പറയുന്നു: ഏത് അവസ്ഥയിലും ജീവിതവൃത്തിയിലുമുള്ള എല്ലാ ക്രൈസ്തവരും ക്രൈസ്തവജീവിതത്തിന്റെ പൂര്‍ണതയിലേക്കും സ്‌നേഹത്തിന്റെ പരിപൂര്‍ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ഈ പൂര്‍ണത പ്രാപിക്കാന്‍ വിശ്വാസികള്‍ ക്രിസ്തുവിന്റെ ദാനങ്ങളാല്‍ പ്രദാനം ചെയ്യപ്പെട്ട ശക്തി ഉപയോഗിക്കണം.അങ്ങനെ എല്ലാ കാര്യങ്ങളിലും പിതാവിന്റെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ട് ദൈവമഹത്ത്വത്തിനും അയല്‍ക്കാരുടെ സേവനത്തിനുമായി അവര്‍ തങ്ങളെത്തന്നെ പൂര്‍ണഹൃദയത്തോടെ പ്രതിഷ്ഠിക്കണം (നമ്പര്‍ 2013). ചുരുക്കത്തില്‍, ദൈവസ്‌നേഹവും പരസ്‌നേഹവുമാണ് ക്രൈസ്തവജീവിതം അഥവാ വിശുദ്ധജീവിതം. ഇതിലേക്കു വിളിക്കപ്പെട്ടവരാണ് എല്ലാ സഭാംഗങ്ങളും. അതിനര്‍ത്ഥം, എല്ലാവര്‍ക്കും വിശുദ്ധരാകാന്‍ സാധിക്കുമെന്നുള്ളതാണ്.
പക്ഷേ, ''പരിപൂര്‍ണതയുടെ വഴി കുരിശിലൂടെയാണു കടന്നുപോകുന്നത്. പരിത്യാഗവും ആദ്ധ്യാത്മികസമരവുമില്ലാതെ വിശുദ്ധിയില്ല.'' (നമ്പര്‍ 2015). ഈശോ പറയുന്നു: ''ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ചു തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (മത്തായി 16:24). മനുഷ്യരക്ഷ സാധിതമാകുന്നത് ഈശോയുടെ പീഡാസഹനവും കുരിശുമരണവും വഴിയാണല്ലോ. മാമ്മോദീസായിലൂടെ ഓരോ ക്രൈസ്തവനും ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരുന്നു. അതിലൂടെ ഓരോ ക്രിസ്ത്യാനിയും വിശുദ്ധരായിത്തീരുന്നു. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ വിശ്വാസികളെ 'വിശുദ്ധര്‍' എന്ന് അഭിസംബോധന ചെയ്യുന്നത്. ''യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസും സഹോദരന്‍ തിമോത്തിയോസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അക്കായിയായിലെങ്ങുമുള്ള വിശുദ്ധര്‍ക്കും എഴുതുന്നത്. (2 കൊറി. 1:1). എഫേസൂസൂകാര്‍ക്കെഴുതിയ ലേഖനത്തിലും നാം ഇതുതന്നെ കാണുന്നു: ''യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസ്, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന എഫേസൂസിലുള്ള വിശുദ്ധര്‍ക്കെഴുതുന്നത്'' (എഫേ. 1:1).''
പാപം ചെയ്യുമ്പോള്‍ മാമ്മോദീസായില്‍ കൈവന്ന വിശുദ്ധിക്കു കളങ്കമേല്ക്കുന്നു; അങ്ങനെ വിശുദ്ധി നഷ്ടപ്പെടുന്നു. അപ്പസ്‌തോലന്റെ ഉപദേശം ശ്രദ്ധിക്കാം: ''ആത്മാവിന്റെ പ്രേരണയനുസരിച്ചു ജീവിക്കുവിന്‍, ജഡമോഹങ്ങളെ നിങ്ങള്‍ ഒരിക്കലും തൃപ്തിപ്പെടുത്തരുത്... ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മത്സരം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല'' (ഗലാ. 5:16-21).
ബലഹീനനായ മനുഷ്യന്‍ തെറ്റിലകപ്പെടും. പക്ഷേ, ഈശോയുടെ പീഡാനുഭവവും കുരിശുമരണവും പാപികളെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. ഈശോ പാപികളെ അന്വേഷിച്ചാണു വന്നത്. വി. പൗലോസ് പറയുന്നു: ''യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്'' (തിമോത്തി 1:15). 'പാപികളില്‍ ഒന്നാമന്‍' എന്നു സ്വയം വിശേഷിപ്പിക്കുന്ന പൗലോസ് സ്വാനുഭവത്തിലൂടെ ബോധ്യപ്പെട്ടത് ഏറ്റുപറയുകയാണു ചെയ്യുന്നത്.
