•  25 Apr 2024
  •  ദീപം 57
  •  നാളം 7
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

സമരമുഖത്തെ സത്യകഥനങ്ങള്‍

''പോരാട്ട ത്തിനുള്ള എന്റെ പ്രതിബദ്ധതയ്ക്ക് അതി രുകളോ പരിമിതികളോ തിരിച്ചറിയാന്‍ കഴിയില്ല. തങ്ങളുടെ ദൗത്യം ഹൃദയത്തില്‍ വഹിക്കുന്നവര്‍ മാത്രമാണ് അപകടസാധ്യതകള്‍ ഏറ്റെടുക്കുവാന്‍ ധൈര്യപ്പെടുന്നത്''.
- റിഗോബെര്‍ത മെഞ്ചു
ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുകയും കീറിമുറിക്കുകയും അതേസമയം ജീവിതത്തെ ബലപ്പെടുത്തുകയും ചെയ്തിട്ടുള്ള ഒരു  ആത്മകഥയാണ് റിഗോബെര്‍ത മെഞ്ചുവിന്റെ ''ഞാന്‍ റിഗോബെര്‍ത മെഞ്ചു, ഗ്വാട്ടിമാലയിലെ അമേരിന്ത്യന്‍ പോരാളി'' എന്ന പുസ്തകം. ലോകത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റുകയും പുതിയ ഒരുണര്‍വ്വിലേക്കും പുതുബോധത്തിലേയും നയിക്കുകയും ചെയ്യുന്ന  ഒരു ഗ്രന്ഥമാണിത്.
''പര്‍വ്വതങ്ങളെ കിടിലം കൊള്ളിച്ച പെണ്‍പോരാളി'' - ആ പേരാവും മെഞ്ചുവിന് കൂടുതലായി ചേരുക. ഗ്വാട്ടിമാലയിലെ മണ്ണിന്റെ മക്കള്‍ നടത്തിയ അവകാശപ്പോരാട്ടങ്ങളെ മുന്നില്‍ നിന്നു നയിക്കുകയും അവര്‍ക്കു തിരിച്ചടികളേല്‍ക്കുമ്പോള്‍ അതിനെ സധൈര്യം ഏറ്റെടുത്ത് പ്രതിരോധിക്കുകയും ചെയ്തവളെ നാം മറ്റെന്തു പേരിട്ടാണു വിളിക്കുക? ഒരു നാട്ടിലെ ജനത ഒന്നടങ്കം അടിച്ചമര്‍ത്തപ്പെട്ടതിന്റെ ഇരുളടഞ്ഞ ഏടുകളിലേക്കു വെളിച്ചം വീശുന്ന ഒന്നാണ് മെഞ്ചുവിന്റെ ജീവിതവും ഈ ജീവിതകഥയും.  മായന്‍ ഗോത്രത്തില്‍പ്പെട്ട റെഡ് ഇന്ത്യന്‍ വര്‍ഗക്കാരിയായ റിഗോബര്‍ത മെഞ്ചുവിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരു സ്ത്രീയ്ക്ക് ഇത്രയുമൊക്കെ യാതനകളെ നേരിടാനാവുമോയെന്നും ഇത്രയും പ്രതിരോധം തീര്‍ക്കാനാവുമോയെന്നും നാം അദ്ഭുതപ്പെട്ടേക്കാം.
ലാറ്റിനമേരിക്കയിലെ ഗ്വാട്ടിമാലയില്‍ 1959 ജനുവരി 9 നാണ് റിഗോബെര്‍ത്ത ജനിച്ചത്.  പട്ടാളഭരണകൂടത്തെ ചെറുത്തുനിന്ന  റെഡ് ഇന്ത്യന്‍ വംശജനായ വിന്‍സെന്റ് എന്ന ഒരു കര്‍ഷകത്തൊഴിലാളിയുടെ ആറുമക്കളില്‍ ഒരുവളാണ് റിഗോബര്‍ത മെഞ്ചു. ഗ്വാട്ടിമാലയിലെ ദരിദ്രജനവിഭാഗങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് ഗോത്രവര്‍ഗങ്ങള്‍ക്കെതിരേ, ഭരണകൂടം നടത്തുന്ന അതിക്രമങ്ങളിലേക്കു ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതിനു ഗ്വാട്ടിമാലയിലെ സ്പാനിഷ് എംബസി കയ്യേറ്റത്തിനു വിന്‍സെന്റ് നേതൃത്വം കൊടുത്തിരുന്നു.
