വര്‍ത്തമാനം
ഫാ. കുര്യന്‍ തടത്തില്‍
കൊവിഡ് മഹാമാരി ലോകമെമ്പാടും പടര്‍ന്നുപിടിച്ചിട്ട് ഏതാണ്ട് ഒന്നര വര്‍ഷത്തോളമായി. കര്‍ഫ്യൂ, ലോക്ഡൗണ്‍ വഴിയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രോഗം പലയിടങ്ങളിലും അതിതീവ്രമായി വളരുകയാണ്. കഴിഞ്ഞ വര്‍ഷം സമ്പൂര്‍ണ ലോക്ഡൗണ്‍ വന്നപ്പോള്‍ എല്ലാം ശുഭമാകുമെന്നു പ്രതീക്ഷിച്ചവരാണ് നമ്മള്‍. അക്കാലത്ത് കൊവിഡ്
പ്രതിരോധയജ്ഞത്തിലെ മികവിന്റെ പേരില്‍ ലോകം മുഴുവന്‍ പേരെടുത്ത ഒരു സംസ്ഥാനമായിരുന്നു കേരളം. അതുപോയിട്ട് ഇന്ന് ഇന്ത്യ കൊവിഡ് വ്യാപനത്തില്‍ മറ്റെല്ലാ രാജ്യങ്ങളെക്കാളും മുമ്പില്‍ നില്ക്കുന്നു, ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലും. നമ്മുടെ കേരളവും പ്രതിദിനക്കണക്കില്‍ ഒട്ടും പിന്നിലല്ല. ഈ മഹാമാരിയുടെമുമ്പില്‍ നാം പകച്ചുനില്ക്കുന്നു.
മുമ്പും ഇത്തരം മഹാമാരികള്‍ മാനവരാശിയുടെമേല്‍ പതിച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ജനങ്ങളില്‍ പകുതിയോളംപേര്‍ക്കു ജീവഹാനി ഉണ്ടാക്കിയ ബ്ലാക്ക് ഡെത്ത് അതിലൊന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലാകെ സ്പാനിഷ് ഫഌ പടര്‍ന്നുപിടിച്ചു. ലക്ഷക്കണക്കിനാളുകള്‍ക്കു ജീവഹാനിയുണ്ടായി. പക്ഷേ, ഈ മഹാമാരികളൊക്കെ ലോകത്തിന്റെ ചിലയിടങ്ങളില്‍ ഒതുങ്ങിനിന്നു. എന്നാല്‍, കൊവിഡ്-19 ഒരു രാജ്യത്തോ സംസ്ഥാനത്തോ ഭൂഖണ്ഡത്തിലോ മാത്രമല്ല, ലോകമാസകലം വ്യാപിച്ചിരിക്കുകയാണ്.
എന്താണിതിനു കാരണമെന്നു ചോദിച്ചാല്‍ നമുക്കു മറുപടിയില്ല. ആളുകളുടെ ഈ അവസ്ഥ കാണുമ്പോള്‍ വളരെ വേദനയുണ്ട്. മനുഷ്യന്റെ അഹന്തയ്ക്കു കിട്ടിയ ചെറിയൊരു അടിയാണിതെന്ന് എനിക്കു തോന്നുന്നു. നമ്മള്‍ ലോകംമുഴുവന്‍ കീഴടക്കിയിരിക്കുകയാണ്. ശാസ്ത്ര സാങ്കേതികരംഗത്തും മറ്റു നിരവധി മേഖലകളിലും നാം കൈവരിച്ച നേട്ടങ്ങള്‍ക്കു കണക്കില്ല. ചന്ദ്രനില്‍ കാലുകുത്തിയിട്ട് അരനൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ ചൊവ്വയിലുമെത്തിയിരിക്കുന്നു. അജയ്യനാണെന്നു സ്വയം അഹങ്കരിക്കുകയാണ് മനുഷ്യന്‍. എന്നാല്‍, നഗ്നനേത്രങ്ങള്‍കൊണ്ടു കാണാന്‍ പോലുമാവാത്ത ഒരു ചെറിയ വൈറസ് മനുഷ്യനെ കീഴടക്കിയിരിക്കുകയാണ്.
