മനുഷ്യനെ ദൈവത്തില്‍നിന്നകറ്റുന്ന ഒരു കാര്യമായി ചിലര്‍ ശാസ്ത്രത്തെ കാണാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നു ഞാന്‍ വിസ്മയിക്കുന്നു. എന്റെ കാഴ്ചപ്പാടില്‍ ശാസ്ത്രത്തിന്റെ പാതകള്‍ക്ക് എന്നും മനുഷ്യഹൃദയങ്ങളിലൂടെ കടന്നുപോകാന്‍ കഴിയും. എനിക്ക് ശാസ്ത്രമെന്നത് ആത്മീയസമ്പന്നതയിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കുമുള്ള പാതയാണ്.'' ഇതു കുറിച്ചത് വചനപ്രഘോഷകരോ ധ്യാനഗുരുക്കന്മാരോ അല്ല. ലോകം ഇന്നും ആദരവോടെ അനുസ്മരിക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍കലാം 'അഗ്നിച്ചിറകുകളി'ല്‍ ആവര്‍ത്തിച്ചുവ്യക്തമാക്കുന്ന മനോഹരമായ സന്ദേശമാണിത്.
ജീവിതത്തെക്കുറിച്ചു സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴും സ്വപ്നങ്ങളില്‍ പലതും തകര്‍ന്നടിഞ്ഞപ്പോഴും സുപ്രധാനമായ ശാസ്ത്രദൗത്യങ്ങള്‍ പരാജയപ്പെടുന്നതു കണ്ടുനിന്നപ്പോഴും മരണം ഉറ്റവരെ തന്നില്‍നിന്നടര്‍ത്തിക്കൊണ്ടുപോകുമ്പോഴും ഉള്ളിലെ ദിവ്യമായൊരു ചൈതന്യത്തെ ധ്യാനിച്ച് ഊര്‍ജ്ജവും പ്രത്യാശയും സംഭരിച്ച വിവേകിയായ ഒരു മനുഷ്യനായിരുന്നു ഡോ. കലാം. മികച്ച ശാസ്ത്രജ്ഞനും മികച്ച ഗുരുനാഥനും മികച്ച ഭരണാധികാരിയും മനുഷ്യസ്‌നേഹിയും സര്‍വ്വോപരി ഭാരതത്തിലെ മുഴുവന്‍ ജനതയുടെയും ഹൃദയങ്ങളില്‍ അണയാത്ത വെളിച്ചമായും അദ്ദേഹം മാറിയിട്ടുണെ്ടങ്കില്‍ അതിന്റെ കാരണവും മറ്റൊന്നല്ല.
സര്‍വ്വേശ്വരനെയും വിശ്വാസങ്ങളെയും മതങ്ങളെയും മതാചാര്യന്മാരെയും പരിഹസിക്കാനുള്ള, അപ്രസക്തമാക്കാനുള്ള ആയുധമായി ശാസ്ത്രത്തിന്റെ കരുത്തിനെ നാഴികയ്ക്കു നാല്പതുവട്ടം ദുര്‍വ്യാഖ്യാനം ചെയ്ത് 'വൈറലാ'കാന്‍ ശ്രമിക്കുന്ന അല്പബുദ്ധികളെ കാണുമ്പോഴാണ് ഡോ. കലാമിനെപ്പോലെയുള്ളവരുടെ മഹത്ത്വം നാം തിരിച്ചറിയേണ്ടത്.
ഇപ്പോള്‍ കൊറോണരോഗം വ്യാപിക്കുമ്പോഴും മുമ്പു നിപ്പ വൈറസ് ഭീതി പടര്‍ത്തിയപ്പോഴും പ്രളയം കേരളത്തെ വിഴുങ്ങിയപ്പോഴും മനുഷ്യന്റെ നിസ്സഹായതയെ ആളിക്കത്തിച്ച് അതില്‍ ഈശ്വരനിരാസത്തിന്റെ അപ്പം ചുട്ടുതിന്നുന്ന മനുഷ്യരെ നവമാധ്യമങ്ങളില്‍ ഏറെ കാണാം.
ഇത്രയും സങ്കുചിതമായ അര്‍ത്ഥത്തിലേക്കു വിശ്വാസത്തെയും ആത്മീയതയെയും തരംതാഴ്ത്താന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കുന്നു! സംസ്‌കാരസമ്പന്നമായ ഒരു സമൂഹമാണ് നമ്മുടേതെങ്കില്‍ ഒരിക്കലും ഉയരാന്‍ പാടില്ലാത്ത പരിഹാസശരങ്ങളാണ് നമ്മുടെ പൈതൃകത്തിന്റെയും പാരമ്പര്യങ്ങളുടെയും ആത്മീയഗാത്രത്തില്‍ ഇന്നു തറച്ചുകയറുന്നത്.