ഗ്വാട്ടിമാലയിലെ 22 ഗോത്രവര്‍ഗങ്ങളിലെ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നായ ക്വിഷെയില്‍ ജനിച്ച റിഗോബെര്‍ത കുട്ടിക്കാലത്തുതന്നെ കുടുംബത്തിനൊപ്പം തോട്ടങ്ങളിലും പാടത്തും പണിയെടുക്കാന്‍ നിര്‍ബന്ധിതയായി. വിദ്യാഭ്യാസമെന്നത് അവള്‍ക്കു ചിന്തിക്കാന്‍പോലും ആകുമായിരുന്നില്ല. വര്‍ഷത്തില്‍ ആറുമാസം തീരപ്രദേശത്തെ തോട്ടങ്ങളിലും  ബാക്കി ആറുമാസക്കാലം മലയോരമേഖലയിലെ പാടങ്ങളിലും രാപകലെന്യേ അവര്‍ പണിയടുത്തു. എന്നിട്ടും അവര്‍ക്ക് പട്ടിണിമരണങ്ങളും രോഗവും ദുരിതവും മാത്രമായിരുന്നു മിച്ചം. തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍ മരിച്ചാല്‍ ശവമടക്കണമെങ്കില്‍ തോട്ടമുടമകള്‍ക്കു പണം കൊടുക്കണമായിരുന്നു. ഇത്തരം പല പല ദുരിതപര്‍വങ്ങളും റിഗോബെര്‍ത തന്റെ ആത്മകഥയില്‍ വരച്ചുകാട്ടുന്നുണ്ട്.
കുട്ടികള്‍ പട്ടിണിയും രോഗങ്ങളുംമൂലം മരിച്ചുപോകുന്ന കാഴ്ച ഏറെ കാണേണ്ടിവന്ന റിഗോബെര്‍ത താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ബാല്യത്തില്‍ത്തന്നെ പ്രതിജ്ഞയെടുത്തു. തോട്ടമുടമകളില്‍നിന്നും കങ്കാണിമാരില്‍നിന്നും  നേരിട്ടിരുന്ന പീഡനങ്ങളെക്കുറിച്ചും മനഃസാക്ഷിയെ മരവിപ്പിക്കുന്ന ദുരിതപര്‍വ്വങ്ങളെക്കുറിച്ചും  റിഗോബെര്‍ത വിവരിക്കുന്നുണ്ട്. തോട്ടമുടമയുടെ പുത്രന്റെ കാമാര്‍ത്തിക്കു വഴങ്ങാത്ത പെട്രോണയെന്ന കളിക്കൂട്ടുകാരിയെ ജന്മിപുത്രന്‍ ഗുണ്ടകളെക്കൊണ്ട് തല്ലിക്കൊന്ന് തുണ്ടുതുണ്ടാക്കിയിട്ടും അധികാരികളാരും കേസെടുത്തില്ലെന്നു മാത്രമല്ല, തിരിഞ്ഞുനോക്കുകപോലും ചെയ്തില്ലെന്നും ഇരുപത്തഞ്ചു കഷണങ്ങളാക്കപ്പെട്ട ആ ശവശരീരത്തോടുപോലും അവര്‍ നിന്ദ്യമായാണു പെരുമാറിയതെന്നും മെഞ്ചു വേദനയോടെ പങ്കു വയ്ക്കുന്നു.  ഇത്തരം കൊടിയ അക്രമങ്ങളാണ് ഈ ഗോത്രജനതയെ ചെറുത്തുനില്പിന് നിര്‍ബന്ധിതരാക്കിയത്. എന്നാല്‍, ഏതു കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും ഇടയിലും ഗോത്രവര്‍ഗജനത തങ്ങളുടെ ഗോത്രജീവിതത്തിന്റെ ആചാരാനുഷ്ഠാനങ്ങളും സന്തോഷസന്താപങ്ങളുമെല്ലാം ആഘോഷിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്തുവെന്ന് അഭിമാനത്തോടെ റിഗോബെര്‍ത പറയുന്നുണ്ട്. സംഘം ചേര്‍ന്നാണ് അവര്‍ പണിക്കുപോയിരുന്നത്. ഈ സംഘബോധംതന്നെയാണ് ഭൂപ്രഭുക്കളുടെയും തോട്ടമുടമകളുടെയും ക്രൂരതകള്‍ക്കെതിരേ, ചെറുത്തുനില്‍ക്കാന്‍ അവര്‍ക്കു തുണയായതും.
കൗമാരത്തില്‍ത്തന്നെ റിഗോബെര്‍ത കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന സാമുഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഇത് അവളില്‍ സമൂഹത്തിനുവേണ്ടി തനിക്കു പലതും ചെയ്യാനുണ്ടെന്നുള്ള ബോധ്യം ഉണ്ടാക്കി.