ം മനുഷ്യനു നല്കിയിരിക്കുന്ന ഒരു പരീക്ഷണമാണിതെന്നു മനസ്സിലാക്കണം. കൊവിഡ് മഹാമാരിയുടെ വ്യാപനം ഒരുവര്‍ഷം പിന്നിട്ടിട്ടും അതിന് ഒരു പ്രതിവിധി കïെത്താന്‍ മനുഷ്യനോ അവന്റെ ശാസ്ത്രത്തിനോ കഴിഞ്ഞിട്ടില്ല. ദൈവത്തിനുമാത്രമേ ഈ വ്യാധി നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിലാശ്രയിക്കുക മാത്രമേ മനുഷ്യനു കരണീയമായിട്ടുള്ളൂ. മനുഷ്യന്‍ അവന്റെ കണ്ടുപിടിത്തങ്ങളിലും നേട്ടങ്ങളിലും മാത്രം പലപ്പോഴും ആശ്രയിച്ചുനില്ക്കുന്നു. അതിനപ്പുറത്ത് ദൈവത്തിലാശ്രയിക്കുക. പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിക്കുക. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലെന്ന് ഉറച്ചുവിശ്വസിക്കുക. ശാസ്ത്രത്തിനു പരിമിതികളുï്. അവര്‍ക്ക് ആകെ ചെയ്യാന്‍ പറ്റുന്നത് പ്രതിരോധ വാക്‌സിന്‍ കണ്ടെത്തുക എന്നതു മാത്രമാണ്. പക്ഷേ, ഏത് എത്രത്തോളം ഫലപ്രദമാണ് എന്നതുപോലും അവന്റെ നിയന്ത്രണത്തിനപ്പുറമാണ്. ശാസ്ത്രത്തിലുള്ള അമിതവിശ്വാസവും അഹങ്കാരവും കൈവിട്ടിട്ട് മനുഷ്യന്‍ ദൈവത്തില്‍ പരിപൂര്‍ണമായി ആശ്രയിക്കണം.
കൊവിഡ് ബാധയുടെ ആദ്യകാലങ്ങളില്‍ ഇതിനെക്കുറിച്ചു കേട്ടത്, ചൈന കണ്ടെത്തിയ ഒരു ജൈവായുധമാണ് ഇതെന്നാണ്. അതിന്റെ വാസ്തവമെന്തെന്ന് നമുക്കറിയില്ല. വര്‍ഷകാലത്തും തണുപ്പുകാലത്തുമാണ് ഈ രോഗം വര്‍ദ്ധിക്കുന്നതെന്ന്
യൂറോപ്പിലുള്ളവര്‍ വിശ്വസിച്ചു. ചൂടുകാലമാകുമ്പോള്‍ രോഗബാധ കുറയുമെന്നുതന്നെയാണ് കരുതിയിരുന്നത്. എന്നാല്‍, എല്ലാ കാലാവസ്ഥയിലും രോഗബാധ വര്‍ദ്ധിച്ചുവരികയാണ്. ശാസ്ത്രത്തിന്റെ എല്ലാ നിഗമനങ്ങളും മാറ്റേണ്ടിവന്നിരിക്കുന്നു. കൊവിഡ് 19 എന്ന മഹാവ്യാധിയുടെ യഥാര്‍ത്ഥ കാരണമെന്തെന്നുപോലും കണ്ടെത്താന്‍ ഇനിയും ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല.
ഈ മഹാവ്യാധി എന്നവസാനിക്കുമെന്നോ മാനവരാശിയുടെ ഭാവി എന്തായിരിക്കുമെന്നോ ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണിന്ന്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പല വിദേശരാജ്യങ്ങളും ഇന്ത്യാക്കാര്‍ക്കു പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ തൊഴിലെടുത്തു ജീവിച്ചിരുന്ന കോടിക്കണക്കിനാളുകളുടെ ജീവിതം ഇതുമൂലം വഴിമുട്ടിയിരിക്കുന്നു. അവധിക്കു നാട്ടിലേക്കു വന്ന പ്രവാസികള്‍ക്ക് തിരികെപ്പോകാനും സാധിക്കാതെ വന്നിരിക്കുന്നു. അവരെ തൊഴിലുടമകള്‍ തിരിച്ചെടുക്കാനും തയ്യാറാകുന്നില്ല.