അടച്ചുപൂട്ടിയ ധ്യാനകേന്ദ്രങ്ങളുടെയും തിരുനാളുകള്‍ മാറ്റിവച്ച ദൈവാലയങ്ങളുടെയും ഉത്സവങ്ങള്‍ ചടങ്ങുമാത്രമായി നിര്‍വ്വഹിച്ച മഹാക്ഷേത്രങ്ങളുടെയും നേര്‍ക്കു വിരല്‍ചൂണ്ടി ഉറഞ്ഞുതുള്ളി പരിഹസിക്കുമ്പോള്‍ ഒരു കാര്യം വിസ്മരിക്കരുത്. ഈശ്വരനിലേക്കു തിരിയുവാനും അവനവന്റെ ജീവിതത്തിലേക്കു നോക്കി തിരുത്തുവാനും ചുറ്റുമുള്ളവര്‍ക്കു കരുണയുടെ അപ്പക്കഷണങ്ങള്‍ നീട്ടുവാനുമാണ് അവിടെയുള്ള മനുഷ്യര്‍ തങ്ങള്‍ക്കു മുന്നിലെത്തിയ ആളുകളോട് ആഹ്വാനം ചെയ്തിരുന്നത്. വടിവാളുകളോ കഠാരകളോ കുറുവടികളോ ആയിരുന്നില്ല അവിടെ പങ്കുവയ്ക്കപ്പെട്ടത്; ഹൃദയത്തെ ജ്വലിപ്പിക്കുന്ന ദൈവത്തിന്റെ വചനങ്ങളായിരുന്നു. അമ്മയുടെ മുന്നിലിട്ടു മകനെ വെട്ടിക്കൊല്ലുവാനോ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ക്ലാസ്മുറിയിലിട്ട് അധ്യാപകനെ വെട്ടിക്കീറുവാനോ 'പാടത്തു പണിയാണെങ്കില്‍ വരമ്പത്തുകൂലി'യെന്നു പറഞ്ഞ് ചെറുപ്പക്കാരെ ഇളക്കിവിട്ട് കൊന്നും കൊലക്കയര്‍ മുറുക്കിയും കൊലക്കയറില്‍ നിന്നൂരിയെടുത്തും കരുത്തു കാണിക്കാനോ ശ്രമിച്ചവരായിരുന്നില്ലല്ലോ കൊറോണ വന്നപ്പോള്‍ 'കണ്ടം വഴി ഓടി'യെന്നു നിങ്ങള്‍ ആക്ഷേപിച്ച മനുഷ്യര്‍.
ദൈവത്തിനുവേണ്ടിയുള്ള അദമ്യമായ ദാഹം മനുഷ്യാസ്തിത്വത്തിന്റെ ഭാഗമാണ്. ആന്തരികമായ ശൂന്യതയെ നികത്താന്‍ ദൈവത്തിനു പകരമായി മറ്റെന്തെല്ലാം ഹൃദയത്തില്‍ പ്രതിഷ്ഠിച്ചാലും മനുഷ്യന്‍ തൃപ്തനാവില്ല. ഈ അന്വേഷണത്തിനും ആത്മസാക്ഷാത്കാരം തേടലിനും മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഉള്ളിലെ ദൈവികമായ സാന്നിധ്യത്തെ തിരിച്ചറിയുകയും ദൈവത്തിന്റെ കരങ്ങളിലെ ഉപകരണങ്ങളായി തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്ത മനുഷ്യരിലൂടെ ലോകത്തിനുണ്ടായിട്ടുള്ള നന്മകളെ നമുക്ക് അത്രവേഗം മറക്കാന്‍ പറ്റുമോ?
ദൈവത്തെ പകര്‍ന്നുകൊടുക്കാന്‍ ഇറങ്ങിത്തിരിച്ച വ്യക്തികളില്‍നിന്നു മനുഷ്യസ്‌നേഹത്തിന്റെ എത്രയോ ഉറവകളാണ് ഒഴുകിയിട്ടുള്ളത്. അറിവും അന്നവും മനുഷ്യനെന്ന പരിഗണനപോലും നിഷേധിക്കപ്പെട്ട ഒരു സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെയും തൊഴില്‍പരിശീലനത്തിന്റെയും ആതുരശുശ്രൂഷയുടെയും മൂല്യാധിഷ്ഠിതമായ ജീവിതത്തിന്റെയും സദ്ഫലങ്ങള്‍ നമുക്കു സമ്മാനിച്ചത് ദൈവത്തിന്റെ കൈപിടിച്ചു നടന്ന മനുഷ്യരായിരുന്നില്ലേ? അവരില്ലായിരുന്നെങ്കില്‍ നാമിന്നെവിടെ നില്ക്കുമായിരുന്നു എന്നുകൂടി ഓര്‍മ്മിക്കുക.