സഭയുടെ നെടുംതൂണുകളിലൊരാളായ പൗലോസ് സ്വയം പാപി എന്നു വിശേഷിപ്പിക്കുമ്പോള്‍ നമ്മളാരും നഷ്ടശരണരാകേണ്ടതില്ല. ഫ്രാന്‍സീസ് പാപ്പായുടെ പ്രാര്‍ത്ഥന ഇതിനോടു ചേര്‍ത്തു വായിക്കാം: ''കര്‍ത്താവേ, ഞാന്‍ ഒരു ദരിദ്രനായ പാപിയാണ്. എന്നാല്‍, എന്നെ വളര്‍ത്തുന്ന അദ്ഭുതം അവിടുത്തേക്കു ചെയ്യാന്‍ കഴിയും.'' (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍, പേജ് 21). ഈശോ, കുമ്പസാരം എന്ന കൂദാശ സ്ഥാപിച്ചത് നമ്മള്‍ പാപികളാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ്. ഈശോ പാപികളെ സ്‌നേഹിച്ചും അവര്‍ക്കു പാപമോചനം നല്കിയുമാണല്ലോ പ്രവര്‍ത്തിച്ചത്. എത്ര കഠിനമായ പാപത്തില്‍ ഏര്‍പ്പെട്ടാലും പശ്ചാത്തപിക്കുന്ന പാപിക്കു പാപമോചനം ലഭിക്കും. നല്ല കള്ളനും മഗ്ദലനാമറിയവും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയും സക്കേവൂസുമൊക്കെ പാപമോചനവും രക്ഷയും തേടിയവരാണ്. യോഹന്നാന്‍ശ്ലീഹാ പറയുന്നു: ''നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളില്‍നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും'' (1 യോഹ. 1:9,10). ശ്ലീഹാ തുടര്‍ന്നു പറയുന്നു: ''ആരെങ്കിലും പാപം ചെയ്യാന്‍ ഇടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്കൊരു മധ്യസ്ഥനുണ്ട് - നീതിമാനായ യേശുക്രിസ്തു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്. നമ്മുടെ മാത്രമല്ല, ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക് (1 യോഹ. 2:1, 2).'' വിശുദ്ധരുടെ ജീവിതവുമായി താരതമ്യപ്പെടുത്തിക്കൊണ്ട് നമ്മള്‍ നഷ്ടശരണരാകരുത്. ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ശ്രദ്ധിക്കാം: ''ഓരോരുത്തരും അവന്റെ അല്ലെങ്കില്‍ അവളുടെ സ്വന്തം മാര്‍ഗത്തില്‍ വിശുദ്ധരായിത്തീരട്ടെ എന്നു കൗണ്‍സില്‍ പറയുന്നു. അപ്രാപ്യമായി കാണപ്പെടുന്ന വിശുദ്ധിയുടെ മാതൃകകളുടെ മുമ്പില്‍ നാം നിരാശയില്‍ തളരാന്‍ പാടില്ല.'' (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍, നമ്പര്‍ 11, പേജ് 18). പാപ്പാ തുടര്‍ന്നു പറയുന്നു: അവരവര്‍ക്കുവേണ്ടി ഉദ്ദേശിച്ചിട്ടില്ലാത്ത ചിലത് അനുകരിക്കാന്‍ പ്രത്യാശയില്ലാതെ ശ്രമിക്കുന്നതിനെക്കാള്‍ പ്രധാന കാര്യം ഓരോ വിശ്വാസിയും അവന്റെ അല്ലെങ്കില്‍ അവളുടെ സ്വന്തം പാത വിവേചിച്ചറിയുകയാണ്.'' (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ പേജ് 18). പൊതുവേ, ശരാശരിക്കാരെ അലട്ടുന്ന ചിന്തയെപ്പറ്റിയും പാപ്പാ പറയുന്നുണ്ട്: ''സാധാരണകാര്യങ്ങളില്‍നിന്നു പിന്‍വലിഞ്ഞ് ഏറെ സമയം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമുള്ളതാണു വിശുദ്ധി എന്നു വിചാരിക്കാന്‍ കൂടക്കൂടെ നാം പ്രലോഭിതരാക്കപ്പെടുന്നു. അത് അങ്ങനെയല്ല. നമ്മള്‍ എവിടെ ആയിരുന്നാലും സ്‌നേഹത്തില്‍ അധിഷ്ഠിതമായി ജീവിതങ്ങള്‍ നയിക്കുകയും എല്ലാറ്റിലും സാക്ഷ്യം വഹിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധരാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.'' (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ - പേജ് 20). പൗലോസ്ശ്ലീഹാ ഗലാത്തിയാക്കാര്‍ക്കെഴുതിയ ലേഖനം ഉദ്ധരിച്ചുകൊണ്ടു പാപ്പാ പറയുന്നു: ''എല്ലാ അവസ്ഥയിലും അവിടുന്നിലേക്കു തിരിയുവിന്‍. അന്ധാളിക്കരുത്. എന്തെന്നാല്‍, പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ നിങ്ങള്‍ക്ക് ഇതു ചെയ്യാന്‍ കഴിയും. വിശുദ്ധി നിങ്ങളുടെ ജീവിതത്തിലെ പരിശുദ്ധാത്മാവിന്റെ ഫലമാണ്.'' (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍, പേജ് 21).
ചുരുക്കത്തില്‍, നമ്മള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ദൈവഹിതമനുസരിച്ച് ഓരോ പ്രവൃത്തിയും ചെയ്യുകയും പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുകയും ചെയ്യുക എന്നതാണ് സ്വര്‍ഗരാജ്യം അവകാശപ്പെടാനുള്ള മാര്‍ഗം. നമ്മില്‍ത്തന്നെ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിച്ച് അവിടുത്തേക്ക് സ്വയം സമര്‍പ്പിക്കുകയും ചെയ്യുക.