മനുഷ്യന്റെ പരിമിതികളെ അംഗീകരിക്കുന്നതിനുള്ള അവസരമായി നമുക്ക് ഈ മഹാമാരിയെ കണക്കാക്കാം. എങ്കില്‍ മാത്രമേ പരിധികളും പരിമിതികളുമില്ലാത്ത ദൈവത്തിലേക്കു നമുക്കു തിരിയാനാവൂ. കൊറോണാ വൈറസിനെതിരായുള്ള വാക്‌സിന്‍ കണ്ടുപിടിച്ച 2021 ശാസ്ത്രയുഗമായി പ്രഖ്യാപിക്കണമെന്നുവരെ ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. മനുഷ്യര്‍ക്ക് ദൈവം നിരവധി കഴിവുകള്‍ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. മനുഷ്യന്റെ എല്ലാ കണ്ടുപിടിത്തങ്ങളും ദൈവത്തിന്റെ അനുഗ്രഹങ്ങളാണ്. മനുഷ്യന്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കുന്നുമുണ്ട്. എന്നാല്‍, അവയ്‌ക്കൊക്കെയും പരിമിതികളുണ്ട്. ശാസ്ത്രയുഗമെന്നു പ്രഖ്യാപിക്കാന്‍മാത്രം നേട്ടങ്ങള്‍ കൊയ്യാന്‍ മനുഷ്യന് നാളിതുവരെയും സാധിച്ചിട്ടുണ്ടെന്നു ഞാന്‍കരുതുന്നില്ല. അത് മനുഷ്യന്റെ അഹന്തയില്‍നിന്നു രൂപമെടുത്ത ഒരു പ്രസ്താവനയായി മാത്രമേഞാന്‍ കരുതുന്നുള്ളൂ.
ഈശ്വരാന്വേഷണത്തിന് മുന്‍തൂക്കം കൊടുക്കുകയും അതിനാവശ്യമായ പ്രബോധനം നല്കുകയും ചെയ്യേണ്ടത് ഇന്നിന്റെ ആവശ്യമാണ്. പ്രതിസന്ധികളും സങ്കടങ്ങളും ഉണ്ടാകുമ്പോള്‍മാത്രം ദൈവത്തെ അന്വേഷിക്കാതെ ദൈവത്തോടുള്ള നമ്മുടെ ബന്ധം എല്ലാക്കാലത്തും വിസ്മരിക്കാതെ സൂക്ഷിക്കേണ്ടതാണ്. ബാല്യകാലങ്ങളില്‍ ദൈവവിശ്വാസിയായി ജീവിച്ചിരുന്ന പലരും വളര്‍ച്ചയെത്തുമ്പോള്‍ ദൈവത്തെ സൗകര്യപൂര്‍വം മറക്കുന്നതും നമ്മള്‍ കാണുന്നുണ്ട്. നിയന്ത്രണങ്ങളുടെ പേരില്‍ ദൈവാരാധന സൗകര്യപൂര്‍വം വിസ്മരിച്ചവരാണ് പലരും. അതേസമയം വളരെയധികം ആളുകള്‍ ദൈവാലയങ്ങളില്‍ വന്ന് വി. കുര്‍ബാനയിലും ദിവ്യകാരുണ്യാരാധനയിലും പങ്കെടുത്തിരുന്നതും നമുക്കറിയാം. കൂട്ടംകൂടിയുള്ള പ്രാര്‍ത്ഥകളും ആരാധനകളും ഒഴിവാക്കിയുള്ള ഇത്തരം സംവിധാനങ്ങള്‍ നമ്മുടെ പള്ളികളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഒരുക്കേണ്ടതാണ്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് വീട് ആരാധനാലയമായും തൊഴിലിടമായും വിദ്യാലയമായും മാറി. കുടുംബബന്ധങ്ങള്‍ക്ക് ഇഴയടുപ്പം വര്‍ദ്ധിക്കാന്‍ ഒരുപരിധിവരെ ഈ സാഹചര്യം സഹായകമായി. കൊച്ചുകുട്ടികള്‍ക്ക് മാതാപിതാക്കളുടെ സാന്നിധ്യവും വൃദ്ധരായ മാതാപിതാക്കള്‍ക്ക് മക്കളുടെ സാമീപ്യവും ലഭ്യമായ അവസരമായിരുന്നു ലോക്ഡൗണ്‍ കാലം. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ആളുകള്‍ ദൂരസ്ഥലങ്ങളിലേക്കു പോയിരുന്ന സമയത്ത് ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളും കൂടിവരവുകളും അന്യമായിരുന്നു. വീടുകളില്‍ സന്ധ്യാപ്രാര്‍ത്ഥനകള്‍ നടക്കാതെയായി. പ്രായമായ മാതാപിതാക്കളെ ബഹുമാനിക്കാതെയായി. പ്രാര്‍ത്ഥനയുടെ ചൈതന്യമുള്ള കുടുംബങ്ങളില്‍മാത്രമേ പരസ്പരവിശ്വാസവും സ്‌നേഹവും നിലനില്ക്കുകയുള്ളൂ.
നമ്മുടെ ഭവനങ്ങളാണ് ഏറ്റവും വലിയ ആരാധനാലയങ്ങളും സര്‍വകലാശാലകളും. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കാനും ഭക്ഷിക്കാനും സൗഹൃദം പങ്കുവയ്ക്കാനും സൗകര്യവും സമയവും ലഭിച്ച നാളുകളാണ് ലോക്ഡൗണ്‍കാലം.
ദൈവം നമുക്കു നല്കിയിരിക്കുന്ന ഏറ്റവും വലിയ ദാനമാണ് നമ്മുടെ കുഞ്ഞുങ്ങള്‍. അവരെ കൈനീട്ടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. എത്രയോ മാതാപിതാക്കളാണ് തങ്ങളുടെ ജീവിതസൗകര്യങ്ങള്‍ക്കുവേണ്ടി കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍വച്ചു നിഷ്‌കരുണം കൊന്നുകളയുന്നത്. മാനവരാശിയുടെ ഏറ്റവും വലിയ മൂല്യച്യുതിയാണ് ഗര്‍ഭച്ഛിദ്രം. ഇങ്ങനെ പോയാല്‍ നമ്മുടെ സമൂഹംതന്നെ അന്യംനിന്നുപോകും. ദൈവവിശ്വാസത്തിന്റെ, പ്രാര്‍ത്ഥനയുടെ അഭാവമാണ് ഇത്തരം അപഭ്രംശങ്ങള്‍ക്കു കാരണം.
സമ്പത്തിനും സുഖജീവിതത്തിനുംവേണ്ടിയുള്ള പരക്കംപാച്ചിലാണ് എവിടെയും. സമ്പത്തു മാത്രമാണ് ജീവിതത്തെ അളക്കുന്ന മാനദണ്ഡമെന്നു കരുതുന്നത് മനുഷ്യന്റെ ഒരു പരിമിതിയാണ്. ഭൗതികനേട്ടങ്ങളുടെ പിന്നാലെ പോകുന്ന മനുഷ്യന് സമഗ്രമായ ഒരു പരിവര്‍ത്തനം ആവശ്യമാണ്. കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയില്ല. കുട്ടികളുടെ വിശ്വാസധാര്‍മികപരിശീലനങ്ങളില്‍ മാതാപിതാക്കള്‍ വേണ്ടതുപോലെ ശ്രദ്ധിക്കുന്നില്ല. വൈദികസന്ന്യസ്തദൈവവിളികള്‍ കുടുംബങ്ങളില്‍ കുറഞ്ഞുവരുന്നു. അതിനു പ്രോത്സാഹജനകമായ കാഴ്ചപ്പാടുകള്‍ കുടുംബങ്ങളില്‍ സൃഷ്ടിക്കുന്നില്ല. ദൈവം വസിക്കുന്ന കൂടാരങ്ങളായി നമ്മുടെ ഭവനങ്ങള്‍ മാറണം. വെളിപാടുപുസ്തകത്തില്‍ നാം വായിക്കുന്നില്ലേ, ''തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും'' (3:19,20). നമ്മുടെ ഹൃദയകൂടാരങ്ങളില്‍ വന്നു വസിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു.