കുഷ്ഠരോഗികളുടെ മുറിവു കഴുകി ചുംബിച്ചവരും അവര്‍ക്കിടയില്‍ പരിചരണം നടത്തി ജീവന്‍ വെടിഞ്ഞവരും തടങ്കല്‍ പാളയത്തില്‍ അപരനുവേണ്ടി വധശിക്ഷ സ്വയമേറ്റെടുത്തവരും ദൈവവേലയ്ക്കിറങ്ങിപ്പുറപ്പെട്ട പ്രിയപ്പെട്ട പുത്രിയെ കൊത്തിനുറുക്കിയ നരാധമനോടു ക്ഷമിച്ച് വീട്ടില്‍ വിളിച്ചുവരുത്തി വിരുന്നൂട്ടി ക്രിസ്തുസ്‌നേഹത്തിന്റെ സ്‌നാനം ചെയ്‌തെടുത്തവരും അപരിചിതനായ ഏതോ മനുഷ്യനുവേണ്ടി സ്‌നേഹത്തോടെ അവയവദാനം നടത്തിയവരും കെട്ടുകഥകളല്ല, നമുക്കിടയില്‍ ജീവിച്ചവരും ജീവിക്കുന്നവരുമാണ്.
'ദൈവമേ, ഭൂമിയിലെ മുറിവേല്ക്കപ്പെട്ട മനുഷ്യരുടെ പിന്നിലൊക്കെയൊളിച്ചുനില്ക്കുന്നത് നീ തന്നെയാണല്ലോ' എന്നു പറഞ്ഞ് ഒരു കുഷ്ഠരോഗിയെ ചുംബിച്ചു സൗഖ്യമേകിയ ഫ്രാന്‍സീസ് അസ്സീസിയുടെ ഊര്‍ജ്ജം ക്രിസ്തുവല്ലാതെ മറ്റെന്തായിരുന്നു?
''ഒരിക്കലും സ്വയം ചെറുതാണെന്നോ നിസ്സഹായരാണെന്നോ തങ്ങള്‍ക്കു തോന്നരുതെന്ന് ഇന്ത്യയിലെ ജനകോടികളോടു പറയുന്നതിനുവേണ്ടി കലാം എന്ന ഒരു ചെറിയ മനുഷ്യനിലൂടെ സര്‍വ്വേശ്വരന്‍ ചെയ്ത കാര്യങ്ങള്‍ മാത്രമാണ് ഈ റോക്കറ്റുകളും മിസൈലുകളുമെല്ലാം. ദിവ്യമായൊരു അഗ്നിജ്വാല ഹൃദയത്തില്‍ പേറിക്കൊണ്ടാണ് നാമെല്ലാം ജനിക്കുന്നത്. ഈ അഗ്നിക്കു ചിറകുകള്‍ നല്കാനും അതിന്റെ നന്മയുടെ തിളക്കംകൊണ്ട് ഭുവനത്തെ നിറയ്ക്കാനും വേണ്ടിയുള്ളതാവണം നമ്മുടെ പ്രയത്‌നങ്ങളെല്ലാം... സര്‍വ്വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ'' എന്ന ആമുഖത്തോടെയാണ് തന്റെ ശാസ്ത്രാന്വേഷണങ്ങളെക്കുറിച്ചും എസ്.എല്‍.വി. - 3, അഗ്നി തുടങ്ങിയ പ്രോജക്ടുകളുടെ അനുഭവങ്ങളെക്കുറിച്ചും മഹാനായ ശാസ്ത്രജ്ഞന്‍ ഡോ. കലാം നമ്മോടു സംസാരിച്ചുതുടങ്ങുന്നത്. സഹപ്രവര്‍ത്തകനും പിന്നീടു തന്റെ ജീവചരിത്രകാരനുമായ അരുണ്‍ തിവാരി മുന്‍പൊരിക്കല്‍ മരണാസന്നനായ സമയത്ത് ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്നതില്‍ കലാമിന്റെ ശാസ്ത്രബോധം അദ്ദേഹത്തിന്റെ ഹൃദയത്തെ വിലക്കിയിരുന്നില്ല എന്നതിനു കൂടി സാക്ഷ്യം വഹിക്കുന്നുണ്ട് 'അഗ്നിച്ചിറകുകള്‍' എന്ന പുസ്തകം.
ദൈവസ്‌നേഹവും മനുഷ്യസ്‌നേഹവും സമന്വയിച്ച മഹത്തായ ഒരു ആത്മീയപൈതൃകം നമുക്കുണ്ട്. ഇതാണ് തക്കസമയം എന്നു കരുതി പ്രകൃതിദുരന്തങ്ങളുടെയോ മഹാമാരികളുടെയോ പശ്ചാത്തലത്തില്‍ അതിനുനേരേ കാര്‍ക്കിച്ചുതുപ്പരുത്. ദൈവനിന്ദയല്ല മഹാമാരികള്‍ക്കുള്ള പ്രതിരോധം.