മണ്ണിനടിയില്‍ വേരുകള്‍കൊണ്ട് കെട്ടിപ്പിടിക്കുന്നു!
ഇലകള്‍ തമ്മില്‍ തൊടുമെന്നു പേടിച്ചു നാം അകറ്റിനട്ട മരങ്ങള്‍..
വീരാന്‍കുട്ടി എന്ന കവിയുടെ സൂക്ഷ്മനിരീക്ഷണത്തില്‍ വെളിപ്പെട്ടുകിട്ടുന്ന ഈ യാഥാര്‍ത്ഥ്യം നമ്മോടു സംവദിക്കുന്നത് നമുക്ക് ഇഷ്ടമെങ്കിലും അല്ലെങ്കിലും പ്രകൃതിയില്‍ ജീവജാലങ്ങള്‍ തമ്മില്‍ത്തമ്മില്‍; മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ദൃശ്യമെന്നതിലുമുപരി അദൃശ്യമായ ചില ജൈവബന്ധങ്ങള്‍ നിലനില്ക്കുന്നുണ്ട് എന്നതാണ്.
ഒരുദാഹരണത്തോടെ വ്യക്തമാക്കാം. ഡോഡോ പക്ഷികളും കാല്‍വരിയ മേജര്‍ എന്ന ചെടിയും തമ്മിലുണ്ടായിരുന്ന ബന്ധം വളരെ രസകരമായ ഒന്നാണ്. നായാട്ടു കമ്പംമൂലം വംശനാശം സംഭവിച്ച പക്ഷിയാണ് ഡോഡോ. തുടര്‍ന്ന്, കാല്‍വരിയ മേജര്‍ എന്ന ചെടിയും വംശനാശഭീഷണിയിലെത്തിച്ചേര്‍ന്നു. ഈ ചെടിയുടെ വംശനാശത്തെക്കുറിച്ചുള്ള പഠനം ചെന്നു നിന്നത് ഡോഡോ പക്ഷിയിലാണ്. ഈ ചെടിയുടെ ഫലങ്ങള്‍ ഡോഡോ പക്ഷികള്‍ യഥേഷ്ടം തിന്നുകയും തുടര്‍ന്ന് വിസര്‍ജ്യത്തിലൂടെ പുറത്തു വരുന്ന വിത്തുകള്‍ മുളയ്ക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വിത്തുകള്‍ മുളയ്ക്കുവാനുള്ള പ്രത്യേകസംവിധാനമാണ് ഡോഡോ പക്ഷികളുടെ വംശനാശംമൂലം ഇല്ലാതായത്. ഫലമോ? സ്വാദിഷ്ഠമായ ഫലങ്ങള്‍ നല്കിയിരുന്ന കാല്‍വരിയ മേജര്‍ എന്ന ചെടിക്ക് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകേണ്ടിവന്നു!
പരോക്ഷമായ ഇത്തരം നിരവധി ബന്ധങ്ങളുടെ കലവറയും കൂടിയാണ് പ്രകൃതി എന്നറിയണം. കാടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു പറയുന്ന ഒരു സമവാക്യമുണ്ട്. കടുവ = ജലം എന്നതാണത്. പ്രത്യക്ഷത്തില്‍ ഇവ തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നു കാണാം. എന്നാല്‍ കടുവകള്‍ ധാരാളമുള്ള ഒരു കാട് ആരോഗ്യമുള്ള ഒരു ആവാസവ്യവസ്ഥയുടെ പ്രതീകമാണ്. കാരണം, കടുവകള്‍ക്കു ഭക്ഷണമാകാന്‍ ആവശ്യമായ ധാരാളം മാനുകളുള്ള, മാനുകളുടെ ഭക്ഷണത്തിനാവശ്യമായ ധാരാളം പുല്ലുകളുള്ള, പുല്ലുകള്‍ക്ക് നന്നായി വളരുവാനാവശ്യമുള്ള ധാരാളം ജലമുള്ള ഒരു കാടാണെന്നു പരോക്ഷമായി പറയാം. അവിടെയാണ്; കടുവ = ജലം എന്ന സമവാക്യം നമുക്ക് നിര്‍ദ്ധരിക്കാനാവുന്നത്.
അദൃശ്യമായ പാരസ്പര്യത്തിന്റെ നിരവധി നൂലിഴകളിലാണ് നാം മറ്റു ജീവിവര്‍ഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നും ഇതിലേതെങ്കിലുമൊരു കണ്ണിയുടെ അഭാവമോ, ബലക്ഷയമോ നമ്മുടെ നിലനില്പിനെത്തന്നെ ബാധിക്കും എന്നുമുള്ള ഒരു വിവേകത്തിലേക്കു നാം എത്തിയേ തീരൂ. അത്തരം ചില വിഹ്വലതകളുടെ അപായസൂചന പങ്കുവയ്ക്കുന്ന ഹെന്റി ഡേവിഡ് തോറോയുടെ പ്രശസ്ത വാള്‍ഡെന്‍ എന്ന പുസ്തകം നമുക്കു വായിക്കാം. 1854 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം 21-ാം നൂറ്റാണ്ടിലും പ്രവാചകശബ്ദത്തോടെ നമ്മോടു സംസാരിക്കുന്നുണ്ട്... കലഹിക്കുന്നുണ്ട്...