എന്നുമാനന്ദത്തില് വാഴണമെന്നതു
മന്നിലെ മര്‍ത്ത്യര്‍തന്നാശയല്ലേ
ജീവിതം സ്വര്‍ഗസമാനമാക്കീടുവാ-
നാവുന്നതൊക്കെയും ചെയ്തിടുന്നു.
വിത്തമുണ്ടാക്കുവാന്‍ നേരാംവഴികളി-
ലധ്വാനിക്കുന്നവരേറെയില്ലേ.
കൊള്ളചെയ്‌തൊട്ടേറെയുണ്ടാക്കിടും ചിലര്‍
കള്ളത്തരംകൊണ്ടു മറ്റനേകര്‍.
പുഞ്ചിരിയോടെത്തി ശുദ്ധമനസ്‌കരെ
വഞ്ചിച്ചു സമ്പത്തു നേടിടുന്നോര്‍
ഉന്നതസ്ഥാനത്തണഞ്ഞാലതു ധനം
കുന്നുകൂട്ടാന്‍ വഴിയാക്കിടുന്നോര്‍
എന്തുചെയ്തും പണം നേടി മനസ്സിനെ
സന്തുഷ്ടമാക്കാന്‍ ശ്രമിച്ചിടുന്നോര്‍
മദ്യവും മറ്റു ലഹരികള്‍മൂലവു-
മത്യന്തമാനന്ദമാഗ്രഹിപ്പോര്‍
മിക്കവര്‍ക്കും ലഭിക്കുന്നില്ല തുഷ്ടിയും
സൗഖ്യവുമെന്നതോ നഗ്നസത്യം
സ്വന്തം സുഖം മാത്രമാഗ്രഹിപ്പോര്‍ക്കില്ല-
യന്ത്യംവരെ ശാന്തി ഭൂതലത്തില്‍.
ആനന്ദമന്യര്‍ക്കരുളുന്ന കൃത്യങ്ങ-
ളൂനമില്ലാതെ നാം ചെയ്തിടുമ്പോള്‍
കിട്ടും സുഖം സമാധാനവുമെന്നതി-
ലൊട്ടുമാശങ്കപ്പെടേണ്ടതില്ല.