എന്റെ ഭൗതികാവശ്യങ്ങള്‍ നിറവേറ്റിത്തരുന്ന ഒരുപാധിയായി മാത്രം ദൈവത്തെ കാണരുത്. നമ്മുടെ പ്രാര്‍ത്ഥനകള്‍ കാര്യസാധ്യത്തിനുള്ള ഒരു നീക്കുപോക്കായി, ചടങ്ങായി മാറരുത്. കൊവിഡ് വരുമ്പോള്‍ മാത്രമല്ല, ക്രൈസിസ് ഉണ്ടാകുമ്പോള്‍ മാത്രമല്ല, എല്ലായ്‌പോഴും ദൈവവുമായി നിരന്തരമായ ഒരു ബന്ധം നമുക്കുണ്ടാവണം. ദൈവഭയവും ദൈവസ്‌നേഹവും (Respectful Fear) നമുക്ക് ആഴത്തില്‍ ഉണ്ടാവേണ്ടതാണ്.
ഈ ലോകത്തിലെ സങ്കടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കുമപ്പുറം ആനന്ദത്തിന്റെ ഒരു ജീവിതമുണ്ടെന്നും നിത്യസൗഭാഗ്യത്തിന്റെ സ്വര്‍ഗഗേഹം നോക്കിപ്പാര്‍ത്തിരിക്കുന്നവരാണ് നമ്മളെന്നും ഓര്‍മ വേണം. മനുഷ്യന്റെ ഭൗതികാഡംബരങ്ങളും ധൂര്‍ത്തും അവനെ ദൈവത്തില്‍നിന്നകറ്റുകയാണ്. ഇവിടെയൊക്കെ അച്ചടക്കവും ആത്മനിയന്ത്രണവും അഭ്യസിക്കേണ്ടതുണ്ട്.
“ Many weapons, few vaccines: This is today’s scandal.’’ ഈസ്റ്റര്‍ ദിനത്തില്‍ മാര്‍പാപ്പ പറഞ്ഞതാണിത്. Armed conflicts and military arsenals are being strengthened in times of pandemic. ലോകം ഭയാനകമായ ഈ അവസ്ഥയില്‍കൂടി കടന്നുപോകുമ്പോഴും നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കുന്നത് ആയുധശേഖരണത്തിലാണ്. ഇവിടെ പെരുകുന്നത് അക്രമവും കൊള്ളയും മാത്സര്യങ്ങളുമാണ്, സമാധാനമല്ല.
കൊറോണ വാക്‌സിന്‍ കണ്ടുപിടിച്ചു. അത് ആളുകള്‍ക്ക് ലഭ്യമായിത്തുടങ്ങുകയും ചെയ്തു. പക്ഷേ, ഇന്ത്യയില്‍ അതിന്റെ വില വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി നല്‍കേണ്ട വാക്‌സിനാണ് വില വര്‍ദ്ധിപ്പിച്ചു നല്‍കുന്നത്. പ്രാണവായുപോലും വിലകൊടുത്തു വാങ്ങേണ്ട ഒരു സാഹചര്യമാണുള്ളത്. സാമ്പത്തിക നേട്ടത്തിനുമപ്പുറം ജനങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യപരിപാലനത്തിനും മുന്‍തൂക്കം കൊടുത്തെങ്കില്‍മാത്രമേ രാജ്യവും ജനങ്ങളും പുരോഗതിയിലേക്ക് നീങ്ങുകയുള്ളൂ. സ്വന്തം കഴിവില്‍ അഹങ്കരിക്കാതെ ദൈവാശ്രയത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ദൈവത്തിന്റെ കരുണയ്ക്കും കരുതലിനുമായി പ്രാര്‍ത്ഥിക്കാം.