തങ്ങളെപ്പോലെതന്നെ ദാരിദ്ര്യവും ചൂഷണവും ദുരിതവും നേരിടുന്ന ലാദിനോകള്‍ ഉള്‍പ്പെടെ അധ്വാനിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാകണമെന്നവള്‍ മനസ്സിലാക്കി. തങ്ങളൊരുമിച്ചുനിന്നാല്‍ സ്വാതന്ത്യം അകലെയല്ലെയന്നുള്ള ബോധ്യം റിഗോബെര്‍തയ്ക്കുണ്ടായിരുന്നു.
വീട്ടിലെ പട്ടിണിയില്‍നിന്നും  തോട്ടത്തിലെ അടിമപ്പണിയില്‍നിന്നുമുള്ള ഒരു മോചനത്തിനായി റിഗോബെര്‍ത കുറച്ചുനാള്‍ നഗരത്തിലെ ഒരു പ്രഭുകുടുബത്തില്‍  വീട്ടുവേലക്കാരിയായും  ജോലി നോക്കി. അവിടെയും ജീവിതം അടിമപ്പണിയെക്കാളും നികൃഷ്ടമായതിനാല്‍ അതുപേക്ഷിച്ച് അവള്‍ വീണ്ടും കുടുംബത്തോടൊപ്പം തോട്ടങ്ങളിലേക്കു പണിക്കുപോയി. ഭൂവുടമകളുമായും ഭരണാധികാരികളുമായും ആശയവിനിമയം നടത്തുന്നതിന് ഭരണാധികാരികളുടെ ഭാഷയായ സ്പാനിഷ് പഠിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് അവളെ സ്പാനിഷ് പഠിക്കാനും തന്റെ ആളുകളെ അതു പഠിപ്പിക്കാനും പ്രേരിപ്പിച്ചു. സങ്കരവര്‍ഗത്തില്‍പെട്ട ലാദിനോകളുടെ - ദരിദ്രരായ കര്‍ഷകത്തൊഴിലാളികളുടെ - സഹായത്തോടെയാണ് റിഗോബെര്‍ത സ്പാനിഷ് സംസാരിക്കാന്‍ പഠിച്ചത്. ആശയസമരങ്ങളില്‍നിന്നും പ്രതിരോധമാര്‍ഗങ്ങളില്‍നിന്നും പ്രത്യാക്രമണത്തിന്റെ പാത തിരഞ്ഞെടുത്തു. ബൈബിളിലെ വിമോചനാശയങ്ങളെ സമരായുധമാക്കി ഗറില്ലായുദ്ധം ആരംഭിക്കുകയും അതിന്റെ മുന്നണിപ്പോരാളിയാവുകയും ചെയ്തു.
ആ പോരാട്ടത്തില്‍ റിഗോബെര്‍തയ്ക്കും കുടുംബത്തിനും നിരവധി പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. റിഗോബെര്‍തയുടെ പിതാവും മാതാവും സഹോദരനും മറ്റൊട്ടേറെപ്പേര്‍ക്കൊപ്പം ക്രൂരപീഡനങ്ങളേറ്റു കൊലചെയ്യപ്പെട്ടു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പട്ടാളഭരണകൂടങ്ങളും സാമ്രാജ്യത്വശക്തികളും നടത്തിയ തേര്‍വാഴ്ചകളുടെ നേര്‍ചിത്രംകൂടിയായ ഈ പുസ്തകം ഒട്ടൊരു വേദനയോടും അതിലുപരി  സാമ്രാജ്യത്വശക്തികളോടുള്ള അമര്‍ഷത്തോടും കൂടിയേ വായിക്കാനാവൂ.
1992 ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം റിഗോബെര്‍ത മെഞ്ചു എന്ന ഗ്വാട്ടിമാലയന്‍ പോരാളിക്കു ലഭിച്ചു.
ഗ്വാട്ടിമാലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഭൂപ്രഭുക്കളും സ്വേച്ഛാധിപതികളായ ഭരണാധികാരികളും നടത്തിയ കൂട്ടക്കൊലകളുടെയും അവര്‍ക്കെതിരേ 1970 കളിലും 1980 കളിലും തന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ ഗറില്ലാ പോരാട്ടങ്ങളുടെയും കഥ റിഗോബെര്‍ത തന്റെ ആത്മകഥയിലൂടെ ലോകത്തെയറിയിച്ചു. നിരക്ഷരയായ അവരുടെ ആത്മകഥയ്ക്ക് ലിഖിതരൂപം നല്കി ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചത് വെനസ്വേലന്‍ സാമൂഹികശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ എലിസബത്ത് ബര്‍ഗോസ് ദിബ്രെയാണ്.

 

Login log record inserted successfully!